ADVERTISEMENT

ഒരിക്കൽ വായനക്കാർ ആവേശത്തോടെ ഏറ്റുവാങ്ങിയിരുന്ന സാഹിത്യരൂപമാണ് ഡിറ്റക്ടീവ് നോവലുകളും ക്രൈം ത്രില്ലറുകളും. ട്വിസ്റ്റും ടേണും മർഡർ മിസ്റ്ററിയുമൊക്കെയായി വിൽപനയിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച പുസ്തങ്ങൾ. രഹസ്യങ്ങൾ തേടിയുള്ള സാഹസിക യാത്രകളും ആകാംക്ഷയിലും ഉൽകണ്ഠയിലും കുരുക്കിയിടുന്ന ആഖ്യാന വൈഭവവും. എന്നാൽ പഴയ മട്ടിലുള്ള ഡിറ്റക്ടീവ് സ്റ്റോറികൾക്ക് ഇനിയൊരു ബാല്യമില്ല, ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള ഇന്നും വായിക്കപ്പെടുന്നുണ്ടെങ്കിലും. ഏതു വലിയ രഹസ്യവും അനാവരണം ചെയ്യുന്ന ഉദ്വേഗഭരിത കഥയുടെ അരങ്ങും അണിയറയും സാഹചര്യങ്ങളും കഥാപാത്രങ്ങളുമൊക്കെ മാറിയിരിക്കുന്നു. പുതിയ കാലം ആവശ്യപ്പെടുന്നത് പുതിയ അരങ്ങാണ്. സ്വാഭാവികമായും പുതിയ കഥാപാത്രങ്ങളും കഥയുമാണ് ഇവിടെ ആവശ്യം. അവതരണത്തിൽ ഉൾപ്പെടെ പുതുമകൾ വേണ്ടിയിരിക്കുന്നു. വി.കെ.കെ. രമേഷിന്റെ ‘പിശാചിന്റെ വാരി’ മലയാളത്തിൽ പുതിയൊരു കൈവഴി തുറക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണാത്മക നോവൽ പരമ്പരയിൽ പുതിയൊരു പരീക്ഷണം. ഒപ്പം, മാറിയ ജീവിതത്തെ സൂക്ഷ്മമായി പിന്തുടരുന്ന നിരീക്ഷണങ്ങളും ശൈലിയും. 

 

ഒരർഥത്തിൽ ഇരയുടെ ഇരയാണ് കൊലയാളി. കൊലയാളിയുടെ ഇരയാവട്ടെ, തികഞ്ഞൊരു കൊലയാളിയും. 

ഇങ്ങനെ പറയാൻ കാരണങ്ങളുണ്ട്. 

എല്ലാവരും മനസ്സിലാക്കുന്നതുപോലെ ഇരയല്ല ശരിയായ പീഢനം അനുഭവിക്കുന്നത്. മരിച്ചുകൊടുക്കുമ്പോഴത്തെ വിഷമം മാത്രമാണ് ഇരയ്ക്ക്. സ്വന്തം മരണം അവർ മുൻകൂർ അറിയുന്നില്ല. അതുകൊണ്ടു മരണമുഹൂർത്തം വരെ അവർക്കു ജീവിതത്തിന്റെ കൈ പിടിച്ചു നടക്കാം. കൊലയാളിയുടെ സ്ഥിതി അതല്ല. കൊലപാതകത്തിന് ഭാരമുണ്ടെന്ന് സങ്കൽപിക്കുകയാണെങ്കിൽ, അതു മുഴുവനായും വന്നമരുന്നത് കൊലയാളിയുടെ പിരടിക്കാണ്. കൊല നടന്ന ശേഷവും അതു തുടരുന്നു. ചത്തുപോകുന്നതോടെ ഇര, ലളിതമായി അതിൽ നിന്നു പുറത്തുകടക്കുന്നു. എന്നാൽ കൊലയാളിക്ക് അതിൽ നിന്നു മോചനം കിട്ടുമോ. നിയമത്താൽ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ഒരു ജൻമം മുഴുവൻ അതും പേറി നടന്നേ മതിയാകൂ. ഒരർഥത്തിൽ ഇതാണ് യഥാർഥ ശിക്ഷ. 

 

രോഗം വീൽചെയറിൽ ആക്കിയെങ്കിലും ബുദ്ധിയിൽ ദിവസംപ്രതി വളർന്നുകൊണ്ടിരിക്കുന്ന കേണലും മകളുമാണ് പിശാചിന്റെ വാരിയിലെ മുഖ്യകഥാപാത്രങ്ങൾ.  സാഹസികതകൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന കേണൽ, യുദ്ധ മുഖത്തെന്നപോലെ ദൈനംദിന ജീവിതത്തിലെ ഓരോ നീക്കവും സൂക്ഷ്മമായി, കൃത്യമായി ആസൂത്രണം ചെയ്യുന്നു. എണ്ണയിട്ട യന്ത്രം പോലെ ജീവിതം അറ്റകുറ്റപ്പണി പോലും ആവശ്യമില്ലാതെ അനായാസം മുന്നോട്ടു ചലിക്കുമ്പോഴാണ് മകൾ പരിചരിക്കാനെത്തുന്നത്. എന്നാൽ, ആസൂത്രിതമായ കൊലപാതകത്തിന്റെ മാസ്റ്റർപ്ലാനാണ് മകളെ നയിക്കുന്നത്. അവർക്കുപിന്നിൽ, മരണം എന്ന ക്വട്ടേഷൻ ഏറ്റെടുത്ത  ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനവുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, ഇതുവരെ ഏറ്റെടുത്തതിൽ ഏറ്റവും ലളിതമായ കേസുകളിലൊന്നാണിത്. അത്തരമൊരു സാഹചര്യത്തിലാണ് കേണൽ ജീവിക്കുന്നതും മകൾ തന്നെ കൊലയാളിയാകുന്നതും. ആസൂത്രണ വൈഭവത്തിൽ അവർ ഓരോ നീക്കവും നടത്തുന്നതോടെ, കേണൽ തളരുകയാണ്. സ്വയം കൊലയാളി തന്നെയെങ്കിലും കുറച്ചുകൂടി വലിയ കൊലയാളിക്കും ഇരയായ കേണലിനുമിടെ, അത്രയൊന്നും മന:സാക്ഷിക്കുത്തില്ലാതെ മകൾ പാവ പോലെ ചലിക്കുന്നു. വിവാഹത്തിലെ അസ്വാരസ്യങ്ങൾ കൂടിയാണ് മകളെ കൊലയ്ക്ക് പ്രേരിപ്പിക്കുന്നത്. ഭർത്താവുമായി മാനസികമായി അകന്നെങ്കിലും കേണൽ മരുമകനെ ഇപ്പോഴും ഇഷ്ടപ്പെടുന്നു. അയാളുടെ സാമീപ്യത്തിലല്ലാതെ മകളെ കാണുന്നതു പോലും അദ്ദേഹത്തിന് ഉൾക്കൊള്ളാനാകുന്നുമില്ല. മകളാകട്ടെ, ശരീരവും മനസ്സും മറ്റൊരാൾക്ക് അടിയറ വച്ച് , കേണൽ ഇല്ലാതാകുന്നതോടെ കൈവരുന്ന ഭാരിച്ച സ്വത്തിൽ സുഖലോലുപമായ ജീവിതമാണു സ്വപ്‌നം കാണുന്നത്. ഒപ്പം തനിക്ക് ഒരിക്കലും യോജിച്ചുപോകാനാവാത്ത ഭർത്താവിനോടുള്ള മധുര പ്രതികാരവും. നോവലിലെ മുന്നോട്ടുകൊണ്ടുപോകാൻ പഴയ മട്ടിലുള്ള ഒരു എഴുത്തുകാരന് കഴിയാതെ വന്നേക്കാം. ഇവിടെയാണ് എഴുത്തിലെ പുതിയ ഭാവുകത്വം വി.കെ.കെ. രമേഷിന് തുണയാകുന്നത്. ഭൂതകാലത്തിന്റെ തടവിലല്ല ഈ നോവലിസ്റ്റ്. ആധുനികതയും ആധുനികോത്തരതയുമൊന്നും അദ്ദേഹത്തെ അലട്ടുന്നുമില്ല. ഏറ്റവും പുതിയ തലമുറയ്ക്കുവേണ്ടിയാണ് രമേഷ് എഴുതുന്നത്. വാക്കുകളിൽ അനാവശ്യമായ ഭാരമില്ല. വാചകങ്ങളിൽ സങ്കീർണതയില്ല. ദൃശ്യഭാഷയാണ് അദ്ദേഹത്തിന്റേത്. രംഗങ്ങളായി ഓരോ സംഭവവും നോവലിന്റെ തിരശ്ശീലയിൽ അനാവരണം ചെയ്യപ്പെടുന്നു. വായനക്കാർക്കു വിരസതയില്ല. മാനസികമായി ബുദ്ധിമുട്ടില്ലാതെയും ഭാരമില്ലാതെയും കഥ പിന്തുടരാനാവുന്നു. എന്നാലോ താൽപര്യം ഉണർത്തുന്ന. ഉദ്വേഗം വർധിപ്പിക്കുന്ന ഘടകങ്ങൾ ആവോളമുണ്ടുതാനും. 

 

കഥയേക്കാൾ, കഥാഗതിയേക്കാൾ, ഇവന്റ് മാനേജ്‌മെന്റ് കൗശലത്തിൽ ഇതൾ വിരിയുന്ന കൊലപാതക പ്ലാൻ ആണ് ഇവിടെ പ്രധാന കഥാപാത്രം. എല്ലാ പഴുതുകളും അടച്ചും ഒരു സംശയവും ആർക്കും തോന്നാത്ത രീതിയിലും ആശങ്ക പൂർണമായി ദൂരീകരിച്ചും വിജയത്തിലേക്കു നീങ്ങുന്ന മാസ്റ്റർപ്ലാൻ. 

 

ഈ യുദ്ധത്തിൽ ആർക്കാണു ജയം. ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത കേണലിനോ. അതോ, പരാജയങ്ങൾ അനുഭവിക്കേണ്ടിവരികയും, ധാർമികമായി ഒരിക്കലും നീതീകരിക്കാനാവാത്ത പരിഹാര മാർഗങ്ങൾ തേടുന്ന മകൾക്കോ. മറ്റൊരു രീതിയിലും പറയാം. കൊലപാതകം ഏറ്റെടുത്ത ഇവന്റ്  മാനേജ്‌മെന്റ് ഗ്രൂപ്പിനോ അതോ, ഇവന്റ്  മാനേജ്‌മെന്റ് എന്ന ആശയം തന്നെ കണ്ടുപിടിച്ച മനസ്സിനോ. 

ഉത്തരം രസകരമാണ്. ചിന്തനീയവും. പിശാചിന്റെ വാരിയിൽ നിന്നു പിറവിയെടുത്ത ഈ നോവലിന് ഇനിയും സന്തതി പരമ്പരകൾ ഉണ്ടായാലും അതിശയിക്കാനില്ല. 

 

Content Summary: Pishachinte Vaari by V K K Ramesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com