ADVERTISEMENT

ആത്മകഥാംശത്തെ പിന്നിലാക്കി സാമൂഹികാശംകൊണ്ട് സമ്പന്നമാണ്‍ ‍ജോൺസൺ ഐരൂരിന്റെ ‘ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ’ എന്ന ആത്മകഥ. സാധാരണ ആത്മകഥകളിൽനിന്നും ഏറെ വ്യത്യാസ്തമാണിത്. ഈ പുസ്തകത്തെ മുൻനിർത്തിയുള്ള ആലോചനകൾ സമൂഹകേന്ദ്രിതജീവിതാവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യരെസംബന്ധിച്ച് പ്രസക്തമാണ്. 2013-ലാണ് കറന്റ് ബുക്സ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. രണ്ടുവർഷം കൊണ്ട് മൂന്നു പതിപ്പുകളിറങ്ങി. 

 

വേറിട്ടരീതിയിൽ വർത്തമാനത്തിലിടപെടുന്നവർ ചരിത്രത്തിൽ ഇടംനേടുമെന്ന പെരുമ്പടവം ശ്രീധരന്റെ നിരീക്ഷണം അന്വർത്ഥമാക്കുന്നതാണ്‍ ‍ഐരൂരിന്റെ ജീവിതം. നിരീശ്വരവാദി, യുക്തിചിന്തകൻ, സ്വതന്ത്രചിന്തകൻ, ഇടതുസഹയാത്രികൻ, സൈദ്ധാന്തികൻ, തുടങ്ങി നിരവധി വിശേഷണങ്ങൾ ചേർത്തുപറയാവുന്ന ബഹുമുഖവ്യക്തിത്വമാണ്‍ ‍ഐരൂര്‍. കുടുംബപശ്ചാത്തലവും കുട്ടിക്കാലവും വിശദീകരിച്ചുകൊണ്ട്ആത്മകഥാരചനയുടെ പതിവുരീതിയിൽ തന്നെയാണ്‍ ‘‍ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ’ എന്ന ഐരൂരിന്റെ ആത്മകഥയും ആരംഭിക്കുന്നത്, എന്നാൽ വളരെ പെട്ടെന്നുതന്നെ ആഖ്യാനം വിമോചനസമര ഓർമ്മകളിലേക്കും സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളിലേക്കും കണ്ണിചേർക്കപ്പെടുന്നു. വായന ചിന്തയ്ക്കുവഴിതെളിക്കുമെന്നതിന് സാക്ഷ്യംകൂടിയാണ്‍ ‍ഈ യുക്തിചിന്തകന്റെ എഴുത്തും ജീവിതവും. 2013 ൽ തന്റെ 77-ാം വയസ്സിലാണ്‍ ‍പുസ്തകം പ്രസിദ്ധീകരിച്ചത്. 

 

മഹാത്മാഗാന്ധിക്ക് കിട്ടാത്ത സ്വർഗ്ഗം ഒരു ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം തനിക്ക് ലഭിക്കുന്നതെങ്ങനെ എന്ന ചിന്തയിൽ തട്ടിത്തടഞ്ഞാണ്‍ ‍കുട്ടിക്കാലത്തുതന്നെ ഐരൂർ മതവിശ്വാസത്തോട് വിടപറഞ്ഞത്. യുക്തിരഹിതചിന്തയിലുള്ള സന്ദേഹം അദ്ദേഹത്തിൽ കുട്ടിക്കാലത്തുതന്നെ നാമ്പെടുക്കുന്നുണ്ട്. പിന്നീടിങ്ങോട്ട് പതിറ്റാണ്ടുകൾക്കിപ്പുറം സാർത്ഥകവും സജീവവുമായ ഇടപെടലുകൾക്കൊടുവിൽ മരണംവരെയും, വ്യക്തിജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടും, തന്റെ ജീവിതവീക്ഷണത്തിന് യുക്തിഭദ്രമായ ന്യായീകരണവുമായി നിലകൊണ്ടു ഈ മാനസികാപഗ്രഥനവിദഗ്ധൻ. ‘ഞാൻ വിശ്വസിക്കുന്നത്’ എന്ന തലക്കെട്ടോടെ വിശ്വാസപരമായ തന്റെ നിലപാടുകൾ വിശദീകരിച്ചുകൊണ്ടാണ്‍,‍ മരണത്തെക്കുറിച്ച് ജീവിതത്തിലൊരിക്കലെങ്കിലും സ്വയുക്തികൊണ്ട് ആലോചിച്ച ഏതൊരാളും വായിച്ചിരിക്കേണ്ട ഐരൂരിന്റെ ആത്മകഥ അവസാനിപ്പിക്കുന്നത്. അനാദിയും അനന്തവും സ്വയംഭൂവുമായ ചൈതന്യം ഈശ്വരനല്ല പ്രപഞ്ചംതന്നെയാണെന്നും ആത്മാവിൽ തനിക്ക് വിശ്വാസമില്ലെന്നും ഐരൂർ സമർത്ഥിക്കുന്നു. താനൊരു കമ്യൂണിസ്റ്റുകാരനാണെന്നും എന്നാൽ അതിനകത്തെ സോഷ്യലിസ്റ്റ് സങ്കല്പം മതത്തിലെ പരലോകസ്വർഗ്ഗസങ്കൽപ്പംപോലെത്തന്നെ മിഥ്യയാണെന്നും ഫ്രോയിഡിനെപ്പോലത്തന്നെ ഐരൂരും കരുതുന്നു. മനുഷ്യന്റെ കലഹ-ആധിപത്യ ജന്മവാസനകളെ നിയന്ത്രിച്ച് മനുഷ്യനെ സംസ്‌ക്കരിച്ചെടുക്കാനുള്ള ഉപാധിയായി പരന്നവായനയും ലോകപരിചയവും ജനസമ്പർക്കവുമാണ്‍ ‍അദ്ദേഹം മുന്നോട്ടുവെക്കുന്നത്. മനുഷ്യന്‍ പൊതുവെ യുവത്വത്തിൽ യുക്തിവാദത്തിലേക്കും പിന്നീട്  ഭക്തിമാർഗ്ഗത്തിലേക്കും ആകൃഷ്ടരാവുന്ന പ്രവണതയ്ക്ക് ഐരൂർ കണ്ടെത്തുന്ന കാരണം, ജീവിതവീക്ഷണത്തിന്റെ അടിത്തറയായി യുക്തിചിന്ത ദൃഢപ്പെട്ടുവികസിച്ചുവരാത്തതാണ്‍. കേവലം ആവേശത്തിന്റെഭാഗമായി പുരോഗമന-യുക്തിചിന്താപ്രസ്ഥാനങ്ങളിലേക്കു വരുന്നവർക്കാണ്‍ പലപ്പോഴും ഇങ്ങനെ സംഭവിക്കാറുള്ളത്. സമൂഹത്തിൽ അധീശത്വം സ്ഥാപിച്ചിട്ടുള്ള ഭക്തിവാദാശയങ്ങൾ ചുറ്റും പ്രലോഭനങ്ങളായി നില്‍ക്കുമ്പോൾ അതിനെ അതിജീവിക്കാൻ അപാരമായ ആശയദൃഢത ആവശ്യമാണ്‍. അതില്ലാത്തവർക്ക് ഏറെക്കാലം പിടിച്ചുനിൽക്കാനാവില്ലെന്നും പുതിയകാലത്തെ വിലയിരുത്തി അദ്ദേഹം നിരീക്ഷിക്കുന്നു. 

 

മിശ്രവിവാഹസംഘത്തിലേക്കാണ്‍ ‍പൊതുപ്രവർത്തകനെന്ന നിലയിൽ ഐരൂർ ആദ്യം ആകർഷിക്കപ്പെടുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന് ഒരിക്കലും വിട്ടുപോരാനാവാത്ത ആത്മബന്ധമുള്ള സംഘവും അതുതന്നെയാണ്‍. പിന്നീടദ്ദേഹം യുക്തിവാദസംഘടനകളുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നുണ്ട്. ഭാഷയുടെ ശക്തി നന്നായി അറിയാവുന്ന ആളായിരുന്നു ഐരൂർ. അടിയന്തരാവസ്ഥാകാലത്ത് തികഞ്ഞ ബോധ്യത്തോടെത്തന്നെ ഇന്ദിരാഗാന്ധിക്കെതിരെ അദ്ദേഹം കടുത്ത ഭാഷാ പ്രയോഗം നടത്തി; “തന്ത മകള്‍ക്കയച്ചകത്തിലൊന്നും ഈ ഉപദേശമുണ്ടായിരുന്നില്ലല്ലോ. ഫിറോസ് ഗാന്ധിയും ഇങ്ങനെയൊന്നും പഠിപ്പിച്ചിട്ടുണ്ടാവില്ല. പിന്നേതു പോക്കിരിയാണിതു പഠിപ്പിച്ചത്” എന്ന പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തെ കേന്ദ്രസർക്കാർ സർവ്വീസിൽനിന്നും പിരിച്ചുവിട്ടു. ഐരൂരിലെ മനുഷ്യസ്‌നേഹവും ഉയർന്ന ജനാധിപത്യബോധവുമാണ് ‍ഇങ്ങനെ പറയിപ്പിച്ചത്. കാരണം തന്റെ ജീവിതത്തിലോ എഴുത്തിലോ ആരെയും വ്യക്തിപരമായി മുറിവേൽപ്പിക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് എന്നോർക്കുമ്പോഴാണ്‍ ‍  അടിയന്തരാവസ്ഥ എന്ന കൊടും വിപത്തിനെതിരെയുള്ള ഈ ശബ്ദത്തിന്റെ സാമൂഹികമാനം വ്യക്തമാകുന്നത്.  

 

ആത്മകഥാരചനയുടെ നെല്ലും പതിരും തിരിച്ചറിയാനുള്ള ഒരു മനഃശാസ്ത്രജ്ഞന്റെ വൈഭവം കൃതിയുടെ ആമുഖത്തിൽ തന്നെ വെളിപ്പെടുത്തുന്നുണ്ട്. സ്വന്തം ജീവിതത്തെ തന്നെ വേറിട്ടു കാണാൻ സാധിക്കൂമ്പോൾ മാത്രമേ ആത്മകഥ എഴുതാവൂ എന്ന സാമാന്യ തത്വം അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളുന്നു ഐരൂരിന്റെ ആത്മകഥ. കുമ്പസാരമോ പൊങ്ങച്ചംപറച്ചിലോ, പരദൂഷണംപറച്ചിലോ, പുണ്യവാളൻചമയലോ അല്ല ആത്മകഥാപറച്ചിലെന്ന് ഈ ഉദ്യമം തെളിയിക്കുന്നു. ഒരു ലളിതമായ ജീവിതത്തിന്റെ എളിയസന്ദേശം നല്‍കാനാണ്‍ ‍ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്ന അവകാശവാദം വെറും ഭംഗിവാക്കായിരുന്നു എന്നും മറിച്ച് ഇതൊരു സംഭവബഹുലമായ ജീവിതത്തിന്റെ ബൃഹതാഖ്യാനം തന്നെയാണെന്നും ഈ പുസ്തകത്തിന്റെ വായനക്കൊടുവിൽ ബോധ്യപ്പെടും.

 

ജോൺസൺ ‍ ഐരൂരിന്റെ വൈയക്തിക ജീവിതത്തെക്കുറിച്ചറിയുക എന്ന ലക്ഷ്യത്തോടെ ആരെങ്കിലും ഈ പുസ്തകം വായനക്കെടുത്താൽ ഒരു പക്ഷെ, നിരാശയായിരിക്കും ഫലം. മഹാൻമാരും പലപ്പോഴും നുണപറഞ്ഞിട്ടുണ്ടാവും ഗാന്ധിയെപ്പോലെ എല്ലാവരും ആത്മകഥയിൽ  അതെഴുതിക്കോളണമെന്നില്ല, ഐരുർ താൻ കുട്ടിക്കാലത്ത് അധ്യാപകനോട് പറഞ്ഞ ഒരു നുണ അതേപടി തന്റെ ആത്മകഥയിൽ വിവരിക്കുന്നതു കാണാം. കുട്ടിക്കാലത്തുതന്നെ തെറ്റാണെന്നു തോന്നിയതിനെ തിരസ്‌കരിച്ച് ശരിയെപുല്‍കുന്നതും പിന്നീട് വഴിതെറ്റുന്നുണ്ടോ എന്നു സ്വയം വിമർശനപരമായി ആലോചിക്കുകയും തിരുത്തുകയും വീണ്ടും തനിക്ക് ശരിയെന്നു തോന്നുന്നതിലേക്ക് ജീവിതത്തെ തിരിച്ചുവിടുന്നതും ഒക്കെയായി ശരിതെറ്റുകളിലൂടെയുള്ള ഒരു സാധാരണമനുഷ്യന്റെ ജീവിതം എന്ന നിലയിൽ യാതൊരുവിധ അമാനുഷികതയും അവകാശപ്പെടാത്ത ഒരാത്മകഥ എന്നു സാമാന്യമായി ഇതിനെ വിശേഷിപ്പിക്കാം. 

 

മുഷിപ്പിക്കുന്ന വിവരണങ്ങളോ നീട്ടിപ്പരത്തിപ്പറച്ചിലുകളോ ഈ പുസ്തകത്തിലില്ല. ചരിത്രവസ്തുതകളാല്‍ സമ്പന്നമാണ്‍ ‍ഈ ആത്മകഥ. എഴുതപ്പെട്ടതോ അല്ലെങ്കിൽ മുഖ്യധാരാ വ്യവഹാരത്തിന്റെ ഭാഗമോ ആയ പല ചരിത്രസംഭവങ്ങളോടും കൂട്ടിച്ചേർക്കാനുള്ള വസ്തുതകൾ ഈ ആത്മകഥയിൽനിന്നും ചരിത്രവിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും കണ്ടെടുക്കാനാകും. ഉദാഹരണത്തിന് തന്റെ അവസാന കാലഘട്ടങ്ങളിൽ യുക്തിവാദാശയങ്ങളിൽനിന്നകന്ന് ഗാന്ധിയൻ ജീവിതം നയിക്കുകയായിരുന്നു വി.ടി. ട്ടതിരിപ്പാട് എന്ന ഒരു ധാരണ ആരൊക്കെയോ പരത്തിയിട്ടുണ്ട്. വി.ടി നിർത്തിയേടത്തുനിന്നാണ്‍ ‍ഇ.എം.എസ് തുടങ്ങിയത് എന്ന കെ. ദാമോദരന്റെ നിരീക്ഷണംപോലും ഈ ദിശയിലാണ്‍ ‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. എന്നാൽ 1962-ൽ തൃശ്ശൂരിൽ നടന്ന യുക്തിവാദിസമ്മേളനത്തിൽ കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി ജോസഫ്, ആർ. സുഗതൻ എന്നിവർക്കൊപ്പം വി.ടിയും അന്നു പങ്കെടുത്തതായി ഐരൂർ സൂചിപ്പിക്കുന്നു. അന്നാണദ്ദേഹം വി.ടിയെ ആദ്യമായി കാണുന്നത്. വി.ടി തന്റെ യുക്തിവാദാശയ പ്രചരണങ്ങൾ മരണംവരെ വിട്ടിരുന്നില്ല എന്നതിന്റെ തെളിവാണിത്.

 

മലയാളിക്ക് സുപരിചിതം ഹിപ്‌നോട്ടിസ്റ്റായ ജോൺസൺ ‍ ഐരൂരിനെയാണ്‍. എന്നാൽ അതിനപ്പുറം യുക്തിചിന്തയിലധിഷ്ഠിതമായ കേരളീയസമൂഹ നിർമ്മിതിക്കായി ഒരായുസ്സുമുഴുവൻ കർമ്മമണഡലത്തിൽ സമർപ്പിച്ച സാമൂഹിക പ്രവർത്തകനെയാണ്‍ ‍ഈ ആത്മകഥയിൽനിന്നും വായനക്കാരന് കണ്ടെത്താനാവുക. . അന്ധവിശ്വാസത്തിന്റെ പോറലേൽക്കാത്ത തുറന്നപുസ്തകമാണ്‍‍ ‍‍ഐരൂരിന്റെ സാർത്ഥകമായ ജീവിതം. മിശ്രവിവാഹപ്രസ്ഥാനം യുക്തിവാദപ്രചരണം സ്വതന്ത്രചിന്തയിലധിഷ്ഠിതമായ ജീവിതം എന്നിവയ്ക്ക് ഇത്രയേറെ സൗമ്യവും മാന്യവുമായ മുഖം നൽകിയ ഐരൂരിന് പൊതുസമൂഹം അർഹിച്ച പരിഗണനയും അംഗീകാരവും നല്‍കിയോ എന്ന സന്ദേഹം പുസ്തകവായനക്കൊടുവിൽ വായനക്കാരന്റെ മനസ്സിൽ കനലായി ഉയർന്നുവരും. പ്രിവിലേജുകളില്ലാത്ത പ്രതിഭാധനർ പ്രാന്തവല്‍ക്കരിക്കപ്പെടുന്ന കാലമാണല്ലോ നമ്മുടേത്.

“സ്വകാര്യ ജീവിതത്തിന്റെ പരസ്യമായ വെളിപ്പെടുത്തലാണ്‍ ‍ആത്മകഥ” എന്ന ആദ്യകാല ആത്മകഥാസങ്കല്‍പത്തെ പരസ്യവും സുതാര്യവുമായ സാമൂഹികജീവിതത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന ഒരു വ്യക്തിത്വത്തിന്റെ പതിരുകളില്ലാത്ത ആഖ്യാനമായിത്തീരുന്നു ഐരൂരിന്റെ ആത്മകഥ. 

 

ഇതരസാഹിത്യരചനകളിൽ നിന്നും വ്യത്യസ്തമായി ആത്മകഥാരചയിതാക്കളുടെ ലക്ഷ്യമെന്തെന്ന ചോദ്യം പുതിയകാലത്ത് ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഐരൂരിന്റെ ആത്മകഥയുടെയും ലക്ഷ്യം സ്വയം അടയാളപ്പെടുത്തലാണ്‍ ‍എന്ന് വാദിക്കാമെങ്കിലും താൻ ജീവിച്ച സമൂഹത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ഉള്ളടക്കങ്ങൾക്കൊണ്ട് ഏറെ വേറിട്ടുനില്‍ക്കുന്ന ഒരാത്മകഥയാണ്‍  ‘‍ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങളൾ’ എന്നു നിസ്സംശയം പറയാം. യോജിക്കാനും വിയോജിക്കാനുമുള്ള ഇടങ്ങൾ മറ്റുപ്രതിഭാശാലികളെപോലെ ഐരൂരിന്റെ എഴുത്തിലും ഇടപെടലുകളിലും തീർച്ചയായും കണ്ടേക്കാം. എന്നാൽ അതിലൊന്നുംതന്നെ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ സംശയിക്കാനുള്ള ഇടം കണ്ടെത്താനാവില്ല. കേരളത്തിന്റെ മിശ്രവിവാഹ-യുക്തിവാദചരിത്രം ജോൺസൺ‍ ഐരൂരിന്റേതുകൂടിയാണ്‍. ഹിപ്‌നോതെറാപി ഓട്ടോസജഷൻ തുടങ്ങിയ വൈജ്ഞാനികമേഖലകളിലെ വെളിച്ചവും സാന്ത്വനവും സ്വയം ഏറെ ത്യാഗങ്ങൾ സഹിച്ച് മലയാളിക്കു പരിചയപ്പെടുത്തിയ അധികായനായിരുന്നു ഐരൂർ. നടന്നുതീർത്ത മണ്ണിനും ചിന്തയ്ക്കുമിടയിൽ ചെരുപ്പിനനുസരിച്ച് കാലുമുറിക്കാതെ മരണംവരെ നിവർന്നുനിന്ന മനുഷ്യൻ.  

English Summary : Oru Hypnotistinte Anubhavangal book by Johnson Ayroor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com