നീതിക്കായുള്ള പോരാട്ടത്തിൽ മധുവിനൊപ്പം ഈ കവിതകൾ

mele-kavulu-book
SHARE

ഡിസി ബുക്സ്

വില: 240 രൂപ

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ദൈന്യവും നിഷ്കളങ്കതയും നിറഞ്ഞ ആ മുഖമിപ്പോഴും മനസ്സിൽ തറഞ്ഞുനിന്ന് എന്റെ സാംസ്കാരിക പൊങ്ങച്ചങ്ങളെ മുഴുവനും വിചാരണചെയ്യുന്നു. എല്ലാ സമൂഹങ്ങളിലും ഹിംസയുടെ ഗുപ്തചോദന നിലനിന്നുപോരുന്നുണ്ട്. ചില ഹിംസയെ സാധൂകരിക്കേണ്ടതുണ്ടെന്നും ചിലത് പ്രശംസനീയം തന്നെയെന്നും തോന്നിയിട്ടുണ്ട്. അപൂർവം ചിലതോ, അവയുടെ കലാത്മകതയിൽ കോരിത്തരിപ്പിക്കുകപോലും ചെയ്തേക്കാം.

ഇതു പക്ഷേ പൊറുക്കാവതല്ല. ഓർക്കുമ്പോഴെല്ലാം ഉള്ളിൽ നിർദ്ദയമായൊരു ഏറ്റുമുട്ടലിനായുള്ള വിങ്ങലുണ്ടാകുന്നുണ്ട്. ഹീനമായൊരു വർഗപങ്കാളിത്തത്തെ പ്രതി ആത്മനിന്ദയും അനുഭവപ്പെടാറുണ്ട്. ആ രംഗം, അതിൽ പ്രകടമായിക്കണ്ട ക്രൂരമായ ലീലാപരതയും മറക്കുന്നതെങ്ങനെ. പ്രതിരോധത്തിന്റെ തരി പോലുമില്ലാത്ത പൂർണമായ ആ അടിയറവിന്റെ ദൈന്യം എങ്ങനെ മറക്കും. മധുവിന്റെ കൂട്ടരോട് കാലാകാലങ്ങളായി നമ്മുടെ സമൂഹം ചെയ്തുപോരുന്ന എല്ലാ തിന്മകളുടെയും അടയാളങ്ങൾ തിണർത്തുകിടന്നു അവന്റെ നിർജീവമായ ഉടലിൽ. നിസ്സഹായതയുടെ മേൽ അടിച്ചേൽപിച്ച ഈ ദുരന്തത്തിൽ മലയാളത്തിന്റെ കവികൾ വേദനിച്ചു. അവർ കുറ്റബോധത്താലും രോഷത്താലും എരിഞ്ഞു. അതിന്റെയെല്ലാം പ്രതിഫലനമാണ് ഈ കവിതകൾ. ‘‘മെലെ കാവുളു’’ എന്ന ഈ പുസ്തകം കവിതകൾ കൊണ്ടു മധുവിനു തീർത്ത സ്മാരകമാണ്. പരിഹാരമാകാത്തൊരു പ്രായശ്ചിത്തവുമാണ്. ഇതിൽ അണിചേർന്നിട്ടുള്ള കവികളെല്ലാവരും കാടിനെയും

ആദിവാസിയെയും സ്നേഹിക്കുണവരാണ്. അലിവിന്റെ ഉള്ളുറവകളെ വറ്റാതെ കാക്കുന്നവരാണ്. അവരുടെ ആത്മാർദ്രത ഈ കവിതകളിൽ പകർന്നുവച്ചിരിക്കുന്നു. ഇതിൽനിന്നു മധുവിനെ തൊട്ടെടുക്കാനാവും. 

ലിപിയില്ലാത്ത ഭാഷകളുടെ അതിരുകളെ മറികടന്ന് ആദിവാസികളായ കവികളുടെ കവിതകൾ ധാരാളമായി, അവരുടെ ജീവിതവും പ്രൈമിറ്റീവിന്റെ താളവും ലയവും മനോഹാരിതകളുമായി, മലയാളഭാഷയിലേക്ക് ഒഴുകിയെത്തുന്ന കാലമാണിത്. കേരളകവിതയിൽ അവർ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. നമ്മളവരെ സഹോദരങ്ങളായി സ്വീകരിച്ചിരിക്കുന്നു; അവർ നമ്മളെയും. അതാണ് കവിതയുടെ നന്മ. 

കാട്ടുമൈന എന്ന് അർഥമുള്ള ‘മെലെ കാവുളു’ എന്ന ടൈറ്റിൽ ഈ പുസ്തകത്തിന്റെ സ്വത്വപരമായ സവിശേഷതയെ ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

എസ്.ജോസഫ് , അൻവർ അലി, സന്ദീപ് കെ.രാജ് എന്നിവരാണ് ഈ പുസ്തകം എഡിറ്റ് ചെയ്തത്. അത്ര അനായാസമായ ജോലിയൊന്നുമല്ല അവർ നിറവേറ്റിയിരിക്കുന്നത്. ആദിവാസി ഊരുകളിലേക്കു സഞ്ചരിച്ച് ആ ജീവിതപരിതോവസ്ഥകളെ നേരിട്ടുകണ്ട് മനസ്സിലാക്കി. ഗോത്രഭാഷകളുടെ ഉള്ളുറവുകളെ തിരഞ്ഞു. മധുവിന്റെ വീട് സന്ദർശിച്ച് ബന്ധുക്കളിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ഇത്രയേറെ കവികളുമായി ബന്ധപ്പെട്ട് അവരിൽനിന്നു കവിതകൾ വാങ്ങി. ആത്മാർഥതയുടെ വേഗതയിലാണ് അവർ ഈ മഹത്തായ ജോലി ചെയ്തു തീർത്തത്. കളത്തറ ഗോപൻ, എ.കെ.വാസു, എം.ടി.ജയലാൽ, അക്ബർ എന്നിവർ ഏറെ സഹായിച്ചു. എല്ലാ തലമുറയിലും പെട്ട കവികൾ ഈ സംരഭത്തോടു സഹകരിച്ചു. അതിന്റേതായ പ്രതിനിധാന പൂർണ്തയുണ്ട് ഈ പുസ്തകത്തിന്.

പുസ്തകമിറങ്ങാൻ വൈകിയത് മറ്റെന്തൊക്കെയോ കാരണങ്ങളാലാണ്. ഒരർഥത്തിൽ ഇതാണ് പറ്റിയ സമയം. മധുവിന്റെ കൊലപാതകക്കേസിൽ ചില പ്രതിസന്ധികളുണ്ടായിരിക്കുന്നു. സന്ദേഹത്തിനിടയാക്കുന്നുണ്ട് അത്. സാമുദായികവും സാമ്പത്തികവുമായ മേൽക്കോയ്മ എന്ന ക്രൈമുണ്ട് അതിനു പിന്നിൽ. മധുവിന്റെ കുടുംബം നീതിക്കു വേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ടുതന്നെ. ഈ ഘട്ടത്തിലും തുടർന്നും അവർക്കു വലിയ പിന്തുണ ഉണ്ടാവേണ്ടതുണ്ട്. അവർക്ക്, മധുവിന്, നീതി ലഭിക്കുകതന്നെ വേണം. അവരോടൊപ്പമായിരിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്.

Content Summary: Mele Kavulu - malayalam poems dedicated to Madhu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}