ADVERTISEMENT

1987 ൽ ആദ്യ എഡിഷൻ പുറത്തിറങ്ങിയ ഒരു പുസ്തകം, അന്ന് ഒരുപാട് വായനക്കാരുണ്ടായെങ്കിലും കാലത്തിന്റെ ഏടുകളിൽ കുറിയ്ക്കപ്പെടാതിരുന്ന ഒരു പുസ്തകം മുപ്പത് വർഷങ്ങൾക്കു ശേഷം രണ്ടാം പ്രിൻറ്റ് ഇറങ്ങിയിരിക്കുന്നു. ഇപ്പോൾ അത് വീണ്ടും വായനക്കാരുടെ കൈകളിലെത്തുകയും ഏറെ വായിക്കപ്പെടുകയും ചെയ്യുന്നു. ഒരു പഴയ പുസ്തകം എന്ന് തിരിച്ചറിയാനാകാത്ത വിധത്തിൽ വിജനവീഥി എന്ന ഹൊറർ -സൈക്കോളജിക്കൽ-ക്രൈം നോവൽ വായനക്കാരിലേക്ക് പടരുകയാണ്. കാലം തെറ്റിയിറങ്ങിയ പുസ്തകമായി മുന്പിറങ്ങിയെങ്കിലും ഇപ്പോൾ കൃത്യമായ വായനക്കാരിലേക്ക് ഒരു പുസ്തകമെത്തുമ്പോൾ അത് എഴുത്തുകാരന്റെ അഭിമാനം കൂടിയാകുന്നു. അശ്വതി തിരുനാൾ എഴുതിയ വിജനവീഥി ഒരുപാട് ജനുസ്സുകൾ കൂടിക്കലർന്ന ഒരു വായനയാണ്. 

 

കവടിയാർ നഗരത്തിലൂടെ അർധരാത്രി പന്ത്രണ്ടു മണിക്ക് ബസിറങ്ങി നടന്നു വരുന്ന ഗൗരിയിലാണ് വിജനവീഥി തുടങ്ങുന്നത്. സൈക്കോളജി വിദ്യാർത്ഥിയായ ഗൗരി നാട്ടിൽ പോയ ശേഷം കോളേജിലേക്ക് മടങ്ങി വരികയാണ്. നഗരത്തിലൂടെ ഏകാന്തയായി നടക്കുമ്പോൾ അവളിൽ മെല്ലെ ഭീതി പൂക്കുന്നുണ്ട്. എന്നാൽ അസാമാന്യ ധൈര്യവും മനോബലവുമുള്ള പെൺകുട്ടിയാണ് ഗൗരി. ആ സമയത്ത് തെരുവിൽ ഒരു കപ്പലണ്ടി വില്പനക്കാരിയെ അവൾ കണ്ടെത്തുന്നു. ഒറ്റയ്ക്കാവുന്ന സമയത്ത് ഒരാളെങ്കിലും ഒരാളെ കണ്ടാലുണ്ടാകുന്ന ആശ്വാസം അവൾക്കുമുണ്ടായി, അതും ഒരു സ്ത്രീ. പക്ഷെ അടുത്തെത്തിയപ്പോൾ അവൾ തിരിച്ചറിയുന്നു, അവരുടെ കൈകൾ രോമ നിബിഡമാണ്. ആ ഭയത്തിൽ നിന്നും അവൾ ഓടിയെത്തുന്നത് മറ്റൊരാളുടെ മുന്നിലേക്കാണ്, അവിടെയും അവൾ അതെ ഭീകരമായ അവസ്ഥയിലുള്ള ശരീരം കാണുമ്പോൾ കഥ മാറി മറിയുകയാണ്. കഥ നടക്കുന്ന കാലത്തു നിന്നും ഗൗരി ചരിത്രത്തിന്റെ രാജവീഥികളിലൂടെ മണിക്കൂറുകൾ നടക്കുന്നുണ്ട്. ആ അനുഭവത്തിനു ശേഷം ഗൗരിയുടെ ജീവിതം മാറിപ്പോയി. 

 

ചരിത്രവും യാഥാർഥ്യവും തമ്മിലുള്ള ഒരു ബന്ധമുണ്ട് വിജനവീഥിയിൽ. വളരെ നേർത്തതാണ് അവ തമ്മിലുള്ള അതിര്. പക്ഷെ അതിരുകളില്ലാതായാൽ അവ തമ്മിലുള്ള ബന്ധം പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഗൗരിയും ചരിത്ര നായികയുമായി സുഭദ്രയും തമ്മിലുള്ള ബന്ധമെന്താണ് എന്ന ചോദ്യം നോവൽ അവസാനിച്ചാലും വായനക്കാരനെ വേട്ടയാടിക്കൊണ്ട് പിന്നാലെയുണ്ടാകും. എട്ടു വീട്ടിൽ പിള്ളമാരുടെ അനന്തരവളായ സുഭദ്ര എന്ന സി വി രാമന്റെ "മാർത്താണ്ഡവർമ്മ" നോവലിലെ കഥാപാത്രത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. സുഭദ്ര വെറുമൊരു മിത്തിക്കൽ കഥാപാത്രമാണെന്നു സൈക്കോളജിസ്റ്റായ കൃഷ്ണദാസ് പറയുമ്പോൾ സുഭദ്രയുടെ അസ്തിത്വം യാഥാർഥ്യമാണോ എന്നുള്ള ചർച്ച അതിലേയ്ക്ക് കൊണ്ട് വരപ്പെടുന്നുണ്ട്. എന്നാൽ മാർത്താണ്ഡവർമ്മയിലുള്ള സുഭദ്രയെന്ന കഥാപാത്രത്തെ സി വി രാമൻ അവതരിപ്പിച്ചതിനപ്പുറം ചരിത്രത്തിലെ യഥാർത്ഥ കഥകളെക്കുറിച്ചാണ് ഗൗരിയ്ക്ക് ലോകത്തോട് പറയാനുള്ളത്. അതിന് വേണ്ടി അവൾക്ക് സുഭദ്രയും ഇടയ്ക്ക് ഗൗരിയും ആകേണ്ടി വരുന്നു. 

 

വർഷങ്ങൾക്ക് മുൻപെഴുതിയതാണെങ്കിൽപ്പോലും കൃത്യമായ ഗവേഷണവും നിരീക്ഷണവും വിജനവീഥിയുടെ ഏറ്റവും പോസിറ്റീവായ ഘടകമാണ്. സൈക്കോളജി എന്ന വിഷയത്തിൽപ്പോലും അന്നത്തെ ചികിത്സാ രീതിയായ ഷോക്ക് ചികിത്സയെക്കുറിച്ച് പറയുമ്പോൾ തന്നെ അതിന്റെ കാടത്ത നിയമങ്ങളെക്കുറിച്ചും വിദേശ ചികിത്സയുടെ വ്യത്യസ്തതകളെക്കുറിച്ചും എഴുത്തുകാരൻ പരാമർശിക്കുന്നുണ്ട്. ഇത്തരത്തിൽ ഇതിലുന്നയിക്കപ്പെടുന്ന എല്ലാ വിഷയത്തെയും അത്രയും ഗൗരവത്തോടെയാണ് അശ്വതി തിരുനാൾ സമീപിച്ചിരിക്കുന്നത്. അതിനി ചരിത്രമാണെകിലും ശാസ്ത്രമാണെങ്കിലും ക്രൈം ആണെങ്കിലും. പല ജനുസ്സുകളുടെ ഒരു കൂട്ടി ചേർക്കലാണ് പുസ്തകം. ക്രൈം, ഹൊറർ, സൈക്കോളജി, ചരിത്രം, ത്രില്ലെർ, ആത്മീയത എന്നിങ്ങനെ പലതുകൾ വളരെ കൃത്യമായി ലയിച്ചു ചേർത്തിരിക്കുന്നു. എന്നാൽ ലോജിക്കില്ലായ്മ തെല്ലും വായനയിൽ കല്ല് കടിയാവാതെയും എഴുത്തുകാരൻ ശ്രദ്ധിക്കുന്നുണ്ട്. ചരിത്രത്തിന്റെയും കുറ്റകൃത്യത്തിനെയും കൂട്ട് പിടിച്ച് ഭയാനകമായ ഒരന്തരീക്ഷമുണ്ടാക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്. ഗൗരിയ്ക്കുണ്ടാകുന്ന മാനസിക വിഭ്രാന്തിയെ അലൗകികമായ എന്തോ ഒന്നുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുമ്പോഴും അതിനൊക്കെ കൃത്യമായ ഉത്തരങ്ങൾ വായനക്കാർക്ക് നല്കാൻ കഴിയുന്നുണ്ട്. 

 

ചെറിയ രീതിയിലാണെങ്കിലും വിവാദത്തിനും തല വച്ച് കൊടുത്തിട്ടുണ്ട് ഈ പുസ്തകം. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴുമായി ഈ നോവലിനുള്ള ബന്ധം വിസ്മരിക്കാനാകുന്നതല്ല. പലതവണ ഈ വിഷയം ചർച്ചയായിട്ടുണ്ടെങ്കിലും സിനിമയുടെ അണിയറ പ്രവർത്തകർ ഈ ബന്ധം ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാൽ തിന്റെ അനുഭവം വായനക്കാരനുണ്ടാകുന്നുണ്ട്. പുസ്തകത്തിൽ തന്നെ പരിഷ്കരിച്ച പതിപ്പിൽ ഇതിനെക്കുറിച്ച് വ്യക്തമായി എഴുത്തുകാരൻ സംസാരിക്കുന്നുമുണ്ട്. നിരവധി പഠനങ്ങളോടെയാണ് പുതിയ പതിപ്പ് വിജനവീഥി പ്രസാധകർ പുറത്തിറക്കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയെഴുതിയ തിരക്കഥയാണ് വിജനവീഥിയുടെ ആദ്യ രൂപമെന്നു എഴുത്തുകാരൻ പറയുന്നുണ്ട്. പിന്നീട് സിനിമ നടക്കില്ലെന്നായപ്പോൾ അദ്ദേഹം തന്നെ അത് നോവൽ രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തി. എങ്കിലും നോവലിന് ആ തിരക്കഥയുടെ കാഴ്ച സുഖം നഷ്ടമായിട്ടില്ല. ഒരു സിനിമ കാണുന്ന അതെ സുഖത്തിൽ പുസ്തകവും വായിച്ചു പോകാനാകും.  

 

വർഷങ്ങൾക്കു മുൻപ് കുങ്കുമം വാരികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ട വിജനവീഥി ഇപ്പോൾ പുതിയ കാല വായനക്കാരുടെയും അഭിനന്ദനം നേടുകയാണ്. ഏതു കാലത്തായാലും കൃത്യമായ നിരീക്ഷണത്തോടെയെഴുതുന്ന പുസ്തകങ്ങൾ കാലങ്ങൾ കടന്നും ഏറ്റവും പുതുക്കപ്പെട്ടതു എന്ന പോലെ വായിക്കാനാകുമെന്നു വിജനവീഥി സാക്ഷ്യപ്പെടുത്തുന്നു. മലയാള സാഹിത്യത്തിൽ യക്ഷിയ്‌ക്കൊപ്പവും കലികയ്‌ക്കൊപ്പവുമൊക്കെ സ്ഥാനം നൽകേണ്ട ഒന്ന് തന്നെയാണ് വിജനവീഥി. സി വി തന്റെ ചരിത്രാഖ്യായികയിൽ നിന്നും വിട്ടു കളഞ്ഞ വലിയൊരു രഹസ്യത്തെയാണ് അശ്വതി തിരുനാൾ വിജനവീഥിയിലൂടെ പരിചയപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ വായനയ്‌ക്കൊടുവിൽ തിരിച്ചറിവുകളും ഞെട്ടലുമെല്ലാം .വായനക്കാർക്കുണ്ടാകുമെന്നുറപ്പാണ്. 

 

Content Summary: Vijanaveedhi Book by Aswathi Thirunal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com