ADVERTISEMENT

പരമശിവന്റെ അശ്രുവിൽ നിന്നും ഉരുവാക്കപ്പെട്ട കരുത്തുള്ള ദ്രാവിഡക്കല്ല്, പിന്നീടത് കാർത്തികേയൻ താരകാസുരനെ കൊലപ്പെടുത്തുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ വേലിനെ അലങ്കരിക്കുക, തുടർന്നത് അദ്ദേഹം മറ്റൊരാൾക്ക് കൊടുക്കുക. തലമുറകളിലൂടെ ആ കല്ല് സഞ്ചരിക്കുക, അപ്പോഴൊരു ചോദ്യം വരും, ഇപ്പോൾ ആ കല്ല് എവിടെയാവും ഉണ്ടാവുക? അതിന്റെ ശക്തിയെന്താണ്? അനുരാഗ് ഗോപിനാഥ് എഴുതിയ ദ്രാവിഡക്കല്ല്, എന്ന നോവലിലെ വിശേഷങ്ങളാണ് പറഞ്ഞത്. നൂറ്റാണ്ടുകളിൽക്കൂടി കടന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്നു ദ്രാവിഡക്കല്ലിന്റെ കഥ. 

 

ജയകാന്തനെന്ന സഞ്ചാരിക്കാണ് മുന്നറിയിപ്പ് ലഭിക്കുന്നത്, ദ്രാവിഡക്കല്ല് അവരെ കാത്തിരിപ്പുണ്ടെന്ന പരമ രഹസ്യം. ജയകാന്തന്റെ അടുത്ത സുഹൃത്തായ ഭരത് ആ കല്ല് വീണ്ടെടുക്കുമെന്നായിരുന്നു അതിനെ സംബന്ധിച്ച ഏറ്റവും വലിയ രഹസ്യം. ഭരതും മൈത്രേയിയും ജയകാന്തനും ആ കല്ല് അന്വേഷിച്ച് ഇറങ്ങുകയാണ്. ചരിത്രത്തിലോ മിത്തുകളിലോ ഒക്കെ ഉറങ്ങിക്കിടക്കുന്ന ഒരു വാക്കിനെച്ചൊല്ലി ഇറങ്ങിത്തിരിക്കുന്ന കുറെ മനുഷ്യരുണ്ട്, അടങ്ങാത്ത അന്വേഷണത്വരയാണ് ഇത്തരം യാത്രകൾക്ക് പിന്നിലെന്നാണ് അവരെക്കുറിച്ച് അടയാളപ്പെടുത്തേണ്ടത്. നിധിയുടെ പിന്നാലെയുള്ള യാത്രകൾ നടത്തിയ പല ഫിക്ഷനുകളുമുണ്ട്. ഒരുപക്ഷേ ഹിസ്റ്റോറിക്കൽ/മിത്തിക്കൽ ഫിക്ഷൻ എന്ന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ളതും നിധി തേടിപ്പോകുന്ന അന്വേഷകർക്കാവും. ഇവിടെ ഭരതും ജയകാന്തനും തേടിപ്പോകുന്നത് വലിയൊരു നിധിയല്ല പകരം അപാരമായ ശക്തിയുള്ള ദ്രാവിഡക്കല്ലാണ്‌.  

 

ഈക്കമുടിക്കോട്ട് എന്ന തറവാട്ടിലെ കാരണവന്മാരുടെ സ്വത്തായിരുന്നു ദ്രാവിഡക്കല്ല്. തലമുറകൾ കൈമാറി അതൊടുവിൽ എത്തിച്ചേർന്നത് താമരയിലാണ്. നന്മയും തിന്മയും തമ്മിൽ എല്ലാ മനുഷ്യന്റെയും ഉള്ളിൽ യുദ്ധമുണ്ടാകാറുണ്ട്, അതിൽ ആവശ്യങ്ങളുടെ തീവ്രത അനുസരിച്ച് അതിൽ ഏതു വേണമെങ്കിലും വിജയിക്കാം. നന്മയേത്, തിന്മയേത്, അതിനെ വേർതിരിക്കുന്നതെന്ത് എന്നിങ്ങനെയുള്ള രേഖകളും ചോദ്യങ്ങളുമൊന്നും പിന്നെ പ്രശ്നമല്ല. ജരാനരകൾ ബാധിച്ച ശരീരം ഉപേക്ഷിക്കുന്നതിനു പകരം ദ്രാവിഡക്കല്ലിന്റെ ശക്തിയെ വെല്ലുവിളിച്ചുകൊണ്ട് പുതിയൊരു താമരയുണ്ടാകുന്നിടത്താണ് ലക്‌ഷ്യം മാറുന്നത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയായിരുന്നു കാരണവന്മാർ ലക്ഷ്യമിട്ടതെങ്കിൽ താമരയത് സ്വാർഥതയ്ക്കു വേണ്ടിയാണു ഉപയോഗിക്കുന്നത്. നിത്യ സുന്ദരിയും യൗവനയുക്തയും ആയിരിക്കുക എന്ന ഏറ്റവും പരമമായ ലക്ഷ്യത്തെ ആരാധിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന താമര അതിനു വേണ്ടി കന്യകമാരെ ബലികൊടുക്കും. ദ്രാവിഡക്കല്ലിന്റെ ശക്തിയാൽ ക്ഷയിക്കാത്ത അവളുടെ ശക്തിയെ ഇരട്ടിയാക്കാൻ കരിമൂർത്തിയെയും സാത്താനെയും അവൾ ഉപാസന ചെയ്തിരുന്നു. രണ്ടു വിശ്വാസങ്ങളിലുള്ള അത്യന്തം കരുത്തുറ്റ രണ്ടു പ്രതീകങ്ങളാണ് കരിമൂർത്തിയും സാത്താനും. സ്വന്തം വിശ്വാസങ്ങളിൽ ജീവിച്ചതിനാൽ സ്വർഗങ്ങളിൽ നിന്നും പടിയിറക്കി വിടപ്പെട്ടവർ. ഭരതനും ജയകാന്തനും ജയിക്കാൻ എല്ലാം അതിജീവിക്കണമായിരുന്നു.

 

വേദാന്തം എന്ന ഗുരുതുല്യനായ വ്യക്തിയിൽ നിന്നാണ് ജയകാന്തനും ഭരതനും ദ്രാവിഡക്കല്ലിനെക്കുറിച്ച് കൂടുതലറിയുന്നത്. പക്ഷേ സത്യത്തിലേയ്ക്കടുക്കുന്ന വേദാന്തം കൊല്ലപ്പെടുന്നു. അതന്വേഷിക്കാനെത്തുന്നത് അദ്ദേഹത്തിന്റെ അനന്തരവനായ ചിദംബരം. ബ്ലാക്ക് മാജിക് അരച്ച് കലക്കി കുടിച്ച പ്രതിഭ. അയാൾക്ക് വേദാന്തത്തിന്റെ മരണത്തിന്റെ പ്രതികാരം മാത്രമല്ല ചെയ്യേണ്ടിയിരുന്നത്, നാടിനെ രക്ഷിക്കുകയുമായിരുന്നു. അതിനുവേണ്ടിയുള്ള യാത്രയ്ക്കിടയിൽ ഭരത്തിനുണ്ടാകുന്ന തിരിച്ചറിവുകൾ വളരെ വലുതാണ്. ദ്രാവിഡക്കല്ല് എന്ന അഹംബോധത്തിനെ എവിടെയാണ്, എങ്ങനെയാണ് ഉപേക്ഷിക്കേണ്ടതെന്നു നോവലിന്റെ ഉൾവായന ബോധ്യപ്പെടുത്തുന്നു. നിധികൾ അന്വേഷിച്ചുള്ള യാത്രകൾ യഥാർഥത്തിൽ മനുഷ്യൻ നടത്തേണ്ടത് ആന്തരിക ബോധത്തിലേക്കാണെന്ന ആൽക്കെമിസ്റ്റ് തത്വത്തെ ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് ഈ ദ്രാവിഡക്കല്ല്. അതിനിടയിൽ യുദ്ധങ്ങളുണ്ടായേക്കാം, നോവിച്ചു കളയുന്ന തിരിച്ചറിവുകളുണ്ടായേക്കാം, പക്ഷേ സത്യം അതെപ്പോഴും ഇളകാത്തതു തന്നെയാണ്. 

 

ഫാന്റസിയും ചരിത്രവും മിത്തും ഭയവും ഒക്കെ ഇഴചേർന്ന നോവലാണ് ദ്രാവിഡക്കല്ല്. താമരയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന മൂന്നിഴകളുള്ള മാലയിലെ ദ്രാവിഡക്കല്ല് എന്ന ദൃശ്യം വായിക്കുമ്പോൾത്തന്നെ അതിന്റെ ആന്തൽ വായനക്കാരനുണ്ടാകുന്നു. നിലനിൽക്കുന്ന അല്ലെങ്കിൽ കേൾവിയിൽ പരിചിതമായ ചരിത്രമോ മിത്തോ എടുത്ത് അതിന്റെ കൂട്ടു പിടിച്ച് നടത്തുന്ന ഭ്രമാത്മകമായ എഴുത്തുകൾ പണ്ടു കാലം മുതലേയുള്ളതാണ്. പക്ഷേ മന്ത്രവാദവും ബ്ലാക്ക് മാജിക്കും ഒക്കെയുണ്ടെങ്കിലും മലയാളത്തിലെ പഴയ ശൈലിയിലുള്ള നോവലുകളെപ്പോലെ മന്ത്രവാദക്കളങ്ങളും നാലുകെട്ടും ഒന്നും ക്ളീഷേ ആയി ദ്രാവിഡക്കല്ലിൽ പതിക്കുന്നില്ല. അത്തരം കാര്യത്തിൽ എഴുത്തുകാരനായ അനുരാഗ് ഗോപിനാഥ് ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് പുതിയ കാലത്തിലെഴുതിയ എന്നാൽ ആ പഴയ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു പുസ്തകമാണ്. 

 

ഓരോ അധ്യായത്തിന്റെയും ആദ്യം ശ്ലോകങ്ങളാലും മന്ത്രങ്ങളാലും നിറഞ്ഞിരിക്കുന്നു. കഥയുടെ ഭീതിദമായ അന്തരീക്ഷത്തിനു ആ മന്ത്രങ്ങൾ സ്വയം ഒരു അന്തരീക്ഷമൊരുക്കുന്നുണ്ട്. പല വിവരണങ്ങളും ലക്‌ഷ്യം കഴിഞ്ഞും അമിതമായിപ്പോയതുപോലെ തോന്നിപ്പിക്കുന്നുണ്ട്. പക്ഷേ ഇത്തരം വിഷയത്തിൽ അഭിവാഞ്ഛയുള്ളവർക്ക് വിവരങ്ങൾ പ്രയോജപ്പെടുത്താനും സാധിച്ചേക്കും. ഒരു സാധാരണ എളുപ്പവായനക്കാരന് ബുദ്ധിമുട്ടുണ്ടാകും എന്ന് മാത്രം. എന്നാൽ അതൊന്നും നോവലിന്റെ ചടുലതയുള്ള കഥാഗതിയെ ബാധിക്കുന്നില്ല. കൈലാസ നിരകളിൽ നിന്നും ദ്രാവിഡകാലത്തിലൂടെ ആധുനികതയിലേക്കൊരു യാത്രയെന്ന് പറയുമ്പോഴും മനുഷ്യന്റെ മനസിലൂടെയുള്ളൊരു അന്വേഷണമാണ് യഥാർഥത്തിൽ ദ്രാവിഡക്കല്ല്. 

 

Content Summary: Dravidakkallu book written by Anurag Gopinath

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com