മഹാമാരികൾ ഇനിയും ഉണ്ടാകാം, മനുഷ്യൻ പഠിക്കേണ്ടതുണ്ട് മഹാമാരിയുടെ ചരിത്രം

manushyan-mahamaari-charithram-500
SHARE
ഡോ. ഹരികൃഷ്ണൻ

എസ്.പി.സി.എസ്

260 രൂപ

‘‘നമ്മള്‍ ആ പഴയ സാധാരണ നിലയിലേക്കു തിരിച്ചു പോകാൻ മോഹിക്കുന്നു. പക്ഷേ, ആ പഴയ സാധാരണ നിലയാണ് നമ്മെ ഇതിലേക്കെത്തിച്ചതെന്നു ഓർക്കുന്നുമില്ല.’’

–എഡ്മണ്ട് യോംഗ് (മലേഷ്യയിൽ ജനിച്ച, ബ്രിട്ടീഷ് പൗരത്വമുള്ള പത്രപ്രവർത്തകൻ. പൊതുവെ ശാസ്ത്രവിഷയങ്ങളാണ് എഴുതാറ്)

ഇന്നെല്ലാവരുടേയും നാവിൽ കോവിഡ് 19 ആണല്ലോ. പുതുപ്പണത്തിന്റെയും ലോകസഞ്ചാരത്തിന്റെയും വ്യാപാരത്തിന്റെയും നെറുകയിൽ നിന്ന ഒരു വൻനഗരത്തിൽ നിന്നു ലോകമെമ്പാടും പടർന്നു പിടിച്ച വൈറസ്ബാധയുടെ ആഘാതത്തിനു മുന്നിൽ നമ്മൾ ഞെട്ടിത്തരിച്ചു നിന്നു. ഉൾക്കൊള്ളാനാവാത്ത ഒരു അവിശ്വസനീയത അതിനുണ്ടായിരുന്നു. അതിൽ നിന്നു നമ്മളിപ്പോഴും മോചിതരായിട്ടില്ല എന്നതാണ് സത്യം. ഇന്നും നാം പരസ്പരം പറയുന്നു, എന്നാലും, ഇങ്ങനെയൊന്നു നമ്മുടെ ജീവിതകാലത്തുണ്ടാകുമെന്നു നമ്മൾ വിചാരിച്ചില്ലല്ലോ’ എന്ന്. കമ്പ്യൂട്ടർ യുഗത്തിന്റെയും സ്പേസ് സയൻസിന്റെയും മുകളിൽ നിന്നിരുന്ന മനുഷ്യൻ ഒരു ചെറുകീടത്തിനു മുന്നിൽ തലകുത്തി വീണു നിൽക്കുന്ന കാഴ്ച നമ്മളെ കുറച്ചൊന്നുമല്ല പഠിപ്പിക്കുന്നത്. 

1960 – ൽ നൊബേൽ സമ്മാനം നേടിയ ഫ്രാങ്ക് മക്ഫർലേൻ ബർനറ്റ് എന്ന ഓസ്ത്രേലിയൻ വൈറോളജിസ്റ്റ് പറയുകയുണ്ടായി: ‘‘പകർച്ച വ്യാധികളെക്കുറിച്ച് എഴുതുകയെന്നുവെച്ചാൽ അതു ചരിത്രത്തിലേക്കു മറഞ്ഞുപോയ ഒന്നിനെക്കുറിച്ച് എഴുതുന്നതു പോലെയാണ്’’ എന്ന്. മാത്രവുമല്ല, നൊബേൽലബ്ധിക്കു രണ്ടു വർഷത്തിനു ശേഷം ഇദ്ദേഹവും ഡേവിഡ് വൈറ്റ് എന്ന മൈക്രോബയോളജിസ്റ്റും ചേർന്നു പറഞ്ഞു: ‘‘പകർച്ചവ്യാധിശാസ്ത്രത്തിന്റെ ഭാവി വളരെ വിരസമായിരിക്കും. അവർക്ക് പഠിക്കാൻ പുതുതായി ഒന്നും ഉണ്ടാവുകയില്ല’’ എന്ന്. ‘പുതിയ പകർച്ചവ്യാധികൾ ഭാവിയിൽ ഉണ്ടായേക്കും. പക്ഷേ, ഒന്നും മനുഷ്യരാശിയെ അലട്ടുകയില്ല. എപ്പിെഡമിക്കുകൾ ചരിത്രം പഠിക്കുന്നവർക്കു മാത്രമുള്ള വിഷയമായിരിക്കും; പാൻഡെമിക്കുകളെക്കുറിച്ച് പറയുകയേ വേണ്ട,’ എന്നിങ്ങനെയായിരുന്നു. അവരുടെ തുടർചിന്തകൾ. കോവിഡ് എന്ന മഹാമാരിയിൽ കഴുത്തറ്റം മുങ്ങിപ്പൊങ്ങി നിൽക്കുന്ന ഈ അവസരത്തിൽ മക്ഫർലേൻ ബർനറ്റിനെ വീണ്ടും വായിക്കുമ്പോൾ എനിക്ക് സഹതാപമാണ് തോന്നുന്നത്. മനുഷ്യാഹങ്കാരത്തിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമായി മേൽപ്പറഞ്ഞ വരികളെ നമുക്കു കാണാം. 1960 –ൽത്തന്നെയാണ് ആദ്യമായി കൊറോണ വൈറസിനെ കണ്ടെത്തുന്നത് എന്ന വസ്തുത ഒരു വിരോധാഭാസമായി ഈ അഹങ്കാരത്തിന്റെ കൂടെ ചേർത്തു വയ്ക്കുകയും ചെയ്യാം. 

മഹാപകർച്ചവ്യാധികൾ മൂന്നു ഘട്ടങ്ങളിലൂടെയാണ് അവതരിക്കുക എന്ന് റോസൻബർഗ് പറഞ്ഞിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ലക്ഷണങ്ങളും മരണങ്ങളും കുറവായിരിക്കും. മനുഷ്യൻ അവനെത്തന്നെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കും. ഇതൊന്നും നമുക്ക് ബാധകമല്ല എന്ന്. സമ്പത്തിനായിരിക്കും മുൻതൂക്കം. അതു നഷ്ടപ്പെടാതെ നോക്കാനായിരിക്കും അവൻ പ്രധാനമായും ശ്രമിക്കുക. സ്വന്തം വീട്ടുമുറ്റത്ത് രോഗങ്ങൾ കൂടുകയും മരണങ്ങൾ കൂടുതലായി സംഭവിച്ചു തുടങ്ങുകയും ചെയ്യുമ്പോൾ മാത്രം, അവൻ പകർച്ചവ്യാധിയെ തിരിച്ചറിയും, അംഗീകരിക്കും. രണ്ടാം ഘട്ടത്തിൽ ജനങ്ങൾ കൂടുതൽ ആവശ്യപ്പെടും. വിശദീകരണങ്ങൾ ചോദിക്കും. ഒടുവിൽ കുറ്റപ്പെടുത്തലുകളും എതിർപ്പുകളും രോഗത്തോടൊപ്പം തന്നെ തകർച്ചയിലേക്കും നയിക്കും. പിന്നെയാണ് മൂന്നാം ഘട്ടം. രോഗത്തിന് പിടികൂടാനുള്ളവരുടെ എണ്ണം കുറഞ്ഞു തുടങ്ങുന്നതോടെ അതൊഴിഞ്ഞിറങ്ങും. അപ്പോഴേക്കും അനേകം മനുഷ്യർ ആപൽസന്ധികളിലും ദുരിതനിരകളിലും ആഴ്ന്നും പൊങ്ങിയും എവിടെയൊക്കെയോ അടിയുകയോ ഇല്ലാതാകുകയോ ചെയ്തിട്ടുണ്ടാകും. 

കോവിഡിന്റെ ആദ്യഘട്ടം 2020 ജനുവരിയിലായിരുന്നു. വുഹാനിലെ മരണനിരക്കുകൾ ലോകജനതയുടെ കണ്ണു തുറപ്പിച്ചതേയില്ല. അതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന ചിന്ത അവനിൽ ശക്തമായിരുന്നു. ചൈനയ്ക്കു തൊട്ടു കിടക്കുന്ന വിയറ്റ്നാമും മംഗോളിയയും തായ്‌വാനും ഒഴിച്ച് മറ്റ് രാജ്യങ്ങളൊന്നും തന്നെ കാര്യമായ മുൻകരുതലുകളൊന്നുമെടുത്തില്ല. ശത്രു തൊട്ടടുത്തു വന്നു നിന്നിട്ടും തയാറെടുപ്പില്ലാതെയായിരുന്നല്ലോ ആ നില്പ്. 2002 – ൽ സാർസും 2012– ൽ മെർസും പൊട്ടിപ്പുറപ്പെട്ടെങ്കിലും അതെല്ലാം പ്രാദേശികമായിത്തന്നെ ഒതുങ്ങിയതിനാൽ കോവിഡിനും അങ്ങനെയൊരു അന്ത്യം അവർ സങ്കൽപിച്ചു കാണണം. അക്ഷന്തവ്യമായ അപരാധമായിരുന്നു അതെന്ന് ഇന്നു നാമറിയുന്നു. 

കോവിഡ് എന്ന ആഗോളമഹാമാരി തീർത്തും പ്രവചനീയമായിരുന്നു എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഈ കോവിഡ്കാലത്ത്, സാമൂഹിക മാധ്യമങ്ങളിലൂടെ ഈ പ്രവചനങ്ങളെക്കുറിച്ചു പലരും പറഞ്ഞത് നാമേറെ കേൾക്കുകയുണ്ടായി. പണ്ടവർ പറഞ്ഞ കാലത്ത് അവർക്ക് ശ്രോതാക്കളുണ്ടായിരുന്നില്ല എന്നു മാത്രം. 2019 ഒക്ടോബറിൽപ്പോലും, ആറര കോടി ജനങ്ങളെ കൊന്നു തീർക്കുന്ന ഒരു മഹാമാരിയെക്കുറിച്ചുള്ള സിമുലേഷൻ പരിപാടികൾ അമേരിക്കയിൽ നടന്നിരുന്നുവത്രേ. 2017 –ലെ ടൈം മാഗസിന്റെ പുറംചട്ടയിൽ വലുതാക്കിയെഴുതിയിരുന്നത്, ലോകം ഒരു മഹാമാരിയെ നേരിടാൻ തയ്യാറല്ല എന്ന മുന്നറിയിപ്പായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷത്തിനുള്ളിൽ നമ്മുടെ മുന്നിലൂടെ കടന്നു പോയ ഇത്തരത്തിലുള്ള കടുത്ത താക്കീതുകളും ഗുരുതരമായ വിപത് സൂചനകളും എണ്ണിയാലൊടുങ്ങില്ല. പ്രബന്ധങ്ങളും ധവളപത്രങ്ങളും വരെ അതിലുണ്ട്. 2018– ലെ ബി.ബി.സി. ഫ്യൂച്ചർ എന്ന പരിപാടിയിൽ ഏതു നിമിഷവും ലോകമെങ്ങും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന ഫ്ളൂ പോലുള്ള പകർച്ചവ്യാധികളെക്കുറിച്ചു പറയുന്നുണ്ട്. 2019– ലാണ് ഡൊനാൾഡ് ട്രംപിന്റെ ആരോഗ്യസേവനകാര്യാലയം ‘ക്രിംസൺ കണ്ടേജിയൻ’ എന്ന പേരിൽ ചൈനയിൽ നിന്നു പുറപ്പെട്ട്, ലോകം മുഴുവൻ പരക്കുന്ന രോഗബാധയെക്കുറിച്ച് ഒരു പ്രോഗ്രാം ചെയ്തത്. മനുഷ്യന് ഇനിയും മനസ്സിലാക്കാനായിട്ടില്ലാത്ത പത്തു ലക്ഷത്തിലധികം തരം വൈറസുകൾ ഈ ഭൂമുഖത്തുണ്ടെന്നതും, അവ കുടികൊള്ളുന്ന വന്യജീവികളുമായുള്ള മനുഷ്യസമ്പർക്കങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണെന്നുമിരിക്കെ, ഈ പ്രവചനങ്ങളെ നാമെന്തേ നിസ്സാരവൽക്കരിച്ചു? ദീർഘദർശിത്വമില്ലായ്മയും നിയോലിബറൽ കാഴ്ചപ്പാടുമാണ് ഒരു ആഗോളമഹാമാരിയെ പ്രതീക്ഷിക്കുന്നതിൽ നിന്നും, അതിനുവേണ്ടി തയ്യാറാവുന്നതിൽ നിന്നും നമ്മെ തടഞ്ഞത് എന്ന നോം ചോംസ്കിയുടെ വാക്കുകൾ നിശ്ചിത വിമർശനമായി മാറുന്നതിവിടെയാണ്. 

പകർച്ചവ്യാധികളായിരുന്നു മനുഷ്യന്റെ ആയുസ്സ് പണ്ടു കാലങ്ങളിൽ കുറച്ചു നിർത്തിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മനുഷ്യായുസ്സ് 29 മാത്രമായിരുന്നുവത്രേ. പണ്ടു കാലത്ത്, പ്ലേഗ്, വസൂരി, കോളറ തുടങ്ങിയ രോഗങ്ങൾക്കു നഗരങ്ങള്‍ കീഴടങ്ങുമ്പോൾ, പിന്നീട് മറ്റുള്ള സ്ഥലങ്ങൾ, പ്രാന്തപ്രദേശങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്നുണ്ടായ കുടിയേറ്റങ്ങളാണ് ആ നഗരങ്ങളെ നിലനിർത്തിയിരുന്നത്. വർധിച്ചു വരുന്ന പരിസരശുചിത്വ ബോധം, വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവ ഇതിനെയൊക്കെ മാറ്റിമറിച്ചു. ഈ മൂന്നു കാര്യങ്ങൾ രോഗങ്ങൾക്കെതിരെ നേടിയ വിജയമാണ്, ഇന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആധുനിക നഗരങ്ങളെ സൃഷ്ടിച്ചതും നമ്മുടെ എഴുപതിലധികമെത്തി നിൽക്കുന്ന ശരാശരി ആയുസ്സിന്റെ കാരണവും മറ്റൊന്നല്ല. ഈ വിജയം നേടാൻ നാം അധികം വർഷങ്ങളൊന്നുമെടുത്തില്ല. നൂറു വർഷം മുമ്പ് 1918– ലെ മഹാമാരി മരണം വിതച്ചപ്പോഴും നമ്മൾ അമ്പേ പരാജിതരായിരുന്നു എന്നോർക്കണം. 

അതായത്, കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ആധുനികതയിലേക്കുള്ള വളർച്ച, നമ്മെ പകർച്ചവ്യാധികളെ മറക്കുന്നതിലേക്കാണ് നയിച്ചത്. ഈ വ്യാധികൾ ചരിത്രത്തിന്റെ ഭാഗം മാത്രമാണെന്നും നാം അഹങ്കരിച്ചു. വികസിതരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പുരോഗതിയുടെയും ആധുനികതയുടെയും ബിംബങ്ങളായ ഹൃദ്രോഗങ്ങൾ, അർബുദങ്ങൾ എന്നിവയാണ് മരണകാരികൾ അല്ലാതെ പാവപ്പെട്ടവരുടെയും ശുചിത്വമില്ലാത്തവരുടെയും രോഗങ്ങളായ പകർച്ചവ്യാധികളല്ല എന്ന് ഉറപ്പിക്കപ്പെടുകയും ചെയ്തു. സാംക്രമിക രോഗങ്ങളുടെ അഭാവം ഉന്നതജീവിതനിലവാരത്തിന്റെ അളവായി കണക്കാക്കപ്പെട്ടു. ഇതിൽ ഏറെക്കുറെ സത്യമുണ്ടായിരുന്നുതാനും. കഴിഞ്ഞ നൂറു വർഷങ്ങളിൽ പകർച്ചവ്യാധികളുടെ തോത് വർഷത്തിൽ ഒരു ശതമാനം എന്ന തോതിൽ കുറഞ്ഞുകൊണ്ടുമിരുന്നു. ഈ ചിന്തയെ ആദ്യമായി അട്ടിമറിച്ചത്, എൺപതുകളിലെ എയ്ഡ്സ് ബാധയായിരുന്നു. ഇന്നും എയ്ഡ്സ് ആളെക്കൊല്ലിയായി തുടരുന്നുണ്ടെങ്കിലും, രോഗസാന്നിധ്യം കൂടുതലും ആഫ്രിക്കയിലേക്കു മാറിയപ്പോൾ അതിന്റെ വാർത്താപ്രാധാന്യം നഷ്ടപ്പെട്ടു. 

പക്ഷേ, പകർച്ചവ്യാധികൾ അപ്രത്യക്ഷമായിട്ടേ ഉണ്ടായിരുന്നില്ല. മുന്നറിയിപ്പുകൾ കണക്കെ, സാർസ് രോഗവും മെർസ് രോഗവും പന്നി– പക്ഷിപ്പനികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭയത്തിന്റെ അലകളുയർത്തി. എങ്കിലും ലോകശ്രദ്ധയും കരുതലും ഇനിയുമുണ്ടായേക്കാവുന്ന ഒരു ലോകമഹാമാരിയിലേക്കു തിരിയേണ്ടതുണ്ട് എന്ന രീതിയിലുള്ള ഒരു അവബോധം സൃഷ്ടിക്കാൻ അതിനൊന്നും സാധിച്ചുമില്ല. 

കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ഏതാനും ദശകങ്ങളായി ഈ ഭൂഗോളത്തിലെ പകർച്ചവ്യാധികളുടെ എണ്ണവും തീവ്രതയും വർധിച്ചുവരുന്നതായി കാണാം. ഇതിനോടൊപ്പം അൻപതു വർഷം കൊണ്ട് ഭൂമിയിലെ ജനസംഖ്യ രണ്ടിരട്ടിയിലുമധികമായി. അതായത്, രോഗം ബാധിക്കാനും അതു മറ്റൊരാളിലേക്കു പടരാനുമുള്ള സാധ്യത ഇക്കാലം കൊണ്ടു പതിന്മടങ്ങു കൂടിയെന്നർഥം. നമ്മുടെ ഗാർഹികവും വ്യാവസായികവുമായ പരിസരങ്ങളിൽ വളർത്തപ്പെടുന്ന പക്ഷിമൃഗാദികളുടെ എണ്ണവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചൈനയിൽ, ‘വൈറ്റ് മാർക്കറ്റ്’ എന്ന പേരിൽ വളരെ സജീവമാണ് വന്യജീവി ഫാമുകളും ചന്തയും അവിടെ. കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ വളർത്തു ജന്തുക്കളായി മാറ്റപ്പെട്ടിട്ടുള്ള ജീവജാലങ്ങളുടെ എണ്ണം, 1960– നു മുമ്പുള്ള പതിനായിരം വർഷങ്ങളേക്കാൾ ഏറെയാണെന്നു മനസ്സിലാക്കിയാൽ ആരും ഒന്നമ്പരക്കും. ഇത്തരം ജീവികളിലൊക്കെ നിറയെയുള്ള സൂക്ഷ്മാണുക്കൾ മനുഷ്യനിലേക്കൊരു ചാട്ടം ചാടാനുള്ള സാധ്യതകൾ എത്രയോ അധികമാണെന്നു കാണാൻ ഒരു പ്രയാസവുമുല്ല. പക്ഷേ, ഇതിലൊക്കെ മാറി മറിയുന്ന വൻ സമ്പത്തിന്റെ തിളക്കത്തിൽ സർക്കാരുകൾ അതു കണ്ടില്ലെന്നു നടിച്ചു. 

മാത്രവുമല്ല, ഗതാഗതസൗകര്യങ്ങളുടെ പാരമ്യത്തിൽ നൊടിയിടകൊണ്ട് മനുഷ്യനെ ലോകമെമ്പാടും എത്തിക്കാനാകുന്ന ആധുനികത, അതേ എളുപ്പത്തിൽ രോഗാണുക്കളെയും മണിക്കൂറുകൾക്കകം ഓരോ മുക്കിലും മൂലയിലുമെത്തിക്കുമെന്നുള്ള അസംഖ്യം സൂചനകൾ ചരിത്രത്തിലുണ്ടെങ്കിലും നമുക്കത് തിരിച്ചറിയാൻ കോവിഡ് വരേണ്ടി വന്നു. ആധുനികത, രോഗസംക്രമണത്തെ എളുപ്പമാക്കുകയാണ് ചെയ്തത്. ഇതിനോടൊപ്പം, രോഗങ്ങൾക്കെതിരായ നമ്മുടെ ഓരോ ആധുനികമുന്നേറ്റങ്ങളും നമ്മെ പ്രകൃതിയിൽ നിന്നകറ്റിയതിലൂടെ രോഗങ്ങൾക്കു വശംവദമാകാനുള്ള സാധ്യത മനുഷ്യശരീരത്തിനു കൂടുകയും ചെയ്തു. മനുഷ്യനെക്കാൾ നാലു കോടി ഇരട്ടി വേഗത്തിലാണ് വൈറസുകൾക്ക് പരിണാമം സംഭവിക്കുന്നത്. കോവിഡ് ഉണ്ടാക്കുന്ന സാർസ് – കോ–വി–2 ഇക്കഴിഞ്ഞ കാലം കൊണ്ട് അനവധി മ്യൂട്ടേഷനുകളിലൂടെ പലതരം ഇനങ്ങളായി മാറുന്നതും നാം കണ്ടു. 

1928– ലെ തീർത്തും അവിചാരിതമായ പെൻസിലിൻ കണ്ടുപിടുത്തത്തിലൂടെ ആവിർഭവിച്ച ആന്റിബയോട്ടിക് യുഗം എത്രയോ ദശകോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട് എന്നത് നിസ്തർക്കമായ കാര്യമാണ്. പക്ഷേ, ഇന്ന് ബാക്ടീരിയകൾ മനുഷ്യനേക്കാൾ മിടുക്കരായി ആന്റിബയോട്ടിക്കുകളെ അതിജീവിക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. മരുന്നിനോടുള്ള ബാക്ടീരിയയുടെ പ്രതിരോധം മുമ്പത്തേക്കാളും ശക്തമായ നിലയിലാണ്. പൊതുജനാരോഗ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി ആന്റിബയോട്ടിക് റെസിസ്റ്റൻസ് ആവിർഭവിച്ചു കഴിഞ്ഞു എന്നതാണ് സത്യം. വലിയൊരളവുവരെ മനുഷ്യനും തെറ്റുകാരാണ്. കാരണം, ആവശ്യത്തിനും അനാവശ്യത്തിനുമായി കൃത്യതയില്ലാത്ത ആന്റിബയോട്ടിക് ഉപയോഗം ഒരു പരിധിവരെ അതിനു കാരണമായിട്ടുണ്ടെന്നു സമ്മതിക്കാതെ വയ്യ. ആന്റിബയോട്ടിക്കുകൾ ഏശാത്ത സൂപ്പർബഗ്ഗുകളുടെ കാലമാണിത്. ‘ആന്റി ബയോട്ടിക് ലോകാവസാനം’ എന്നാണ് ഇംഗ്ലണ്ടിലെ മെഡിക്കൽ ഓഫിസർ സാലി ഡേവീസ് ഇതിനു പേരിട്ടത്. അതൊരു വലിയ മുന്നറിയിപ്പാണ്. ഇതിനൊപ്പം തന്നെ, വാക്സിനുകൾക്കെതിരായ സംശയങ്ങളും മനോഭാവവും പകർച്ചവ്യാധികൾക്കനുകൂലമായ സ്ഥിതിവിശേഷം ഉണ്ടാക്കി. ഡിഫ്ത്തീരിയ തുടങ്ങിയ അസുഖങ്ങളുടെ തിരിച്ചു വരവ് ഈ വാക്സിൻ വിരുദ്ധത സൃഷ്ടിച്ചതാണ് എന്നു പറയാതെ വയ്യ. വാക്സിൻ വിരുദ്ധതയെ മെരുക്കിയെടുക്കുന്നതിലും വാക്സിൻ വ്യവസായത്തെ സംശയരഹിതമായി നിർത്തുന്നതിലുണ്ടായ പരാജയം വളരെ വലുതാണ്. 

ചുരുക്കിപ്പറഞ്ഞാൽ ലോകാരോഗ്യ വ്യവസ്ഥ ഒന്നടങ്കം ഉടച്ചു വാർക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തിനും പ്രതിരോധത്തിനും ഊന്നൽ നൽകികൊണ്ടുള്ള അടിസ്ഥാന ആരോഗ്യക്രമങ്ങള്‍ ഉറപ്പിച്ചു നിർത്തണം. അടുത്തൊരു മഹാമാരിയിലെങ്കിലും കൂടുതൽ സുസജ്ജരായി നമ്മുടെ ആരോഗ്യരംഗം പ്രവർത്തിക്കുമെന്ന് ആശിക്കുക തന്നെ. ‘ ഈ മഹാമാരി കഴിഞ്ഞാൽ നമ്മൾ വീണ്ടും ആ പഴയ വിഡ്ഢികളായി മാറും’ എന്ന് സ്പാനിഷ് സാഹിത്യകാരനായ ഹവിയേർ സെർകാസ് പറഞ്ഞത് മായ്ച്ചുകളയാനുമാകുന്നില്ല.

ലോകചരിത്രത്തിലൊന്നാഴ്ന്നിറങ്ങിയാൽ നമുക്കെളുപ്പം മനസിലാകുന്ന ഒരു സംഗതിയുണ്ട്. അത്, പകർച്ചവ്യാധികളെപ്പോലെ മറ്റൊന്നുംതന്നെ മനുഷ്യജീവനുകളെ ഇത്രയും ഭീകരമായി കശക്കിയെറിഞ്ഞിട്ടില്ല എന്നതാണ്. ഇന്ന് അന്റാർട്ടിക്കയൊഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് ബാധിതരുണ്ട്. സത്യത്തിൽ, കോവിഡിന്റെ വരവ് നമ്മുടെ ചിരപരിചിതനായ പഴയ ശത്രുവിന്റേതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, വൈറസുകൾ, ബാക്ടീരിയകൾ, പ്രോട്ടോസോവകൾ തുടങ്ങിയ സൂക്ഷ്മാണുക്കളോളം ഒന്നും തന്നെ ഇത്രയധികം മനുഷ്യരെ കൊന്നിട്ടില്ല. ഭൂചലനങ്ങളോ, അഗ്നിപർവതങ്ങളോ വെളളപ്പൊക്കങ്ങളോ എന്തിന് ലോകയുദ്ധങ്ങൾപോലും ഇത്രയും ഭീകരമായി മനുഷ്യജീവിതങ്ങൾ അപഹരിച്ചിട്ടില്ല.

ഒരുപാടു പകർച്ചവ്യാധികൾ കഴിഞ്ഞ കുറെക്കാലങ്ങളായി നമ്മൾക്കിടയിൽ മരണം വിതച്ചുകൊണ്ടിരിക്കുന്നു. ആ ദുരന്തച്ചിത്രങ്ങൾ ഒരിക്കലും മാഞ്ഞുപോകാൻ പാടില്ലാത്തതാണ്. ചരിത്രത്തിലുടനീളം മഹാമാരികൾ സമൂഹങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. യുദ്ധഫലങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിലെ ആന്റനൈൻ മഹാമാരിയിൽ അമ്പതുലക്ഷം പേരാണ് മരിച്ചു വീണത്. ആറാം നൂറ്റാണ്ടിലെ ജസ്സീനിയൻ പ്ലേഗിൽ മരിച്ചതാകട്ടെ രണ്ടര മുതൽ അഞ്ചുകോടി ജനങ്ങളും. പതിനാലാം നൂറ്റാണ്ടിലെ കറുത്തമരണത്തിൽ ഇതു ഇരുപതു കോടിയായി. ഡച്ചുകാരും സ്പെയിൻകാരും വസൂരി കൊണ്ടു കൊടുത്തതിലൂടെ ദക്ഷിണാഫ്രിക്കയിലെ ഖൊയ്ഖൊയ് സംസ്കാരവും തെക്കനമേരിക്കയിലെ ഇൻകാ സംസ്കാരവും മധ്യ അമേരിക്കയിലെ മയൻ, ആസ്ടെക് സംസ്കാരങ്ങളും പാടേ ഇല്ലാതായി. 1918– ലെ ഇൻഫ്ളുവന്‍സാ മഹാമാരി ലോകം മുഴുവൻ കൊന്നു തീർത്തതിന് കണക്കില്ല. ഈ മ‍ൃത്യുപരമ്പരകൾക്കൊപ്പം, ശാസ്ത്രമുന്നേറ്റങ്ങൾക്കും സമ്പദ്‌വ്യവസ്ഥകളിലെയും രാഷ്ട്രീയസ്ഥിതികളിലെയും വമ്പിച്ച മാറ്റങ്ങൾക്കും കാരണമായിട്ടുണ്ടെന്നതും മറന്നുകൂടാ.

ഈ ചരിത്രമൊക്കെ തിരിഞ്ഞു നോക്കുമ്പോൾ നമ്മെ അമ്പരപ്പിക്കുന്നുണ്ട്. കാരണം, ഈയടുത്ത കാലംവരെയും നാം ഇതൊന്നും ചികഞ്ഞു നോക്കിയിരുന്നില്ല. പണ്ട്, മഹാമാരികാലങ്ങളിൽ സംഭവിച്ചതൊന്നും വൈദ്യവിദ്യാഭ്യാസത്തിന്റെയും ഭാഗമായിരുന്നില്ല. ചരിത്ര പുസ്തകങ്ങൾ ഇതൊന്നും നമ്മെ പഠിപ്പിച്ചിരുന്നില്ല. മഹാമാരിയിൽ മരിച്ചവർക്ക് സ്മാരകങ്ങളില്ല. വളരെക്കുറച്ചു പേരേ ഇതിനെക്കുറിച്ചൊക്കെ എഴുതാറുമുള്ളൂ. ഞാൻ പറഞ്ഞു വന്നത്, മഹാമാരികൾ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾ മനുഷ്യമനസ്സിൽ അധികം തങ്ങിനിൽക്കുന്നില്ല എന്നു പറയാനാണ്. 1918– ലെ ഇൻഫ്ളുവൻസ മഹാമാരിക്കുശേഷം അമേരിക്കയിലെ ശരാശരി മനുഷ്യായുസ്സ് 51– ൽ നിന്ന് 39–ലേക്ക് ചുരുങ്ങിയത്രെ. ഒരൊറ്റക്കൊല്ലം കൊണ്ട്, ഇത്രയും വ്യത്യാസം മനുഷ്യജീവനുകളിലുണ്ടാക്കിയ മാറ്റൊരു സംഭവം ആർക്കും കാണിച്ചുതരാനാവില്ല. എന്നിട്ടും നമ്മൾ ആ മഹാമാരിയെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോൾ കോവിഡിന്റെ വരവോടുകൂടി മാത്രമായിരുന്നു. 

ഇവിടെയാണ് മഹാമാരികളുടെ ചരിത്രത്തിന്റെ പ്രസക്തി. ചരിത്രത്തെ ഓർക്കാത്തവർ അതാവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന സ്പാനിഷ് ചിന്തകൻ ജോർജ് സന്റായനയുടെ വാക്കുകൾ ഇവിടെ സംഗതമാകുന്നതും വെറുതെയല്ല. പ്രശ്നങ്ങൾ അവസരങ്ങളായി മാറുന്നത് നാം ചിന്തിക്കുമ്പോൾ മാത്രമാണല്ലോ. അവിടെയാണ് നമ്മുടെ ഭൂതകാലവും ചരിത്രവും സുപ്രധാന അറിവുകളായി മാറുന്നത്. ആ ചരിത്രത്തെ മറന്നു പോകുന്നതുകൊണ്ടാണ് ഇത്തരം പ്രതിസന്ധികളെ നേരിടാൻ നാം അശക്തരായിപ്പോകുന്നതും. അതു കൊണ്ടു കൂടിയാണ് മഹാമാരികളുടെ ചരിത്രമെഴുതാൻ ഞാനൊരുമ്പെട്ടതും അതു നിങ്ങൾക്കു മുന്നിൽ ഇപ്പോൾ സമർപ്പിക്കുന്നതും. 

ഡോ. ഹരികൃഷ്ണൻ എഴുതിയ ‘മനുഷ്യൻ മഹാമാരി ചരിത്രം’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ നിന്ന്.

Content Summary: Manushyan Mahamaari Charithram, book written by Dr. Harikrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA