ADVERTISEMENT

ലോകമെന്ന അരങ്ങിലെ ജീവിത നാടകത്തെ ഷേക്‌സ്പിയർ ഏഴു രംഗങ്ങളായി വിഭജിച്ചപ്പോൾ കൗമാരത്തെ പുകയുന്ന ചൂളയോടാണ് ഉപമിക്കുന്നത്. നെടുവീർപ്പുകളുടെ കാലം. പ്രണയഭാജനത്തിന്റെ പുരികക്കൊടിയെക്കുറിച്ച് വിഷാദഗാനങ്ങൾ മൂളി നടക്കുന്ന കാലം. ഏറ്റവും ദൈർഘ്യമേറിയതും ഒറ്റപ്പെട്ടതുമായ കാലം. ആ കാലത്തിന്റെ ചുഴികൾക്കും മലരികൾക്കും സമാനതകളില്ല. മനുഷ്യരും അടിസ്ഥാന വികാരങ്ങളും എന്നും എല്ലായിടത്തും സമാനമങ്കിൽക്കൂടി ആൺ, പെൺ ജീവിതം ഏറ്റവും വ്യത്യസ്തവും സമാന്തരവുമായി സഞ്ചരിക്കുന്നതും കൗമാരത്തിൽതന്നെയാണ്. വിശ്വമഹാകവിയുടെ വരികൾ ഇന്നു വായിക്കുമ്പോൾ പൊളിറ്റിക്കലി കറക്ട് അല്ലെന്നു പറയാം. പുകയുന്ന ചൂളയായി അദ്ദേഹം കണ്ടത് ആൺ മനസ്സാണ്. പെൺകുട്ടി സ്‌നേഹിക്കപ്പെടുന്നവളും ആരാധിക്കപ്പെടുന്നവളുമാണ്. അവളുയരത്തിലാണ്. അവന്റെ സ്‌നേഹം അറിയാതെ മറ്റൊരു ലോകത്തിൽ സന്തോഷത്തോടെ ജീവിക്കുന്ന അവൾ. മാതാപിതാക്കളും സഹോദരൻമാരും സൃഷ്ടിക്കുന്ന സുരക്ഷിതത്വത്തിന്റെ ഒരു വേലിക്കെട്ടിനുള്ളിലായിരിക്കും അവൾ. എന്നാൽ അവർക്കാർക്കും സമീപിക്കാൻ കഴിയാത്ത മാനസിക ലോകമുണ്ട്. ആശങ്കകളുടെയും ആകാംക്ഷകളുടെയും ഏകാന്ത ദുഖത്തിന്റെയും ലോകം. എന്നാൽ, ആ ലോകവും വിഹ്വലതകളും അധികമൊന്നും  സാഹിത്യത്തിൽ പ്രതിഫലിക്കപ്പെട്ടിട്ടില്ല. ഫെമിനിസത്തിന്റെയും പെണ്ണെഴുത്തിന്റെയും ധീരമായ കാലത്തും പര്യവേക്ഷണം ചെയ്യപ്പെടാത്ത ലോകമായി അതു നിലകൊള്ളുന്നു. മുതിർന്നതിനുശേഷമുള്ള സ്ത്രീയുടെ ലോകം ഇത്തവണ നൊബേൽ സമ്മാനം നേടിയ ആനി എർനോയെപ്പോലുള്ളവർ തുറന്നുകാണിച്ചിട്ടുണ്ട്. കമലാ ദാസ് ഏതാനും കവിതകളിൽ പെൺമനസ്സിന്റെ കൗമാര വിക്ഷുബ്ധതകൾ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ വീടിനെക്കുറിച്ചു പറയുമ്പോൾ അവർ ചോദിക്കുന്നുണ്ട്... ഒരിക്കൽ ഞാൻ സ്‌നേഹിക്കപ്പെട്ടെന്നും ആ സ്നേഹത്തിൽ അഭിമാനിച്ചിരുന്നെന്നും നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോയെന്ന്. അതേ,  ഇന്ന് അപരിചിതരുടെ വാതിലുകളിൽ സ്‌നേഹത്തിന്റെ ചില്ലറകൾക്കു വേണ്ടി യാചിക്കുന്നുവെന്നും. വഴിതെറ്റി അലയുന്നുവെന്നും. പുതിയ തലമുറ മറവുകളും തിരശ്ശീലകളുമില്ലാതെ, കൗമാരത്തിന്റെ പെൺമനസ്സിനെ തുറന്നുകാട്ടുന്നതുവരെ ആൺ മനസ്സിനെ വായിക്കാം. നന്ദന്റെ മനം എന്ന നോവലും. ദ് ക്രോണിക്ക്ൾ ഓഫ് എ മാസ്റ്റർബേറ്റർ എന്നാണു  ഉപശീർഷകം.

ഏഴാം ക്ലാസ്സിലാണ് നോവൽ തുടങ്ങുന്നത്. കോളജിൽ പഠിച്ചുകൊണ്ടിരിക്കെ മറ്റൊരു കോളജിൽ നടക്കുന്ന യുവജനോത്സവ വേദിയിൽ അവസാനിക്കുന്നു. മഴ നനഞ്ഞു തിരിച്ചു മുറിയിലെത്തി ഷവറിനു കീഴിൽ നിന്ന് വയലറ്റ് ഇലകളുള്ള മരങ്ങൾക്കിടയിലേക്കു നഗ്നനായി നടക്കുമ്പോൾ അവസാനിക്കുന്ന കൗമാര ചരിതം.

എഡിറ്റുകളില്ലാത്ത, കട്ടില്ലാത്ത ഡോക്യുമെന്ററിയോടാണ്  നോവലിന് കൂടുതൽ അടുപ്പം. രംഗങ്ങളായി വിഭജിച്ചാൽ വേഗത്തിൽ ഒരു തിരക്കഥയാക്കാവുന്ന എഴുത്ത്. സാഹിത്യത്തേക്കാൾ ദൃശ്യഭാഷയോട് അടുത്തുനിൽക്കുന്ന അവതരണം.

ആൺ മനസിന്റെ വൈകാരിക ലോകത്തെ അടുത്തുനിന്നും സഹാനുഭൂതിയോടെയും കാണാനാണ് നന്ദൻ ശ്രമിക്കുന്നത്. അടുത്ത ഒരു സുഹൃത്ത് സമാനഹൃദയമുള്ള വ്യക്തിയോട് പറയുന്ന രീതിയിൽ. ആത്മഗതം തന്നെ. പെൺകുട്ടികളുണ്ടെങ്കിലും അവരോട് അടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് നിരാശയിൽ വീഴാനുമാണ് യോഗം. എന്നാൽ, പെൺകുട്ടികളുടെ കാഴ്ചയും വികാര വിചാരങ്ങളും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഏകപക്ഷീയം എന്നു വിശേഷിപ്പിക്കാം.

അപൂർവം ചിലരെ ഒഴിച്ചാൽ, ഏതൊരു വ്യക്തിക്കും ഈ ലോകവുമായി വേഗം താദാത്മ്യപ്പെടാൻ കഴിയും. ഇന്നിപ്പോൾ ഗൃഹാതുരതയോടെ ഓർമിക്കുന്ന, പോയ കാലത്തിന്റെ കഠിന നിമിഷങ്ങൾ. ആദ്യ പ്രണയങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങൾ. ഒളിച്ചുകടത്തിയ കഥകളിൽ നിന്നു പകരുന്ന വൈകാരിക തൃഷ്ണകളും ശരീരത്തിന്റെ ശമനമില്ലാത്ത വിശപ്പും. അതോ, ആത്മാവിന്റെ വിലാപമോ.

തെന്നിയും തെറിച്ചം സ്‌നേഹിച്ചും പരാജയപ്പെട്ടും ചിലർ മുന്നോട്ടുപോകുന്നുണ്ടെങ്കിലും  അഖിലിനെപ്പോലെയുള്ളവർ കൗമാരം എന്ന യുദ്ധക്കളത്തിൽ ആയുധം താഴെവച്ച് കീഴടങ്ങുന്നുണ്ട്. മറ്റെല്ലാവർക്കുമൊപ്പം സാധാരണ ജീവിതം ജീവിക്കുന്ന അവൻ എത്ര പെട്ടെന്നാണ് വിഷാദത്തിലേക്കും നിരാശയിലേക്കും ഒറ്റപ്പെടിലലേക്കും  വീടിന്റെ സങ്കടക്കാഴ്ചയായും മാറുന്നത്. കൃത്യമായി അവനെ സന്ദർശിക്കാനാവുന്നില്ല. അവന്റെ സങ്കടം അറിയാനാവുന്നില്ല. ഒറ്റപ്പെടൽ മാനസിക അസ്വസ്ഥതയാണെന്ന നിഗമനത്തിലേക്കു നീങ്ങുമ്പോൾ അവനു ചാർത്തിക്കിട്ടന്നത് ബൈപോളാർ ഡിസീസിന്റെ മുഖാവരണമാണ്. എന്നാൽ മരുന്നുകൾ പുരുഷത്വത്തെ തളർത്തുമ്പോൾ അഖിൽ സങ്കടത്തേക്കാൾ നിരന്തരമായ അസ്വസ്ഥതയാകുന്നു.

മനമോടാത്ത കുമാർഗമില്ലെടോ എന്ന് കവി എഴുതിയത് എന്നും എല്ലാക്കാലത്തിനും യോജിക്കുമെങ്കിലും കൗമാരത്തിന്റെ അനാഥത്വമാണ് കുമാർഗങ്ങളുടെ ഏറ്റവും വലിയ വിളനിലം. അതൊരു കൊടുംകാടാണ്. അവിടെ നിന്ന് പരുക്കില്ലാതെ രക്ഷപ്പെടുന്നുവർ മനം എഴുതാൻ അവശേഷിക്കുന്നു. വീണും മുറിവേറ്റും പിടഞ്ഞും ചതഞ്ഞും ഒരിക്കലും രക്ഷപ്പടാനാവാത്ത ഭിന്നശേഷിയുമായി അഖിലിനെപ്പോലുയള്ളവർ നിശ്ശബ്ദമായി നിലവിളിക്കുന്നു.

അവനോട് എങ്ങനെയാണതു പറയുക.

പറയാതിരിക്കുന്നത് അതിലും വലിയ തെറ്റല്ലേ. ആ മരുന്ന്. അത് അവനെ ഇല്ലാതാക്കുമെന്ന് എങ്ങനെയാണു പറയുക. അവനു വേണ്ടത് സൗഹൃദമാണ്. സ്‌നേഹമാണ്. സ്‌നേഹത്തോടെ തോളിൽ കയ്യിടുമ്പോൾ ചിരിക്കുന്ന ആ മുഖം. എല്ലാ വേദനകളെക്കിറിച്ചും പറഞ്ഞുകഴിയുമ്പോൾ ഭാരം ഇറക്കിവച്ചതുപോലുള്ള ഭാവം. നീ... ഒറ്റയ്ക്കല്ല. നിന്നെപ്പോലെതന്നെയാണ് ഞാനും. ചൂള പോലെ ഇതാ ഇന്നും എരിയുന്നു. കൗമാരം പോയ്മറഞ്ഞിട്ടും നെടുവീർപ്പുകൾ അവസാനിച്ചിട്ടില്ലല്ലോ. ഏകാന്ത സ്വപ്‌നത്തിൽ മാത്രം കണ്ട പുരികക്കൊടികളെക്കുറിച്ചെഴുതിയ കവിതകൾ മാത്രം ഒരു സമാഹാരമാക്കാനുണ്ട്. എഴുതിയ എല്ലാ കവിതകളിലും ദുഖം മാത്രമാണല്ലോ. വിഷാദം മാത്രമാണല്ലോ ശ്രുതിയിടുന്നത്. ഒറ്റയ്ക്കാണു ഞാനും. ഈ കൊടുംകാട്ടിൽ തീർത്തും ഒറ്റയ്ക്ക്.

മുന്നിലെ നിരയുടെ ഓറഞ്ച് നിറം അകലേക്ക് തീയെന്നപോലെ പടർന്നു. ശാഖകളിൽ ഇളംനീല നിറത്തിൽ പൂക്കൾ വിരിഞ്ഞു. മരങ്ങൾക്കിടിയിലൂടെ ഞാൻ മുന്നോട്ടുനടന്നു....അതോ പിന്നോട്ടോ....

Content Summary : Book Manam: The Chronicle of a Masturbator by Nandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com