പ്രണയഭീരു: പ്രണയത്തിനു കഴിവില്ലാത്ത കാമുകന്റെ ആത്മകഥ

poratra-p
SHARE
ബാലചന്ദ്രൻ പറങ്ങോടത്ത്

കറന്റ് ബുക്‌സ് തൃശൂർ

വില 175 രൂപ

പൊറാട്ര ഭൗമസൂചികയാണ്. തനിമയൂറുന്ന സാംസ്‌കാരിക ചിഹ്നവും ദേശചിഹ്നവും. ഭാഷ മലയാളം തന്നെ. എന്നാൽ തൃശൂരുകാർക്കു മാത്രം മനസ്സിലാവുന്ന മലയാളമാണത്. മറ്റുള്ളവർക്കു മനസ്സിലാകണമെങ്കിൽ പുറനാട്ടുകാര എന്നു പറയേണ്ടിവരും. പുറനാട്ടുകാരയെ വാമൊഴിച്ചെമ്പിലിട്ട് നൂറ്റൊന്നാവർത്തി കുറുക്കിയെടുത്തതാണ് പൊറാട്ര. ബാലചന്ദ്രൻ പറങ്ങോടത്തിന്റെ ജൻമദേശം. ഭാരതത്തിൽ പലയിടത്തും ജോലി ചെയ്തിട്ടുണ്ടെങ്കിലും ബാലചന്ദ്രൻ അറിയപ്പെടുന്നതും അറിയപ്പെടാനാഗ്രഹിക്കുന്നതും പുറനാട്ടുകരക്കരനായാണ്. പൊറാട്രക്കാരനായി. മനസ്സിൽ മങ്ങാതെയും മായാതെയും നിന്ന നാട്ടുകഥകൾ ഒന്നൊന്നായി അദ്ദേഹം പെറുക്കിയെടുത്ത് അടുക്കിവയ്ക്കുകയാണ് പൊറാട്ര എന്ന പേരിട്ട പുസ്തകത്തിൽ. ഒരു തലമുറയുടെ ഗൃഹാതുരതയായ മഞ്ചാടിമണികൾ പോലെ അഴകും അളവുമൊപ്പിച്ച്, ആറ്റിക്കുറുക്കിയെടുത്ത അനവദ്യസുന്ദരമായ അനുഭവകഥകൾ. ഈ കഥകളെ ഒരു മാലയിലെ മുത്തുകളാക്കുന്നത് ദേശം തന്നെയാണ്. ദേശം എന്ന അരങ്ങിൽ വന്നുപോകുന്ന ഒട്ടനവധി കഥാപാത്രങ്ങളും. അതിൽ കുടുംബത്തിലുള്ളവരുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. നാട്ടുകാരും വീട്ടുകാരുമുണ്ട്. കഥാകരനും. അദ്ദേഹം സാക്ഷിയാണ്. ചിലപ്പോൾ കഥാപാത്രവും. പൊറാട്രയുടെ ഭൂതകാലക്കുളിരിൽ മുങ്ങിനിവരുന്ന ആരും സ്വന്തം വേരുകളിലേക്കു മടങ്ങുകയാണ്. ദേശവും വീടും തിരിച്ചറിയുകയാണ്. ഉമ്മറത്തെ ആ പഴയ കോലായയിൽ വീണ്ടും ചെന്നിരിക്കുകയാണ്. ക്ഷീണം മാറ്റാൻ കുടിക്കുന്ന തെളിവെള്ളമാകുകയാണ് ബാലചന്ദ്രന്റെ കഥകൾ. കലർപ്പില്ലാത്ത ഭൂതക്കാലക്കുളിർ. 

സ്വന്തം കഥയോ സ്വയം ഉൾക്കൊണ്ട കഥയോ കേട്ടതോ അറിഞ്ഞതോ ആകട്ടെ. ആ കഥകളെ തന്റേതാക്കിമാറ്റാൻ ബാലചന്ദ്രനു കഴിയുന്നുണ്ട്. ആരെയും അനുകരിക്കാതെ ആ കഥകൾ പറയാനും. കഥയുടെ ലാളിത്യവും കഥപറച്ചിലിന്റെ സാരള്യവും കൂടിയാകുമ്പോൾ അടിത്തട്ടിലെ ഏറ്റവും സൂക്ഷ്മമായ കല്ലുകൾ പോലും കാണാനാവുന്ന 

പുഴക്കണ്ണാടിയാകുകയാണ് ഭാഷ. തെളിഞ്ഞ ഭാഷയും കാലുഷ്യവും കലർപ്പുമില്ലാത്ത നൻമയും പൊറാട്രയെ വേറിട്ടതാക്കുന്നു. പ്രിയപ്പെട്ടതും എന്നാൽ നഷ്ടപ്പെട്ടുപോയതുമായ നൻമയെ തിരിച്ചുപിടിക്കുന്ന അനുഭവത്തിന്റെ സത്യസന്ധത. 

തെളിഞ്ഞ മനസ്സിൽ നിന്നേ തെളിഞ്ഞ ഭാഷയുണ്ടാകൂ. തെളിവുള്ള ഭാഷയിൽ വായിക്കുമ്പോഴേ വ്യക്തത അനുഭവപ്പെടൂ. പൊറാട്ര മികച്ച ഉദാഹരമാണ്. കഥയെന്ന രീതിയിലും അനുഭവമെന്ന അനുമാനത്തിലും ആത്മകഥയെന്ന ഗണത്തിലും. രൂപത്തികവും ശിൽപഭദ്രതയുമാണ് മറ്റൊരു പ്രത്യേകത. ഒരു വാക്കോ വരിയോ കൂടുതലില്ല. ഒരു കുത്തോ കോമയോ എടുത്തുകളയാനുമില്ല. ഒന്നും ഒന്നരയും പേജിൽ സ്വയം സമ്പൂർണമായ സുന്ദരകാണ്ഡങ്ങൾ. ഈ കഥകൾ വായിച്ച് ആരും ആർത്തട്ടഹസിക്കില്ല. തേങ്ങിക്കരയില്ല. എന്നാൽ ഒരൂ ചിരി ഊറിവരും. ചിലപ്പോൾ കണ്ണുകൾ ഈറനണിയും. ഒടുവിൽ, കുറേക്കൂടി നൻമയും ലാളിത്യവുമുള്ള മനസ്സുമായി ജീവിതം തുടരും. 

അത്രയെങ്കിലുമൊക്കെ ഒരു പുസ്തകത്തിനു കഴിയുന്നുണ്ടെങ്കിൽ അതൊരു നേട്ടം തന്നെയാണ്. കടപ്പാട് സക്കർബർഗിന് കൊടുത്താലും ഇല്ലെങ്കിലും. എന്നാലും മുഖപുസ്തകം എന്ന അരങ്ങിനെ ഉപയോഗിച്ചും ദുരുപയോഗിച്ചും ക്ലീഷേയാക്കുന്ന കാലത്ത് അതേ മുഖപുസ്തകത്തെ ഉപയോഗിച്ച് എഴുത്ത് തിരികെപ്പിടിക്കാനും നൻമയുടെ തിരി തെളിയിക്കാനും ബാലചന്ദ്രൻ നടത്തുന്ന ശ്രമം സ്വാഗതാർഹമാണ്. പ്രശംസാർഹവും. 

സംഭാഷണങ്ങളാണ് പൊറാട്രയുടെ കരുത്ത്. തനി തൃശൂർ സ്ലാങ്ങ്. നാട്ടുമൊഴിവഴക്കം. കഥകളെ തോൽപിക്കുന്ന കഥന വൈഭവം ലഭിക്കുന്നതും കലർപ്പില്ലാത്ത നാട്ടുമൊഴിയുടെ ചൈതന്യം കൊണ്ടുതന്നെയാണ്. 

ഒരു വൃഛികമാസത്തിൽ സുഹൃത്തിന്റെ വീട്ടുമുറ്റത്തെ വിളക്കുപന്തലിൽ അയ്യപ്പൻപാട്ട് പൊടിപൊടിക്കുന്നു. പാട്ട് അറിയില്ലെങ്കിലും കേളികേട്ട ശാസ്താംപാട്ടുകാർക്കൊപ്പം കൗശലത്തിൽ കൈവശപ്പെടുത്തിയ ഉടുക്കിൽ കരുതലോടെ താളമിട്ടിരിക്കുമ്പോൾ സുഹൃത്ത് പിന്നിൽ നിന്ന് തട്ടിവിളിച്ചു. 

യോഗ്യൻമാർക്കൊപ്പമിരുന്ന് കൊട്ടാൻ കിട്ടിയ അവസരം കൈവിട്ടുപോകുന്ന നീരസമായിരുന്നു ആദ്യം. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അടക്കിപ്പിടിച്ച സ്വരത്തിൽ സുഹൃത്ത് പറഞ്ഞത് കേൾക്കാൻ ഏറ്റവും കൊതിച്ച വാക്കുകളായിരുന്നു. 

മോളില് എന്റെ മുറീലിക്ക് ചെല്ല്. കാത്തിരിക്ക്ണ്ട്. 

എന്നാൽ അയാൾ പിന്നോട്ടുപോവുകയാണ്. ഓരോരോ സംശയങ്ങൾ. ആശങ്കകൾ. മുന്നോട്ടുപോകുന്നതിനുപകരം പിന്നോട്ട് പിന്നോട്ട്. അവസാനം സുഹൃത്ത് തറപ്പിച്ചു പറഞ്ഞു. കളിക്കാൻ നിക്കാണ്ട് ചെല്ലെടാ പോത്തേ. ഇന്യൊരവസരം കിട്ടില്ല്യ. പറയാനുള്ളതൊക്കെപ്പറഞ്ഞ് അ്ഷ്ടബന്ധട്ടൊറപ്പിക്ക്. പിന്നൊരു കാര്യണ്ട്, പരമാവധി ഒരുമ്മയിലൊതുക്കണം. 

ഏയ് അയ്യ്യേ. ഇപ്പ വേണ്ടടാ. പിന്ന്യാവാം. എന്തോ എനിക്കൊരു... 

ഫ തെണ്ടീ. നെനക്കൊന്നും പറഞ്ഞതല്ലെട പ്രേമം. അയ്യട. ഒരു കാമുകൻ വന്നേക്കണു. സമയം കളയാണ്ട് വീട്ടിപ്പോയി അമ്മേടെ മടീല് കെടന്നൊറങ്ങട കഴുതേ. ബാക്കിള്ളോരേക്കൂടി വഷളാക്കാൻ. 

അതായിരുന്നു അവസാനം ! 

Content Summary: Poratra, book written by Balachandran Parangodath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}