കേൾക്കാനും അറിയാനും മാത്രമല്ല, കഥയെഴുതാനും പുസ്തകം

a-treasure-trove-of-timeless-tales
SHARE
ശോഭ തരൂർ ശ്രീനിവാസൻ

റെഡ് പാണ്ട- വെസ്റ്റ് ലാൻഡ് ബുക്‌സ്

വില 199 രൂപ രൂപ

ലോകത്തിന് അന്ന് ഇത്ര പ്രായമായിരുന്നില്ല. ഒരു ദിവസം സൂര്യനും ചന്ദ്രികയും കാറ്റും അമ്മാവന്റെയും അമ്മാവിയുടെയും വിട്ടിലേക്ക് പോയി. ഇടിയും മിന്നലുമാണവർ. അമ്മയായ ആകാശത്തിന് പല ജോലികളുള്ളതിനാൽ മക്കൾക്കൊപ്പം ബന്ധുവീട്ടിൽ പോകാനായില്ല. അവർ മക്കളെ സന്തോഷത്തോടെ യാത്രയാക്കി. ശേഷം തന്റെ ചുമതലകളിലേക്കു തിരിച്ചുപോയി. സൂര്യനും കാറ്റും ആൺകുട്ടികളാണ്. മറ്റുള്ളവരെക്കുറിച്ചു വലിയ വിചാരമൊന്നുമില്ലാത്ത സ്വന്തം കാര്യം മാത്രം നോക്കുന്നവർ. വീട്ടിൽ നിന്ന് ഇറങ്ങിയ പാടേ അവർ അമ്മയെ മറന്നു. എന്നാൽ ചന്ദ്രിക അമ്മയെക്കുറിച്ചോർത്തു. അമ്മയ്ക്ക് തങ്ങൾക്കൊപ്പം വരാൻ കഴിഞ്ഞില്ലല്ലോ എന്നു വിഷാദിച്ചു. വിഷമിച്ചു പതുക്കെയാണ് അവൾ നടന്നത്. ബന്ധുവീട്ടിൽ ചെന്നപ്പോൾ അവർക്ക് നിരാശപ്പെടേണ്ടിവന്നില്ല. മേശപ്പുറത്തു നിരത്തിവച്ച മധുരപലഹാരങ്ങൾ. ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ. അവർ മതിയാവോളവും അതിലധികം ഭക്ഷിച്ചു. എന്നാൽ സൂര്യനെയും കാറ്റിനെയുംപോലെ ചന്ദ്രിക ആർത്തിയോടെ കയ്യിൽകിട്ടിയതെല്ലാം കഴിച്ചില്ല. അമ്മയെക്കുറിച്ചുള്ള വിചാരങ്ങൾ ഇടയ്ക്കിടെ വിഷമിപ്പിക്കുകയും ചെയ്തു. തങ്ങൾക്കൊപ്പം വരാൻ കഴിയാതിരുന്ന അമ്മയ്ക്കുവേണ്ടി അവൾ കുറച്ചു ഭക്ഷണസാധനങ്ങൾ കയ്യിലെടുക്കുകയും ചെയ്തു.

തിരിച്ചുവീട്ടിലെത്തിയപ്പോൾ തനിക്കെന്തെങ്കിലും കൊണ്ടുവന്നോ എന്ന് അമ്മ ചോദിച്ചപ്പോഴാണ് സൂര്യനും കാറ്റും അക്കാര്യത്തെക്കുറിച്ചു ചിന്തിക്കുന്നന്നതുതന്നെ. ഭക്ഷണസാധനങ്ങൾ എടുത്തിരുന്നെങ്കിൽ തങ്ങളുടെ വസ്ത്രം മോശമാകുന്നും മറ്റും അവർ പരാതിയും പറഞ്ഞു. എന്നാൽ ചന്ദ്രിക, താൻ കൊണ്ടുന്ന സാധനങ്ങൾ അമ്മയ്ക്കു സമ്മാനിച്ചു. മകളുടെ കരുതലിൽ സന്തോഷവതിയായ അമ്മ മനസ്സുതുറന്ന് മകളെ അനുഗ്രഹിച്ചു. നീ ദീർഘകാലം ജീവിക്കട്ടെ എന്നു പറഞ്ഞു. എന്നാൽ സൂര്യനും കാറ്റിനും ക്രൂരമായ ശിക്ഷയാണു നൽകിയത്.

നിന്റെ ചൂടിൽ നിന്ന് ജനങ്ങൾ ഓടിപ്പോകട്ടെ എന്നു സൂര്യനും നിന്റെ ക്ഷോഭത്തിൽ ജനങ്ങൾ പേടിച്ചുവിറയ്ക്കുമെന്നു കാറ്റിനോടും പറഞ്ഞു. എന്നാൽ അരുമ മകളായ ചന്ദ്രികയ്ക്ക് അനുഗ്രഹങ്ങൾ വാരിക്കോരി നൽകുകയും ചെയ്തു. നീ എന്നും ശാന്തയായിരിക്കും. സുന്ദരിയായിരിക്കും. നിന്റെ കുളിർമ എന്നും ജനം കൊതിക്കും. നിന്നെ കവികളും കലാകാരൻമാരും പുകഴ്ത്തും. നിന്നെക്കുറിച്ചു പാട്ടുകളുണ്ടാകും. കവിതകളും. നിന്റെ സൗന്ദര്യം പ്രകീർത്തിക്കപ്പെടും.

അമ്മ കഥപറഞ്ഞു തീർന്നപ്പോൾ ഉറക്കം വരുന്നുണ്ടെങ്കിലും രേണുക, നാളെ മുതൽ സ്വാർഥത കൈവെടിയാൻ തീരുമാനിച്ചു. ബന്ധക്കുളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചുമൊക്കെ കൂടുതലായി ചിന്തിക്കുമെന്നും അവരോട് പരിഗണന ഉണ്ടാകുമെന്നും ഉറപ്പിച്ചു. അമ്മയെയും അച്ഛനെയും സഹായിക്കും. തനിക്കു കഴിയുന്നതുപോലെ, സ്‌നേഹിക്കുകയും ദയയോട് പെരുമാറുകയും ചെയ്യും.

തന്റെ കഥ മകളിൽ സൃഷ്ടിച്ച ഗുണപരമായ മാറ്റത്തിൽ അമ്മയും സന്തോഷിച്ചു.

കുട്ടികളെ നൻമയിലേക്കു വഴിതിരിച്ചുവിടുകയാണ് ഈ കഥ. ഇതുപോലെ എത്രയെത്ര കഥകൾ ഓരോ രാജ്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായവ. കാലപ്രവാഹത്തിൽ, നഷ്ടമായിക്കൊണ്ടിരിക്കുന്ന കഥകളെ തേടിപ്പിടിച്ച്, മനോഹരമായ വാക്കുകളുടെ പുറംചട്ടയണിയിച്ച് അവതരിപ്പിക്കുകാണ് ശോഭ തരൂർ ശ്രീനിവാസൻ.

ഇന്ത്യൻ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ കഥകൾ മുതൽ ജാപ്പനീസ് കഥകളും നാടോടിക്കഥകളും വരെ ഈ സമാഹാരത്തിലുണ്ട്. എത്ര ചെറിയ കുട്ടിക്കും മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ, തിരഞ്ഞെടുത്ത വാക്കുകളിലാണ് ഓരോ കഥയും പറയുന്നത്. കേട്ടതും അറിഞ്ഞതുമാണെങ്കിൽപ്പോലും വീണ്ടും വായിക്കുമ്പോൾ വിരസത തോന്നിപ്പിക്കാത്ത ഈ കഥകൾക്ക് നമ്മുടെ പോയകാലത്തിന്റെ ഗുണവും മണവുമുണ്ട്. ചെറുപ്പം മുതലേ സൂക്ഷിച്ചുവച്ച മഞ്ചാടി മണികൾ പോലെ, കുപ്പിവളപ്പൊട്ടുകൾ പോലെ, മയിൽപീലി  പോലെ. ഓർക്കാനും ഓമനിക്കാനും പുതിയ തലമുറയിലേക്കു പകരാനും ആഗ്രഹിക്കുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗം കൂടിയാണ് ഈ കഥകൾ.

കേട്ട കഥകൾക്കൊപ്പം കേൾക്കാത്ത കഥകളും ശോഭ എഴുതുന്നുണ്ട്. ലോക്ഡൗൺ കാലത്ത് എഴുതിയ നൂറു വാക്കുകളിൽ പറയുന്ന കൊച്ചുകഥകൾ. എന്നും രാവിലെ ജോലിക്കു പോകുന്ന വീട്ടുകാർ പെട്ടെന്നൊരു ദിവസം വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യാൻ തുടങ്ങിയതോടെ അവഗണിക്കപ്പെടുകയും വിരസത അനുഭവിക്കേണ്ടിവരികയും ചെയ്ത പൂച്ചയുടെ പരിദേവനങ്ങൾ ഉൾപ്പെടെയുള്ളവ. വായിക്കാൻ മാത്രമുള്ളതല്ല ഈ കഥകൾ. കഥകളുടെ ലോകത്തേക്ക് ആകർഷിക്കുന്നവ. സ്വയം കഥകളെഴുതാൻ പ്രേരിപ്പിക്കുന്നവ.

ആരുടെ മനസ്സിലാണ് കഥയില്ലാത്തത്. ആരാണ് എഴുതാൻ ആഗ്രഹിക്കാത്തത്. കഥയെഴുത്തിനെക്കുറിച്ച് ഒട്ടേറെ സംശയങ്ങളുള്ളവരോട് ശോഭ പറയുന്നു... വരൂ, ഈ കഥകൾ വായിക്കൂ. ഭാവനയുടെ പുതിയൊരു ലോകത്തേക്ക് കട്കൂ. നിങ്ങൾക്കുള്ളിലും കഥയുടെ മിടിപ്പും മിനുപ്പും അറിയാൻ കഴിയുന്നില്ലേ. ഇനിയും മടിക്കുന്നതെന്തിന്. എഴുതിക്കോളൂ... എഴുതിയെഴുതി കഥയുടെ ലോകത്തേക്ക് കടക്കൂ.

English Summary : A Treasure Trove of Timeless Tales / Book Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS