ഗ്രീൻ ബുക്സ്
വില 210 രൂപ
‘ഒരു ചത്ത പൂച്ചയെ കുഴിച്ചിടുംപോലെ’... ജീവിതത്തെ എത്രത്തോളം ലളിതവത്താക്കി അവതരിപ്പിക്കാമെന്നു ചോദിച്ചാൽ ഇങ്ങനെയൊരു വാചകത്തിൽ സംഗ്രഹിക്കാം. എന്നാൽ മനുഷ്യർ എന്ന പദത്തിന് അതിലേറെ അർഥമുണ്ടെന്നും അതൊക്കെ അറിഞ്ഞും അനുഭവിച്ചും ജീവിച്ചു തീർത്തിട്ടുമാത്രം സമാധാനപരമായ ഒരന്ത്യമാണ് ഏതൊരാൾക്കും ആവശ്യമുള്ളതെന്നും നമുക്കറിയാം. ജി.എസ് ഉണ്ണികൃഷ്ണന്റെ ‘ഇരുളാട്ടം’ എന്ന നോവലിൽ ഇതെല്ലാമുണ്ട്. അത് ഒരേ സമയം അട്ടപ്പാടിയിലെ ചെമ്പന്റെയും വേലുവിന്റെയും ചിരുതയുടെയും രങ്കമ്മയുടെയും പൊറിഞ്ചിയുടെയും വാസന്തിയുടെയും കഥയാണിത്. അത് അട്ടപ്പാടി മലയിലേക്ക് വന്ന പരിഷ്കൃതനായ ആൽബിയുടെയും കാമഭ്രാന്തും താൻപോരിമയും ഒടുവിൽ അനാഥമായ മരണവും മാത്രം ബാക്കിവച്ച വലിയ ഉദ്യോഗസ്ഥയായ അവന്റെ അമ്മയുടെയും കഥയാണ്. കൃഷിക്കായി വന്ന് ഭൂമിയും സ്വത്തുക്കളും വെട്ടിപ്പിടിക്കുകയും ആദിവാസിപ്പെണ്ണുങ്ങളെ തങ്ങളുടെ ശരീരത്തിന്റെ ദാഹംമാറ്റാൻ മാത്രമുള്ള ഉപകരണമായി കാണുകയും ചെയ്ത ജോളിച്ചന്റെയും അലോഷ്യസിന്റെയും തമ്പായിയുടെയും കഥയാണിത്. വരണാസിയിലെ പല ഘട്ടുകളിൽ എരിഞ്ഞുതീരാനായി ഭൗതികജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വച്ചവരും ആ ജീവിതങ്ങളിൽ നിന്ന് ഇറക്കിവിടപ്പെട്ടവരുമൊക്കെയായ സരസ്വതീദേവിയുടെയും വെങ്കട്ടരാമന്റെയും കഥയാണിത്. ആദിവാസി ജീവിതങ്ങൾക്ക് മേൽ തോക്കുകൊണ്ട് ഒറ്റയടിക്ക് പ്രശ്നപരിഹാരം ഉണ്ടാക്കാൻ വന്ന, ജീവിതത്തിന്റെ ഇരുളും വെളിച്ചവും തിരിച്ചറിയാത്ത മാവോയിസ്റ്റുകളുടെയും കഥയാണിത്.
വിവരണാത്മകത ഒഴിവാക്കി കഥ പറഞ്ഞുപോകുന്ന രീതിയാണ് പിന്തുടർന്നിട്ടുള്ളതെന്ന് ഗ്രന്ഥകാരൻ തന്നെ മുഖവുരയിൽ പറഞ്ഞിട്ടുണ്ട്. അത് അന്വർഥമാക്കുന്ന ശൈലിയിലാണ് ഇരുളാട്ടം. അനാവശ്യമായ ഒരു വാക്കു പോലും ഉപയോഗിക്കാതെ എന്നാൽ മലയാളവും തമിഴും ഇംഗ്ലീഷും സംസ്കൃതവും ആദിവാസികളുടെ തനതായ ഭാഷയുമൊക്കെ അങ്ങേയറ്റം ചേർന്നു നിൽക്കുന്നു. ഇത് ഏതെങ്കിലും കുറച്ച് മനുഷ്യരുടെ കഥയാണോ എന്നു ചോദിച്ചാൽ അല്ല. മറിച്ച് ഒരുപാട് മനുഷ്യർ ജീവിക്കുന്ന ഓരോ പ്രദേശത്തിന്റെയും കഥ പറയാൻ അവിടെയുള്ളവരുടെ സത്ത ഇടിച്ചുപിഴിഞ്ഞ് അതിന്റെ ഏറ്റവും ശുദ്ധവും യഥാർഥവുമായ കണ്ണാടി നമുക്ക് മുന്നിൽ കാണിക്കുകയാണ് ജി.എസ് ഉണ്ണികൃഷ്ണൻ ഈ നോവലിലൂടെ. ഇതിൽ മനുഷ്യനുണ്ട്; അവരുടെ ഉള്ളിലെ കാമവും ക്രോധവും ദേഷ്യവും സ്നേഹവും വെറുപ്പും പകയും പ്രതികാരവും അനുതാപവും കണ്ണീരും എല്ലാമുണ്ട്.
അതിന്റെ മറുപുറത്തുള്ള ആൽബിയെപ്പോലുള്ള ‘നായകരാ’യ മനുഷ്യരും ഒടുവിൽ എത്തിച്ചേരുന്നത് ഇതേ മോക്ഷത്തിൽ തന്നെയാണ്. അത് യാഥാർഥ്യങ്ങളുടെ വലിയ സങ്കീർണതയാണ്. ഒരിക്കലും മറച്ചുപിടിക്കാനോ, ഇല്ലാതാക്കാൻ ശ്രമിച്ചാൽ മാഞ്ഞുപോകുന്നതോ, കണ്ണടച്ചാൽ ഇരുട്ടാകുന്നതോ ആയ കേവലമായ ഭൗതികലോകമല്ല നമുക്കു ചുറ്റുമുള്ളതൊന്നും ആത്മീയതയുടെ ചാരം വാരിപ്പൂശിയാൽ അതൊന്നും ഇല്ലാതാകില്ലെന്നും നാമറിയും. അവിടെ ആൽബിയേക്കാൾ കൂടുതൽ ലോകത്തെ സ്നേഹിക്കുന്നത്, യാഥാർഥ്യത്തെ അവന്റെ മുന്നിലേക്ക് കൊണ്ടു വന്നു നിർത്തുന്നത് ചിരുതയാണ്. ഇരുകാലിൽ നടക്കുന്ന മിടുക്കരെന്ന് ലോകം വിശേഷിപ്പിക്കുന്ന മനുഷ്യരുടെ ഉള്ളിനേക്കാൾ എത്രയോ തെളിമയുള്ളതാണ് മുച്ചക്രവണ്ടിയിൽ നടക്കുന്ന ഗോപാൽഭായ്. ‘‘മാസംപിണ്ഡം പോലെ വികൃതമായ രൂപം. പക്ഷേ അദ്ദേഹത്തിന്റെ ഉള്ളു നിറയെ സ്നേഹമായിരുന്നു’’... ലക്ഷ്മി തുടർന്നു പറയുന്നു. ഈ കുഞ്ഞ് ‘‘നിങ്ങളുടേതല്ല. നിങ്ങൾ തന്നിട്ടു പോയ ആദ്യത്തെ കുട്ടിക്ക് 11 വയസായി. അദ്ദേഹം അവളെ ഇവിടെ ആശ്രമത്തിൽ ചേർത്തു. ഭക്ഷണത്തിന് മുട്ടില്ലാതെ അത് അവിടെ കഴിയുന്നു. ഈ കുഞ്ഞ് ഗോപാൽ ഭായിയുടേതാ. ഇവിടെ താമസമാക്കി ഒരു വർഷത്തോളം അയാൾ എന്റെ ശരീരത്തിൽ സ്പർശിച്ചതേയില്ല. ഒടുവിൽ മടിച്ചു മടിച്ചു പറഞ്ഞു, ലക്ഷ്മീ ഞാൻ ജീവിതത്തിൽ സ്ത്രീകളോട് ഇടപഴകിയിട്ടില്ല. ഇപ്പോൾ നിന്റെയൊപ്പം താമസിച്ചപ്പോൾ വല്ലാത്ത ആഗ്രഹം തോന്നുന്നു. നിനക്ക് വിഷമം തോന്നുന്നുണ്ടെങ്കിൽ വേണ്ട. ഞാൻ തിരിച്ച് ഒന്നും കാണിക്കില്ല. എന്റെ ജീവിതം നശിപ്പിച്ച ഭർത്താവിനെ അപേക്ഷിച്ച് എന്തു നല്ല മനസിന്റെ ഉടമയാണയാൾ. എന്നെ രക്ഷപെടുത്തിയതിനു പ്രത്യുപകാരമായി അയാൾക്കെല്ലാം കവർന്നെടുക്കാമായിരുന്നു. അങ്ങനെ ഞാൻ അയാൾക്ക് ശരീരവും മനസും കാഴ്ചവച്ചു. മുട്ടുവരെ മാത്രമുള്ള ആ ശരീരത്തെ അടിവയറ്റിൽ ചേർത്തിരുത്തി. അയാൾക്ക് സുഖം ആവോളം നൽകി. സംയോഗത്തിലെ ഓരോ ഉയർച്ചതാഴ്ചയിലും അയാൾ ദൈവത്തെ സ്തുതിക്കും. അങ്ങനെ ഈ മോളുണ്ടായി’’. സംസാരജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ വെമ്പുന്ന ആൽബിക്ക് മുന്നിൽ ഒരു നടുക്കത്തോടെയാണ് ചിരുതയും ഗോപാല്‍ഭായിയും തെളിഞ്ഞു നിൽക്കുന്നത്.
പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ കഥ മാത്രമാണോ ‘ഇരുളാട്ടം’? അല്ലെന്ന് പറയേണ്ടി വരും. ഇതിൽ മനുഷ്യരുടെ ആദിമമായ ചോദനകള്‍ എങ്ങനെയെല്ലാം വെളിപ്പെടുന്നുവെന്നും എത്ര അടക്കി നിർത്തിയാലും ചില സാഹചര്യങ്ങളിൽ അവയൊക്കെ പുറത്തേക്കു വരുമെന്നും നമുക്ക് മനസിലാകും. അതിൽ കുടിയേറ്റക്കാരായ, കൃഷിക്കും വെട്ടിപ്പിടിക്കലിനുമായി മലകയറിയ മനുഷ്യരുടെ ദുരയും ക്രൂരതയും മാത്രമല്ല, ഏതൊരു മനുഷ്യനും ജീവിതത്തിന്റെ ഏതൊക്കെയോ ഘട്ടങ്ങളിൽ നിസഹായരായിപ്പോകുമെന്ന് ജോളിച്ചനെ പോലുള്ള കഥാപാത്രങ്ങളിലൂടെ ഉണ്ണികൃഷ്ണൻ വരച്ചിടുന്നു. ദേഹം തളർന്ന്, പരസഹായമില്ലാതെ ഒരിറ്റു വെള്ളം പോലും കുടിക്കാതെ കിടക്കുന്ന മനുഷ്യരുടെ ഉള്ളിലും ശരീരത്തോടുള്ള കാമനയും ദാഹവും ഉൾച്ചേർന്നിരിക്കുന്നുവെന്നും മരണത്തോടെ മാത്രമേ അതൊക്കെ അവസാനിക്കുകയുള്ളു എന്നും മനസിലാക്കുന്നു. അതു പൂർത്തിയായി കഴിഞ്ഞാൽ പിന്നെ അത്രകാലവും കൊന്നും വെന്നും വെട്ടിപ്പിടിച്ചതൊക്കെ അവർക്ക് നിശൂന്യമായ, അർഥമില്ലാത്ത വസ്തുവകകൾ മാത്രമാണ്. അവിടെ അപ്പോൾ ഭാര്യയും മക്കളും സ്വന്തക്കാരും ബന്ധുക്കളും മാത്രമടങ്ങുന്ന അടഞ്ഞ ലോകത്തേക്കാൾ അവര്‍ ആശ്രയിക്കുന്നത് ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽ ചവച്ചുതുപ്പിയ ചില ജീവിതങ്ങളും അവരോടുള്ള അടങ്ങാത്ത കുറ്റബോധവും അതുവഴിയുണ്ടാകുന്ന മോക്ഷവുമാണ്.
വാരണാസിയിലെ ഇടുങ്ങിയ തെരുവുകളെയും ശ്മശാനഘാട്ടുകളെയും കുറിച്ച് പറയുന്ന അതേ ഒഴുക്കോടെ ഉണ്ണികൃഷ്ണൻ അട്ടപ്പാടി മലനിരകളെക്കുറിച്ചും ഭവാനി ഒഴുകുന്ന അതിന്റെ താഴ്‍വാരങ്ങളെക്കുറിച്ചും പറയുന്നു. ഗൾഫിലെ മണലാരണ്യങ്ങളെയും അവിടുത്തെ അംബരചുംബികളെയും കുറിച്ച് പറയുന്നതുപോലെ തന്നെ അവിടെ പെട്ടുപോയി ശരീരം വിറ്റ് ജീവിക്കേണ്ടി വന്ന പുരുഷവേശ്യകളെക്കുറിച്ചും അദ്ദേഹം പറഞ്ഞുപോകുന്നു. ‘ജീവിതം വഴിമുട്ടുമ്പോൾ ഈ നാളും കടന്നുപോകും എന്നാശ്വസിക്കാൻ പോലുമാകാത്ത മനുഷ്യർ’ ഈ ലോകത്തുണ്ടെന്ന് അദ്ദേഹം ‘ഇരുളാട്ട’ത്തിലൂടെ ഓര്‍മിപ്പിക്കുന്നു.
Content Summary: Malayalam Book ' Irulaattam ' written by G S Unnikrishnan