മൃതദേഹം പറഞ്ഞ കഥകളിൽ ചുരുളഴിഞ്ഞ രഹസ്യങ്ങൾ

bookreview-bodylab-portrait
SHARE
രജദ് ആർ.

ഡിസി ബുക്സ്

വില 280 രൂപ

ഒരു ത്രില്ലറെഴുത്തുകാരൻ ഡോക്ടർ കൂടിയായാൽ എങ്ങനെയിരിക്കും? ഒരു പ്രഫഷനിലെ വിഷയങ്ങളെക്കുറിച്ച് ഏറ്റവും നന്നായി പറയാനാകുന്നത് അതേ ജോലി ചെയ്യുന്നവർക്കാണ്. അതുകൊണ്ടു തന്നെയാണ് രജദ് ആർ, ഫൊറൻസിക്കും ആശുപത്രിയുമൊക്കെ എഴുതുമ്പോൾ അതിനു പ്രാധാന്യം കൂടുന്നതും. രജദിന്റെ ഏറ്റവും പുതിയ നോവലാണ് ബോഡി ലാബ്. മെഡിക്കൽ കോളജിലെ അനാട്ടമി പ്രഫസറായ എഴുത്തുകാരൻ എഴുതുന്നത് തനിക്കേറ്റവും പരിചിതമായ മേഖലകളെപ്പറ്റിയാണ്.

‘‘സംഭാഷണങ്ങൾ നിലയ്ക്കട്ടെ

ചിരികൾ അപ്രത്യക്ഷമാകട്ടെ

എന്തെന്നാൽ

ഇത് മരിച്ചവർ ജീവിച്ചിരിക്കുന്നവരെ

സഹായിക്കുന്നതിൽ

ആഹ്ലാദിക്കുന്നയിടമാവുന്നു...’’

കേൾക്കുമ്പോൾത്തന്നെ ഭീതി നിറഞ്ഞ ഒരു സിനിമ രംഗം ഓർമ വരും. ദ് ഓട്ടോപ്സി ഓഫ് ജെയിൻ ജോൺ എന്ന ഹൊറർ ചിത്രത്തിൽ സുന്ദരിയായ ഒരു സ്ത്രീശരീരം തീർത്തും നഗ്നമായി കിടക്കുന്നതും അവളെ ഓട്ടോപ്സി ചെയ്യാൻ വരുന്ന ഡോക്ടർ അനുഭവിക്കുന്ന  അസ്വാഭാവികവും ഭീതിജന്യവുമായ കാഴ്ചകളും ഓർക്കും. മരിച്ചവർ തങ്ങളുടെ മരണത്തിന്റെ കാരണം മറ്റൊരാളോട് പറയാൻ സാധിക്കാതെ എത്രത്തോളം വീർപ്പു മുട്ടുന്നുണ്ടാകും? അസ്വാഭാവികമായ എത്രയോ മരണങ്ങൾക്ക് കാവലിരുന്ന മനുഷ്യർ, ശരീരം കീറി മുറിച്ച ഡോക്ടർമാർ, ഇവരുടെയൊക്കെ കാഴ്ചയിലേക്ക് മരണത്തിന്റെ ഉത്തരം നീട്ടാനുള്ള ഒരു ദീർഘദൂര ഓട്ടം ഏതെങ്കിലും മരണപ്പെട്ടവർ ചെയ്തിരിക്കുമോ? കേൾക്കുമ്പോൾ ഒരു സൂപ്പർനാച്ചുറൽ സിനിമയിലെ ഡയലോഗ് പോലെ തോന്നുമെങ്കിലും ഒരുപക്ഷേ ഓരോ മരണവും അതിന്റെ കാരണം ആരുടെയെങ്കിലുമൊക്കെ മുന്നിൽ വെളിപ്പെടാൻ ആഗ്രഹിച്ചിരിക്കണം. അങ്ങനെയൊന്നായിരുന്നു ഡോക്ടർ അഹല്യയ്ക്ക് ലഭിച്ച ശരീരത്തിന്റേതും. 

ഓസ്റ്റിയോജെനിസിസ് ഇമ്പെർഫെക്ട എന്ന അസുഖത്തോടെയാണ് ഡോക്ടറായ അഹല്യ ജനിച്ചത്. അസ്ഥികൾ ദുർബലമാക്കപ്പെട്ട, വീണാൽ ഒടിഞ്ഞു പോകാവുന്ന ബലമുള്ള ഒരു പെൺകുട്ടി അവളുടെ ജീവിതത്തിൽ എത്ര മാത്രം പരിഹാസങ്ങളും അപമാനങ്ങളും സഹിക്കേണ്ടി വന്നിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാത്തിനെയും അതിജീവിച്ച് അവൾ എംബിബിഎസ് പാസായി, പി ജി എടുക്കണമെന്ന അടുത്ത ലക്ഷ്യത്തിനിടയിൽ ഡികെ മെഡിക്കൽ കോളജിലെ ഡിസക്‌ഷൻ ലാബിൽ ട്യൂട്ടറായി അവൾക്കെത്തേണ്ടി വന്നു. അവിടെ വച്ച് ഡിസക്‌ഷനായി തന്റെ മുന്നിലെത്തിയ ശരീരത്തിലെ അസ്വാഭാവികമായ മാറ്റങ്ങൾ കണ്ടു അവൾക്ക് ഭീതി പെരുക്കുന്നുണ്ട്. അസുഖ ബാധിതയായി മരിച്ച സ്ത്രീ മെഡിക്കൽ കോളജിന് വിട്ടു നൽകിയ കഡാവർ (മൃതശരീരം) വർഷങ്ങൾക്കു ശേഷമാണ് അധികൃതർ എടുക്കുന്നത്. എന്നാൽ വർഷങ്ങൾക്കു മുൻപ് മരണപ്പെട്ട ആ സ്ത്രീയുടെ രഹസ്യങ്ങൾ അഹല്യയിലൂടെ തുറക്കപ്പെടുകയാണ്. 

എഴുത്തുകാരൻ അനാട്ടമി പ്രഫസർ ആയതിന്റെ എല്ലാ ഗുണങ്ങളും നോവലിനുണ്ട്. ഒരു ശരീരത്തെ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എടുക്കുമ്പോൾ ആ ശരീരത്തെ എങ്ങനെ ജീവനുള്ള ഒരാൾ കാണണം, ബഹുമാനിക്കണം എന്ന് തുടങ്ങി ശരീരത്തിന്റെ ഭാഗങ്ങൾ എങ്ങനെ കീറി മുറിയ്ക്കണം, അവിടെ എന്താണ് സംഭവിക്കുന്നത് തുടങ്ങിയ സാങ്കേതിക വിശദീകരണങ്ങളും പുസ്തകത്തിൽ നൽകിയിട്ടുണ്ട്. തീർച്ചയായും ഒരു പുസ്തകത്തിൽനിന്ന് അറിവുകൾ സ്വന്തമാക്കാനാഗ്രഹിക്കുന്ന വായനക്കാർക്ക് ബോഡി ലാബ് മികച്ച പാഠപുസ്തകം തന്നെയാകുന്നുണ്ട്. 

ഭീതിയും നിഗൂഢതയും ഒരുപോലെ വലയം ചെയ്തിരിക്കുന്ന കഥാ പരിസരമാണ് ബോഡി ലാബിനുള്ളത്. ഡികെ മെഡിക്കൽ കോളജിലേക്ക് അഹല്യ ടാക്സി കാറിൽ വന്നിറങ്ങുമ്പോഴുള്ള വിവരണം തന്നെ ഈ നിഗൂഢതയെ ആഴത്തിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. "ചായയും ചെറുകടികളും ബക്കറ്റും തോർത്തും മെഡിക്കൽ ബുക്‌സും വെള്ളക്കോട്ടുമെല്ലാം വിചിത്രമായി പ്രദർശിപ്പിച്ചിരിക്കുന്ന കട", കഴിഞ്ഞാണ് അൻപതേക്കറോളം വേലി കെട്ടിത്തിരിച്ചിരിക്കുന്ന മെഡിക്കൽ ക്യാംപസിലേക്കു കയറേണ്ടത്. ചുറ്റും കാട് നിറഞ്ഞ ഭീതിദമായ അന്തരീക്ഷത്തിൽ എവിടെ നിന്നോ ഒരു ഭീകര സത്വം കണക്കെ ഒരു വന്യജീവി പാഞ്ഞു വരുന്നു. എന്നാൽ അത് ക്യാംപസ് പരിസരത്ത് വളർത്തുന്ന അമ്മു എന്ന എമു ആയിരുന്നു എന്നറിയുമ്പോൾ വായനക്കാരൻ അമ്പരക്കും. ഇത്തരം ജീവികളുടെ ഒരു ഫാം തന്നെ കോളജ് പരിസരത്ത് പ്രവർത്തിക്കുന്നുമുണ്ട്. സന്ധ്യകളിൽ അവിടേയ്ക്കും അവിടെനിന്നു തിരികെയുമുള്ള യാത്രകളിൽ അഹല്യ അതിനിഗൂഢമായ ഒരു മനുഷ്യനെയും പരിചയപ്പെടുത്തുന്നുണ്ട്. തന്റെ മുന്നിൽ നിശ്ചലമായി കിടക്കുന്ന സ്ത്രീശരീരത്തെക്കറിച്ചുള്ള അജ്ഞാതമായ പല ചോദ്യങ്ങൾക്കും അവൾക്ക് ഉത്തരം ലഭിക്കുന്നതും അയാളിൽനിന്നു തന്നെയാണ്. 

ഫാസ്റ്റ് പേസ് ആയ ഒരു ത്രില്ലർ വായനയല്ല ബോഡി ലാബ്. പക്ഷേ വായനയിൽ അഹല്യയെയും അവൾ സഞ്ചരിക്കുന്ന ഓരോ വഴികളെയും കുറിച്ചു കൃത്യമായ അനുഭവം എഴുത്തുകാരൻ ഉണ്ടാക്കിത്തരുന്നുണ്ട്. അത്രയും ഡീറ്റെയിലിങ് ഉള്ള, സാഹിത്യ ഗുണം ചോരാതെയുള്ള എഴുത്തു രീതിയിലാണ് ബോഡി ലാബ് എഴുതപ്പെട്ടിരിക്കുന്നത്. മലയാള ക്രൈം ഫിക്‌ഷൻ ശാഖയിൽ, അതും വളരെ താമസിച്ച് ട്രെൻഡായി മാറിയ ഒരു സാഹിത്യ ഇടത്തിൽ പെട്ടെന്നു തന്നെ കുതിച്ചു കയറാനുള്ള വഴികളാണ് ഓരോ എഴുത്തുകാരനും അന്വേഷിക്കേണ്ടത്. ലിറ്റററി ഫിക്‌ഷൻ, ക്രൈം ഫിക്‌ഷൻ എന്നിങ്ങനെയുള്ള അതിരുകളില്ലാത്ത വിദേശ സാഹിത്യ രംഗത്ത് ഒരുപോലെ ഇവ രണ്ടും വായിക്കപ്പെടുന്നുണ്ട്. ട്രെൻഡി ആയി അതിൽ ഇടപെടുക എന്നതാണ് എഴുത്തുകാരന് ചെയ്യേണ്ടതായുള്ളത്. ഡോക്ടർ രജദും ആ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നതും. മലയാള അപസർപ്പക സാഹിത്യ രംഗത്ത് ബോഡി ലാബ് വളരെ മികച്ച ഒരു പരീക്ഷണം തന്നെയാണെന്ന് പറയാം. അതുകൊണ്ടു തന്നെയാണല്ലോ ഒരു മാസം തികയും മുൻപ് പുസ്തകം അതിന്റെ രണ്ടാമത്തെ എഡിഷനിലേക്കു കടന്നതും.

Content Summary: Malayalam Book Review - Body Lab Book By Rajad R

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA