ADVERTISEMENT

അടുത്ത നൂറ്റാണ്ടിലെ പോരാട്ടം മനുഷ്യരും ജനിതക സന്തതികളും തമ്മിലായിരിക്കും. ‌ഹ്യൂമനോയ്ഡുകളും നിര്‍മിതബുദ്ധികളും അരങ്ങുവാഴുന്ന ലോകത്ത് മനുഷ്യനും പ്രകൃതിയും അതിജീവിക്കപ്പെടുമോ? വരുംകാലത്തിന്‍റെ അനിശ്ചിതാവസ്ഥയില്‍ മനുഷ്യനും പ്രകൃതിക്കുമായി നാം മുമ്പേതന്നെ ഒരു പ്രത്യയശാസ്ത്രം കരുതിവയ്ക്കണമെന്ന് വാദിക്കുന്ന നോവലാണ് സി. രാധാകൃഷ്ണന്‍റെ ‘കാലം കാത്തുവെക്കുന്നത്’. മനുഷ്യനെയും ഭൂമിയെയും നാശത്തില്‍നിന്നു കരകയറ്റാന്‍ ഉതകുന്ന മാനുഷികമായ ഒരു പ്രത്യയശാസ്ത്രം. മനുഷ്യന്‍റെ നിലനില്‍പു മാത്രമല്ല ഭൂമിയുടെ ആയുസ്സു പോലും അനിശ്ചിതമായ ഭാവികാലമാണ് നമ്മെ കാത്തിരിക്കുന്നത്. ആഗോളതാപനവും വനനശീകരണവും ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ മൂന്നോ നാലോ പതിറ്റാണ്ടിനുള്ളില്‍ മനുഷ്യജീവിതം വംശനാശഭീഷണിയിലാകും. ഉയരുന്ന താപനിലയും സമുദ്രജലനിരപ്പിലെ ഉയര്‍ച്ചയും വലിയ ഭീഷണിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍, ആണവയുദ്ധങ്ങള്‍ എന്നിങ്ങനെ ദശകങ്ങള്‍ക്കപ്പുറം നമ്മെ കാത്തിരിക്കുന്ന അനേകം വിനാശങ്ങള്‍. അവയിലേറെയും മനുഷ്യനിര്‍മിതങ്ങളാണ്. ഈ സാഹചര്യത്തില്‍ അതിജീവനം അത്രകണ്ട് എളുപ്പമാവില്ല. ദുരന്തങ്ങളില്‍നിന്ന് പാഠം പഠിക്കാത്ത രാഷ്ട്രങ്ങളും ഭരണകൂടങ്ങളും കിടമത്സരം തുടരുന്നു. ഈ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായിവരുന്ന നോവലാണ് ‘കാലം കാത്തുവെക്കുന്നത്’. ഇതുവരെ പരിചിതമല്ലാത്ത ഒരു ആസ്വാദനമണ്ഡലമാണ് നോവല്‍ സൃഷ്ടിക്കുന്നത്.

 

മനുഷ്യരുടെ കാലമല്ല, ഹ്യൂമനോയ്ഡുകളുടെ കാലമാണു വരാനിരിക്കുന്നത്. മനുഷ്യരെപ്പോലെ അവ ചിരിക്കും, സംസാരിക്കും, കലാപ്രകടനങ്ങള്‍ നടത്തും, കുട്ടികളെ പരിചരിക്കും, സോഫ്റ്റ്‌വെയറുകള്‍ രൂപകല്‍പന ചെയ്യും. മനുഷ്യബുദ്ധിയെ അതിശയിക്കുന്ന നിര്‍മിതബുദ്ധികളുടെ അദ്ഭുതലോകത്ത് മനുഷ്യന്‍ നേരിടാന്‍ പോകുന്ന ഭൗതികവും ആത്മീയവുമായ പ്രതിസന്ധികള്‍ സങ്കീര്‍ണമാകും. അമ്പരപ്പിക്കുന്ന ശാസ്ത്ര-സാങ്കേതിക വികസനങ്ങളുടെ ഭാവികാലത്ത് മനുഷ്യരും ജനിതകസന്തതികളും തമ്മിലുള്ള പോരാട്ടം പ്രവചനാതീതമാകും. ജനിതക സന്തതികളിലൂടെ ലോകം വെട്ടിപ്പിടിക്കാമെന്ന് കണക്കുകൂട്ടുന്ന മനുഷ്യരുടെ കാലത്ത് മാനുഷികമായ എല്ലാ മൂല്യങ്ങളും അപ്രസക്തമാകും. 

മനുഷ്യനെയും പ്രകൃതിയേയും സംബന്ധിക്കുന്ന സാര്‍വത്രികമായ പ്രമേയവും യോജിച്ച കഥാപരിസരവും അനുക്രമമായി വികസിച്ചുവരുന്നു. ഒട്ടുമിക്ക രാജ്യങ്ങളില്‍നിന്നുമുള്ള കഥാപാത്രങ്ങള്‍ നോവലില്‍ കടന്നുവരുന്നു. ചൈന, ഇന്ത്യ, ഇംഗ്ലണ്ട്, റഷ്യ, പോളണ്ട്, സ്വിറ്റ്സര്‍ലൻഡ്, അമേരിക്ക, ഇറാഖ്, അംഗോള എന്നിങ്ങനെ നിരവധി രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും അതിനുപുറമെ ബഹിരാകാശവും കഥാപരിസരമാകുന്നുണ്ട്. ഓരോ രാജ്യത്തിന്‍റേയും സവിശേഷമായ രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക സ്ഥിതികള്‍ അനാവരണം ചെയ്യപ്പെടുന്നു. 

 

ആഖ്യാനത്തിന്‍റെ നവീനതയിലല്ല, പ്രമേയത്തിന്‍റെ പുതുമയിലാണ് നോവല്‍ വേറിട്ടു നില്‍ക്കുന്നത്. നൂതനമായ പ്രമേയഭൂമികയിലേക്കാണ് വായനക്കാരെ കൊണ്ടുപോകുന്നത്. വര്‍ത്തമാനത്തിന്‍റെ പതിവു പരിസരത്തു ചുറ്റിത്തിരിയുന്ന ശരാശരി രചനാശൈലിയെ പൊളിച്ചടുക്കുന്ന നോവലാണിത്. പ്രപഞ്ചത്തോളം വികസിക്കുന്ന ഭാവനയിലേക്കും ഭാവിയുടെ അപരിചിതമായ ജീവിതാവസ്ഥയിലേക്കുമാണ് കൃതി വായനക്കാരെ കൊണ്ടുപോകുന്നത്. അതുവഴി പ്രമേയകല്‍പനയില്‍ സൃഷ്ടിക്കപ്പെടുന്ന വിപ്ലവം ചെറുതല്ല. ആസ്വാദന ഭാവുകത്വം രാജ്യാന്തരമായ ഒരു അനുഭവമണ്ഡലത്തിലേക്ക് പൂര്‍ണ്ണമായും വികാസംകൊള്ളുന്ന അപൂര്‍വാനുഭവം. 

 

റോബട്ടുകള്‍ തൊഴിലിടങ്ങള്‍ കയ്യടക്കുന്ന കാലത്ത് മനുഷ്യന്‍റെ ഉപജീവനമാര്‍ഗ്ഗത്തിനെതിരെ വലിയ വെല്ലുവിളിയാണ് വരാന്‍ പോകുന്നത്. കൂലി വേണ്ടാത്ത യന്ത്രങ്ങള്‍ മനുഷ്യരെ പൂര്‍ണമായും തൊഴില്‍രഹിതരാക്കും. അതിനുപുറമെ കാലാവസ്ഥാ അഭയാർഥികളും പെരുകും. കാലാവസ്ഥ പ്രതികൂലമായിത്തീരുന്ന ഇടങ്ങളില്‍നിന്ന് അതിജീവനത്തിനായുള്ള മനുഷ്യരുടെ കൂട്ടപ്പലായനം. ഭാവിയിലെ ശാസ്ത്രപുരോഗതി ജീവിതസൗകര്യങ്ങള്‍ അമ്പരപ്പിക്കുംവിധം വികസിപ്പിക്കുമ്പോഴും ഇത്തരം പ്രത്യാഘാതങ്ങളില്‍നിന്ന് മോചനം നേടേണ്ടതുമുണ്ട്. അതോടൊപ്പമുള്ളതാണ് സാംസ്കാരികവും ആത്മീയവുമായ ഇകഴ്ചകള്‍. വിവാഹവും കുടുംബബന്ധവും സൗഹൃദങ്ങള്‍പോലും അപ്രസക്തമായിത്തീര്‍ന്നേക്കാവുന്ന ഭാവിയിലെ അന്യവത്കരണവും ചോദ്യചിഹ്നമാകുന്നു. ക്ഷണികമായ ഭൗതികത ഒരു യാഥാർഥ്യമാകുമ്പോള്‍ അന്യവത്കരണത്തെ ഏറ്റുവാങ്ങാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാകുന്നു. ലിവിങ് ടുഗതര്‍ എന്ന ലൈംഗിക പങ്കാളിത്തജീവിതം സാര്‍വത്രികമാകുമ്പോള്‍ കുട്ടികളെ വളര്‍ത്താനുള്ള താല്‍പര്യംതന്നെ ഇല്ലാതാകുന്നു. കാരുണ്യത്തില്‍ അധിഷ്ഠിതമായ മനുഷ്യകഥകളും നോവലിസ്റ്റ് ബോധപൂര്‍വം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബെയിലെ അനാഥജന്മങ്ങളായ മാമയുടേയും സോനുവിന്‍റേയും കഥയിലൂടെ ആധുനിക ജനാധിപത്യ വ്യവസ്ഥിതിയുടെ നീതികേടുകള്‍ ചൂണ്ടിക്കാട്ടുവാന്‍ ശ്രമിക്കുന്നു.

 

ചൈനയുടെ സാമ്രാജ്യത്വഭീഷണിയും കോര്‍പറേറ്റ് സംസ്കാരവും ഒളിഞ്ഞും തെളിഞ്ഞും നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ശതകോടീശ്വരന്മാരായ ഭരണാധികാരികളും അവര്‍ നടത്തുന്ന തൊഴില്‍ ചൂഷണവും അനാവരണം ചെയ്യപ്പെടുന്നു. തടവുകാരുടെ തൊഴില്‍ശേഷി സൗജന്യമായി ഉപയോഗിച്ച് തടിച്ചുകൊഴുക്കുന്ന വ്യവസായങ്ങള്‍ അവിടെയുണ്ട്. എന്നാല്‍ തൊഴില്‍ശക്തി സമർഥമായി ചൂഷണം ചെയ്യുന്ന ചൈനയുടെ ശക്തിക്ഷയത്തിനു നിമിത്തമാകുന്നത് ഭാവിയിലെ ശാസ്ത്രസാങ്കേതിക വികസനമാകും. റോബട്ടുകള്‍ വ്യവസായമേഖലയെ കീഴ്പ്പെടുത്തുമ്പോള്‍ ചൈനയുടെ കൗണ്ട്ഡൗണ്‍ തുടങ്ങുമെന്നാണ് പ്രവചനം. അതുവരെ ലാഭകരമായിരുന്ന തൊഴില്‍ ആ രാജ്യത്ത് അപ്രസക്തമാകും. അതോടെ അവിടുത്തെ ഏകാധിപത്യ പ്രവണത തകരുകയും ജനാധിപത്യത്തിന്‍റെ ശുദ്ധവായു കടന്നുവരുകയും ചെയ്യും. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ചൈനയിലെ ഭാവി നേതൃത്വം തയാറാകുമെന്നാണ് ശുഭപ്രതീക്ഷ.

 

ലോകത്തിന്‍റെ ആത്മീയ തലസ്ഥാനമായ തിബത്തിന്‍റെ ജാതകം ഒന്നിലധികം അധ്യായങ്ങളില്‍ കടന്നുവരുന്നുണ്ട്. തിബത്തന്‍ ജനതയുടെ ആത്മീയതയും സംസ്കാരവും ഒരിക്കലും നശിക്കാത്ത ഈടുവയ്പ്പാണെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയിലേക്കു പലായനം ചെയ്യപ്പെട്ട ലാമയുടെ ആത്മീയശക്തി ചൈനയുടെ അധികാരശക്തിയില്‍ നാശോന്മുഖമാകുന്ന ഒന്നല്ല. ഇന്ത്യയില്‍നിന്ന് തിരിച്ചുചെല്ലുന്ന ലാമയുടെ പിന്‍ഗാമി ചരിത്രം തിരുത്തുന്ന തരത്തില്‍ ഭരണകൂടത്തിന്‍റെ സൗമനസ്യവും ആദരവും വീണ്ടെടുക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 

 

രൂക്ഷമാകാനിടയുള്ള ആഗോള സാമ്പത്തിക അസമത്വം, ദാരിദ്ര്യം, അസാധാരണമായി വർധിച്ചുവരുന്ന പ്രതിരോധച്ചെലവുകള്‍, ജനാധിപത്യരാഷ്ട്രങ്ങളില്‍ വളര്‍ന്നുകയറുന്ന സ്വേച്ഛാധികാരങ്ങള്‍, വംശീയവെറികള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം ഗൗരവമായി അവതരിപ്പിക്കുന്നതോടൊപ്പം നൂറ്റാണ്ടുകള്‍ക്കപ്പുറം സംഭവിച്ചേക്കാവുന്ന ശാസ്ത്രപുരോഗതികളും മനുഷ്യജീവിതത്തില്‍ അതുണര്‍ത്തുന്ന പ്രത്യാഘാതങ്ങളുമാണ് പ്രധാനമായും പരാമര്‍ശിക്കപ്പെടുന്നത്. ദൈവം തനിക്കു നല്‍കിയ വരമാണ് ഭൂമിയെന്നു ചിന്തിക്കുന്ന മനുഷ്യന്‍റെ ആര്‍ത്തി ഒടുങ്ങുന്നില്ല. ശാസ്ത്രപുരോഗതിയുടെ അവിശ്വസനീയമായ നേട്ടങ്ങള്‍ മനുഷ്യന്‍ ആര്‍ത്തിയുടെ വിളനിലമാക്കുന്നു. അവ ദുരുപയോഗം ചെയ്യപ്പെടുന്നു. മനുഷ്യജീനുകളില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ മരുന്നുകളും മറ്റും ഉദ്പാദിപ്പിക്കുന്നതിന് ലബോറട്ടറികളിലും നിരീക്ഷണശാലകളിലും ശിശുക്കളെ തട്ടിക്കൊണ്ടുവന്ന് പരീക്ഷണവസ്തുക്കളാക്കുന്നു. ലോകത്തെ വിവിധ ഗോത്രങ്ങളില്‍ പെടുന്നവരാണവര്‍. ചന്ദ്രഗോളത്തില്‍ ഒഴിവുകാല വസതിയും അന്യഗ്രഹവാസവും കിനാവുകാണുന്ന മനുഷ്യര്‍ മലിനമായിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍നിന്ന് രക്ഷപ്പെടാമെന്ന് കരുതുന്നു. പ്രാണവായു വില കൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണെങ്കിലും ആയുസ്സിനെ മറികടക്കാനുള്ള പെടാപ്പാടുകള്‍ തുടരുന്നു. 

 

യന്ത്രഗര്‍ഭങ്ങളില്‍ മെച്ചപ്പെട്ട മനുഷ്യജനുസ്സുകളെ സൃഷ്ടിക്കുന്ന കാലമാണ് വരാന്‍പോകുന്നത്. ജനറ്റിക് എൻജിനീയറിങ്ങിലൂടെയാണ് പുതിയ തലമുറയെ സൃഷ്ടിക്കുന്നത്. ബുദ്ധിരാക്ഷസന്മാരായിരിക്കും അവര്‍. മനുഷ്യസഹജമായ എല്ലാ വൈകാരികതകളേയും അതിജീവിക്കുന്ന യുക്തിയുടെ സന്തതികള്‍! ലോകജനസംഖ്യയെ വെറും കുപ്പത്തൊട്ടിയായി സങ്കല്‍പ്പിക്കുന്നവരാകുമവർ! യുദ്ധവും ജൈവായുധപ്രയോഗവും മഹാമാരികളും മൂലം ജനസംഖ്യയില്‍ 50 ശതമാനമെങ്കിലും ചത്തൊടുങ്ങിയാലേ ലോക സാമ്പത്തികസ്ഥിതി ഉടച്ചുവാര്‍ക്കപ്പെടുകയുള്ളുവെന്ന് വിശ്വസിക്കുന്ന പുതുജനുസ്സുകൾ! അവര്‍ ലോകമെമ്പാടുമുള്ള ധനാര്‍ത്തിക്കാരുടേയും മേല്‍ത്തട്ടുകാരായ ഭരണവര്‍ഗത്തിന്‍റേയും ഏജന്‍റുമാരാകും. ലോകാധിപത്യത്തിനായി വൈറല്‍ രോഗങ്ങള്‍ സൃഷ്ടിച്ച് പാഴ്ജനസംഖ്യയെ കൊന്നൊടുക്കുവാനുള്ള ശ്രമങ്ങള്‍ ഈ ബുദ്ധിരാക്ഷസന്മാരുടെ നേതൃത്വത്തില്‍ അരങ്ങേറപ്പെടുവാന്‍ സാധ്യതയുണ്ട്. 

ഇഡ, തനേക, മനു, മന്‍ഹര്‍, ഡോ. ഹെര്‍മാന്‍ ഇഷോര്‍, ഹാരെ, ആബിദ്, മേമു, സാമുവല്‍, ഫൂ അമലിയാസ്, സോനു, നോവ എഡ്ഗര്‍, സാറ എന്നിങ്ങനെ നന്മയുടെ പക്ഷത്തുനില്‍ക്കുന്ന കഥാപാത്രങ്ങളെയാണ് നോവലിസ്റ്റ് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. അവരെല്ലാം ലോകത്തെ ഒന്നായിക്കാണുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ്. ഗവേഷകരും ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശപ്രവര്‍ത്തകരും ഉയര്‍ന്ന ഉദ്യാഗസ്ഥരുമെല്ലാം അക്കൂട്ടത്തിലുണ്ട്. നിര്‍മിതബുദ്ധികളുടെയും ജനറ്റിക് സന്തതികളുടെയും സഹായത്തോടെ ലാഭേച്ഛയാല്‍ ലോകത്തെ സംഹരിക്കാന്‍ ഒരുമ്പെടുന്ന ആഗോള ശക്തികള്‍ക്കെതിരായി അവര്‍ പോരാടുന്നു. ബുദ്ധിപരവും സാഹസികവുമായ ആ പോരാട്ടത്തിന്‍റെ അനുക്രമമായ വിവരണം ആദരണീയമാണ്. ഐക്യരാഷ്ട സംഘടനയെ വേദിയാക്കി ലോകനാശത്തെ മറികടക്കാനുള്ള അവരുടെ തീവ്രശ്രമങ്ങള്‍ വിജയപഥത്തിലെത്തുന്നതോടെയാണ് നോവല്‍ പൂര്‍ണമാകുന്നത്.

 

ലോകത്തിലെ ആയുധപ്പുരകളും ആണവായുധ കേന്ദ്രങ്ങങ്ങളും ഒരേ സമയം സംഹാരത്തിനു വിധേയമാക്കുന്ന മഹായജ്ഞത്തില്‍ അവര്‍ വിജയിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയെ വേദിയാക്കി ലോക ഫെഡറലിസത്തിലേക്കുള്ള അവരുടെ പദ്ധതിയും പരിശ്രമവും വിജയം കാണുന്നു. രാജ്യാതിര്‍ത്തികളും ഭൂപടങ്ങളും അപ്രസക്തമാകുന്ന ലോകവ്യവസ്ഥയാണ് രൂപീകൃതമാകുന്നത്. മുതലാളിത്തവും കമ്യൂണിസവും പരാജയപ്പെട്ടിടത്ത് ഹ്യൂമനിസത്തിന്‍റെ കരടുരൂപം സ്ഥാപിതമാകുന്നു. ജാതിരഹിതവും മതരഹിതവുമായ സമൂഹനിര്‍മിതിയാണത്. ലാഭാധിഷ്ഠിതവും ധനാധിഷ്ഠിതവുമായ ലോകക്രമം അപനിര്‍മിക്കപ്പെടുന്നു. ലോകവിഭവങ്ങള്‍ പൊതുസ്വത്തായിത്തീരുന്നതോടെ പ്രതിശീര്‍ഷവരുമാനത്തിനു പകരം ആളോഹരി ആനന്ദം ലക്ഷ്യമിടുന്ന ലോകസമ്പദ് വ്യവസ്ഥ നിലവില്‍ വരുന്നു. ഇന്ത്യയും ചൈനയും ഏകസ്വരത്തോടെയാണ് ഗ്ലോബല്‍ യൂണിയന്‍ എന്ന ആശയത്തെ പിന്താങ്ങുന്നത്. ലോകജനത രാഷ്ട്രഭേദം മറന്ന് ഈ ആശയത്തെ ആഹ്ളാദപൂര്‍വ്വം വരവേല്‍ക്കുന്നതോടെ എല്ലാ രാഷ്ട്രങ്ങള്‍ക്കും തുല്യ പങ്കാളിത്തമുള്ള ലോക പാര്‍ലമെന്‍റ് നിലവില്‍വരുന്നു. സോഷ്യലിസത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന ഹ്യൂമനിസമാണ് നോവലിസ്റ്റ് വിഭാവനം ചെയ്യുന്നത്. വരുകാലത്തിന്‍റെ പ്രത്യയശാസ്ത്രം അതായിരിക്കും.

 

കാലത്തിനു സാക്ഷിയായ കിളിമുത്തശ്ശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള കഥനരീതി കൗതുകമുണര്‍ത്തുന്നു. മനുഷ്യജീവിതത്തെക്കുറിച്ചുള്ള ലളിതമായ നിരീക്ഷണങ്ങളും ദര്‍ശനങ്ങളുമാണ് ഓരോ അധ്യായത്തിന്‍റെയും ഉപസംഹാരത്തില്‍ കിളിമുത്തശ്ശന്‍ സമ്മാനിക്കുന്നത്.

 

സാധാരണക്കാര്‍ക്ക് പരിചിതമല്ലാത്ത നൂതനശാസ്ത്രസംജ്ഞകള്‍ ധാരാളമായി നോവലില്‍ ഉപയോഗിക്കുന്നുണ്ട്. അവ സംവേദനം ചെയ്യപ്പെടുന്നതിനുവേണ്ടിയുള്ള ലളിതമായ ആഖ്യാനരീതിയും അകമ്പടിയായി വരേണ്ടതായിരുന്നു.. ഭാവികാലത്തിന്‍റെ രചനാപരിസരമാണ് സൃഷ്ടിക്കപ്പെടുന്നതെങ്കിലും ഫാന്‍റസിയോ നവീനമായ ആഖ്യാന തന്ത്രങ്ങളോ പരീക്ഷിക്കപ്പെടുന്നില്ല. വസ്തുതകളും പ്രമേയകല്‍പനകളും ചില അധ്യായങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്. ഇതൊക്കെയാണെങ്കിലും ഭാരതീയഭാഷകള്‍ക്കപ്പുറത്തേക്ക് പടര്‍ന്നുപന്തലിക്കുന്നതിനുള്ള പ്രമേയശക്തിയും സ്വീകാര്യതയും നോവലിനുണ്ട്. 

 

Content Summary: Kalam Kathuvekkunnath book written by C. Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com