ADVERTISEMENT

എപ്പോഴൊക്കെയോ മനസ്സ് നീറുമ്പോൾ, ഇരുട്ടിലേക്ക് ഓടി അവളുടെ പേര് വിളിച്ചിരുന്നു. മൈലുകൾ ദൂരെയെങ്കിലും അവളത് കേട്ടിരുന്നു. ഒരു മെസേജ് ആയോ മിസ് കോൾ ആയോ അവൾ വിളി കേട്ടു. ഈ ഭൂമിയിൽ അവളുമുണ്ടെന്ന് അറിയിച്ചുകൊണ്ടിരുന്നു. ലോകത്തിന്റെ ഏതോ കോണിൽ രണ്ടു മരങ്ങളായി വളർന്ന്, ഭൂമിക്കടിയിലൂടെ വേരിറക്കി എന്നോ മണ്ണു മൂടിപ്പോയ പ്രണയത്തിന്റെ ഉറവ് ഞങ്ങൾ തേടുന്നുണ്ടാകും. 

ഞാൻ പറഞ്ഞില്ലേ, ചില മുറിവുകളെപ്പോലെയാണ് പലരും ജീവിതത്തിലേക്ക് കടന്നുവരിക. ചെറുതെന്നു കരുതും. മുറിയുമെന്ന് അറിയുകയും ചെയ്യാം. എങ്കിലും നിന്നുകൊടുക്കും. പിന്നീട് അതൊരു വ്രണമായി ശരീരത്തിലും മനസ്സിലും പടർന്നുകയറും. 

ജീവിതത്തിന്റെ മുറിവുകളിൽ വീണ് ചോരയൊലിച്ചപ്പോഴാണ് ഷെല്ലി പടിഞ്ഞാറൻ കാറ്റിന് ഗീതകം രചിച്ചത്. തിരമാല പോലെ, കരിയില പോലെ, മേഘശകലം പോലെ എന്നെയുമുയർത്തൂ മുറിവുകൾക്കു മീതെ എന്ന് അഭ്യർഥിച്ചത്. അപേക്ഷിച്ചത്. ദയനീയമായി വിളിച്ചത്. നീ വീശിയടിക്കവെ, എന്റെ ഇലകൾ കൊഴിഞ്ഞോട്ടെ. ആ കാറ്റിൽ നിന്നു മാറിനിൽക്കാൻ ഞാൻ കൊതിക്കുന്നില്ലെന്നു പറഞ്ഞത്. നെരിപ്പോടിലെ അണയാത്ത കനൽക്കട്ടകളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് കവി ആ ഗീതകം അവസാനിപ്പിക്കുന്നത്. ആ കനൽക്കട്ടകൾ കത്തിയൊടുങ്ങിയിട്ടില്ലെന്നു തെളിയിച്ചുകൊണ്ടിരുന്നു അതിനുശേഷം ഭൂമിയിൽ എഴുതപ്പെട്ട വാക്കുകളെല്ലാം. ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ. ആഹ്ലാദവും ആവേശവും അലതല്ലുമ്പോഴും അഗാധതയിൽ ചാരം മൂടി കിടപ്പുണ്ടായിരുന്നു വിഷാദത്തിന്റെ കനൽക്കട്ടകൾ. ഏറ്റവും ഉച്ചത്തിലുള്ള ചിരിയിൽപ്പോലും വിഷാദത്തിന്റെ നേർത്ത അല. എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത ആ വിഷാദം ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. പുഴു പൂമ്പാറ്റയാകും പോലെ അക്ഷരങ്ങൾ വാക്കുകളാകുന്നു. നക്ഷത്രങ്ങളാകുന്നു. ഏതൊക്കെയോ മനസ്സുകളിൽ സാന്ത്വനമായും സമാശ്വാസമായും പൊഴിയുന്നു. 

പ്രണയസഞ്ചാരങ്ങളുടെ ആഴക്കടലിൽ നിന്ന് ബിച്ചു കൽഹാര കണ്ടെടുത്ത മുത്തുകളാണ് അദ്ദേഹത്തിന്റെ കഥകൾ. യുവമനസ്സിനെ അലോസരപ്പെടുത്തുന്ന, ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന വികാര വിചാരങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ അസംസ്‌കൃത വസ്തുക്കൾ. എഴുതിയെഴുതി നിറം കെട്ട ആ വികാരങ്ങൾക്കും വിചാരങ്ങൾക്കും തന്റേതായ ഭാവനയിലൂടെ പുതിയൊരു ഭാഷയിൽ അവതരിപ്പിക്കാനാണ് ശ്രമം. 

പ്രണയത്തിന്റെ ശ്രുതിതാളങ്ങൾ ഇവിടെ നിഷ്‌കളങ്കമായി മീട്ടപ്പെടുകയല്ല. യാഥാസ്ഥിതിക രീതിയിൽ പ്രണയം ആഘോഷിക്കപ്പെടുന്നുമില്ല. പരസ്പരം പറയാതെ അറിയുന്ന പ്രണയമാണ് അനാവൃതമാകുന്നത്. പ്രണയസായൂജ്യം നേടുന്ന യുവ മിഥുനങ്ങളെ ഈ കഥകളിൽ കാണാൻ കഴിയില്ല. എന്നാലോ അവരുടെ ഹൃദയം പ്രണയത്തിന്റെ ബലിത്തറകളാകുന്നു. ഭർത്താവാകാൻ മറ്റൊരു പുരുഷനെ കണ്ടുപിടിച്ച പ്രണയിനിക്കൊപ്പം കടൽത്തീരത്ത് ഒന്നും മിണ്ടാതെയിരിക്കുന്നവരെ കടലാഴങ്ങൾ തേടുമ്പോൾ എന്ന കഥയിൽ കാണാം. അവർ ഒരു ചോദ്യത്തിന് ഉത്തരം തേടുകയാണ്. സമസ്യ പരിഹരിക്കാൻ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് ഒരു തിരപോലും കരയിൽ നിൽക്കാതെ, നനയ്ക്കുക മാത്രം ചെയ്തു തിരിച്ചുപോകുന്നത് ? 

ചിലപ്പോൾ തിരയെ കാത്തിരിക്കാൻ ആരെങ്കിലും ആഴങ്ങളിൽ ഉണ്ടായിരിക്കും എന്നാണ് അവളുടെ മറുപടി. 

എന്നാൽ അവന്റെ സംശയം തീരുന്നില്ല. എങ്കിൽ എന്തിനായിരിക്കാം തിര പിന്നെയും പിന്നെയും കരയെ തേടുന്നത്. തിരയ്ക്ക് ആശ്വാസം പകരുന്ന എന്തെങ്കിലും കരയിൽ കാണുമായിരിക്കാം. പരസ്പരം ആശ്വാസത്തിന്റെ തുരുത്താകാനാണ് അവരുടെ വിധി. തിര പിന്നെയും കരയിലേക്കു വന്നുകൊണ്ടിരുന്നു. നിമിഷങ്ങൾ മാത്രം ദീർഘിക്കുന്ന ചുംബനങ്ങൾ കരയ്ക്കു നൽകി ആഴങ്ങളിലേക്കു വീണ്ടും പൊയ്‌ക്കൊണ്ടിരുന്നു. 

അവൻ ആ തിരയെ പതിവിലും അധികം നേരം കരയിൽ നിർത്താൻ ശ്രമിക്കുകയാണ്. ഒരുപക്ഷേ അതിനു കഴിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെയിപ്പോൾ കെട്ടിപ്പിടിച്ചേനേം, നെറുകൊരു ചുംബനത്തിനായി നീട്ടിയേനേം. എന്റെ കാത്തിരിപ്പിന്റെ അവശതകൾ മുഴുവൻ കരഞ്ഞുതീർത്തേനേം. 

അവളതു പറയുമ്പോൾ മുഖത്തു വന്ന ഭാവം ഏതെന്നറിയാൻ എനിക്കായില്ല. അതൊരു നിരാശയാണോ, ആഗ്രഹമാണോ, ക്ഷണമാണോ, വിങ്ങലാണോ, അതുമല്ലെങ്കിൽ ഒരു തലോടലിന്റെ കൊതി കൊണ്ടാണോ... അറിയില്ല, പക്ഷേ, അവളുടെ കണ്ണുകൾ നിറയുകയോ മുഖം ദുഃഖത്താൽ വീർക്കുകയോ ചെയ്തില്ല. എനിക്കവളെ ഇറുക്കെ പുണരണമെന്നും മുഖമാകെ തുരുതുരെ ഉമ്മ വയ്ക്കണമെന്നും തോന്നി. ഈ തിരയൊരു നിമിഷം കരയിൽ നിലച്ചിരുന്നെങ്കിൽ. അവളെ കാത്തിരിക്കുന്ന ആഴങ്ങളിലേക്കു പോകാതെ, ഒറ്റനിമിഷം നിലച്ചിരുന്നെങ്കിൽ... ഞാൻ വെറുതെ തിരകളെ ചവിട്ടിപ്പിടിക്കാൻ ശ്രമിച്ചു. 

പ്രണയത്തിന്റെ ഏറ്റവുമഗാധമായ അനുഭവങ്ങൾക്കു വാക്കുകൾ കൊടുക്കുക എന്ന ദുഷ്‌കരമായ വെല്ലുവിളിയാണ് എഴുത്തുകാരൻ ഏറ്റെടുത്തിരിക്കുന്നത്. അതിലദ്ദേഹം വിജയിച്ചോ പരാജയപ്പെട്ടോ എന്നത് ഈ കഥകൾ വായനക്കാരുടെ മനസ്സിൽ സൃഷ്ടിക്കുന്ന ആഘാതത്തിന്റെ തോത് അനുസരിച്ചിരിക്കും. എന്നാൽ, അവഗണിക്കേണ്ടവയല്ല ഈ കഥകൾ. 

ഷെല്ലിയുടെ കാലം മുതലേ കെടാതെ കിടക്കുന്ന കനൽക്കട്ടകൾ ഈ കഥകളെ തിളക്കമുള്ളതാക്കുന്നു. അവ ചിലപ്പോൾ ആളിപ്പടരുന്നു. മറ്റു ചിലപ്പോൾ മങ്ങിക്കത്തുന്നു. എന്നെങ്കിലും ഏതെങ്കിലും വായനക്കാരൻ ശരീരം മരവിപ്പിക്കുന്ന ഏകാന്തതയുടെ തണുപ്പിൽ നിന്ന് ആശ്വാസം തേടി ഈ നെരിപ്പോടിന്റെ ചാരത്ത് ഇരുന്നേക്കാം. പ്രണയത്തിന്റെ ചൂടിൽ ഒരു നിമിഷമെങ്കിലും നിറമുള്ള സ്വപ്നങ്ങൾ കണ്ടേക്കാം. പ്രണയനിർഭര ജീവിതം എന്താണെന്നറിഞ്ഞേക്കാം. 

Content Summary: Malayalam Book ' Pranayasancharangalude Aazhakkadal ' written by Bichu Kalhara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com