ADVERTISEMENT

 

കോട്ടയം ജില്ലയിൽ ആര്‍പ്പൂക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മഞ്ചാടിക്കരി എന്ന ഗ്രാമത്തിന്റെ പ്രാദേശിക സാമൂഹിക ചരിത്രമാണിത്. അപ്പർ കുട്ടനാടൻ പ്രദേശമായ മഞ്ചാടിക്കരിയെ മുൻനിർത്തി ഒരു ദളിത് പ്രദേശിക ചരിത്രാഖ്യാനം നടത്തുക എന്നതാണ് ഈ പഠനത്തിന്റെ പ്രാഥമിക ലക്ഷ്യം. മഞ്ചാടിക്കരിയുടെ 1850 മുതൽ 1990 വരെയുള്ള ഭൂതകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൊളോണിയൽ കാലത്തെ സാമൂഹികജീവിതാനുഭവങ്ങളും മിഷനറി പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും ഭൂമിയും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളും, സ്വാതന്ത്ര്യാനന്തരം ദളിതർ നേരിട്ട രാഷ്ട്രീയ–സാമൂഹിക പിന്നോക്കാവസ്ഥകളുമാണ് ഈ പ്രാദേശികചരിത്രത്തിലൂടെ വിവരിക്കാൻ ശ്രമിക്കുന്നത്. ആധുനികവൽക്കരണത്തിന് വിധേയമാകുകയും ആധുനികതയുമായി ക്രിയാത്മകമായി സംവദിക്കുകയും ചെയ്ത ദളിതരുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളെയാണ് ഈ പ്രാദേശിക ഭൂതകാലത്തിൽ പ്രധാനമായും കാണാൻ കഴിയുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രാദേശികമേഖലയിൽ രേഖപ്പെടുത്തപ്പെട്ട ജാതി അനുഭവങ്ങളുടെയും ദളിത് സാമൂഹിക പരിവര്‍ത്തനങ്ങളുടെയും സൂക്ഷ്മചരിത്രത്തെ അവതരിപ്പിക്കാനുള്ള ശ്രമം എന്ന നിലയിലും ഈ പഠനത്തെ കാണാവുന്നതാണ്.

 

കോട്ടയം – വൈക്കം പാതയിലെ കൈപ്പുഴമുട്ടാണ് മഞ്ചാടിക്കരി നിവാസികളുടെ ഏക ബസ്സ്റ്റോപ്പ്. ഇത് മഞ്ചാടിക്കരിയുടെ പടിഞ്ഞാറു ഭാഗമാണ്. കിഴക്കുഭാഗത്താകട്ടെ ചേർത്തല ചീപ്പുങ്കൽ മണിയാപറമ്പ് ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന കേരള വാട്ടർ അതോറിറ്റിയുടെ ട്രാൻസ്പോർട്ട് ബോട്ടുകളെയാണ് പ്രദേശവാസികള്‍ യാത്രയ്ക്കായി ആശ്രയിക്കുന്നത്. പുലയരും ഈഴവരും മാത്രമാണ് മഞ്ചാടിക്കരിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. പ്രധാന റോഡിനു സമീപം, കൈപ്പുഴമുട്ടിൽ നിന്നും തുടങ്ങുന്ന മഞ്ചാടിക്കരി ചിറയുടെ ആദ്യ രണ്ടു കിലോമീറ്ററിനുള്ളിൽ താമസിക്കുന്നത് ഈഴവ വിഭാഗത്തിൽപ്പെട്ടവരാണ്. അതിനു ശേഷമുള്ള പ്രദേശത്തുനിന്നാണ് പുലയവിഭാഗക്കാരുടെ വീടുകൾ ആരംഭിക്കുന്നത്. പുലയർ താമസിക്കുന്ന ഭാഗത്തിന്റെ ഭൂതകാലം മാത്രമാണ് ഈ പഠനത്തിൽ അന്വേഷണവിധേയമാക്കുന്നത്. മഞ്ചാടിക്കരിയിലെ തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകളും കാര്‍ഷിക– മത്സ്യബന്ധന തൊഴിലുകളിലും ആശാരിപ്പണിയിലും ഏർപ്പെട്ടിരിക്കുന്നവരാണ്. ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണ് ഈ പ്രദേശത്ത് താമസിക്കുന്നതിൽ ബഹുഭൂരിപക്ഷവും. ചർച്ച് മിഷനറി പ്രവർത്തകനായ ഹെൻറി ബേക്കർ ജൂനിയർ (1819–1879) 1869–ൽ സ്ഥാപിച്ച (സെന്റ് മൈക്കിൾസ് സി.എസ്.ഐ) പള്ളിയാണ് ഈ പ്രദേശത്തെ ആദ്യ ദേവാലയം. ഏകദേശം എൺപതോളം വീടുകളിലായി നാനൂറോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവരിൽ എൺപത് ശതമാനത്തോളം വരുന്ന ദളിത് ക്രൈസ്തവർ സി.എസ്.ഐ. പെന്തക്കോസ്ത് വിഭാഗങ്ങളിൽ വിശ്വസിക്കുന്നവരാണ്. പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്), സഭാരാജ് തിരുമേനികളുടെ ദ്രാവിഡവർഗ്ഗ ഐക്യമുന്നണി (Dravida Class United Front - DCUF), ഹൈന്ദവവിശ്വാസികൾ എന്നിങ്ങനെ വ്യത്യസ്ത ആചാര–മത സങ്കൽപങ്ങളിൽ വിശ്വസിക്കുന്നവരാണ് ബാക്കിവരുന്ന മഞ്ചാടിക്കരി നിവാസികൾ.

 

അധ്യായങ്ങൾ

ഈ പഠനത്തിലെ ഒന്നാമത്തെ അധ്യായം അന്വേഷിക്കുന്നത് മഞ്ചാടിക്കരി എന്ന ആവാസയിടത്തിന്റെ നിർമ്മിതിയുടെ ചരിത്രമാണ്. കൊളോണിയൽ കാലത്ത് അവിശുദ്ധഭൂമി സങ്കൽപ്പത്തിലായിരുന്ന ചതുപ്പ് പ്രദേശത്തിൽ എത്തപ്പെട്ട പുലയ അടിമകളുടെ ജീവിതത്തെക്കുറിച്ചുള്ള വാമൊഴികളെ പിന്തുടര്‍ന്നുകൊണ്ട് ആവാസചരിത്രത്തെക്കുറിച്ചുള്ള ചർച്ചയാണ് ഒന്നാമത്തെ അധ്യായത്തിൽ നടത്തുന്നത്. അടിമകളുടെ ഒളിച്ചോട്ടവും കാർഷിക അടിമകളുടെ കുടിയിരുത്തലുമാണ് പ്രധാനമായും വികസിക്കപ്പെടുന്ന സാമൂഹിക അനുഭവങ്ങൾ.

 

രണ്ടാമത്തെ അധ്യായത്തിൽ മിഷനറി പ്രസ്ഥാനത്തിലേക്കുള്ള പ്രയാണവും കൊളോണിയൽ ആധുനികതയുടെ ഇടപെടലുമാണ് വിശകലനം ചെയ്യുന്നത്. മൂന്നാമത്തെ അധ്യായത്തിൽ പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച പ്രസ്ഥാനത്തിനോടും പി.ജെ. സഭാരാജ് തിരുമേനി ആരംഭിച്ച പ്രസ്ഥാനത്തിനോടും എങ്ങനെയെല്ലാമാണ് മഞ്ചാടിക്കരി നിവാസികള്‍ പ്രതികരിച്ചതെന്ന അന്വേഷണമാണ് നടത്തുന്നത്. അതോടൊപ്പം പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾ മഞ്ചാടിക്കരിയിൽ എത്തിച്ചേർന്നതിന്റെ ചരിത്രവും ഈ അധ്യായത്തിൽ പരിശോധിക്കുന്നു. നാലാം അധ്യായത്തിൽ കേരള സംസ്ഥാന രൂപീകരണാനന്തരം ഉണ്ടായ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനങ്ങളെയും നക്സൽപ്രസ്ഥാനത്തിന്റെ ഇടപെടലുകളെയും സി.എസ്.ഐ. സഭയുടെ മേൽനോട്ടത്തിൽ മഞ്ചാടിക്കരിയിൽ എത്തിച്ചേർന്ന ഒരു എൻ.ജി.ഒ. യുടെ പ്രവർത്തനങ്ങളെയുമാണ് മനസ്സിലാക്കാൻ ശ്രമിക്കുന്നത്. അവസാന അധ്യായം ഉപസംഹാരമാണ്.

 

അധ്യായങ്ങളിലേക്ക് കടക്കുംമുമ്പ് ചില പരിമിതികള്‍കൂടി പറഞ്ഞുകൊള്ളട്ടെ. മഞ്ചാടിക്കരി നിവാസികളുടെ വർത്തമാനകാല ജീവിതക്രമങ്ങൾ വിവരിക്കാതെ ആ പ്രദേശത്തിന്റെ ഭൂതകാല അനുഭവങ്ങൾക്കാണ് ഈ പഠനം മുൻഗണന നൽകിയിരിക്കുന്നത്. മാത്രമല്ല മനുഷ്യരുടെ സാമൂഹിക അനുഭവങ്ങളെ ചരിത്രവൽക്കരിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാവിധ പോരായ്മകളും ഈ പഠനത്തിൽ ഉണ്ടാകാം. ഈ പ്രാദേശിക ചരിത്രം സമ്പൂർണ്ണ ചരിത്രമാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. പുതിയ സ്രോതസ്സുകൾ കണ്ടെടുക്കുമ്പോൾ, രീതിശാസ്ത്രങ്ങളിൽ ടെക്നോളജിയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഇതില്‍ അവതരിപ്പിച്ച ചില നിമിഷങ്ങൾക്കു മുൻപിൽ ആശ്ചര്യചിഹ്നങ്ങൾ വന്നെന്നിരിക്കാം.

 

Content Summary: Manchadikkari Olichottathinte Vimochana Daivasasthram Book by Vinil Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com