ADVERTISEMENT

ഒഴിഞ്ഞ ഏത് ഇടത്തെയും താൻ രംഗവേദിയെന്നു വിളിക്കുമെന്നും ആ ഒഴിഞ്ഞ ഇടത്തിലൂടെ ഒരാൾ നടക്കുന്നതും മറ്റൊരാൾ അതു നോക്കിനിൽക്കുന്നതും മാത്രം മതി ഒരു അരങ്ങവതരണക്രിയ രൂപപ്പെടാനെന്നും പറഞ്ഞു കൊണ്ടാണ് വിശ്രുത സംവിധായകനായ പീറ്റർ ബ്രൂക്ക് ‘ഒഴിഞ്ഞ ഇടം’ (The Empty Space, 1968) എന്ന നാടകപഠനഗ്രന്ഥം ആരംഭിക്കുന്നത്. അരങ്ങ് (Theatre) രൂപപ്പെടുന്ന ഏത് ഇടത്തിനും ബ്രൂക്ക് നൽകിയ ഒഴിഞ്ഞ ഇടം എന്ന സംജ്ഞ നാടകത്തിന്റെയും നാട്യത്തിന്റെയും സ്ഥല–കാല ബദ്ധതയെക്കുറിച്ചു കൂടി ഓർമിപ്പിക്കുന്നു. ഒഴിഞ്ഞ ഇടം കാലബദ്ധമായ നാട്യവേദിയായിത്തീർന്ന് അര്‍ഥാന്തരങ്ങൾ സൃഷ്ടിക്കുന്നതിന്റെ അനുഭവചരിത്രമാണ് ‘നാട്യഗൃഹ’ത്തിൽ സൂത്രധാരനെപ്പോലെ പ്രഫസർ അലിയാർ പറയുന്നത്. അരങ്ങിൽ കൊത്തിയ ആധുനികതയുടെ ഓർമയും ചരിത്രവുമാണ് ഗണവിഭജനത്തെ അതിലംഘിച്ചു നിൽക്കുന്ന ഈ പുസ്തകം നാട്യഗൃഹം എന്ന നാടക സംഘത്തിന്റെയും സ്ഥല–കാലബദ്ധമായ നാട്യത്തിന്റെ നൈമിഷികസ്വഭാവം കൊണ്ട് ഇന്ന് ഓർമ മാത്രമായ അതിന്റെ രംഗാവതരണങ്ങളുടെയും ഈ കഥയിൽ മലയാളത്തിലെ ആധുനികതാനാടകത്തിന്റെ ചരിത്രവും നരേന്ദ്രപ്രസാദ് എന്ന നാടകകാരന്റെ നാട്യദർശനവും നാം വായിക്കുന്നു. ഒപ്പം 1980 കളിലെ സാംസ്കാരിക ജീവിതത്തിന്റെയും തിരുവനന്തപുരം നാട്യവേദിയുടെയും ചരിത്രവും. അവയ്ക്കൊപ്പം അലിയാരുടെ നാട്യജീവിതത്തിന്റെ ആത്മകഥനം കൂടിയാണ് ‘നാട്യഗൃഹം’. ഒരു വ്യാഴവട്ടക്കാലം സക്രിയമായി നിന്ന് ആധുനികതാ നാടകവേദിയെ തീവ്രമാക്കിയ നാട്യഗൃഹം ഒരർഥത്തിൽ ഒഴിഞ്ഞ ഇടമാണിന്ന്. നരേന്ദ്രപ്രസാദും എൺപതുകളിലെ ആ തീക്ഷ്ണകാലവും ഇന്നില്ല. എൺപതുകളവസാനത്തോടെ മന്ദീഭവിച്ച നാട്യഗൃഹത്തെ അലിയാർ ഉൾപ്പെടെയുള്ള പഴയ നടന്മാർ ചേർന്ന് 2013 ൽ പുനർജീവിപ്പിച്ച് ഒട്ടേറെ നാടകാവതരണങ്ങൾ നടത്തിയെങ്കിലും ആ ഒഴിഞ്ഞ ഇടം മറ്റൊരു അരങ്ങായിരുന്നു ; ഭൂതകാലത്തെ പുനഃസ്മരിക്കുന്നതിനൊപ്പം ഭാവിയിലേക്കു നോക്കാൻ കൂടി വെമ്പുന്ന മറ്റൊരു നാട്യവേദി. 

 

മലയാള നാടകത്തിന്റെയും രംഗഭാഷ്യനിർമിതിയുടെയും ചരിത്രത്തിലെ ഹ്രസ്വായുസ്സെങ്കിലും യൗവനതീക്ഷ്ണവും ഭാവനാസുരഭിലവും പരീക്ഷണവ്യഗ്രവുമായിരുന്ന ഒരു ഘട്ടത്തിന്റെയും നരേന്ദ്രപ്രസാദിന്റെ നാടകജീവിതത്തിന്റെയും കഥ പറയുന്ന ‘നാട്യഗൃഹ’ത്തിന് ഈ പ്രവേശകമെഴുതുന്നതിനുള്ള എന്റെ യോഗ്യത അവ രണ്ടിനുമരികിൽ അശിക്ഷിതനായ ഒരു കാണിയായി നിന്നിരുന്നതാണ്. ഈ അവസരമാകട്ടെ ശിഷ്യനെ സമനായിക്കാണുന്ന പ്രഫസർ അലിയാരുടെ ഉദാരമായ വാത്സല്യവും. കൗമാരത്തിന്റെ ചമയമുറിയില്‍‍നിന്നു യൗവനാരംഭത്തിന്റെ വ്യഗ്രമായ അരങ്ങിലേക്കു കലാലയ വിദ്യാർഥിയായി എൺപതുകളുടെ തുടക്കത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമായി എന്നെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ഏതാനും അധ്യാപകരുണ്ടായിരുന്നു. നരേന്ദ്രപ്രസാദ്, വി. പി. ശിവകുമാർ, ഡി. വിനയചന്ദ്രൻ, പത്മന രാമചന്ദ്രൻ നായർ, അലിയാർ അങ്ങനെ പല സുകൃതികൾ. ആർട്സ് കോളജിലെ പ്രീഡിഗ്രിക്കാലത്തെ മലയാളം ക്ലാസിലാണ് അലിയാർ സാറിനെ ആദ്യം കണ്ടത്. ഇംഗ്ലിഷിലുണ്ടായിരുന്ന നരേന്ദ്രപ്രസാദ് അപ്പോഴേക്കും യൂണിവേഴ്സിറ്റി കോളജിലേക്കു സ്ഥലം മാറിയിരുന്നു. രണ്ടു വർഷം കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളജിലെത്തിയ ഞാൻ എങ്ങനെയോ നരേന്ദ്രപ്രസാദിന്റെ വാത്സല്യഭാജനമായി– ഗുളികച്ചെപ്പേന്തി നടക്കാൻ തുടങ്ങി. ആ പ്രിയ ഗുരുനാഥനെപ്പറ്റി മുൻപൊരിക്കൽ എഴുതിയതിൽ നിന്നൊരു ഭാഗം ഉദ്ധരിക്കുന്നതു ക്ഷമിക്കുക: ‘സാഹിത്യത്തിന്റെ മറുലോകങ്ങളിലേക്കും ചിന്താതീവ്രതകളിലേക്കും നിർഭയമായ സ്വാഭിപ്രായത്തെക്കുറിച്ചുള്ള ബോധ്യത്തിലേക്കും നരേന്ദ്രപ്രസാദ് എനിക്കു വഴി കാണിച്ചു തന്നു. വേനലിന്റെ ഭാവിയിലേക്കുള്ള െവള്ളവും പൊത്തുകളും വാഗ്ദാനം ചെയ്യുന്നതായതുകൊണ്ടാണ് ആശയങ്ങളുടെയും ഭാവനയുടെയും അടുക്കാനും അകലാനും വയ്യാത്ത തീവ്രത സൃഷ്ടിച്ച ആ ഒറ്റമരത്തിലേക്ക് അക്കാലത്തു മാത്രം പുറന്തോടു പൊട്ടി പുറത്തുവന്ന എന്നെപ്പോലുള്ള അനേകംപേർ ആകൃഷ്ടരായത്. ക്ലാസ് മുറിയിലും പ്രഭാഷണവേദിയിലും സ്വകാര്യസംഭാഷണവേളയിലു നാടക റിഹേഴ്സലിലും സുന്ദരരൂപവും ഗംഭീര ശബ്ദവും ആഹാര്യശ്രദ്ധയും കൊണ്ട് എപ്പോഴും തന്നിലെ നാടകീയ പ്രകാരത്തിലുള്ള നടനെ സ്വയമറിയാതെ വെളിപ്പെടുത്തിയ അദ്ദേഹം തന്റെ മുപ്പതുകളുടെ അന്ത്യത്തിൽ മാത്രമായിരുന്നു അന്ന്. യൗവനം വന്നുദിച്ചിട്ടും ചെറുതാവാത്ത ചെറുപ്പമുണ്ടായിരുന്ന പ്രസാദിന്റെ വ്യക്തിത്വത്തിൽ വശീകരണശേഷിയുടെയും വന്യതയുടെയും അംശങ്ങൾ ഇഴചേർന്നു കിടന്നു. അനിയന്ത്രിതമായ ഒരു ഊർജപ്രവാഹം എപ്പോഴും അദ്ദേഹത്തെ ചൂഴ്ന്നു നിന്നിരുന്നു. സ്നേഹവ്യഗ്രമെങ്കിലും നിഗ്രഹോത്സുകമായിരുന്ന ആ വ്യക്തിത്വം ഏതോ ഭാഗ്യം കൊണ്ടു നിരുപാധികമായ സ്നേഹവാത്സല്യങ്ങളായാണ് ആ കലാലയകാലത്തും പിന്നീടും എനിക്കുമേൽ വന്നു വീണത്. നാട്യഗൃഹത്തിന്റെ അട്ടക്കുളങ്ങര സ്കൂളിലെ റിഹേഴ്സൽ ക്യാംപുകളിലും രംഗാവതരണങ്ങളിലും പിൻവരിയിലെയോ വശത്തെയോ കാണിയായി ഞാനെത്തിയതും ഈ പുസ്തകത്തിൽ അലിയാര്‍ വശ്യമായി വിവരിക്കുന്ന നാട്യരംഗങ്ങൾക്കു പലതിനും സാക്ഷിയായതും അങ്ങനെയാണ്. 

 

നാട്യഗൃഹം 1981 ഡിസംബറിൽ അവതരിപ്പിച്ച നരേന്ദ്രപ്രസാദിന്റെ ‘സൗപർണിക’ ആധുനികതാ നാടകവേദിയിലെ ദിശാസൂചകങ്ങളിലൊന്നാണ്; അദ്ദേഹത്തിന്റെ നാടകജീവിതത്തിലെ നാഴികക്കല്ലും. എന്നാൽ ‘സൗപർണിക’യ്ക്കു ശേഷമുള്ള രചനകളിലും രംഗാവതരണങ്ങളിലും മറ്റൊരു നരേന്ദ്രപ്രസാദിനെയാണു കാണാനാവുക. ‘സൗപർണിക’യിൽ തീവ്രമായ അതിഭൗതികാന്വേഷണങ്ങളും നാട്യസമ്പ്രദായവും വ്യത്യസ്തമായ വഴിയിലേക്കു നീങ്ങുന്നത് തുടർന്നുള്ള നാടകങ്ങളിൽ കാണാം. നാട്യത്തിലും രംഗഭാഷ്യത്തിലും സവിശേഷമായൊരു ആധുനികഭാവുകത്വം സൃഷ്ടിച്ച ‘സൗപർണിക’യുമായി ബന്ധപ്പെട്ട ‘വാടിയും കരിഞ്ഞു പോകാതെ ഗന്ധം മുറ്റി നിൽക്കുന്ന സാന്ദ്രമായ ഓർമകൾ’ അനുഭവതീവ്രതയോടെ അലിയാർ ഈ പുസ്തകത്തിൽ  അവതരിപ്പിക്കുന്നുണ്ട്. ആധുനികതാ നാടക വേദിക്കു രാഷ്ട്രീയമായ നാട്യാംശം നൽകിയതാണ് നാ‍ട്യഗൃഹത്തിന്റെ സംഭാവനകളിലൊന്ന്. മുദ്രാവാക്യസ്വഭാവവും പ്രചാരണ പ്രകൃതിയുമുള്ള പതിവു രാഷ്ട്രീയനാടകമല്ല നാട്യഗൃഹം സൃഷ്ടിച്ചത്. പ്രതിജ്ഞാബദ്ധ സാഹിത്യമായ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ മാതൃകയായ ചെറുകാട് ഗോവിന്ദപ്പിഷാരടിയുടെ ‘ശനിദശ’എന്ന നോവലിനു 1984 ൽ നരേന്ദ്രപ്രസാദിന്റെ സംവിധാനത്തിൽ നാട്യഗൃഹം നൽകിയ രംഗഭാഷ്യമാണ് അതിന്റെ മികച്ച ഉദാഹരണം (ഞാനെഴുതിയ ആദ്യകാലലേഖനങ്ങളിലൊന്ന് ആ നാടകാവതരണത്തിന്റെ റിവ്യൂ ആയിരുന്നുവെന്നോർക്കുന്നു, കേരളകൗമുദി ഞായറാഴ്ചപ്പതിപ്പിൽ). ‘ശനിദശ’യിലെ കേന്ദ്രകഥാപാത്രമായ കുഞ്ഞുക്കുറുപ്പായി അഭിനയിച്ചത് ഈ ഗ്രന്ഥത്തിന്റെ കർത്താവായ അലിയാർ ആയിരുന്നു. ‘വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കേണ്ട ഒരു നാടകമാണിത്. പരീക്ഷണാർഥം ഞങ്ങൾ അതു പൂർണമായും ഒഴിവാക്കി. എന്നാൽ അവിടവിടെയായി ചിലയിടങ്ങളിലെല്ലാം റിയലിസ്റ്റിക് നാടകത്തിന്റെ പ്രതീതിബോധം ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ റിയലിസം വിട്ടുള്ള ഒരു അവതരണശൈലിയിലൂടെ പ്രസാദ് നാടകത്തെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു’വെന്ന് അലിയാർ ‘ശനിദശ’യുടെ രംഗാവിഷ്കാരരീതി വിശദീകരിച്ചിട്ടുണ്ട്. ബർതോൾഡ് ബ്രഷ്തിന്റെ നാടകസങ്കേതങ്ങളായ എപ്പിക് തിയറ്ററിന്റെയും അന്യവൽക്കരണഫല (Alienation Effect) ത്തിന്റെയും സമ്പ്രദായങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള രംഗഭാഷ്യമാണ് ‘ശനിദശ’യെ യഥാർഥ പൊളിറ്റിക്കൽ തിയറ്ററിന്റെ നിലയിലേക്കുയർത്തിയത്. 

 

ഈ രാഷ്ട്രീയ നാട്യദർശനത്തിന് ഇന്നും പ്രസക്തമായ വിപുലനം നൽകിയ നാടകമാണ് 1985 നവംബർ 29 ന് തിരുവനന്തപുരത്തെ കാർത്തിക തിരുനാൾ തിയറ്ററിൽ നാട്യഗൃഹം അവതരിപ്പിച്ച നരേന്ദ്രപ്രസാദിന്റെ സ്വന്തം രചനകൂടിയായ ‘വെള്ളിയാഴ്ച’. പരമ്പരാഗത സാഹിത്യ ചരിത്രശീലമനുസരിച്ച് ‘സാമൂഹിക നാടക’മെന്നു വിളിക്കാവുന്ന ‘വെള്ളിയാഴ്ച’ അന്യാപദേശരൂപത്തിൽ കേരളീയ സമൂഹത്തിലെ നാട്യങ്ങളെ നാട്യകലയിലേക്കു പരകായപ്രവേശം നടത്തുകയായിരുന്നു (ചില റിഹേഴ്സലുകളും ആദ്യാവതരണവും കണ്ട എന്റെ ഓർമയിൽ ഇപ്പോഴും പച്ച പിടിച്ചു നിൽക്കുന്നു ആണ്ടിപ്പിള്ളയായി വന്ന അലിയാർ). പുരോഹിതന്റെ വേഷമണിഞ്ഞ് വിശ്വാസികളെ വഴിപിഴപ്പിക്കാൻ ഇടവകയിലേക്കു വന്ന സാത്താൻ വിശ്വാസികളുടെ പാപിഷ്ഠത കണ്ടു തോറ്റു മടങ്ങുന്നതിന്റെ (അവരെ വഴിയിൽ വിട്ടു പോവുകയായി ഞാൻ /അവരെന്നെക്കാളും സമർഥരത്രേ/ ഇനിയിവിടെ നിന്നാലെനിക്കു നാശം/ ദൈവമിടിവാളയയ്ക്കും/നരൻ കൃപയും എന്നു പാടി പിൻവാങ്ങുകയാണ് പുത്തനച്ചനായി വന്ന പിശാച്) ദുരന്തഹാസ്യചിത്രമവതരിപ്പിച്ച ‘വെള്ളിയാഴ്ച’യിലെ പ്രമേയം ഇപ്പോഴും കേരളത്തിലെ സാമൂഹിക– രാഷ്ട്രീയ ജീവിതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. 

 

കേരളനാട്യവേദിക്കും നാട്യഗൃഹം നൽകിയ മൗലിക സംഭാവനയാണ് ചൊൽക്കാഴ്ച എന്ന പോയട്രി തിയറ്റർ. കവിയരങ്ങുകൾക്കും ഗാനാത്മകമായ ആലാപനരീതിയെ ചെറുക്കുന്ന കവിത ചൊല്ലലിനും മുഖ്യസ്ഥാനമുണ്ടായിരുന്ന ആധുനിക കവിതയ്ക്ക് നാടകരംഗത്തിന്റെ സംഭാവനയായിരുന്നു ചൊൽക്കാഴ്ച. കവിതയിലെ ദൃശ്യാംശം പൊലിപ്പിച്ച് രംഗത്തവതരിപ്പിക്കാൻ എഴുപതുകളുടെ അവസാനത്തോടെ ആരംഭിച്ച ശ്രമങ്ങൾക്ക് അരങ്ങിന്റെ സ്വഭാവം നൽകുകയായിരുന്നു ചൊൽക്കാഴ്ച. ഈ ‘പെർഫോമൻസ് പോയട്രി’യെ അലിയാർ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്; ‘കവിതയെ അതിന്റെ ദൃശ്യാംശങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് അരങ്ങിൽ അവതരിപ്പിക്കുന്ന ഒരു രീതി. സാധാരണക്കാരന് ഒരു കവിത വായിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമുള്ള ഒരു അർഥതലം കൂടി കണ്ടെടുക്കാൻ ആ കവിതയ്ക്കുള്ളിൽത്തന്നെയുള്ള പ്രകടനപരമായ അംശത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു നരേന്ദ്രപ്രസാദ്. കവിതയെ കൂടുതൽ ജനകീയമാക്കുവാനും ആസ്വാദ്യമാക്കുവാനും ആ കവിതയിൽ അടങ്ങിയിരിക്കുന്ന ദൃശ്യാംശത്തെ പൊലിപ്പിച്ചെടുത്താൽ നന്നായിരിക്കുമെന്ന തോന്നലിൽ നിന്നാണു നരേന്ദ്രപ്രസാദ് ഈ പോയട്രി തിയറ്റർ ഉണ്ടാക്കുന്നത്. ‘കടമ്മനിട്ട രാമകൃഷ്ണന്റെ ‘നഗരത്തിൽ പറഞ്ഞ സുവിശേഷം, ‘ആ പശുക്കുട്ടിയുടെ മരണം’, ‘ചാക്കാല’, ‘കാട്ടാളൻ’, ‘ശാന്ത’, അയ്യപ്പപ്പണിക്കരുടെ ‘കടുക്ക’, ‘റോസിലി’, ‘ഗോത്രയാനം’, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘എവിടെ ജോൺ’ തുടങ്ങിയ ഒട്ടേറെ കവിതകൾ അങ്ങനെ ചൊൽക്കാഴ്ചയായി മാറി. കാഴ്ചയ്ക്കും കേൾവിക്കുമപ്പുറം ശരീരത്തെത്തന്നെ കവിതയുടെ മാധ്യമമാക്കാനുള്ള ശ്രമമാണു ചൊൽക്കാഴ്ചയിലൂടെ നരേന്ദ്രപ്രസാദ് നടത്തിയത്. സവിശേഷമായ ഒരു നാട്യചര്യ പരീക്ഷിച്ചുകൊണ്ടുള്ള ഈ ആവിഷ്കാരം പുതിയൊരു കാവ്യരസാനുഭൂതിയുടെ സൃഷ്ടികൂടിയായിരുന്നു. തുറന്ന സ്ഥലത്ത് നാടകം അവതരിപ്പിച്ചുകൊണ്ട് തിയറ്റർ സ്പെയ്സിനെ പുനർനിര്‍വചിക്കാനും നരേന്ദ്രപ്രസാദും നാട്യഗൃഹവും ശ്രമിച്ചിരുന്നു(1982–ൽ തിരുവനന്തപുരം ആയുർവേദകോളജ് മുറ്റത്ത് സി. എൻ. ശ്രീകണ്ഠൻ നായരുെട ‘ലങ്കാലക്ഷ്മി’ക്കു നൽകിയ രംഗഭാഷ്യം). ഒഴിഞ്ഞ സ്ഥലം മനുഷ്യപ്രയോഗത്തിലൂടെ കാണികളും അഭിനേതാക്കളും കൂടി അടങ്ങുന്ന നാട്യവേദിയായി മാറുന്നതിന്റെ മാതൃകയായിരുന്നു ആ പരീക്ഷണം. 

 

‘നാട്യഗൃഹം’ വെറുമൊരു നാടകക്കാലത്തിന്റെ ഗൃഹാതുരസ്മരണയല്ല. മറിച്ച് ഓർമയുടെയും കഥപറച്ചിലിന്റെയും രൂപത്തിലുള്ള നാടകീയവും നാട്യാത്മകവുമായ സംസ്കാരചരിത്രവും നരേന്ദ്രപ്രസാദ് എന്ന നാടകകാരനെക്കുറിച്ചുള്ള വിശകലനവുമാണ്. തന്റെ സഹാധ്യാപകനും പ്രിയമിത്രവും സംവിധായകനുമായ നരേന്ദ്രപ്രസാദിനെപ്പറ്റി ഒരു മോണോഗ്രാഫ് രചിക്കുകയും അദ്ദേഹത്തിന്റെ നാടകങ്ങളുടെ സമ്പൂർണ സമാഹാരം (2019) എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രഫ. അലിയാർ നാട്യഗൃഹം എന്ന നാടകവേദിയെയും അതിന്റെ നാട്യാവിഷ്കാരങ്ങളെയും നരേന്ദ്രപ്രസാദ് എന്ന നാട്യകാരനെയും രംഗപ്രധാനമാക്കി അല്ലെങ്കിൽ, എല്ലാം നിവർത്തിക്കുന്ന സൂത്രധാരനെപ്പോലെ പിൻവാങ്ങുകയാണ് ഈ സംസ്കാര സ്മൃതി രേഖയിൽ. 

 

ഭരത് മുരളി, എം. കെ. ഗോപാലകൃഷ്ണൻ, എം.വി. ഗോപകുമാർ, പി. എ. എം. റഷീദ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, ലീലാ പണിക്കർ തുടങ്ങിയ ഒട്ടേറെ കലാകാരനമ്മാരുടെ ജീവിത കൂടിയാണ് അലിയാർ എഴുതുന്നത്. നരേന്ദ്രപ്രസാദിനെ നാടകീയമായി അനുസ്മരിക്കുന്ന ‘പ്രതിനായകൻ’ എന്ന കവിതയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയത് ഓർമ വരുന്നു;

 

എന്നെപ്പഠിപ്പിക്ക

എന്താണു നാടകം?

കാലം ജലത്തിൽക്കലർന്ന്

ഒരു വിഷസൂചിതന്നഗ്രത്തിൽ

അത്യന്തബിന്ദുവായി

ബിന്ദു പിളർന്ന്

ഉഗ്രരാസാഗ്നിവീചിയായ്

അന്തഃരംഗത്തൊടൊത്തഞ്ചിന്ദ്രിയങ്ങളും

വെന്തടങ്ങുന്ന വിശ്വംഭരവേദന

പേടിയാവുന്നു

സഹിക്കുവാൻ വയ്യ സർ

ജീവിതത്തിന്റെ ദുരന്ത സങ്കീർണത.

അപ്പോൾപ്പറഞ്ഞു നീ

ദുഃഖ സംഹായിയാം

നക്ഷത്രരേണുവെപ്പറ്റി. 

 

ഈ പുസ്തകം ഒരു നക്ഷത്രരേണുവാണ്, ആധുനിക നാട്യത്തിന്റെയും നാടകത്തിന്റെയും നരേന്ദ്രപ്രസാദിന്റെയും ചരിത്രം പറയുന്ന പ്രകാശരേണു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com