ADVERTISEMENT

ഐഐടി മദ്രാസ് ഒരു കോളജ് അല്ല. യൂണിവേഴ്‌സിറ്റിയല്ല. അതിശയകരമായ ആവാസ വ്യവസ്ഥയാണ്. കൊടുംകാട്. അതിനുള്ളിൽ അവിടവിടെ മനുഷ്യർ നിർമിച്ച കെട്ടിടങ്ങൾ. മഹാഭാരതത്തെ വിശേഷിപ്പിക്കും പോലെ ഐഐടിക്കുള്ളിലുള്ളതെല്ലാം ലോകത്തിലുണ്ട്. ഇല്ലാത്തതൊന്നും ലോകത്തുണ്ടാകാൻ പോകുന്നില്ല. 

 

പൂർണമായും ഐഐടി മദ്രാസാണ് കെ.വി. മണികണ്ഠന്റെ നോവലിന്റെ പശ്ചാത്തലം. പ്രമേയവും. ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തെ മാത്രം കേന്ദ്രീകരിച്ച് മലയാളത്തിൽ ആദ്യമായാണ് ഒരു നോവലുണ്ടാകുന്നത്. എന്നാൽ ഇത് രൂപരമായോ പ്രമേയപരമായോ പരിമിതിയാകുന്നില്ല എന്നതാണ് ഈ നോവലിന്റെ സവിശേഷത. കുറ്റാന്വേഷണ നോവൽ പോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നതിനൊപ്പം കൗതുകങ്ങളിലേക്കും ആകാംക്ഷകളിലേക്കും ചിറകു വിടർത്തി ഭാവനയുടെ പുതിയ ആകാശം സമ്മാനിക്കുന്നു. മലയാളത്തിന് ഏറ്റവും പുതിയ കാലത്തിന്റേത് എന്നു വിശേഷിപ്പിക്കാവുന്ന ഒരു കലാസൃഷ്ടിയും. 

 

ക്രൈം ത്രില്ലർ എന്ന വിശേഷണം ആ ഗണത്തിൽപ്പെടാത്ത നോവലുകൾ ഒട്ടൊരു മടിയോടെ തള്ളിക്കളയാറുണ്ട്. നോവലിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ തന്നെ മാറിപ്പോകും എന്നതാണൊരു പേടി. ആശയങ്ങളും ഭാവനയുടെ മഴവില്ലും അദൃശ്യമാകുകയും കേവലം ആകാംക്ഷയും ഉൽകണ്ഠയും ശമിപ്പിക്കുക എന്നതിലേക്കു മാത്രം ഒതുങ്ങിപ്പോകുമോ എന്ന ഭയവും സ്വാഭാവികം. ഇതൊക്കെക്കൊണ്ടായിരിക്കാം ഐഐടി മദ്രാസ് ക്രൈംത്രില്ലർ അല്ല എന്ന് നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത്. ഒരു ടാഗ് ലൈൻ കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ക്രൈം ത്രില്ലർ അല്ല എന്നതുതന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുന്നുമുണ്ട്. 

 

ഐഐടിയിൽ യാദൃശ്ചികമായി കണ്ടുമുട്ടി, ഹോസ്റ്റൽ മുറി പങ്കിടേണ്ടിവന്ന രണ്ടു പെൺകുട്ടികൾ. ഒരാൾ തമിഴ്‌നാട്ടിൽ നിന്ന്. മറ്റൊരാൾ തൃശൂരിൽ നിന്ന്. എന്നാൽ അപ്രതീക്ഷിതമായി ഇവരിൽ ഒരാൾ കൊല്ലപ്പെടുന്നു. അതും ദുരൂഹമായി. ആത്മഹത്യ എന്നാണ് നിഗമനമെങ്കിലും ഒട്ടേറെ ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഹോസ്റ്റൽ മുറി പങ്കിട്ട അടുത്ത സുഹൃത്തിന്റെ മരണം സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവുകൾ. മാനസികാഘാതം. അതു പരിഹരിക്കാതെ ഭാവി ജീവിതം അസാധ്യമാകുമെന്ന ഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ കുറ്റാന്വേഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ പിതാവിന്റെ നിർദേശപ്രകാരം പ്രൈവറ്റ് ഡിറ്റക്ടീവ് രംഗത്തെത്തുന്നു. വർഗീസ് കാട്ടാളൻ. ക്രൈം കൺസൾട്ടന്റാണദ്ദേഹം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കുരുക്കഴിക്കാൻ കഴിയാത്ത കേസുകളിൽ ഉപദേശം നൽകുക, സഹായിക്കുക എന്നിങ്ങനെയുള്ള സേവനങ്ങൾ ചെയ്യുന്നയാൾ. പ്രതികളുടെ വക്കീലൻമാർക്ക് വൻതുക പ്രതിഫലം വാങ്ങി ലൂപ് ഹോൾ കാണിച്ചുകൊടുക്കുന്നതും ഐപിഎസിൽ നിന്നു നേരത്തേ വിരമിച്ച വർഗീസ് കാട്ടാളന്റെ പ്രവർത്തനമേഖലയിൽ പെടുന്നു. മദ്രാസ് പ്രവർത്തന കേന്ദ്രമായി തിരഞ്ഞെടുത്ത അയാൾക്കൊപ്പം അടുത്ത ബന്ധുവായ ഒരു പെൺകുട്ടി കൂടി എത്തുന്നതോടെ അരങ്ങ് ഒരുങ്ങുകയായി. അതിശയങ്ങളുടെ ഭൂമിക നിവരുകയായി. ഒരു പേജിൽ പോലും വായനക്കാരെ മുഷിപ്പിക്കാതെയും, ആവേശത്തിന്റെ പരകോടിയിൽ നിർത്തിയും മിക്ക പഴുതുകളും അടച്ചുകൊണ്ട് രസകരമായ യാത്ര. ഐഐടിയുടെ നിഗൂഢമായ വഴികളിലൂടെ. വിചിത്രമായി ചിന്തിക്കുന്ന പെൺമനസ്സുകളിലൂടെ. സാധാരണ മനുഷ്യർക്കൊപ്പം അസാധാരണമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന അപൂർവം വ്യക്തികളിലൂടെ. സർവോപരി, മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത വിചിത്രവും വ്യത്യസ്തവുമായ മാനറിസങ്ങളും സ്വഭാവ സവിശേഷതകളുമുള്ള വർഗീസ് കാട്ടാളൻ എന്ന ഒന്നൊന്നര കഥാപാത്രത്തിലൂടെ. 

 

ഐഐടിയിൽ പഠിച്ചവർക്കും അവരുമായി പരിചയമുള്ളവർക്കും മാത്രം അടുത്തറിയാവുന്ന മറ്റുള്ളവർക്കെല്ലാം ആകാശഗംഗ പോലെ അദ്ഭുതം മാത്രമായ ലോകമാണ് പശ്ചാത്തലമെങ്കിലും എഴുത്തിന്റെ സ്വാഭാവികത കൊണ്ട് ഏറ്റവും സുപരിചിതമായ സ്ഥലമാക്കി ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തെ മാറ്റാനും വായനക്കാരെ കൂടെ നടത്താനും മണികണ്ഠനു കഴിയുന്നു. ഭാഷയിലും ഭാവുകത്വത്തിലും ഏറ്റവും പുതിയ കാലത്തോടാണ് നോവൽ സംവദിക്കുന്നത്. എന്നാൽ വായനാക്ഷമതയിൽ ഒരു വിട്ടുവീഴ്ചയും ഇല്ല താനും. 

 

ഐഐടി മദ്രാസിന്റെ ഐഡന്റിറ്റി തന്നെ കാടാണ്. നഗരത്തിനുള്ളിലൊരു കൊടുംകാട്. ക്യാംപസിനുള്ളിലെ ടാറിട്ട ഇടറോഡുകളിലൂടെ പോകുമ്പോൾ നിബിഡവനത്തിനുള്ളിലെ റോഡുകൾ പോലെ തോന്നും. വാഹനവേഗം 30 കിലോമീറ്റർ ആയി നിയന്ത്രിച്ചിരിക്കുന്നു. റോഡിൽക്കൂടി നിർഭയരായി വിഹരിക്കുന്ന മാനുകൾ. കുരങ്ങൻമാർ. മയിലുകൾ. പാമ്പുകൾ ഒക്കെ അതിസാധാരണമായ കാഴ്ച ആണ്. പകൽസമയത്തുപോലും റോഡുവഴിയല്ലാതെ വൃക്ഷങ്ങൾക്കിടയിലൂടെ 

നടക്കാൻ ആരും ധൈര്യപ്പെടുകയില്ല. എന്നാൽ, വനത്തിനുള്ളിലെ ‘കാക്കി’ എന്നു വിളിക്കപ്പെടുന്ന അതിവിചിത്രമായ  മനുഷ്യസാന്നിധ്യമാണ് കഥയെ ഉദ്വേഗഭരിതമാക്കുന്നത്. കൊല്ലപ്പട്ട ശിവകാമിയും കാക്കിയും തമ്മിലുള്ള ബന്ധത്തിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവ ബന്ധമാണ് മറനീക്കുന്നത്. ഇതാണ് നോവലിന്റെ ഏറ്റവും ആകർഷകമായ ഘടകവും. 

 

കൊടുംകാട് വ്യക്തികളുടെ മനസ്സിനുള്ളിൽത്തന്നെയുണ്ട്. ജീവിതത്തിലുമുണ്ട്. കാട് കേറിയാലും ഇല്ലെങ്കിലും കാടിനെക്കുറിച്ച് ധ്യാനിച്ചാലും ഇല്ലെങ്കിലും കാട് യാഥാർഥ്യം തന്നെയാണ്.  ഈ കാട്ടിലേക്ക് പോകാനും അവിടുത്തെ നിയമം മാത്രം പാലിച്ച് ജീവിക്കാനുമുള്ള ത്വര ശിവകാമിയുടെ മാത്രം പ്രത്യേകതയല്ല. അനുകൂല സാഹചര്യങ്ങളിൽ ഏതു വ്യക്തിയിലും മുളപൊട്ടി വൻമരമായി വളരാവുന്ന ആഗ്രഹത്തിന്റെയും ആസക്തിയുടെയും വിത്ത്. എന്നാൽ, പരിഷ്‌കൃത ജീവിതം നയിക്കുകയും ഏറ്റവും ആധുനികർ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന എത്രയോ മനുഷ്യർ പുറംലോകം കണ്ടിട്ടില്ലാത്ത കാക്കിയെപ്പോലുള്ള സത്വങ്ങളെ ഉള്ളിൽ വഹിക്കുന്നവരാണ്. കാക്കി ഉള്ളിലും പുറത്തും നിഷ്‌കളങ്കനാണ്. സ്‌നേഹം നിഷേധിക്കപ്പെട്ട ജീവി. സ്‌നേഹത്തിൽ നിന്ന് അകറ്റപ്പെട്ട വ്യക്തികളുടെ അപരവ്യക്തിത്വം. എന്നാൽ മനുഷ്യർ, ഉള്ളിൽ തീർത്തും അപരിഷ്‌കൃതമായ സ്വത്വങ്ങളെ വഹിച്ച്, അവയുടെ ഭാരത്തിൽ ഒരു ബന്ധത്തിലും ആശ്വാസം കിട്ടാതെ ജീവിക്കുകയാണ്. ഒരവസരം കിട്ടിയാൽ ആരാണ് ഭീകരജീവിയായി മാറാത്തത്. നാഗരികനായ മനുഷ്യന്റെ ഉള്ളിലെ കാട് കാണിച്ചുതരുന്നു എന്നതാണ് നോവൽ അനുഷ്ഠിക്കുന്ന ചരിത്രദൗത്യം. മനുഷ്യനെയും പ്രകൃതിയെയും മുഖാമുഖം നിർത്തി, കാടിനെയും നാടിനെയും നേർക്കുനേർ നിർത്തി ഇരുട്ടും വെളിച്ചവും ദ്വന്ദയുദ്ധം നടത്തുന്ന മനസ്സിന്റെ ഇരുൾ നിലകളിലേക്ക് മണികണ്ഠൻ വായനക്കാരെ ക്ഷണിക്കുന്നു. ഇങ്ങനെയൊരു ദൗത്യ നിർവഹണത്തിന് അദ്ദേഹം ഉപയോഗിക്കുന്ന തന്ത്രം മാത്രമാകുന്നു കുറ്റാന്വേഷണത്തിന്റെ സാങ്കേതികവും സൗന്ദര്യപരവുമായ അരങ്ങും സംവിധാനങ്ങളും. 

 

രണ്ടു ഭാഗങ്ങളാണ് നോവലിന്. ആദ്യ ഭാഗം കൊണ്ടു തന്നെ പൂർണമാണെങ്കിലും രണ്ടാം ഭാഗത്തിലൂടെ ചില ചോദ്യങ്ങൾക്കു കൂടി ഉത്തരം പറയാൻ ശ്രമിച്ചുകൊണ്ട് നോവലിന് ആശയപരമായ ദൃഡത പകരാനും ശ്രമിച്ചിട്ടുണ്ട്. 

 

‘ഐഐടി മദ്രാസ്’ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

Content Summary: IIT Madras book written by KV Manikandan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com