ഇന്നലെകളെക്കുറിച്ച് ആലോചിക്കൂ, ഇന്നെത്ര ദരിദ്രരാണെന്നു തിരിച്ചറിയു

book-review-indraneelam-portrait
SHARE
കെ.കെ. മേനോൻ

സുജിലി പബ്ലിക്കേഷൻസ്

വില 140 രൂപ

ഓരോ മനുഷ്യനും ഓരോ പുസ്തകമാണ്. ഇതിഹസത്തോളം വലുതും വിപുലവും സംഭവബഹുലവുമായ പുസ്തകം. ജീവിതയാത്രയിൽ ആ പുസ്തകം ഇടയ്ക്ക് പിന്നിലേക്കു മറിക്കുന്നു. ചില അധ്യായങ്ങൾ വായിക്കുന്നു. ഒരു വാക്കോ വാചകമോ പോലും മാറ്റിയെഴുതാൻ പറ്റാത്ത താളുകൾ. ദുഖവും വേദനയും തോന്നാം. പശ്ചാത്താപവും പ്രയശ്ഛിത്തവും. കറ്റബോധം. ഇടയ്‌ക്കെങ്കിലും അഭിമാനം. വിഷാദം കലർന്ന സ്‌നേഹം. ഒരാൾക്കും നിരന്തരം ജീവിതപുസ്തകം വായിച്ചിരിക്കാൻ സാധിക്കില്ല. തുടർച്ചയായി വായിച്ചുകൊണ്ടിരിക്കുന്നതു ജീവിതവുമല്ല. ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇടയ്ക്ക് വായിക്കാതിരിക്കാനും കഴിയില്ല. ഇടവേളകളിലെ വായനയും അല്ലാത്തപ്പോഴുള്ള ജീവിതവുമാണ് പലരുടേതും. ഓർമകൾ എത്ര സമ്പന്നവും സംഭവബഹുലവുമാണെങ്കിലും മനസ്സിൽത്തന്നെ ഉദിച്ചസ്തമിക്കാനാണ് പലപ്പോഴും വിധി. എന്നാൽ അപൂർവം ചിലപ്പോൾ ചില ഓർമകളെങ്കിലും ചിലർ എഴുതുന്നു. അവ ഏതൊക്കെയോ തലങ്ങളിൽ ആരെയെക്കെയോ സ്പർശിക്കുന്നു. ഓർമകളിലേക്ക് സഞ്ചരിച്ചും പുനരാവിഷ്‌കരിച്ചും കെ.കെ.മേനോൻ എഴുതിയ ഇന്ദ്രനീലം എന്ന പുസ്തകം ഓർമകളിൽ നിന്നാണു തുടങ്ങുന്നത്. ജീവിതത്തിൽനിന്നും. അപ്രവചനീയമായ വഴികളിലൂടെ സഞ്ചരിക്കുന്ന പുസ്തകം ജീവിതത്തിലെ ചില തിളങ്ങുന്ന ഏടുകൾ രസകരമായ ഭാഷയിൽ അവതരിപ്പിക്കുന്നു. സ്വന്തം ജീവിതവും പരിചിതരുടെ ജീവിതങ്ങളും ഓർമിപ്പിക്കുന്നു. ജീവിച്ചതും ജീവിക്കാൻ ആഗ്രഹിച്ചതും സ്വപ്‌നങ്ങളിൽ മാത്രം കണ്ടതുമായ നിമിഷങ്ങളെ വിലപ്പെട്ടതാക്കുന്നു.

ഇന്നലെകളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് നാം ഇന്നെത്ര ദരിദ്രരാണെന്ന് മനസ്സിലാകുന്നത്....പ്രശസ്ത സംവിധായകൻ ജേസി പറഞ്ഞ വാക്കുകൾ ഈ പുസ്തകത്തിന്റെ മുഖക്കുറി മാത്രമല്ല ഉള്ളടക്കം പോലുമാണ്. ഓരോ നിമിഷവും അതറിഞ്ഞുകൊണ്ടിരിക്കെത്തന്നെ ഭൂതകാലമായി മാറുകയാണ്. നോക്കിയിരിക്കെ മാഞ്ഞുപോകുന്ന മഴവില്ല് പോലെ. എണ്ണമറ്റ നിമിഷങ്ങളിൽ ചിലതു മാത്രം കാലത്തിൽ കൊത്തിവച്ചതുപോലെ മനസ്സിൽ അവശേഷിക്കുന്നു. പിൽക്കാല വായനയ്ക്കും പുനർജീവിതത്തിനും വേണ്ടി.

ഓർമകളിൽ നിന്നു തുടങ്ങി ഓർമകളിൽ അവസാനിക്കാതെ ഇന്ദ്രനീലം അദ്ഭുതകരമായ കഥകളിലേക്ക് നയിക്കുന്നു. വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുത്തുന്നു. വിചിത്രമായ സംഭവങ്ങളിലേക്ക് ആനയിക്കുന്നു.  നോവൽ പോലെയോ കഥ പോലെയോ വായിക്കാവുന്ന സംഭവങ്ങൾക്ക് കാൽപനിക ചാരുതയുണ്ട്. അവ ചില സിനിമകളെ ഓർമിപ്പിക്കുന്നു. കണ്ടതോ കാണാൻ കൊതിച്ചതോ ആയ സിനിമകളെ. അവയിൽ പാട്ടുകളുണ്ട്. സംഘട്ടന രംഗങ്ങളുണ്ട്. വൈകാരിക രംഗങ്ങളുണ്ട്. സംഘർഷങ്ങളും ചിരിയും കരച്ചിലുമുണ്ട്.

പീരുമേട്ടിൽ എസ്റ്റേറ്റ് മാനേജരായി ജീവിതം തുടങ്ങി സംഗീത മേഖലയിൽ എത്തിയ കെ.കെ. മേനോൻ മനസ്സ് തുറക്കുമ്പോൾ പ്രശസ്തരായ ചില വ്യക്തികളുടെ അറിയപ്പെടാത്ത ജീവിതം കൂടി ഇതൾവിരിയുന്നു. നടൻ എന്ന നിലയിൽ മാത്രം ഇന്നും ഓർമിക്കപ്പെടുന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ സംഗീത സംവിധായകൻ എന്ന നിലയിലുള്ള ആദ്യകാല കരിയർ. ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി എന്നിവർക്കൊപ്പമുള്ള അവിസ്മരണീയ നിമിഷങ്ങൾ. താങ്ങും തണലുമായ, സ്‌നേഹിച്ചും വേദനിപ്പിച്ചും കടന്നുപോയ എണ്ണമറ്റ സ്ത്രീപുരുഷൻമാർ. അവരിൽ പ്രശസ്തരുണ്ട്. അജ്ഞാതരുണ്ട്. കാലപ്രവാഹത്തിൽ മറഞ്ഞുപോയവരുണ്ട്. ഓർമകളിൽ പുനർജനിക്കുമ്പോൾ മായികമായ ശോഭയോടെ അവർ നമ്മോടു സംസാരിക്കുന്നു.

മഞ്ഞുമലയിലെ ആ രാത്രി എന്ന അധ്യായം ജീവിതത്തിലെ വിചിത്രമായ ഒരു അനുഭവത്തെക്കുറിച്ചാണ്. എസ്‌റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ ഒരു അപകടത്തെക്കുറിച്ച്. കഷ്ടിച്ചു രക്ഷപ്പെട്ടതിനെക്കുറിച്ച്. എല്ലാവരും ഭയന്നുപിൻമാറിയപ്പോൾ സുഹൃത്തായി കൂടെ നിന്ന ഒരു തൊഴിലാളിയെക്കുറിച്ച്. എന്നാൽ, പഴയ കടപ്പാടിന്റെ പേരിൽ അന്നു തന്നെ സഹായിച്ച ആളെത്തേടിയുള്ള യാത്ര വരുത്തിവയ്ക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച്. എല്ലാ കടപ്പാടും വീട്ടപ്പെടാനുള്ളതല്ല. എല്ലാ സ്‌നേഹവും സാക്ഷാത്കരിക്കാനുള്ളതല്ല. ചിലപ്പോൾ സ്‌നേഹഭംഗം സ്‌നേഹത്തേക്കാൾ ആസ്വാദ്യകരവും അനുഭൂതിദായകവുമാണ്.

സ്പ്‌നങ്ങളിലെ നൊമ്പരങ്ങൾ സൗഹൃദത്തെക്കുറിച്ചാണ്. ചോരപ്പാടുകൾ വീഴ്ത്തി കടന്നുപോയ സുഹൃത്തുക്കളെക്കുറിച്ച്. അപ്രതീക്ഷിതമായി സൗഹൃദം പങ്കുവയ്ക്കാൻ അവർ എത്തിച്ചേർന്നതും അങ്ങനെ സുഹൃദ് ബന്ധത്തിന്റെ ചങ്ങലക്കണ്ണികൾ ജീവിതത്തെ സുദൃഡമാക്കുന്നതിനെക്കുറിച്ചും.

Content Summary: Indraneelam Book by K K Menon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS