ADVERTISEMENT

 

എന്റെ പ്രിയ സുഹൃത്തും ആധ്യാത്മികമാർഗത്തിൽ സഹപാഠിയുമായ പത്മംജിയുടെ താൽപര്യമനുസരിച്ച് രണ്ടുവാക്ക് ഇവിടെ കുറിക്കട്ടെ. നാമെല്ലാവരും ഇപ്പോൾ നമ്മുടെ അഭിവന്ദ്യ ഗുരുനാഥൻ കെ. ഹരിദാസ്ജിയുടെ നവതി ആഘോഷിക്കുന്ന തിരക്കിലാണ്, ആനന്ദത്തിലാണ്. അഖിലഭാരത നാരായണീയ മഹോത്സവസമിതിയും അതിന്റെ കൺവീനർ സനൽജിയും ഈ ആഘോഷം എത്രയേറെ ഭംഗിയാക്കാം, വിപുലമാക്കാം, ജനഹൃദയങ്ങളിലേക്ക് എത്തിക്കാം, അതിലൂടെ മേൽപുത്തൂർ നാരായണഭട്ടതിരിയുടെ ശ്രീമന്നാരായണീയത്തെ അതിന്റെ എല്ലാ മാഹാത്മ്യത്തോടുംകൂടി പ്രചരിപ്പിക്കാം എന്നു തീരുമാനിച്ച് അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ശ്രീമദ് ഭാഗവതസാരസംഗ്രഹമായ ഈ തത്ത്വശാസ്ത്രം അനേകമനേകം ഭക്തജനങ്ങളിലേക്ക് എത്തിക്കുക എന്നതാണല്ലോ നമ്മുടെ ഗുരുനാഥന്റെ ചിരാഭിലാഷം.

 

ഗുരുനാഥന്റെ പഠനവും പാഠനവും ഒരു പ്രത്യേക രീതിതന്നെയാണ്. ചെറിയ ഗൃഹസദസ്സുകളിലും ക്ഷേത്രങ്ങളിലും ക്ലാസ്സുകളിലേക്കുവരുന്ന പലരും 'സീനിയർ സിറ്റിസൺസ്' എന്ന വിഭാഗത്തിൽപ്പെടുന്നവരായിരിക്കും. അവരെയെല്ലാം മിക്കവാറും സംസ്കൃത ഭാഷയിലുള്ള നമ്മുടെ ആത്മീയഗ്രന്ഥങ്ങളിലേക്ക്, നാരായണീയം, ഭാഗവതം, ഭഗവത്ഗീത, രാമായണം, ഉപനിഷത്തുകൾ, ശങ്കരാചാര്യകൃതികൾ എന്നിവയിലേക്ക് ആകർഷിച്ച് അവ മനസ്സിലുറപ്പിക്കാൻ സഹായിക്കുക എന്ന മഹാസാഹസം അദ്ദേഹത്തിന് വളരെ ലളിതമാണ്. സംസ്കൃതഭാഷയും വളരെയേറെ സരളമായി പഠിതാക്കളിലേക്ക് പകർന്നു നൽകും. അങ്ങനെയുള്ള ആചാര്യശ്രേഷ്ഠന് ശിഷ്യ–പ്രശിഷ്യപരമ്പരയില്‍പ്പെട്ട അനേകായിരം ഭക്തജനങ്ങൾ ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്ന നവതി ആഘോഷഘട്ടമാണിത്.

 

വളരെ ചെറുപ്പം മുതൽ തന്നെ ക്ഷേത്രദര്‍ശനത്തിലും ആധ്യാത്മിക പഠനത്തിലും താൽപര്യമുണ്ടായിരുന്ന പ്രഫ. പത്മകുമാരി കിട്ടിയ അവസരങ്ങളെല്ലാം ഈ മാര്‍ഗത്തിലേക്കുള്ള വളർച്ചയിൽ പ്രയോജനപ്പെടുത്തി. ആചാര്യവര്യന്മാരുടെ പ്രഭാഷണങ്ങൾ, സപ്താഹങ്ങൾ, യജ്ഞങ്ങൾ ഇവയൊക്കെ പത്മംജിക്ക് ഹരമായിരുന്നു. കൂടാതെ ഹിന്ദി സാഹിത്യത്തിലുള്ള പ്രാഗത്ഭ്യം ദോഹകളും മറ്റും അധ്യാത്മജ്ഞാനത്തിനു മാറ്റുകൂട്ടി. "ആശ്രമാത് ആശ്രമം ഗച്ഛേത്" എന്ന് പറഞ്ഞതുപോലെ (ഇവിടെ ഒരു സ്ഥാപനത്തിൽനിന്നു മറ്റൊന്നിലേക്ക്) പല ആശ്രമങ്ങളും അവിടുത്തെ ക്ലാസ്സുകളും ഈ ജ്ഞാനം വർധിപ്പിച്ചുകൊണ്ടേയിരുന്നു. അതെല്ലാം പത്മംജി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അതിനിടയിലാണ് നമ്മുടെ ഗുരുനാഥൻ ഹരിദാസ്ജിയുടെ ശിക്ഷണം നേടുന്നത്.

 

സുഭാഷിതം,

ആചാര്യാത് പാദമാദത്തേ

പാദം ശിഷ്യ സ്വമേധയാ

പാദം സബ്രഹ്മചാരിഭ്യഃ

പാദം കാലക്രമേണ ച.

 

ഗുരുവിന്റെ പ്രോത്സാഹനം സ്വയം ക്ലാസ്സുകള്‍ തുടങ്ങാനും മേൽപ്പറഞ്ഞ ധാരാളം ആത്മീയഗ്രന്ഥങ്ങളിലൂടെ കടന്നുപോകാനും സംസ്കൃതവും തമിഴും പോലും പഠിച്ച് പഠിപ്പിക്കാനും സാധിച്ചു. നിർലോഭമായ അനുഗ്രഹം ഗുരുവിൽനിന്നു നേടിയ വത്സലശിഷ്യയായ പത്മംജിക്ക് ഈ നവതി ആഘോഷവേളയിൽ മനസ്സിലുദിച്ച അദമ്യമായ അഭിവാഞ്ഛയാണ് വാത്സല്യനിധിയായ ഗുരുനാഥൻ കെ. ഹരിദാസ്ജിയെ അത്യാദരപൂർവം ഉചിതമായ ഗുരുദക്ഷിണ നൽകി വണങ്ങുക എന്നുള്ളത്. 'നമ്മുടെ കൈയ്യിൽ എന്തുണ്ടോ അത് ഭഗവാന് സമർപ്പിക്കുക' എന്ന ഗുരുനാഥന്റെ ഉപദേശവാക്യം അനുസരിച്ച് ഗുരുദക്ഷിണയും അതുതന്നെ ആവട്ടെ എന്ന് അഖില ഗുരുവായ ഭഗവാനും നമ്മുടെ ആചാര്യനായ നാരായണീയ ഹംസം ഹരിദാസ്ജിയും മനസ്സിൽ തോന്നിപ്പിച്ചു. അത് ഒരു ഗ്രന്ഥരൂപത്തിൽ തയാറായിക്കൊണ്ടിരിക്കുന്നു. അതിന്റെ വിശദമായ ഉള്ളടക്കം, അതിഗംഭീരമായ പ്രതിപാദനം ഇവയൊക്കെ ഗുരുദക്ഷിണസമര്‍പ്പണം കഴിയുമ്പോൾ നമുക്ക് അറിയാറാകും. ഗുരുദക്ഷിണവേളയിൽ പങ്കുചേരാനും നമ്മുടെ, നമ്മുടേതായ ചെറിയ ദക്ഷിണ ആദരവോടെ, ആത്മാർഥതയോടെ, ഗുരുചരണങ്ങളിൽ നമ്രശിരസ്കരായി അർപ്പിക്കാനും ശ്രീഗുരുവായൂരപ്പൻ നമ്മളെ അനുഗ്രഹിക്കട്ടെ. നമുക്കു പ്രാർഥിക്കാം.

 

"ഇദം ഇഹ കുരുതാം ആയുരാരോഗ്യസൗഖ്യം,"

തപോനിഷ്ഠനായ ഗുരുനാഥനും കുടുംബത്തിനും 

നമുക്കേവർക്കും, ഒന്നുകൂടി,

"ഗുരുപവനപുരേശ! ത്വയ്യുപാധത്സ്വഭക്തിം."

 

(ധന്യമീ ജീവിതം എന്ന പുസ്തകത്തിലെ അവതാരികയിൽ നിന്ന്)

 

Content Summary: Dhanyamee Jeevitham Book Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com