ADVERTISEMENT

എജ്ജാതി നിന്റെ നോട്ടം എന്ന പാട്ടുസീൻ സിനിമയിൽ കാണുമ്പോൾ കൗമാരപ്രണയത്തിന്റെ കണ്ണിലും കരളിലുമാണ് മനസ്സ് ഉടക്കുന്നത്. യുദ്ധത്തിലും പ്രണയത്തിലും എന്തുമാകാം എന്ന പഴമൊഴി പോല പ്രണയത്തെക്കുറിച്ചുള്ള പാട്ടിലും എന്തുമാകാമെന്ന പാഠാന്തരവും. അല്ലെങ്കിൽത്തന്നെ പാട്ടെഴുതുന്ന കവിയും കരളു നൊന്തു പ്രേമിക്കുന്ന കാമുകനും ഭ്രാന്തനെപ്പോലെയാണെന്നും മൂന്നു കൂട്ടരും തമ്മിൽ വ്യത്യാസമില്ലെന്നും പറഞ്ഞത് വിശ്വമഹാകവിയാണല്ലോ. വിശ്വസിക്കാതിരിക്കാൻ കഴിയില്ല. അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ആ മഹാന്റെ എഴുത്തിൽ നിന്ന് പ്രചോദനം നേടി ഇന്നും ദൃശ്യവിസ്മയങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തു പ്രത്യേകിച്ചു. എന്നാലം ആ പാട്ടിലേക്കു തന്നെ തിരിച്ചുപോകാം. ജാതി പാട്ടിലേക്ക്. സിനിമയിലെ രംഗത്തിന്റെ തുണയില്ലാതെ പാട്ട് മാത്രമായി കേൾക്കുമ്പോൾ, ആവർത്തിച്ചു കേൾക്കുമ്പോൾ ആ വാക്ക് ഉടക്കുന്നില്ലേ. ഇല്ലെങ്കിൽ സമൂഹജീവിയല്ലല്ലെന്ന് നൂറുതരം ഉറപ്പിക്കാം. ഉടക്കുന്നുണ്ട്. ജാതി തന്നെ. ജാതി നോട്ടങ്ങളിലേക്ക് ആലോചന ഇൻഡിക്കേറ്റർ ഇടുന്നുണ്ട്. ആ ഇൻഡിക്കേറ്ററിന്റെ വെളിച്ചതിലാണ് എജ്ജാതി നിന്റെ നോട്ടം എന്ന വിഷയത്തെക്കുറിച്ച് ബിപിൻ ചന്ദ്രൻ എഴുതുന്നത്.

സ്‌കൂളിൽ പഠിച്ചിരുന്ന സുരേഷും അഹമ്മദും അരവിന്ദും മാലതിയും ഇന്ന് സുരേഷ് മേനോനും അഹമ്മദ് റാവുത്തറും അരവിന്ദ് നായരും മാലതി വാരിയരും ഒക്കെ ആയിരിക്കുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടും ഇ.കെ.നായനാരും സി.അച്യൂതമേനോനും വി.ആർ.കൃഷ്ണയ്യരും എം.എൻ. ഗോവിന്ദൻ നായരും പി.കെ.വാസുദേവൻ നായരും ഒക്കെച്ചേർന്നു കൊടിപിടിച്ചുകൊണ്ടുവന്ന വിപ്ലവമുന്നേറ്റത്തിന്റെ മണ്ണിലിരുന്നാണ് അഭിമാനത്തോടെ ജാതിയെക്കുറിച്ച് എഴുതുന്നതെന്നും മറന്നുകൂടാ. അതേ, എജ്ജാതി നിന്റെ നോട്ടം ബിപിനെ ഓർമിപ്പിക്കുന്നത് ചാരം മൂടിയ അടുപ്പിൽ കെടാതെ കിടക്കുന്ന കനൽപോലെ ഇന്ത്യക്കാരുടെ മനസ്സിൽ ഇന്നും അവശേഷിക്കുന്ന ജാതി ചിന്തയെക്കുറിച്ചാണ്. പുതിയ തലമുറയിൽ ഹിറ്റായ ഒരു പാട്ടിൽ നിന്ന് ജാതിയിലേക്കും ജാതിയിൽ നിന്നു ചരിത്രത്തിലേക്കും. അനുഭവത്തിലേക്കും ജാതി എന്തെന്നെറിയാൻ തീർച്ചയായും വായിക്കേണ്ട പുസ്തകത്തിലേക്കും അദ്ദേഹം പോകുന്നു. ഒരു തമാശക്കഥ എഴുതിഫലിപ്പിക്കുന്ന ലാഘവത്തോടെ. എന്നാൽ കാര്യമാത്ര പ്രസ്‌കതമായി. അടിസ്ഥാന വിവരങ്ങളുടെ അകമ്പടിയോടെ.

ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന പുസ്തകം വായിച്ചവരൊന്നും മറക്കില്ല ഐഎഎസ് പരീക്ഷാ അഭിമുഖത്തിൽ ധർമപാലൻ നേരിട്ട ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയും. ന്യായം എന്നു പറഞ്ഞാൽ അതിന്റെ കാതലായി ഒരു ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്.

വംശശുദ്ധയെക്കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് ധർമപാലൻമാരെക്കറിച്ചു ചർച്ച ചെയ്യാൻ പലരും കാണും. അങ്ങനെ വിശ്വസിക്കുകയെങ്കിലും ചെയ്യാം. എന്നാൽ അതേ ശ്വാസത്തിൽ റാംജിറാവ് സ്പീക്കിങ് എന്ന സിനിയിലെ കമ്പിളിപ്പുതപ്പിനെക്കുറിച്ചു കൂടി പറയാൻ ബിപിൻ ചന്ദ്രനല്ലാതെ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം അർമാദ ചന്ദ്രനാവുന്നതും ആ പുസ്തകം ധൈര്യമായിട്ടു വായിക്കാനാവുന്നതും.

കേൾക്കാത്തതുപോലെ നടിക്കുന്ന ഗോപാലകൃഷ്ണൻമാർക്ക് മരണം വരെയും മനസ്സിലാകാത്തതുപോലെ നടിക്കാൻ കഴിയുമല്ലോ. അത്തരക്കാർക്ക് കമ്പിളിപ്പുതപ്പുകളെക്കാൾ ഉതകുക ജാതിപ്പുതപ്പുകൾ തന്നെയാകും.

എജ്ജാതി നോട്ടം എന്ന സിനിപാട്ടിൽ നിന്നു തുടങ്ങി ചരിത്രവും വിപ്ലവ ജാതി മുന്നേറ്റവും കടന്ന് നൂറു സിംഹാസനങ്ങൡലൂടെ റാംജിറാവിൽ എത്തിനിൽക്കുമ്പോൾ മുഖത്തു വരിയുന്ന ചിരി വളിപ്പു തമാശ കേട്ടതിന്റെയല്ല. ചിന്തയിൽ നിന്ന് ഊറിവരുന്നതും മനസ്സിനെ ആഹ്ലാദിപ്പിക്കുന്നതും ഹൃദയം നിറയ്ക്കുന്നതുമായ കഴമ്പുള്ള ചിരിയാണ്. കാമ്പുള്ള ചിരിയാണ്. ഓർമയിൽ നിലനിൽക്കുന്ന ചിരിയാണ്. മനുഷ്യർ വിചാര ജീവികൾ മാത്രമല്ല, വികാരജീവികൾ കൂടിയാണെന്ന പ്രശസ്ത ഉമ്മർ ഡയലോഗ് കൂടി ഓർത്താലേ ചിരിച്ചിന്ത പൂർത്തിയാവൂ. അതേ, അതാണ് , ആ ചിരിയുടെ അർമാദമാണ് ബിപിൻ ചന്ദ്രന്റെ പുസ്തകം.

അല്ലെങ്കിലും ട്രാജഡി, കോമഡി കൂടിയാണല്ലോ. അല്ലെന്ന് ആർക്കെങ്കിലുംപറയാനാവുമോ. വില്യം ഹാസ് ലിറ്റ് സപറഞ്ഞതു മറക്കാനാവുമോ. Life is a tragedy to those who feel and a comedy to those who think. 

കൈനിക്കര കുമാരപിള്ളയുടെ ബൈബിൾ നാടകം കോട്ടയത്തിനടുത്ത് കറുകച്ചാലിൽ അരങ്ങേറുന്നു. ഗുരുവിനെ ഒറ്റിക്കൊടുത്തത് താനാണോ എന്ന് ഓരോ ശിഷ്യനും യേശുവിനോട് ആരായുന്ന രംഗം. അവസാനം യൂദാസിന്റെ ഊഴമെത്തി. അതാണ് ഏറ്റവും നാടകീയവും ഹൃദയഭേദകവുമായ ചോദ്യം. പക്ഷേ, അന്ന് സ്ഥിരം യൂദാസ് വേഷക്കാരനു പകരം അഭിനയിക്കാനെത്തിയത് ഹാസ്യനടൻ എസ്.പി. പിള്ളയായിരുന്നു. തനതു ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു ഗുരുവേയ് അത് ഞാനോ മറ്റോ ആണോ! 

അതുവരെ മുൾമുനയിൽ നിന്ന കാണികൾ  ചിരിച്ചു മണ്ണുകപ്പി. നാടകം എട്ടുനിലയിൽ പൊട്ടിയെങ്കിലെന്താ, കരഞ്ഞുവിളിച്ചു വീട്ടിൽപ്പോകേണ്ട കാണികൾ ചിരിച്ചാർത്തു. കൂവിരസിച്ചു പോയില്ലേ എന്നായിരുന്നേത്രേ എസ്പിയുടെ പ്രതികരണം. പോരേ പൂരം. ചിരിപ്പൂരം.

അർമാദ ചന്ദ്രനിൽ കൈകാര്യം ചെയ്യുന്ന ഒരു വിഷയവും നിസ്സാരപ്പെട്ടതോ ശുഷ്‌കമോ അല്ല. തട്ടുപൊളിപ്പൻ സിനിമകളും നാടകവും മുതൽ ലോക പ്രശസ്ത പുസ്തകങ്ങളും ചിന്തകരും മഹാൻമാരും എന്നാൽ തീരെ അറിയപ്പെടാത്ത അജ്ഞാതരും വിസ്മൃതരും വരെയുണ്ട്. ഇവരെയെല്ലാം ചിരിയുടെയും ചിന്തയുടെയും പൊൻനൂലിൽ കോർത്തുകെട്ടുന്നുണ്ട് ആഖ്യാനത്തിന്റെ സവിശേഷതയാൽ. മനസ്സിനു ഭാരം ഉണ്ടാക്കുന്ന ഒന്നും ഇതിലില്ല. എന്നാൽ ഒരു ചിരിക്കപ്പുറം നിലനിൽക്കുന്ന പലതുമുണ്ടു താനും. നിരാശപ്പെടുത്തുന്ന ഒന്നും തന്നെയില്ല. ശുഭപ്രതീക്ഷയ്ക്ക് ആവോളം അവസരമുണ്ടു താനും. ജീവിതത്തിലെ, കരിയറിലെ, സൗഹൃദത്തിലെ, സ്‌നേഹത്തിലെ...എവിടെ എന്തു വിഷയവുമായിക്കോട്ടെ. ഒന്നു മാറിനിന്നു നോക്കിയാൽ ചിരിക്കാനുള്ള വക അതിൽ കാണും. അപ്പോഴല്ലെങ്കിൽ കുറച്ചു കഴിഞ്ഞെങ്കിലും. അതു കാണാതെ പോകരുത്. അങ്ങനെ ജീവിതം കട്ട ഗൗരവത്തിലാക്കരുത്.

ബിപിൻ ചന്ദ്രൻ അർമാദിക്കട്ടെ. മസിലു പിടിക്കാതെ വായിച്ച് അർമാദിക്കാമല്ലോ വായനക്കാർക്കും.

പുസ്തകം വാങ്ങാം

 

Content Summary: Armada Chandran Book by Bipin Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com