ADVERTISEMENT

പ്രേമം. എന്തൊരോമനത്തമുള്ള വാക്ക്. എന്തുകൊണ്ടാ സാർ. പ്രേമം അതുതന്നെ. കൃഷ്ണന്റെ മീതെ രാധയ്ക്കുണ്ടായിരുന്നത് ഇതുതന്നെ. പരമാത്മാവിന്റെ മീതെ ജീവാത്മാവിനുള്ളത്. തേനിനു മേലേ തേനിച്ചയ്ക്കുള്ളത്. പ്രേമമെന്നാ ആഗ്രഹമല്ല. അതു വേറെ. എന്നെക്കൊണ്ടാവൂല്ല പറയാൻ. ഇതുമാത്രം പറയാം. പ്രേമമെന്നാ നമുക്ക് സ്വന്തമാക്കണമെന്നേ തോന്നാത്ത ഒരു ഭാവം. എന്നാല് അതിനായി നമ്മളെ നമ്മളങ്ങ് സമർപ്പിക്കും..സാർ അതാണ് പ്രേമം. 

ഒറ്റവാചകത്തിൽ പറഞ്ഞാൽ പ്രേമത്തിന്റെ കഥകളാണ് മായപ്പൊന്ന്. സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത, സ്വന്തമാക്കാൻ കഴിയാത്ത, എന്നാൽ എന്നും മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന തേജോരൂപം. അതിനോടുള്ള ആരാധനയും ഭക്തിയും പ്രേമവും സമർപ്പണവും. വാക്കുകൾ രത്‌നങ്ങളാവുകയും വാചകങ്ങൾ സംഗീതമാവുകയും സൃഷ്ടി അതുല്യ സൗന്ദര്യം ആർജിക്കുകയും ചെയ്യുന്ന മായക്കാഴ്ച. ഭാഷയുടെ ലാവണ്യം. ഭാവുകത്വത്തിന്റെ അരുമ. പ്രതിഭയുടെ അരുൾ. 

എല്ലാ എഴുത്തുകാരും ഉപയോഗിക്കുന്ന വാക്കുകൾ തന്നെയാണ് ജയമോഹനും ഉപയോഗിക്കുന്നത്. നമ്മുടെയെല്ലാം സ്വന്തവും എന്നാൽ ആരുടേതുമല്ലാത്തതും എല്ലാവരുടേതുമായ അതേ ഭാഷ തന്നെ. എന്നാൽ ഒരേ പൊട്ട് പലര് കുത്തുമ്പോൾ പലതായി തോന്നുന്നതുപോലെ, ചില പൊട്ട് മാത്രം വേട്ടയാടുന്നതുപോലെ ജയമോഹനിൽ വാക്കുകൾക്ക് പുതുഭാവം. ലാളിത്യത്തേക്കാൾ ലളിതമായിക്കെത്തന്നെ സങ്കീർണം. ലോകത്തോളവും ലോകത്തിനപ്പുറവും പരുക്കുമ്പോഴും വ്യക്തിയിൽത്തന്നെ ഒതുങ്ങിനിൽക്കുന്നത്. ഏറ്റവും സാധാരണമായിരിക്കെത്തന്നെ ഏറ്റവും അസാധാരണമായിരിക്കുന്നത്. സഹിത്യം എന്ന കലയുടെ മർമത്തിൽ തൊട്ട് ജയമോഹൻ കാണിച്ചുതന്ന ലോകങ്ങൾക്ക് ശക്തിയും സൗന്ദര്യവും ഒന്നുവേറെ തന്നെയാണ്. നൂറു സിംഹാസനങ്ങൾ, മിണ്ടാച്ചെന്നായ്, ആനഡോക്ടർ തുടങ്ങിയ നോവലുകളിൽ മലയാളി അറിഞ്ഞനുഭവിച്ച തീക്ഷ്ണത ഒരിക്കൽക്കൂടി വിരുന്നെത്തിയിരിക്കുന്നു. ഇത്തവണ തമിഴിൽ നിന്ന് മലയാളത്തിലേക്ക് സ്വന്തം സൃഷ്ടികൾ പരിഭാഷപ്പെടുത്തിയത് അദ്ദേഹമല്ല. കവി പി.രാമനാണ്. കവിയുടെ ഭാഷയിൽ കഥാകാരന്റെ വാക്കുകൾ തനിമയോടെ ഉരുവം കൊള്ളുന്ന സൗന്ദര്യമാണ് മായപ്പൊന്ന്. കോവിഡ് കാലത്തെ അടച്ചപൂട്ടലിൽ നിന്ന് മോചനം നേടി കഥകളുടെ ലോകത്ത് സ്വയം കണ്ടെത്തിയ ജയമോഹന്റെ മികച്ച പത്തു കഥകളുടെ സമാഹാരം. 

ഇരുനൂറോളം ചെറുകഥകളും പത്ത് നോവലുകളും നാല് ആത്മചരിതങ്ങളും എഴുതിയ ശേഷമാണ് ജയമോഹൻ കഥകളുടെ അതുവരെ അറിയാതിരുന്ന മറ്റൊരു ലോകത്ത് എത്തുന്നത്. ജനിച്ചുവളർന്ന ഗ്രാമാന്തരീക്ഷത്തെക്കുറിച്ച്. അച്ഛനെയും അദ്ദേഹത്തിന്റെ കൂട്ടുകാരെയും കുറിച്ച്. ഇത്രയും കാലം എവിടെയോ പാകം പാകം വന്ന് കാത്തിരുന്ന ഒട്ടേറെ കഥകളും കഥാപാത്രങ്ങളും പ്രവാഹമായതോടെ നവീന തമിഴ് സാഹിത്യത്തിൽ വായനയുടെ വസന്തം സംഭവിക്കുകയായിരുന്നു. അവയിൽ ആകർഷിക്കപ്പെട്ടാണ് ആ കഥകൾ മലയാളത്തിലേക്ക് മൊഴിമാറ്റുക എന്ന ബുദ്ധിമുട്ടേറിയതും എന്നാൽ സർഗാത്മകവുമായ ദൗത്യം പി.രാമൻ ഏറ്റെടുക്കുന്നത്. 

മൂലഭാഷയായ തമിഴിന്റെ എല്ലാ തനിമയും നിലനിർത്തിക്കൊണ്ടുതന്നെ ഒരു വാക്കിനു പോലും അടിക്കുറിപ്പ് വേണ്ടാതെ,  പൂർണ മലയാളത്തിൽ ജയമോഹനെ അദ്ദേഹത്തിന്റെ യഥാർഥ സൃഷ്ടി എന്നപോലെ വായിക്കാനും അറിയാനും അവസരമൊരുക്കുന്ന കഥാസമാഹാരം. 

ശുചീന്ദ്രം ക്ഷേത്രത്തിനുള്ളിൽവച്ചാണ് ആ വയസ്സനെ കാണുന്നത്. അറുപതിനുമേൽ പ്രായമുള്ള അപരിചിതൻ. എന്തോ മനോവിഷമമുള്ളതുപോലെ അവിടെത്തന്നെ തങ്ങിനിൽക്കുന്നയാൾ. ക്ഷേത്രത്തിനകത്ത് പാതിയിരുളിൽ പുതഞ്ഞുനിൽക്കുന്ന കോണുകളിൽ അഭയം തേടിയ ആൾ. ക്ഷേത്രത്തിലെ തൂണുകളിൽ നാവുകൊണ്ട് അയാൾ തൊട്ടുനോക്കുന്നു. ശ്രദ്ധിച്ചുവെന്നു മനസ്സിലായപ്പോൾ അയാളെ ഒഴിവാക്കി വേഗത്തിൽ പുറത്തുകടക്കാൻ നോക്കിയതാണ്. പിന്നാലെ വന്നു. പറഞ്ഞുകൊണ്ടേയിരുന്നു.

53 ൽ തിരുവാവടുതുറ രാജരത്‌നം പിള്ള  നാഗസ്വരം വായിച്ചതിനെപ്പറ്റി. നാഗസ്വരത്തെക്കുറിച്ചല്ല അയാൾ പറഞ്ഞത്. പാട്ടിനെക്കുറിച്ചല്ല. അച്ഛനെക്കുറിച്ചല്ല. കുടുംബത്തെക്കുറിച്ചല്ല. പ്രേമത്തെക്കുറിച്ച്. 

വണ്ടിക്കാളയെപ്പോലെ പണിയെടുത്ത മനുഷ്യൻ ഒരു ജീവിതം മുഴുവൻ എന്തിനുവേണ്ടിയാണോ ആഗ്രഹിച്ചത് അതയാൾ സ്വന്തമാക്കിയിട്ടേയില്ല. കഴിവില്ലാത്തതുകൊണ്ടല്ല. അവസരങ്ങളുണ്ടാകാത്തതുകൊണ്ടുമല്ല. അതിനയാൾ തുനിഞ്ഞില്ല. ഒരിക്കൽ, ഒരിക്കൽ മാത്രം, ശുചീന്ദ്രം ക്ഷേത്രത്തിന് ഒരു ഫർലോങ് അപ്പുറത്തുനിന്ന് കാളവണ്ടിക്കുള്ളിലിരുന്ന് കേട്ടു. മൈക്കു പോലുമില്ലാതെ ഒഴുകിവന്ന പാട്ട്. നേരേ കാറ്റിലൂടെ വന്ന് അപ്പന്റെ കാതില് വീണ പാട്ട്. കാരുണ്യമുള്ള കാറ്റ്. അയ്യാ, അമ്മമനസ്സുപോലുള്ള കാറ്റല്ലേ അത്. 

പിന്നീട് ഒരിക്കൽ രാജര്ത്നം പിള്ള മരിച്ച് 18 വർഷമായിട്ടുണ്ട്. അപ്പൻ ശുചീന്ദ്രത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞു. പിള്ളയദ്ദേഹം വായിക്കിണത് കേക്കണം എന്നു പറഞ്ഞു. 

അവര് പോയി. അപ്പനും അതറിയാം. എന്നാല് ആ തോടി അങ്ങനെ പോകുമോ. അവിടെത്തന്നെ കാണും. പോയി നോക്കാം. 18 വർഷം മുമ്പ് മരിച്ചുപോയ പിള്ളയദ്ദേഹത്തിന്റെ പാട്ട് ശുചീന്ദ്രത്തെ കൽത്തൂണുകളിൽ നിന്ന് കേട്ട അപ്പൻ. മനസ്സു നിറഞ്ഞു തിരിച്ചുവന്നു. പിറ്റേന്ന് എണീറ്റില്ല. സുകൃതഫലം. 

പ്രേമം. അതായിരുന്നു അപ്പൻ. അപ്പന്റെ ജീവിതം. ആ ജീവിതം അതിലും തീക്ഷ്ണമായി തുടരുന്ന മകനും. ശുചീന്ദ്രത്തെ ക്ഷേത്രത്തിലെത്തി കൽത്തൂണുകളിൽ നാവ് തൊട്ട് പാട്ടിനെയും അപ്പനെയും അറിയുന്ന മകൻ. 

ചുമ്മാ തോന്നുമ്പോ വരും. അത്ര തന്നെ. ചില ദിവസം മനസ്സിലെന്തോ ഒരു തണുപ്പ് തോന്നും. ഒരു മധുരം. പിന്നെ കാലു നിക്കൂല. ഇങ്ങുപോരും.... 

തലമുറകളിലേക്ക് പടരുന്ന, പകരുന്ന പ്രേമത്തിന്റെ അവതാരങ്ങൾ. മൂർത്തികൾ. പ്രേമ ഭാവങ്ങൾ. 

തേനീച്ച പോലെ മനസ്സിനെ മഥിക്കുന്ന മറ്റൊരു കഥയാണ് കുരുവി. പിന്നെ മായപ്പൊന്ന്. 

കോവിഡ് വന്നില്ലായിരുന്നെങ്കിൽ, അടപ്പുപൂട്ടലിന്റെ വിരസതയുടെ കാലത്ത് കഥകളിലേക്ക് ജയമോഹൻ തിരിഞ്ഞില്ലായിരുന്നെങ്കിൽ നഷ്ടമാകുന്ന കഥകളെക്കുറിച്ച് ആലോചിക്കുമ്പോൾ...തിരിച്ചറിയുന്നതും പ്രേമം തന്നെ. 

ഒരു കഥ രൂപംകൊണ്ടുവരുമ്പോൾ വിലിയ ആനന്ദമൂർഛയുണ്ടാകുന്നു. അഞ്ചു ഭാഗത്തും ദിക്കുകൾ തുറന്നുകൊണ്ടേയിരിക്കുന്നു. പറന്നലഞ്ഞു തിരിച്ചുവരുമ്പോൾ ഒരേ ഉടലിലിരുന്നുകൊണ്ട് ആയിരക്കണക്കിനു ജീവിതങ്ങൾ ജീവിച്ചവനായി ഞാൻ ഉണരുന്നു. വാസ്തവത്തിൽ അതിനു വേണ്ടിയാണ് കഥകൾ എഴുതുന്നത്- ജയമോഹൻ പറയുന്നു. 

അതേ, അതിനുവേണ്ടിത്തന്നെയാണ് ഈ കഥകൾ വായിക്കുന്നതും. എല്ലാ നല്ല കഥകളും വായിക്കുന്നതും. ഏകാന്തതയിൽ ഇരട്ടിക്കുന്ന ഈ കഥകൾ പൊന്നല്ല, മായപ്പൊന്ന് തന്നെ. 

English Summary : Mayapponnu book written by Jayamohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com