ചന്ദ്രികയിലലിയുന്ന കവിതയുടെ ചന്ദ്രകാന്തം

book-review-thiranjedutha-kavithakal-portrait
SHARE
ശ്രീകുമാരൻ തമ്പി

ഡി സി ബുക്സ്

വില 310 രൂപ

ഉയർന്നുപറക്കുന്ന വെൺമേഘജാലങ്ങൾ പോലും നിറഞ്ഞുതാഴുന്ന കുടജാദ്രി. സൂര്യന്റെ കാണിക്കകൾ അവിടം വന്ദിച്ചു മടങ്ങുന്നു. വർണചിത്രങ്ങളുടെ മായിക പ്രദർശനത്താൽ അനുഗ്രഹീതമായ സ്ഥലം. എന്നാൽ മാറിമറിയുന്ന വർണചിത്രങ്ങൾ ഓർമിപ്പിക്കുന്നത് സൗന്ദര്യം ക്ഷണികം എന്നുകൂടിയാണ്. പുലരി ജനനമാണെങ്കിൽ സന്ധ്യ മൃത്യുവാണല്ലോ. നിത്യവിസ്മയമായ കുടജാദ്രിയിലെ കാഴ്ചകൾ ഒരു ഭാവത്തിന്റെ തന്നെ രണ്ടു ചിത്രങ്ങളാണു കാട്ടിത്തരുന്നത്. പ്രാണരൂപത്തിൽ ഹൃദയ സ്പന്ദനം നിയന്ത്രിക്കുന്ന വായു തന്നെയാണല്ലോ അന്തരീക്ഷത്തിലെ കാറ്റ്. ജീവനെ നിലനിർത്തുന്ന അതേ വായു തന്നെ വളർന്നു കൊടുങ്കാറ്റും ആവുന്നുണ്ട്. നാശം വിതയ്ക്കുന്നുണ്ട്. തെളിനീരു പോലെ സൽകരിച്ച സായംസന്ധ്യ പിറ്റേന്നു പുത്തൻ രൂപത്തിൽ പൊൻപുലരിയുമാകുന്നു. പ്രകൃതിയുടെ വർണഭേദങ്ങൾ മനം മയക്കുകയല്ല, ജീവിതത്തിലെ ഋതുഭേദങ്ങളെക്കുറിച്ച് ഓർമിപ്പിക്കുകയാണ്. 

കുളിരും മൂടൽമഞ്ഞിൻ ചിത്രകൗതുകങ്ങളും 

വെളിവായ് പടരൂമീ ശങ്കരാദ്രിയിൽ ഞാനെൻ 

ഉടവാളൂരിത്തള്ളി നിസ്വനായ് നമസ്‌കരി-

ച്ചെഴുന്നേൽക്കുന്നു, ജീവനാടകം തുടരട്ടെ. 

അനഘസൗന്ദര്യത്തിന്റെ അംബരം കാഴ്ചവയ്ക്കുന്ന, നിതാന്തമായ തപസ്സിന്റെ പ്രതീകം പോലെ നിലകൊള്ളുന്ന കുടജാദ്രി ഒരിക്കൽ എത്തി മടങ്ങേണ്ടയിടം മാത്രമല്ല. തിരിച്ചെത്തി അലിയേണ്ട ഇടം കൂടിയാണ്. സത്യം പാടി വീണ്ടും യാത്ര തുടരുന്നു. തിരിച്ചെത്താൻ. വീണ്ടും അലിഞ്ഞുചേരാൻ. 

കുടജാദ്രി മലയിൽ ജീവിതവും മരണവും അറിഞ്ഞ്, സുഖവും ദുഃഖവും പോലെ ഭാവങ്ങളുടെ ഇരുവശങ്ങളും അറിഞ്ഞ് വിസ്മയഭരിതനാകുകയാണ് ശ്രീകുമാരൻ തമ്പി.  

കുടജാദ്രി യാഥാർഥ്യമെന്നതുപോൽ പ്രതീകവുമാണ്. പ്രകൃതിയുടെ, ആദരിക്കുകയും അദ്ഭുതം കുറുകയും ചെയ്യുന്ന എല്ലാ ജീവിത വിസ്മയങ്ങളുടെയും. ആരാധകനാണ് കവി. നിത്യവിസ്മയങ്ങളിൽ നിന്ന് പ്രചോദനം നേടി അക്ഷരങ്ങളുടെ പുതുപൂക്കൾ അർച്ചിക്കുന്നയാളും. പ്രകൃതിയോടുള്ള ആദരത്തിനൊപ്പം സർവചരാചരങ്ങളെയും  ഉൾക്കൊള്ളുകയും ആരെയും നോവിക്കാതെ കടന്നുപോകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കവി. 

ജീവിതത്തെക്കുറിച്ചുള്ള അറിവിന്റെ നിറവാണ് തമ്പിയുടെ വാക്കുകളുടെ കരുത്ത്. ഒരു വരി എഴുതുമ്പോൾ പോലും നിറഞ്ഞുനിൽക്കുകയും പടർന്നുചിതറുകയും ചെയ്യുന്ന അവബോധം. മണ്ണിന്റെ മണവും നാടിന്റെ നനവും കിനാവിന്റെ താരള്യവും നിറഞ്ഞ പാട്ടുകളിലൂടെ മലയാളിയുടെ ഹൃദയം കവർന്ന അദ്ദേഹത്തിന്റെ കവിതകളിലും നിറയുന്നത് ജീവിതം എന്ന മഹാനാടകം സൃഷ്ടിക്കുന്ന ചിന്തയുടെ അനുരണനങ്ങൾ. പ്രണയം. പരിഭവം.ദുരന്തം. എന്തിനെക്കുറിച്ചായാലും  ഒരു പ്രത്യേക മാനസികാവസ്ഥയിൽ മാത്രമായി ഒതുങ്ങിനിൽക്കാതെ വാക്കുകൾ വികാരത്തിൽ നിന്ന് വിചാരങ്ങളിലേക്കു കടക്കുന്നു. വിചാര പ്രധാനം എന്നതായിരിക്കും ഈ കവിതകൾക്കു നൽകാവുന്ന ഏറ്റവും ഉചിതമായ വിശേഷണവും. 

കൈക്കുമ്പിളിൽ നിന്നും കൈവിട്ടുപോയൊരു 

കൃഷ്ണപ്രസാദമാണെന്റെ ദു:ഖം 

എന്നെഴുതുന്ന കവി സുഖവും ദുഃഖവും ഒരുപോലെ അംഗീകരിക്കുന്നു.ദുഃഖത്തെ  ജീവിതത്തിന്റെ അനിവാര്യതയായി ഉൾക്കൊള്ളുകയും ചെയ്യുന്നു.  സങ്കടത്തെ ചിലപ്പോഴെങ്കിലും പ്രകീർത്തിക്കുന്നുണ്ടെങ്കിലും വിഷാദത്തിന്റെ ആരാധകനല്ല തമ്പി. സന്തോഷത്തെയും തുല്യനിലയിൽ അറിയുകയും അതിനെക്കുറിച്ചു പാടുകയും ചെയ്യുന്നുണ്ട്. ഉയരങ്ങളിൽ തന്നെയാണെങ്കിലും താഴ്ചയെ കാണുകയും അറിയുകയും എന്നാൽ താഴ്ചയിൽ നിന്ന് വീണ്ടും ഉയരാൻ കഴിയുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന വാക്കും പൊരുളും. 

നാളെ ഞാൻ മഞ്ഞണിശ്രിംഗങ്ങളിൽച്ചെന്നു 

താളം പിഴയ്ക്കാതെ വീഴും 

മണ്ണിൻ മനസ്സിൽ മറഞ്ഞിരിക്കും മോഹ

ഭംഗങ്ങൾ വിസ്മൃതമാകും 

വീണ്ടും തളിർക്കും മരങ്ങൾ, നിലങ്ങളിൽ 

വീണ്ടും ജനിക്കും വസന്തം. 

പുതു കവിതയുടെ ആധുനികോത്തര കാലത്തും കാൽപനികമാണ് തമ്പിയുടെ ഭാവനയും ഭാവുകത്വവും. എന്നാൽ പാട്ടുകളിൽ സൃഷ്ടിച്ച നാട്ടുഭാഷയുടെ ലാവണ്യം ഈ കവിതകളില്ല. അനുരാഗത്തിന്റെ മഴവില്ലിൽപ്പോലും വിഷാദാർദ്ര സ്മൃതികൾ വേട്ടയാടുന്നുമുണ്ട്. 

നിന്റെ മൗനത്തിന്റെ രാഗം പഠിക്കുവാൻ 

എന്റെ ജൻമം തന്നെ നൽകി ഞാനെങ്കിലും 

ഇന്നുമപൂർണ്ണമാം വാക്യമായ് നിൽപൂ ഞാൻ. 

ഈ അപൂർണതയാണ് കവിതകളെ വിചാരപ്രധാനമാക്കുന്നതും ഒന്നിലും പൂർണമായി മുഴുകാതെ അലയാൻ പ്രേരിപ്പിക്കുന്നതും. തീരാത്ത തേടൽ തന്നെയാണ് കവിത, ജീവിതവും. ദുരന്തം നിറഞ്ഞ ജീവിതത്തിൽ സ്‌നേഹത്തിന്റെ മരുപ്പച്ചകൾ സൃഷ്ടിക്കുന്നതുപോലെ ജീവിതത്തിന്റെ നടുക്കടലിൽ വാക്കുകളുടെ , കവിതയുടെ തോണിയിൽ അഭയം കണ്ടെത്താനാണ് തമ്പി ശ്രമിക്കുന്നത്. കവിതയോട് അദ്ദേഹം പൂർണമായി ആത്മാർഥത പുലർത്തുകയും ചെയ്യുന്നു. എന്നാലും ഹൃദയസരസ്സിലെ പ്രണയ പുഷ്പമോ, ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തമോ അകലെയകലെ നീലാകാശമോ, പൊൻവെയിൽ മണിക്കച്ചയോ,സന്ധ്യയ്‌ക്കെന്തിനു സിന്ദൂരമോ, ആ നിമിഷത്തിന്റെ നിർവൃതിയോ പോലെ കവിതകൾ ചിറകടിച്ചു പറക്കുന്നില്ല എന്നതു യാഥാർഥ്യമാണ്. 

നിഷ്‌കളങ്കതയുടെ 

നിത്യരശ്മിയായ് നീയാ 

പുഷ്‌കരനേത്രങ്ങളിൽ 

കാണുമെന്നാത്മാവിനെ ! 

ഒരിക്കൽമാത്രം വീണ്ടു-

മെന്നോ നീയോർക്കും, സഖീ, 

പൊറുക്കൂ, തരൂ മാപ്പാ 

നിമിഷത്തിനുവേണ്ടി !

Content Summary: Thiranjedutha Kavithakal Book by Sreekumaran Thambi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA