കനമില്ലാത്ത നാരങ്ങാച്ചായ കുടിച്ചാൽ കൂടുകയാണ് ഉൾക്കനം

book-narangachaya–portrait
SHARE
നിധീഷ് ജി.

സാഹിത്യ പ്രവർത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

വില 145 രൂപ

ഏറ്റവും പുതിയ സാമൂഹിക, രാഷ്ട്രീയ യാഥാർഥ്യങ്ങളോട്, കഥകളിലൂടെ അതിസൂക്ഷ്മമായി പ്രതികരിക്കുന്ന ആളാണ് ജി. നിധീഷ്. അതുകൊണ്ടുതന്നെയാവണം, മലയാളത്തിലെ ചെറുകഥാവായനക്കാർ സംശയലേശമെന്യേ നിധീഷിനെ തങ്ങളുടെ വായനമുറിയിലേക്കു കൈപിടിച്ചു സ്വീകരിച്ചത്. ആഴ്ചപ്പതിപ്പുകളിൽ അച്ചടിച്ചുവരുന്ന നിധീഷ് കഥകൾ അതേദിവസം തന്നെ സമൂഹമാധ്യമത്തിൽ ചർച്ചയാവുന്നിടത്തേക്കും പ്രമുഖ പ്രസാധകർ പുസ്തകം അച്ചടിക്കുന്നിടത്തേക്കും നിധീഷ് വളർന്നത് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിലാണ്. നിധീഷ് കഥകളുടെ ശക്തി മനസ്സിലാക്കിയവരാണ് ഈ എഴുത്തുകാരനെ സ്വയമറിഞ്ഞ് ആദരിക്കുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്ന ‘നാരങ്ങാച്ചായ’ എന്ന കഥ ഒന്നാംവായനയിൽ അൽപം ദുരൂഹമായി തോന്നുമെങ്കിലും രണ്ടാം വായനയിൽ പാടെ മാറുകയാണ്. കഥയുടെ പ്രമേയം ആവശ്യപ്പെടുന്ന ദുരൂഹതയാണല്ലോ എഴുത്തുകാരൻ ചേർത്തുവച്ചിരിക്കുന്നതെന്നും പുനർ വായനയിൽ നാം തിരിച്ചറിയും. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടുകഴിയുന്നവരാണ് എൽ.ജി.ബി.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾ. അവരെ ചൂഴ്ന്ന ദുരൂഹത പൊതുസമൂഹത്തിന് വലിയൊരു പ്രഹേളികയാണ്. ആ പ്രഹേളിക ആ വിഭാഗത്തിൽപ്പെട്ടവരോടുള്ള നിന്ദയോ അസഹിഷ്ണുതയോ സ്നേഹമില്ലായ്മയോ ഒക്കെയായി മാറുമ്പോൾ, തങ്ങളുടേതല്ലാത്ത കാരണത്താല്‍ ആ വിഭാഗത്തിൽ ജനിക്കാൻ നിർബന്ധിതരായവർ കടുത്ത മാനസികസമ്മർദ്ദത്തിനും നീതിനിഷേധത്തിനും ഇരയായിത്തീരുന്നു. അങ്ങനെ നീതി നിഷേധിക്കപ്പെടുന്നവർക്ക് കഥയുടെ രൂപത്തിൽ നൽകാവുന്ന നല്ലൊരു ഉപഹാരമാണ് നാരങ്ങാച്ചായ.

പുരുഷൻ, സ്ത്രീ എന്നതിനൊപ്പം ട്രാൻസ്ജെൻഡറുകളും ഒരു പ്രകൃതിസത്യമാണെന്നത് അംഗീകരിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും നടപ്പുരീതികളും നടപ്പുനീതികളും മാത്രമാണ് ശരി എന്നു ചിന്തിക്കുന്ന മഹാഭൂരിപക്ഷം ഇപ്പോഴും ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കാൻ മടി കാട്ടുകയാണ്. ട്രാന്‍സ്ജെൻഡറുകള്‍ തങ്ങൾക്കു മാത്രമായി എന്തെങ്കിലും പ്രത്യേക നീതി ആവശ്യപ്പെടുന്നില്ല, ആഗ്രഹിക്കുന്നില്ല. മറ്റെല്ലാവർക്കും കിട്ടുന്ന നീതി തങ്ങൾക്കു നിഷേധിക്കപ്പെടരുത് എന്നേ അവർ ആഗ്രഹിക്കുന്നുള്ളൂ. പല പേരുകളിൽ അവർ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ, ഈ വിശേഷണമൊന്നും അവരുടെ യഥാർഥസ്വത്വത്തെ പ്രതിനിധീകരിക്കുന്നില്ല. ഈ സത്യത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട് നാരങ്ങാച്ചായ.

കഥയിലൊരിടത്തും ഇതിലെ മുഖ്യകഥാപാത്രങ്ങളുടെ ലിംഗ സ്വത്വം വെളിപ്പെടുത്തുന്നില്ല. ആഖ്യാതാവും ലിൻഡ എന്ന രണ്ടാം കഥാപാത്രവും ആ വിഭാഗത്തിൽ പെടുന്നു എന്ന് സൂചനകളിൽക്കൂടി മാത്രമാണ് അടയാളപ്പെടുത്തുന്നത്. ഇവർ രണ്ടുപേരും കണ്ടുമുട്ടുന്നത് പ്രഭാതസവാരിക്കു പതിവായി വരുന്ന സ്റ്റേഡിയത്തിലാണ്. അവിടെയാണ് കഥ നടക്കുന്നതും. പല ദിവസങ്ങളിൽ കാണുകയും സംസാരിക്കുകയും ചെയ്യുന്നതിലൂടെ അവർ അവരുടെ സ്വത്വം പരസ്പരം മനസ്സിലാക്കുന്നുണ്ട്. പക്ഷേ, പുരുഷന്‍ എന്നു വിചാരിച്ചേക്കാവുന്നവിധം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആഖ്യാതാവിന്റെയത്ര ചങ്കുറപ്പോ ആത്മവിശ്വാസമോ ഉടനീളം പ്രകടിപ്പിക്കാൻ ലിൻഡയ്ക്കാവുന്നില്ല, ഇടയ്ക്ക് ലിൻഡ ധീരതയുടെ ചില പ്രസരിപ്പുകൾ കാട്ടുന്നുണ്ടെങ്കിലും സ്ഥായീഭാവം വിഷാദമാണ്.

ഒരു ഘട്ടത്തിൽ വിഷാദം രോഗമായി വളർന്ന് അവൾ ജീവനൊടുക്കുകയാണ്. ആഖ്യാതാവ് അതറിയുന്നത് രാവിലെ നടക്കാനെത്തുമ്പോൾ കാണാറുള്ള, പതിവു നടത്തക്കാരിൽപ്പെട്ട മറ്റൊരാൾ പറഞ്ഞാണ്. അപ്പോഴയാൾ ആലോചിക്കുന്നത്, ഒരുമിച്ചു ജീവിക്കാനുള്ള ലിൻഡയുടെ ക്ഷണം താൻ സ്വീകരിച്ചിരുന്നെങ്കിൽ അവളെ രക്ഷിക്കാൻ കഴിയുമായിരുന്നല്ലോ എന്നാണ്. അമ്മയുടെ വെറുപ്പു സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ ലിന്‍ഡയ്ക്ക് ചെന്നു പെട്ട മിക്ക സ്ഥലങ്ങളിൽനിന്നും ലഭിച്ചത് തിരസ്കാരംതന്നെ. ട്രാൻസ് എന്ന സംഗീതട്രൂപ്പിലും മെട്രോയിലെ സമാനസ്വത്വക്കാരായ തൂപ്പുകാർ ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തുപോലും അവൾ പൂർണ്ണതൃപ്തയായിരുന്നില്ല.

ആഖ്യാതാവിനെ കണ്ടുമുട്ടുന്നതും പലതവണ സംസാരിച്ച് മാനസികമായി അടുക്കുന്നതും അവൾക്ക് വലിയ ആശ്വാസമായിത്തീരുന്നു. കാമത്തോടെ സ്ഥിരമായി കാലിന്നിടയിൽ നോക്കി ചോരയൂറ്റിക്കുടിക്കുന്നവനെ കൈകാര്യം ചെയ്യുന്നതിലും തന്റെ ധർമ്മസങ്കടങ്ങള്‍ ക്ഷമയോടെ കേൾക്കുന്നതിലും സഹോദരന്റെ ചികിത്സയ്ക്കു പണം നൽകി സഹായിക്കുന്നതിലുമൊക്കെ കൂടെ നിൽക്കുന്ന ആഖ്യാതാവിൽ ലിൻഡ ഒരു പങ്കാളിയെയോ ആത്മമിത്രത്തെയോ ദർശിച്ചിട്ടുണ്ടാവാം. പക്ഷേ, ഒന്നിച്ചു ജീവിക്കാനുള്ള ലിൻഡയുടെ ക്ഷണം സ്വീകരിക്കാന്‍ അയാൾക്കാവുമായിരുന്നില്ല. താനും സ്വത്വപ്രതിസന്ധിയിലാണെന്നതാണോ മറ്റേതെങ്കിലും കാരണമാണോ അയാളെ പിന്തിരിപ്പിക്കുന്നതെന്നറിയില്ല.

ആഖ്യാതാവ് സഹജീവനത്തിനു മടി പറഞ്ഞയുടനൊന്നും ലിൻഡ ജീവനൊടുക്കിയില്ല. അപ്പോൾ അതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നു പറയാനാവില്ല. എങ്കിലും തന്റെ നിരാസം അവളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച പല ഘടകങ്ങളിൽ ഒന്നായിരിക്കില്ലേ എന്നയാൾ വിചാരിക്കുന്നു. ആ വിചാരം വായനക്കാരന്റെ മനസ്സിനെ ആർദ്രമാക്കുന്നിടത്താണ് ഈ കഥ വിജയിക്കുന്നത്.

കോട്ടയത്ത് സീനിയർ സിവിൽ പൊലീസ് ഓഫീസറായി ജോലി ചെയ്യുന്ന നിധീഷ് കേളികൊട്ട് ബ്ലോഗ് മാഗസിനിന്റെ നടത്തിപ്പുകാരനും അതിലെ എഴുത്തുകാരനും എന്ന നിലയിൽ 2010–ലാണ് അറിയപ്പെട്ടുതുടങ്ങിയത്. 2011–ൽ ഹൈഡ്ര എന്ന കഥ മാധ്യമം ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്നു. സമകാലിക മലയാളം വാരികയുടെ കഥാമത്സരത്തിൽ തെര‍ഞ്ഞെടുക്കപ്പെട്ട മികച്ച കഥകളിലൊന്ന് നിധീഷിന്റേതായിരുന്നു. അതോടെ മുഖ്യധാരയിലേക്കു പ്രവേശിച്ച നിധീഷിന്റെ മൂന്നു സമാഹാരങ്ങളും (ഹിപ്പപ്പൊട്ടാമസ്, വെള്ളില, താമരമുക്ക്) ശ്രദ്ധിക്കപ്പെട്ടു. ഇലവീഴാപ്പൂ‍ഞ്ചിറ എന്ന സ്വന്തം കഥ സിനിമയായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സന്തോഷം.

ട്രാന്‍സ്ജെൻഡറുകളുമായി എന്തെങ്കിലും ബന്ധം ഉള്ളതുകൊണ്ടല്ല, നാരങ്ങാച്ചായ എന്നു കഥയ്ക്കു പേരിട്ടത്. മറിച്ച് സാധാരണമല്ലാത്ത രണ്ടു സംഗതികളെ കൂട്ടിച്ചേർക്കുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യവും സന്തോഷപ്രദവുമായ അനുഭവത്തെ പ്രതിഫലിപ്പിക്കാനാണെന്ന് കഥാകൃത്ത് പറയുന്നു.

നാരങ്ങാച്ചായ എഴുതാനുണ്ടായ പശ്ചാത്തലം നിധീഷ് വിവരിക്കുന്നതിങ്ങനെ:

ലെമൺ ടീയുടെ യഥാർഥ രുചി നുകരുന്നത് കഥയിൽ പറഞ്ഞിട്ടുള്ളതുപോലെ കോട്ടയത്തെ മനോരമ ഓഫീസിനു മുന്നിലുള്ള, ഇക്ക എന്ന് എല്ലാവരും വിളിക്കുന്ന കുഞ്ഞുമോന്റെ നൈറ്റ്കടയിൽ നിന്നാണ്. അതിന്റെ വീര്യം അക്ഷരങ്ങളിലൂടെ വ്യക്തമാക്കുക പ്രയാസം. സവിശേഷമായ ബ്ലെൻഡിങ് മാജിക് തന്നെയാണത്. ഈ കുറിപ്പ് എഴുതുമ്പോൾത്തന്നെ ചൂടോടെ ഒരെണ്ണം സിപ് ചെയ്യാനുള്ള കൊതി വരുന്നുണ്ട്. പൊലീസ് ക്യാമ്പിൽ തങ്ങേണ്ടിവരുന്ന ദിവസങ്ങളിൽ, ചിലപ്പോൾ സിനിമ കണ്ടുമടങ്ങുന്ന പാതിരാവിൽ ഒക്കെ കൂട്ടുകാർക്കൊപ്പം ഇക്കയുടെ കടയിൽ എത്താതിരിക്കില്ല. അടച്ചിട്ടിരിക്കുന്ന ഷട്ടറുകൾക്കും കോണിപ്പടികൾക്കും താഴെ, പ്ലാസ്റ്റിക് സ്റ്റൂളുകളിലിരുന്ന് സിനിമയും കഥയും കവിതയുമൊക്കെ പകർന്നു കുടിച്ച രാത്രികൾ. കോവിഡ് വന്നതോടെ നൈറ്റ് കട നിന്നു. ഇപ്പോൾ അവിടെത്തന്നെയുള്ള ഒരു സ്ഥിരം ടീഷോപ്പായി അത് മാറിയിട്ടുണ്ട്. കഥ വന്നതിനുശേഷം ഇക്കയെ നേരിൽ കണ്ടിട്ടുമില്ല.

സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന മാറാട് ഷാജി എന്ന ചങ്ങാതിക്കൊപ്പം തിരക്കഥാകൃത്തായ ഷാഹി കബീറിന്റെ കൊച്ചിയിലുള്ള വീട്ടിൽ കുറച്ചുനാൾ തങ്ങേണ്ട സാഹചര്യമുണ്ടായി. ആ സമയത്ത് രാവിലെ കലൂര്‍ സ്റ്റേഡിയത്തിൽ നടക്കാൻ പോകും. അഞ്ചു റൗണ്ട് നടപ്പിനൊടുവിൽ ഒരു ലെമൺ ടീ–അതായിരുന്നു പതിവ്. ഇക്കയുടെ കൈപ്പുണ്യമില്ലാത്ത, കയ്പും, പുളിയും മധുരവും ഏറിയും കുറഞ്ഞും പരസ്പരം ചേരാതെ മുഖം ചുളിപ്പിച്ച നാരങ്ങാച്ചായ. എങ്കിലും എല്ലാ പ്രഭാതങ്ങൾക്കും ആ രുചി അസാധാരണമായ ഊർജ്ജം നിറച്ചുതന്നു.

സ്റ്റേഡിയം മറ്റൊരു ലോകമായിരുന്നു. പലമാതിരി മനുഷ്യർ, വർത്തമാനങ്ങൾ, കാഴ്ചകൾ. അവിടേക്കാണ് ഒരുദിവസം ലിൻഡ അലസമായി നടന്നുവന്നത്. അവസാനത്തെ കവിൾ ചവർപ്പ് തൊണ്ടയിൽനിന്നു കീഴ്പ്പോട്ടിറക്കി ഗ്ലാസ്സ് താഴെ വെച്ച നേരം. ആകാശത്ത് ഒരു മഴവില്ല് വിടർന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ ലിൻഡയെ നിരീക്ഷിക്കാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ ഒരക്ഷരംപോലും മിണ്ടിയില്ല. ഓരോ റൗണ്ട് നടപ്പിലും ലിൻഡ മൗനത്തിലൂടെ ജീവിതം പറയാൻ തുടങ്ങി. നെറ്റിയിൽ ഒറ്റനാണയമൊട്ടിച്ച് സൂര്യനെ ധ്യാനിക്കുന്ന വൃദ്ധദമ്പതികൾ, പ്രാവിന് തീറ്റ കൊടുക്കുന്ന ചെറുപ്പക്കാരൻ, ചിരി വ്യായാമത്തിലേർപ്പെടുന്ന സംഘം, റോളർ സ്കേറ്റിങ് കുട്ടികൾ, ഒരു കഴുതപ്പുലിയെപ്പോലെ തോന്നിച്ച ചുവന്ന തൊപ്പിവെച്ച മനുഷ്യൻ. എല്ലാവരും അവിടെത്തന്നെയുണ്ടായിരുന്നു.

നാരങ്ങാച്ചായയെ ലെമൺ ടീ എന്ന വാക്കിൽനിന്നു വിവർത്തനം ചെയ്തെടുക്കുമ്പോൾ ഒരിക്കലും അത് എൽ.ജി.ബി.ടി. കമ്മ്യൂണിറ്റിയുടെ ജീവിതവുമായി ചേർന്നുനിൽക്കുന്ന ഒന്നാകുമെന്ന് ധാരണയില്ലായിരുന്നു. പരസ്പരം ചേരില്ല എന്നു വിശ്വസിക്കുന്നവയെ ചേർത്തെടുക്കുമ്പോഴുണ്ടാകുന്ന മധുരവും പുളിയും സ്വാഭാവികമായി സംഭവിച്ചു. യഥാർഥ മനുഷ്യരുടെ അടയാളമായി അതു മാറുന്നത് കണ്ട് അളവറ്റ സന്തോഷമുണ്ടായി. എൽ.ജി.ബി.ടി. കമ്യൂണിറ്റിയെ അടയാളപ്പെടുത്തിയ ധാരാളം കഥകൾ വായിച്ചിട്ടുണ്ട്. എന്നാൽ അവയെല്ലാം ആ ജീവിതത്തെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്നമട്ടിൽ എഴുതപ്പെട്ടതുപോലെയാണ് തോന്നിയത്. പാർശ്വവത്കരിക്കപ്പെട്ടവരെ കഥകളിലും ഓരത്താക്കിനിർത്തിയിരിക്കുന്നതായി തോന്നി. അതിൽ നിന്നു മാറി അവരുടെ പക്ഷത്തുനിന്ന് ഒരു കഥ പറയണമെന്ന ഒറ്റ ഉദ്ദേശ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. മനുഷ്യരുടെ കഥയായി അത് അവതരിപ്പിക്കണമെന്നും. ആ കാരണം കൊണ്ടാണ് കഥയിൽ ആഖ്യാതാവിന്റെയും ലിൻഡയുടെയും ജെൻഡർ ഒളിപ്പിച്ചുവെച്ചത്. മനുഷ്യരുടെ കഥയായി അത് വായിക്കപ്പെടണമെന്ന ശാഠ്യം എനിക്കുണ്ടായിരുന്നു. ചെറിയ സൂചകങ്ങൾ മാത്രമാണ് കൊടുത്തത്. അതുകൊണ്ടുതന്നെ ആഖ്യാതാവിനെ പുരുഷനായും ലിൻഡയെ സ്ത്രീയായും കണ്ടുകൊണ്ടുള്ള വായനയാണ് കഥ പ്രസിദ്ധീകരിച്ചുവന്നപ്പോൾ ആദ്യമുണ്ടായത്. അത്തരം വായനകളിൽ നാരങ്ങാച്ചായ ഒരു പൈങ്കിളിക്കഥയായി ലേബലൈസ് ചെയ്യപ്പെട്ടെങ്കിലും എനിക്ക് ഒട്ടും സങ്കടം തോന്നിയില്ല. എഴുതപ്പെട്ട കഥ എപ്പോഴും വായനക്കാരുടേതാണ്. വായിക്കുന്ന ആൾക്ക് അനുഭവപ്പെടുന്നതെന്തോ അതാണ് ശരി. അതിനിടയിൽ കയറി അങ്ങനെയല്ല ഇങ്ങനെയാണ് എന്നു പറയാന്‍ എഴുത്തുകാരന് യാതൊരു അവകാശവുമില്ല. അങ്ങനെ ചെയ്യേണ്ടിവരുമ്പോൾ അയാൾ ഒരു തോറ്റ കഥാകാരനായി മാറും. ഒപ്പം കഥയുടെ തോൽവിയും സംഭവിക്കും എന്നാണ് എന്റെ വിശ്വാസം.

തുടർവായനകളിലാണ് നാരങ്ങാച്ചായ തിരിച്ചറിയപ്പെട്ടത്. ഒട്ടും പരിചയമില്ലാത്ത ഒരാൾ ഫെയ്സ്ബുക്ക് ഐഡി തപ്പിയെടുത്ത് മെസ്സഞ്ചറിൽ വിളിച്ചു. ലിൻഡയുടെയും ആഖ്യാതാവിന്റെയും യഥാർഥ സ്വത്വം തിരിച്ചറിഞ്ഞ ആ മനുഷ്യൻ പറഞ്ഞതെല്ലാം കേട്ട് എന്റെ കണ്ണു നിറഞ്ഞു. അവസാനവരിയിൽ ആഖ്യാതാവ് തന്റെ ജെൻഡർ വെളിപ്പെടുത്തുന്ന (‘കൊല്ലങ്ങൾക്കു മുൻപേ സ്വയം തിരിച്ചറിഞ്ഞ സ്വത്വത്തിലേക്ക് കൂടു മാറിയ ഞാൻ, ഒരിണയെക്കുറിച്ച് ഇക്കാലം വരെയും ചിന്തിച്ചിരുന്നില്ല’) വാചകം ഇല്ലായിരുന്നെങ്കിൽക്കൂടി കഥ പൂർണ്ണമാണല്ലോ എന്നു കേട്ട് അത്ഭുതപ്പെട്ടു. സത്യത്തിൽ ആ വരി ആത്മവിശ്വാസക്കുറവു കൊണ്ട് ചില സ്നേഹിതരുടെ നിർദ്ദേശപ്രകാരം കൂട്ടിച്ചേർത്ത ഒന്നായിരുന്നു. ആ മനുഷ്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് കഥയുടെ അകം താൾ തുറന്നതെന്ന് പറയുമ്പോഴും മറ്റെല്ലാ വായനകളെയും എനിക്കു സ്നേഹത്തോടെയേ സ്വീകരിക്കാനാവൂ. നാരങ്ങാച്ചായ മനുഷ്യരുടെ കഥയാണ്. ആണിന്റെയോ പെണ്ണിന്റെയോ ട്രാൻസ്ജെൻഡർ, ഗേ, ലെസ്ബിയൻ തുടങ്ങിയ മറ്റാരുടെയെങ്കിലുമോ അല്ല. മൂന്നാംലിംഗക്കാർ എന്ന പദംപോലും പലരും ഉപയോഗിച്ചുകാണുന്നുണ്ട്. തെറ്റായ അഭിസംബോധനയാണത്.

കഥയിലുടനീളം ബോൾഡായ ലിൻഡ കേവലമൊരു തിരസ്കാരത്താൽ ആത്മഹത്യചെയ്യുമോ? എന്തിനാണ് ആത്മഹത്യയെ ഗ്ലോറിഫൈചെയ്യാന്‍ ശ്രമിക്കുന്നത്? അത് വേണ്ടിയിരുന്നില്ല എന്ന് പലരും പറയുകയുണ്ടായി. സത്യത്തിൽ എനിക്കുമറിയില്ല ലിൻഡ ആത്മഹത്യചെയ്യാനുള്ള കാരണം. പ്രണയനിഷേധത്താലോ, അന്നേനാൾ വരെ അനുഭവിച്ച കൊടിയ മാനസികപീഡയാലോ സമൂഹത്തിന്റെ തിരസ്കാരങ്ങൾകൊണ്ടോ... അറിയില്ല. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ വലിയ കരുത്തുണ്ടായിരിക്കുമ്പോഴും ഓർക്കാപ്പുറത്ത് കടന്നുവരുന്ന ചെറിയ ഇരുട്ടിൽ പെട്ടെന്ന് അടിപെട്ടുപോവുകയും ആ നിമിഷത്തിന്റെ ചോദനയിൽ മരണത്തിലേക്കു നടന്നുപോവുകയും ചെയ്ത ചിലരെ എനിക്കറിയാം. പലപ്പോഴുമോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്, കാരണമന്വേഷിച്ച് മനസ്സ് പുണ്ണാക്കിയിട്ടുണ്ട്. ഒന്നും ഇന്നേനാൾവരെ തെളിഞ്ഞു കിട്ടിയിട്ടില്ല.

അത്ര മഹത്തായ കഥയൊന്നുമല്ല നാരങ്ങാച്ചായ. കഥ വായിച്ച് എൽ.ജി.ബി.ടി. കമ്മ്യൂണിറ്റിയിലുള്ള കുറച്ചുപേർ വിളിച്ച് വലിയ സന്തോഷത്തോടെ സംസാരിച്ചു. കാറ്റഗറൈസ് ചെയ്യാതെ വ്യക്തികളായി അവരെ കഥയിൽ അവതരിപ്പിച്ചതിലുള്ള സ്നേഹം പങ്കുവെച്ചു. അതുമാത്രം മതി. പരിണാമ ഗുപ്തിയിൽ, എത്തേണ്ടിടത്ത് എത്തിയ സംതൃപ്തിയിൽ, ഒരു ലെമൺ ടീ ഇളംചൂടോടെ മധുരിക്കുന്നു.

Content Summary: Malayalam Book ' Narangachaya ' written by Nidheesh G

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS