ADVERTISEMENT

തീർത്തും സാങ്കേതികത ഭരിക്കുന്ന ഒരു കാലത്താണ് ജീവിക്കുന്നത്. എന്താണ് നടക്കാത്തത്? ഒരു വിഷയത്തിൽ ഗവേഷണം വേണമെങ്കിൽ അതുമായി ബന്ധപ്പെട്ട എല്ലാം കിട്ടുന്നുണ്ട് ഇന്റർനെറ്റിലെ തിരച്ചിലിടങ്ങളിൽ. സമാന്തരമായ ഒരു പ്രപഞ്ചത്തെ പോലെ നെറ്റ് ലോകം അറിവുകളിൽ നിന്നും അറിവുകളിലേയ്ക്ക് പടരുകയാണ്. എല്ലാ സാഹചര്യങ്ങളിലും എന്ന പോലെ അറിവുകളുടെ ദുരുപയോഗവും ആവശ്യത്തിലധികം ഇവിടെ നടക്കുന്നുണ്ട്. ഡാർക്ക് വെബ്ബിന്റെ പ്രസക്തി പോലും ഇവിടെയാണ്. നേരിൽ നടക്കുന്നതിനേക്കാൾ വലുതും ആഴമേറിയതുമായ കുറ്റകൃത്യങ്ങളാണ് ഡാർക്ക് വെബിൽ നടക്കുന്നത്. പലതരം ഗെയിമുകൾ പോലും ഇതിന്റെയൊക്കെ ഭാഗവുമാണ്. മലയാള സാഹിത്യത്തിൽ ഇത്തരം വിഷയങ്ങളിലുള്ള സാങ്കേതിക പരിജ്ഞാനം കുറവായതുകൊണ്ട് തന്നെ എഴുത്തുകൾ കുറവാണ്. അൽപമെങ്കിലും സാധ്യതയുണ്ടങ്കിൽത്തന്നെ അത് ക്രൈം എഴുത്തിൽ മാത്രമായിരിക്കണം. ഇത്തരത്തിൽ അമൽ പിരപ്പൻ കോഡ് എഴുതിയ വ്യസനസമുച്ചയം മികച്ച ഒരു നോവലാണ്. ഇന്റർനെറ്റിന്റെ ലോകത്തെ ചതികളും പൈസ തട്ടിപ്പുമാണ് അതിലെ വിഷയം. ഏറ്റവും പുതിയ നോവൽ ആക്സസ് ഗ്രാന്റഡ്, ഇതുപോലെയൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അലക്സ് ജോണിന്റേതാണ് നോവൽ.

 

തന്റെ കൗമാരക്കാരനായ മകൻ ക്രിസ്റ്റോയെ കേന്ദ്ര കഥാപാത്രമാക്കി അലക്സ് എഴുതിയ പുസ്തകമാണിത്. സൈബർ ലോകത്തെ അനന്തമായ സാധ്യതകളെയാണ് ഈ പുസ്തകം കാണിച്ചു തരുന്നത്. പുറംലോകത്ത് നമ്മൾ കണ്ടു കഴിഞ്ഞ ചതിക്കും അധികാരത്തിനും ഇവിടെ ഒരുത്തരമേയുള്ളൂ അതാണ് ഡാർക്ക് വെബ്. ക്രിസ്റ്റോ ആള് സാധാരണക്കാരനല്ല, ഡീക്കോഡിങ്ങിന്റെ അങ്ങേയറ്റമറിയുന്നവനാണ്. സ്‌കൂൾ പഠനം കഴിഞ്ഞ കാലം മുതൽ തന്നെ ഇത്തരം വിഷയത്തിൽ കൂടുതൽ അറിവ് നേടണം എന്നാഗ്രഹിച്ച കുട്ടി. പക്ഷേ പ്രായമായില്ല എന്ന കാരണം കൊണ്ട് സ്ഥാപനങ്ങളിൽ നിന്ന് തഴയപ്പെട്ടപ്പോഴും അവനതിനെ സ്വായത്തമാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ക്രിസ്റ്റോ ഒരു ലക്ഷ്യത്തിന്റെ പിന്നാലെയായിരുന്നു, ഡാർക്ക് വെബിലേക്കുള്ള ആഴത്തിലുള്ള ഒരു അന്വേഷണം. 

 

ക്രിസ്റ്റോയുടെ ഫീമെയിൽ വേർഷനാണ് സാറാ. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട എത്തിക്കൽ ഹാക്കർ കൂടിയായ പ്രോഗ്രാമർ. അവരുടെ കമ്പനിയാണ് മിക്ക കമ്പനികളുടെയും സെക്യൂരിറ്റി നോക്കുന്നതും. ഒരിക്കൽ യാദൃശ്ചികമായി അവളുടെ അക്കൗണ്ട് വഴി അവൾ ജോലി ചെയ്യുന്ന കമ്പനി ഒരാൾ ഹാക്ക് ചെയ്യുന്നു. എന്തിനു വേണ്ടിയായിരുന്നു ആ അതിക്രമം അജ്ഞാതനായ അയാൾ അവളോട് ചെയ്തത്? തനിക്കു ചുറ്റും നിൽക്കുന്ന ഒന്നിനോടും മമതയോ സ്നേഹമോ ബഹുമാനമോ ഇല്ലാത്ത സാറാ എന്ന പെൺകുട്ടിയ്ക്ക് എത്ര ശ്രമിച്ചിട്ടും തന്റെ വരുതിയ്ക്ക് വരാത്ത ഹാക്കറോട് ആരാധന തോന്നുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷേ സാറയും അജ്ഞാതനും എത്തിപ്പെടുന്നത് ഡാർക്ക് വെബ്ബിന്റെ നിഗൂഢതകളിലേയ്ക്കായിരുന്നു. 

 

വിനാശകാരിയായ ബ്ളാക്ക് മമ്പ എന്ന വൈറസിനെ സൃഷ്ടിച്ചത് ക്രിസ്റ്റോയാണ്. എന്നാൽ അവനെ രഹസ്യമായി അന്വേഷിക്കുന്ന മറ്റൊരാൾക്കൂടിയുണ്ടായിരുന്നു. സ്റ്റീഫൻ. മറ്റൊരു വലിയ രഹസ്യം അന്വേഷിക്കുന്ന ഒരുവൻ. എന്തുകൊണ്ടാവും ക്രിസ്റ്റോ സ്ഥിരമായി ചൈനയിലേക്ക് പോകുന്നത്, അവിടെ നിന്ന് എന്താണ് അവൻ കടത്തുന്നത്? ഇത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം പോകെ പോകെ കിട്ടുന്നുണ്ട്. ത്രില്ലിങ് ആയുള്ള ഒരു ആക്ഷൻ സിനിമ കാണുന്നതുപോലെ പല സീനുകളും ഈ നോവലിലുണ്ട് എന്നതുകൊണ്ട് അത്തരത്തിലുള്ള ഒരു സിനിമ കാണുന്ന അതെ തോന്നലിൽ ആക്സസ് ഗ്രാന്റഡ്‌ വായിച്ചു പോകാം. 

 

അലക്സ് ജോൺ പ്രതിലിപിയിൽ എഴുതിത്തുടങ്ങിയ നോവലാണ് ആക്സസ് ഗ്രാന്റഡ്‌. വലിയ വായനാലോകം തുറന്നിടുന്ന പ്രതിലിപിയിൽ വന്നതോടെ നോവലിന് വായനക്കാരുണ്ടായി, ഇത്തരത്തിലുള്ള സൈബർ ക്രൈമുകളെക്കുറിച്ച് പൊതുവെ വായിക്കാനും അറിയാനും എല്ലാവർക്കും താല്പര്യമുണ്ടെങ്കിലും വിഷയത്തിലുള്ള അറിവില്ലായ്മ ഒരു പ്രശ്നം തന്നെയാണ്. നിരന്തരമായ ഗവേഷണവും സാങ്കേതിക പരിജ്ഞാനവും വേണ്ട വിഷയം തന്നെയായതുകൊണ്ട് നാളുകളുടെ അധ്വാനത്തിൽ നിന്ന് തന്നെയാണ് അലക്സ് ഈ പുസ്തകമെഴുതുന്നതും. ക്രൈം എന്ന പ്രധാന വിഭാഗത്തിൽ തന്നെ നിരവധി ഉപവിഭാഗങ്ങളുള്ളതിൽ ഒരുപക്ഷേ ഏറ്റവും പുതിയ വിഭാഗമാണ് സൈബർ ക്രൈം. ഒരുപക്ഷേ ഇത്തരുണത്തിൽ ഒരു ക്രൈമിന്റെ ഇരകളാകാത്തവർ വളരെ കുറവായിരിക്കണം. ചെറിയ അബദ്ധങ്ങൾ മുതൽ പലതരം ഗെയിമുകളിൽ അകപ്പെട്ടു ജീവൻ പോലും കളഞ്ഞവർ എത്രയുണ്ട്! വലുതും ചെറുതുമായ ഇത്തരം ക്രൈമുകൾക്ക് ഈ വിഭാഗത്തിൽ ഒരുപാട് സാധ്യതകളുമുണ്ട്. 

 

ബുദ്ധി വച്ചാണ് ക്രിസ്റ്റോയും സാറയും കളിക്കുന്നത്. പരസ്പരം ബഹുമാനം തോന്നിയ രണ്ടു ഹാക്കർമാർ എന്നതിനുപരി പല ഇരുണ്ട സത്യങ്ങളെയും പുറത്തുകൊണ്ടു വരൻ അവരിരുവർക്കും കഴിയുന്നുണ്ട്. ഒരുപക്ഷേ ഇതൊക്കെ നോവലിന് മാത്രം എഴുതപ്പെട്ടതല്ലേ എന്ന സംശയമൊന്നും വേണ്ട, കണ്ണിന്റെ മുന്നിൽ നടക്കുന്ന അതെ സമയം ദൃഷ്ടിക്ക് ഗോചരമല്ലാത്ത സത്യങ്ങളുടെ അടയാളപ്പെടുത്തൽ മാത്രമായി ഇതിനെ കാണാം. രഹസ്യങ്ങളുടെ കാവൽക്കാരൻ സുരേഷും അയാൾക്ക് പിന്നിലൊളിക്കുന്ന നിഗൂഢ മുഖവും എല്ലായ്പ്പോഴും നമ്മുടെ മൊബൈൽ ഫോണിന്റെ പോലും അപ്പുറത്തെവിടെയോ ഉണ്ടെന്ന നഗ്ന സത്യം കാണാതിരുന്നൂടാ. ഒട്ടും വിരസതയനുഭവിക്കാതെ വേഗതയിൽ വായിച്ചു പോകാം എന്നതുകൊണ്ട് ത്രില്ലർ പുസ്തകങ്ങളുടെ കൂട്ടത്തിൽ ആക്സസ് ഗ്രാന്റഡ്‌ സ്ഥാനമുറപ്പിക്കുന്നു. ഓർക്കുക, നമ്മളറിയാതെ നമുക്ക് ചുറ്റും ഇതൊക്കെയും നടക്കുന്നു, സൂക്ഷിക്കുക! 

 

Content Summary: Access Granted book written by Alex John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com