മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും മോഹനദി

book-review-mohanadhi-portrait
SHARE
സരിൻ കല്ലമ്പലം

പ്രവദ ബുക്സ്

വില 200 രൂപ

പുസ്തകത്തിന്റെ പേര് മോഹനദി പോലെ തന്നെ നോവലിൽ നദിയും ഒരു കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും മഹാനദി തന്നെയാണീ കഥയിലുടനീളം എഴുത്തുകാരൻ സരിൻ കല്ലമ്പലം ഒഴുക്കി വിടുന്നത്. അദ്ദേഹത്തിന്റെ ആദ്യ നോവലായ മോഹനദി വായനക്കാരുടെ പ്രതീക്ഷകൾക്കതീതമായ മനോഹരമായ വായനാനുഭവം സമ്മാനിക്കുന്നുണ്ട്. നോവലിന്റെ ഭാഷ വളരെയധികം ലളിതമായ രൂപത്തിൽ ആകർഷകമായി അനുഭവപ്പെട്ടു. സാഹിത്യപ്രയോഗങ്ങളും, ഉപമകളും മറ്റും നോവലിന്റെ ഭാഷാഘടനയിൽ കൊണ്ടുവരാൻ എഴുത്തുകാരൻ ശ്രമങ്ങൾ അവലംബിച്ചിട്ടുണ്ട്. എല്ലാരേയും ഒരുപോലെ സംതൃപ്തിപ്പെടുത്താൻ ഒരു പുസ്തകത്തിനും സാധിക്കാറില്ല, ചുരുക്കം ചിലരെ ഈ നോവൽ നിരാശപ്പെടുത്തിയേക്കാം. എന്നാൽ നദി പോലെ ചിലയിടത്തു തട്ടിയും തടഞ്ഞും വായന ഒഴുക്കിക്കൊണ്ടുപോകുവാൻ വായിക്കേണ്ടവർക്ക് ഈ പുസ്തകം ധൈര്യമായി ഏറ്റെടുക്കാം.

ഡേവിഡ് എന്ന വ്യക്തിയുടെ ജീവിത യാത്രയാണ് പ്രധാന പ്രമേയം. ചെറുപ്പം മുതൽ ഡേവിഡ് കടന്നുപോകുന്ന ജീവിതാനുഭവങ്ങളിലൂടെ വായനക്കാരനും കടന്നുപോകുന്നു. ചേരിയിലെ നരകയാതനകളിൽ തുടങ്ങി പിന്നീട് മാതാപിതാക്കളുടെ മരണവും ജോസഫ് മുതലാളിയുടെ വീട്ടിലെ മൂന്നു വർഷത്തെ കഠിനമായ അധ്വാനത്തിന്റെ രാപ്പകലുകളും അവിടെ നിന്നുള്ള ഒളിച്ചോട്ടവും അതിനിടെ തന്നെ മോഹിപ്പിക്കുകയും ജീവിതത്തിന് പ്രതീക്ഷയും വഴിത്തിരിവു നൽകുകയും തുടർന്ന് തന്റെ സുഖദുഃഖങ്ങളിൽ പങ്കുചേരുകയും ചെയ്ത മോഹ നദി. ഇങ്ങനെ നീളുന്ന ഡേവിഡ് എന്ന വ്യക്തിയുടെ ജീവിതാനുഭവങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. 

ഓരോ കഥാപാത്രങ്ങളും പ്രത്യേകിച്ച് ഡേവിഡ്, ലക്ഷ്മി, കനക, റഹ്മാൻ എന്നിവർ വായനക്കാരന്റെ ഹൃദയത്തിൽ വളരെ ആഴത്തിൽ കുടിയിരിക്കുന്നുണ്ട്. വൈകാരികമായി നമ്മുടെ ഹൃദയങ്ങളെ തൊട്ടുണർത്താൻ ശേഷിയുള്ള നോവലാണിത്. പുസ്തകത്തിൽ തുടക്കം മുതൽ അവസാന പേജ് വരെ എഴുത്തുകാരൻ പറയാതെ പറയുന്ന ഒരുപാട് സൂക്ഷ്മാർഥങ്ങൾ ബാക്കിവെക്കുന്നുണ്ട്. വ്യത്യസ്ത പ്രമേയങ്ങൾ നോവലിൽ ഉൾപ്പെടുത്താൻ എഴുത്തുകാരൻ പ്രത്യേകം ശ്രദ്ധാലുവാലുവായിട്ടുണ്ടെന്നു പലയിടങ്ങളിലും തോന്നിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്ത വീക്ഷണ കോണുകളിൽ നിന്ന് ഈ നോവലിനെ സമീപിക്കാൻ സാധിക്കുന്നതാണ്.

എല്ലാത്തിൽ നിന്നും ഒളിച്ച് നദിയുടെ മാറിൽ അഭയം തേടിയിട്ടും വീണ്ടും വിധി ഡേവിഡിനെ ജീവിത ദുരന്തങ്ങളിലേക്ക് വലിച്ചിടുന്നു. ഇതിനിടെ ആരുമില്ലാത്ത അനാഥനായ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് തന്റെ ആത്മമിത്രമായി അഭയം നൽകി തന്റെ എല്ലാ വളർച്ചക്കും കാരണമായി തീർന്ന റഹ്മാൻ എന്ന സുഹൃത്ത് കടന്നുവരുന്നു. പിന്നീട് തന്റെ ആത്മസഖിയായി സ്നേഹമുള്ള ലക്ഷ്മിയും മക്കളും കടന്നുവരുന്നു. കനകയും രഘുവും അഭയംതേടി ഡേവിഡിന്റെ ഉമ്മറപ്പടിയിൽ എത്തിച്ചേരുന്നു. അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും കൈപ്പുനീർ നന്നായി രുചിച്ചറിഞ്ഞ ഡേവിഡ് അവർക്ക് അഭയം നൽകുകയും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ നോവലിന്റെ വായനഗതിയെ തന്നെ മാറ്റിമറിക്കുന്നു.

തന്റെ ആകെയുള്ള വിശ്വസ്ത സുഹൃത്തിനെക്കാളും സ്നേഹനിധിയായ ഭാര്യയെക്കാളും തന്റെ വികാരങ്ങളെ അടുത്തറിഞ്ഞ തന്റെ ആദ്യ കാമുകി നദിയാണെന്ന് ഡേവിഡ് വിശ്വസിക്കുന്നു. പലപ്പോഴും നീരാട്ടിനിടയിൽ തന്റെ സങ്കടങ്ങൾ മുഴുവൻ നദിയോട് പങ്കുവെക്കുന്നു. നദിയെ സ്നേഹിക്കുന്നതുപോലെ നദിയും ഡേവിഡിനെ തിരിച്ചു സ്നേഹിക്കുന്നു. പല ഭാവങ്ങളിലൂടെ നദി തന്നെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ പ്രതീകമായി നദിയെ എഴുത്തുകാരൻ ആവിഷ്കരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെ നിറക്കാഴ്കൾ നമുക്ക് നോവലിൽ കാണാൻ സാധിക്കും. അതുപോലെ നദിയെയും പ്രകൃതിയെയും ചൂഷണം ചെയ്യുന്ന ഒരു വിഭാഗം ആളുകളും അതിനെതിരെ നദിയുടെ പ്രളയ രൂപത്തിലുള്ള പ്രതികാരവും മതസൗഹാർദ്ദത്തിന്റെ മനോഹര മുഹൂർത്തങ്ങളും അടങ്ങുന്ന വ്യത്യസ്തങ്ങളായ ആശയങ്ങളെ ഈ നോവൽ പ്രതിനിധാനം ചെയ്യുന്നുണ്ട്.

ഒരുപാട് നല്ല കഥാസന്ദർഭങ്ങളും ഒരുപിടി നല്ല കഥാപാത്രങ്ങളും ഞാൻ അനുഭവിച്ചറിഞ്ഞു. സമൂഹത്തിലെ താഴെത്തട്ടിലുള്ള ഒരുകൂട്ടം ജനതയുടെ ദാരിദ്രവും ജീവിതവെല്ലുവിളികൾക്കുമൊപ്പം മുതലാളിത്ത വ്യവസ്ഥയുടെ കാണാപ്പുറങ്ങൾ കൂടിയാണ് 'കനക' എന്ന കഥാപാത്രത്തിലൂടെ ഇന്നും നന്മ നഷ്ടപ്പെട്ടിട്ടില്ലാത്ത പച്ചയായ മനുഷ്യരും നമുക്കിടയിലുണ്ടെന്ന് രചയിതാവ് ഓർമപ്പെടുത്തുന്നു. 'ലക്ഷ്മി' എന്ന കഥാപാത്രത്തിലൂടെ ഒരു സാധാരണ മലയാളി കുടുംബിനിയുടെ കളങ്കമില്ലാത്ത സ്വഭാവചേഷ്ടകളും സ്നേഹവായ്പ്പും നമുക്ക് വായിച്ചെടുക്കാം. അതിലെല്ലാമുപരി 'റഹുമാൻ' കഥയിലുടനീളം നന്മയുടെ, സുഹൃത്ബന്ധത്തിന്റെ വറ്റാത്ത മോഹനദിയായി ഒഴുകിനടക്കുന്നു.

നോവലിന്റെ അവസാനപകുതിയിൽ വായനക്കാരന്റെ പ്രതീക്ഷയ്ക്കുമപ്പുറം വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന രചന മനുഷ്യന്റെ ചെയ്തികളോടുള്ള പ്രകൃതിയുടെ അടങ്ങാത്ത പ്രതികാരവീര്യംകൂടി തുറന്നുകാട്ടുന്നുണ്ട്. പിന്നെ നൊമ്പരങ്ങളുടെ നേര്കാഴ്ചയായി ഡേവിഡും ഡേവിഡ് ഏറ്റവും സ്നേഹിച്ച നദിയും വായനയുടെ പര്യവസാനത്തിൽ വായനക്കാരന്റെ ഹൃദയത്തെ ഒന്ന് നൊമ്പരപ്പെടുത്തികൊണ്ടു ആ നദി പിന്നെയും ഒഴുകി മറഞ്ഞുകൊണ്ടിരുന്നു ഒരു മോഹ നദിപോലെ...

പ്രവദ ബുക്സിൽ നിന്നും പുറത്തിറങ്ങിയ സരിൻ കല്ലമ്പലത്തിന്റെ മോഹനദി വ്യത്യസ്തമായൊരു വായനാനുഭവം നിങ്ങൾക്കും സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു.

Content Summary: Malayalam Book ' Mohanadhi ' written by Sarin Kallambalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS