പുനർജ്ജനികളുടെ കണക്കുപുസ്തകം !

bhranthan-cellukalude-kanakku-pusthakami-book-review1
SHARE
സുഹാസ് പാറക്കണ്ടി

ഇങ്ക് ബുക്സ്

വില 190 രൂപ

ചില ജീവിതങ്ങളിലേക്ക് വെറുതെയൊന്ന് കയറിയിറങ്ങുന്നത് പോലും ദീർഘമായ ഒരു യാത്രപോലെയാണ്. ഒരുപക്ഷെ നമ്മൾ വിശുദ്ധീകരിക്കപ്പെടാവുന്ന ഒരു യാത്ര. രണ്ട് വർഷങ്ങൾക്ക് മുൻപ്, ജന്മനാട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തു, അപരിചിതമായ ഒരു നാട്ടിൽ, ഒരു ആശുപത്രി വരാന്തയിലേക്ക്, തികച്ചും അപരിചിതനായ ഒരാളിനൊപ്പം നടന്നു കയറുമ്പോൾ, ഞാൻ അറിഞ്ഞിരുന്നില്ല അത് എന്നെ അടിമുടി ഉടച്ചുവാർക്കുന്ന ഒരു യാത്ര ആയിരിക്കുമെന്നും, ഈ നിമിഷം വരെയും കണ്ടിട്ടില്ലാത്ത ആ അപരിചിതൻ ഒരു തേൻ കിനിയുന്ന മുള്ളുപോലെ എന്നെ നോവിച്ചുകൊണ്ടേയിരിക്കുമെന്നും.

സുഹാസ് പാറക്കണ്ടിയുടെ ക്യാൻസർ അതിജീവന നാളുകളിലെ സഹനപോരാട്ടങ്ങളുടെ കരളുരുക്കമായ ഭ്രാന്തൻ സെല്ലുകളുടെ കണക്കു പുസ്തകം എന്ന ജീവിതത്തിലൂടെയുള്ള യാത്ര എന്നെ സ്നാനപ്പെടുത്തിയോ എന്ന് ചോദിച്ചാൽ ആദ്യം ഞാൻ എന്റെ പകുതി പടംപൊഴിച്ച അഹന്തയിലേക്ക് നോക്കും. ശേഷം, കുറേക്കൂടി സ്നേഹ മിശ്രിണമായി ഒഴുകുന്ന ചിന്തകൾക്ക് നേരെ പുഞ്ചിരിക്കും. കണ്ണുകളിൽ ആർദ്രതയുടെ നിലാവ് പിന്നെയും തെളിമയാർന്നത് അറിയും. അങ്ങനെ ഞാൻ എന്നെത്തന്നെ ഉരുക്കിവാർത്ത അഗ്നിയിൽ ലയിക്കും.

കഴിഞ്ഞ 19 മാസങ്ങളായി തെല്ലുലഞ്ഞും കണ്ണ് നീറിയും ശ്വാസം കഴിക്കാൻ മറന്നും ഇടയിൽ ആരും കാണാതെ കരഞ്ഞും കഥ പോലെ ഒരു ജീവിതം കേൾക്കുകയായിരുന്നു ഞാൻ. സുഹാസ് എന്ന ഒരു സാധാരണ മനുഷ്യന്റെ അതിജീവനകഥ. അല്ലെങ്കിലും മറ്റൊരാൾ നീന്തിക്കയറിയ വേദനയുടെ മഹാപർവങ്ങൾ പിന്നീട് കേൾക്കുമ്പോൾ നമുക്കൊക്കെ വെറും കഥകളാണ്. കൗതുകം നിറച്ച കണ്ണുകളോടെയും അവിശ്വസനീയമായ മുഖചലനങ്ങളോടെയും കേട്ടുമറക്കുന്ന വെറും കഥകൾ.

സംവദനത്തിന്റെ രണ്ടു വ്യത്യസ്ത തലങ്ങളാണ് വൈകാരികതയും  പ്രായോഗികതയും. രോഗാവസ്ഥ കൊട്ടിഘോഷിക്കപ്പെടാനുള്ളതാണോ എന്നുള്ള ചിലരുടെയെങ്കിലും ചിന്തയ്ക്കുള്ള മറുപടിയാണ് സുഹാസിന്റെ പ്രായോഗിക തലത്തിലുള്ള എഴുത്തുകൾ. ക്യാൻസർ എന്നാൽ മരണം എന്നല്ല അർത്ഥം എന്ന് അടയാളപ്പെടുത്തുന്നു സുഹാസിന്റെ പോരാട്ടങ്ങൾ. ഏതൊരു രോഗവും പോലെ യഥാസമയം യഥായിടത്തു ചികിത്സ തേടുമെങ്കിൽ ഭേദപ്പെടുന്ന രോഗമാണ് കാൻസർ എന്ന് സുഹാസിന്റെ പുഞ്ചിരി അടിവരയിടുന്നു. സമാന രോഗവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് സുഹാസ് സ്വയം ഒരു റഫറൻസ് ആകുന്നു. പ്രിയപ്പെട്ട സുഹാസ്, താങ്കൾ നീന്തിക്കയറിയ നരകത്തീയെ ഒരുൾക്കിടിലത്തോടെ ഈ നിമിഷം ഓർത്ത് ഞാൻ സ്വയം പൊള്ളട്ടെ.

രോഗം പൊടുന്നനെ ഉച്ചിയിൽ വീഴുന്ന ഉൽക്കകളാണ്. പ്രത്യേകിച്ചും ക്യാൻസർ പോലെ ദീർഘ കാലം നീണ്ടു നിൽക്കുന്ന പണചിലവുള്ള സാധാരണക്കാരന്റെ പള്ളയ്ക്കടിയ്ക്കുന്ന രോഗങ്ങൾ. നെറുകന്തലയിൽ ആഞ്ഞു കിട്ടുന്ന അപ്രതീക്ഷിത പ്രഹരത്തിൽ ആടിയുലഞ്ഞു പോകും. കുടുംബത്തിന്റെ മുഴുവൻ നട്ടെല്ലും നുറുക്കിക്കളയും. ശാന്തമായി ഒഴുകിയ സന്തോഷങ്ങളെ കൊടുങ്കാറ്റ് പോലെ വീശിയെടുത്തു ചിതറിച്ചു കളയും. മാനസികമായി, ശാരീരികമായി, സാമ്പത്തികമായി അടിയറവു പറയിക്കും. ഇവിടെയാണ് കരുണയുടെ സാന്ത്വനത്തിന്റെ ആയിരം കൈകൾ നീണ്ടു വരേണ്ടത്. ഒരു കയ്യെങ്കിലും തളരാതെ ചേർത്ത് പിടിക്കേണ്ടത്. സാരമില്ല ഞങ്ങൾ ഉണ്ടെന്നൊരു വാക്ക്, നെഞ്ചിൽ ചേർത്ത് ഒരു കെട്ടിപ്പിടുത്തം, നെറ്റിയിൽ ചുണ്ടമർത്തി ഒരുമ്മ, നോവുകളിൽ അരുമയായി ഒരു സാന്ത്വനം. ഇതൊക്കെ മതി ഒരു സാധാരണ മനുഷ്യന് ജീവിതത്തിനു നേർക്ക് പുഞ്ചിരിക്കാൻ. സുഹാസ്, താങ്കൾ ഭാഗ്യവാനാണ് താങ്കൾക്ക് ചുറ്റും സ്നേഹത്തിന്റെ കരുതലിന്റെ ഒരു മഹാസാമ്രാജ്യം തന്നെ ഉണ്ടായിരുന്നു.

സുഹാസ്, താങ്കൾ ഓർമപ്പെടുത്തുന്നു അതിജീവനത്തിന്റെ പേരാണ് ജീവിതം എന്ന്. അതെ, സത്യത്തിൽ ഓരോ മനുഷ്യനും അതിജീവനത്തിന്റെ പാതയിലാണ്. രോഗങ്ങളോട്, അനാഥത്വത്തിനോട്, വിശപ്പിനോട്, സങ്കടങ്ങളോട്, സന്ധിയില്ലാ സമരത്തിലാണ്. യുദ്ധം ചെയ്തും പോരാടിയും തളരുമ്പോൾ ചിലരെങ്കിലും ചില നിമിഷങ്ങളിൽ അടിയറവു പറയും. വേദനകളോട് സമരസപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിസംഗതയാണ്. ജീവിതത്തിന്റെ ഭ്രാന്തൻ പുസ്തകത്തിലെ കണക്കുകൾ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോവിന്റെ പൂജ്യ ശിഷ്ടങ്ങളിൽ സന്ധി ചേരും. പിന്നെ ആയുസ്സിനെ പിടിമുറുക്കുന്ന തണുത്ത വിരലുകളെ കാത്തിരിക്കും.

ഇവിടെയും താങ്കൾ യഥാർത്ഥ പോരാളിയായി. ആദ്യ ചുവട് മുതൽ ശ്രദ്ധയോടെ കരുക്കൾ നീക്കിയ സമർത്ഥനായ യോദ്ധാവായി. ഓരോ ഘട്ടത്തിലും അസാമാന്യ ചങ്കുറപ്പോടെ ക്യാൻസർ എന്ന പിശാചിനെ തുരത്തിയോടിച്ചു. ദാ ഞാൻ നടന്നത് ഈ വഴിയേ എന്ന് മറ്റുള്ളവർക്ക് വഴികാട്ടിയായി. അതിജീവന പോരാളിയായി. ഇന്ന് സുഹാസ് ഒരു പേരല്ല. ഒരു പോരാട്ട വീര്യമാണ്. നോവിന്റെ നിരാശ്രയത്തത്തിന്റെ നിലയില്ലാ കയങ്ങളിൽ വീണ് ശ്വാസം മുട്ടുമ്പോഴും തോൽക്കാൻ എനിക്ക് മനസില്ലെന്ന്. ആവർത്തിച്ചാവർത്തിച്ചു മനസ്സിൽ ഉറപ്പിച്ച് അറ്റ് പോയ ഒരു ചിറകിടത്തിൽ നിന്ന് ആത്മവിശ്വാസത്തിന്റെ നൂറായിരം ചിറകുകൾ തുന്നിയെടുത്തു ജീവിതത്തിലേക്ക് പറന്നിറങ്ങിയ ലക്ഷക്കണക്കിന് അതിജീവന പോരാളികളുടെ പ്രതിനിധി.

എങ്കിലും പ്രിയപ്പെട്ട സുഹാസ്, കേട്ടറിവ് പോലും ഇല്ലാത്ത ഖത്തറിലെ ഹമദ് ആശുപത്രിയുടെ തണുത്ത ഇടനാഴികളിൽ കൂടി ബോധാബോധത്തിന്റെ നേർത്ത നൂലിൽ മുറുകെ പിടിച്ച് ഒരു വശത്ത് ഡ്രൈൻ ബാഗും മറുവശത്തു യൂറിൻ കത്തിറ്ററുമായി വേച്ചുവേച്ചു നീങ്ങുന്ന ശോഷിച്ച ഒരു രൂപം എത്രയോ രാത്രികളായി എന്റെ ഉറക്കം കെടുത്തുന്നുവെന്നോ.

അപ്രതീക്ഷിതമായി എത്തി ആകെ തകർത്തു പടിയിറങ്ങിയ ക്യാൻസർ എന്ന വിരുന്നുകാരൻ. ഇനി ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ചേർത്തടച്ച വാതിലിനു പിന്നിൽ കാവലായി പെയ്തൊഴിയാൻ ആദ്യ ഇടമായ അച്ഛനൊപ്പം നിനക്കെപ്പോഴും പരമ സുഖമല്ലേ എന്ന് പരിഭവം നനച്ച കണ്ണുകളുമായി അമ്മയ്ക്കൊപ്പം സുജിയേട്ടനും സുഭീഷിനുമൊപ്പം ശിഭിനയ്ക്കും സച്ചുവിനും സായുവിനുമൊപ്പം സുനീതി ചേച്ചിക്കൊപ്പം ശിവേട്ടനും നിധിനും  അസീസയ്ക്കും ഒപ്പം മണ്ണിലെ മാലാഖമാർക്കൊപ്പം പിന്നെ  പേരറിയാത്ത ഒരുപാട് സുമനസുകൾക്കൊപ്പം ദാ ഇവിടെ ഞാനുമുണ്ട് പ്രാണനല്ലാതെ വേറൊന്നും പങ്കുവെക്കുവാൻ ഇല്ലാതെ.

ജി. എസ് പ്രദീപ് അവതാരിക എഴുതിയ ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം, സാഹിത്യകാരന്മാരായ അശോകൻ ചരുവിൽ, പ്രൊഫ. സി. പി. അബൂബക്കർ എന്നിവരുടെ കുറിപ്പുകളാലും സമ്പന്നമാണ്. എഴുത്തുകാരി കെ. ആർ. മീരയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ഇങ്ക് ബുക്സ് കോഴിക്കോട് ആണ് പ്രസാധകർ.

Content Summary : Bhranthan Cellukalude Kanakku Pusthakami - Book review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS