ഇനിയും വൈകിക്കൂടാ, ഒരുമിച്ചു നീങ്ങണം, നമുക്ക് വേണ്ടത് അതു തന്നെ: ഒൺലി ജസ്റ്റിസ്

book-only-justice
SHARE
അജിത് ഗംഗാധരൻ

മനോരമ ബുക്‌സ്

വില 390 രൂപ

നന്മയുടെ കവചത്തിനുള്ളിൽ സുരക്ഷിതമായിരുന്നുകൊണ്ട് തിന്മകൾ മദിച്ചുപുളയ്ക്കുന്ന കാലത്ത്, ഉള്ളിലെ നീതിബോധത്തിന്റെ താപത്താൽ ഹൃദയം വേവാൻ തുടങ്ങുന്ന സുമനസ്സുകൾക്ക് കയ്യും കെട്ടി നോക്കിനിൽക്കാനാവില്ല. ഏതു വിപരീതാവസ്ഥകളിലും അത്തരക്കാരുടെ കുലത്തിന് വംശനാശം സംഭവിക്കാൻ പ്രപഞ്ചം കൂട്ടുനിൽക്കില്ലെന്നുള്ള പ്രത്യാശ മാത്രമാണ് ഇനിയുള്ള ഏകവെളിച്ചം.

തിന്മ എന്നൊക്കെ ലോകം കീഴടക്കാൻ തുടങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ നന്മയുടെ പുന:സ്ഥാപനത്തിനായി വ്യക്തികളും പ്രസ്ഥാനങ്ങളും അവതരിച്ചിട്ടുണ്ട്. നിയോഗം പൂർത്തിയാക്കി അവർ മടങ്ങിയിട്ടും അവരുടെ ജീവിതവും പ്രവർത്തനവും ചരിത്രം രേഖപ്പെടുത്തി പിൻതലമുറകൾക്കു നൽകിയിട്ടുമുണ്ട്. ചരിത്രമെന്നാൽ തിന്മ മേധാവിത്വം നേടുന്നതിന്റെയും നന്മ വീണ്ടും വെളിച്ചം പരത്തുന്നതിന്റെയും രേഖകളും കൂടിയാണ് എന്നും പറയാം. എന്നാൽ ഇതുവരെയുള്ള പോരാട്ടത്തിൽ ആരാണ് ആത്യന്തിക വിജയം നേടിയതെന്ന ചോദ്യമുണ്ട്. ഇരുട്ട് ലോകം കീഴടക്കുമ്പോൾ ഒരു തരി വെളിച്ചം പോലും എത്ര പ്രിയപ്പെട്ടതാണ്. എത്രയോ തലമുറകൾക്ക് ആ വെളിച്ചം വഴികാട്ടിയാകുന്നു. എന്നാൽ ഒരിക്കലും ഇരുട്ട് ലോകത്തെ പൂർണമായി കീഴടക്കുന്നില്ല. നന്മ പൂർണമായി മേധാവിത്വം നേടുന്നുമില്ല. ഒരു പക്ഷേ നന്മതിന്മകളുടെ സമ്മേളനസ്ഥലമായി മനസ്സ് നിലനിൽക്കുന്നിടത്തോളം കാലം ഈ രണ്ട് അവസ്ഥകളും മാറിമാറിയും ഇടവിട്ടും മേധാവിത്വം നേടിയേക്കാം.

ബുദ്ധനും ജിദ്ദു കൃഷ്ണമൂർത്തിയും. പ്രധാന മതങ്ങളുടെ വെളിച്ചമായി ഇന്നും നിലകൊള്ളുന്ന അവതാരങ്ങൾ. മാർക്‌സും ഗാന്ധിജിയും. നെൽസൺ മണ്ടേലയും മാർട്ടിൻ ലൂതർ കിങ്ങും. ആൽബർട്ട് ഐൻസ്റ്റീനും വില്യം ഷേക്‌സ്പിയറും. ജോർജ് ബെർണാർഡ് ഷായും ബർട്രൻഡ് റസ്സലും. വാൽമീകിയും കാളിദാസനും. എണ്ണിയാലൊടുങ്ങാത്ത മഹാജ്യോതിസ്സുകൾ. അവരുടെ വചനങ്ങൾ. പ്രത്യയശാസ്ത്രങ്ങൾ. മഹാപ്രസ്ഥാനങ്ങൾ. രക്തസാക്ഷികൾ.

തിന്മ എന്നും ഒരേ രൂപത്തിലല്ല വ്യാപിക്കുന്നത്. വ്യക്തികളും ഭാവങ്ങളും പ്രത്യേകതകളും മാറിക്കൊണ്ടിരിക്കുന്നു. നിരന്തര പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കൽ വിജയിച്ചു പരാജയപ്പെട്ട ഒന്ന് അതേ രൂപത്തിൽ വീണ്ടും ആരും അവതരിപ്പിക്കുകയില്ലല്ലോ. വ്യത്യാസങ്ങൾ സ്വാഭാവികം. പ്രവർത്തന രീതികളും മാറിക്കൊണ്ടിരിക്കും. എന്നാലും ആത്യന്തികമായി മനുഷ്യന്റെ ദുർവാസനകളെ ചൂഷണം ചെയ്യുക എന്നതുതന്നെയായിരിക്കും ലക്ഷ്യം. നന്മ പോലെയല്ല. തിന്മയ്ക്ക് എന്നും വളക്കൂറുണ്ട് മനസ്സുകളിൽ. വേഗം വളരും. മാനം മുട്ടെ ഉയരും. ഇതാ ലോകം കീഴടക്കും എന്ന പ്രതീതിയുണർത്തും. അപ്പോഴായിരിക്കും അവതാരപ്പിറവി. വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ രൂപത്തിൽ. ആശയങ്ങളുടെയോ മുദ്രാവാക്യങ്ങളുടെയോ രൂപത്തിൽ. കവിതകളോ ചിന്തകളോ ആയി. പ്രഭാഷണങ്ങളിലെ തീപ്പൊരിയായി. വലിയൊരു പ്രസ്ഥാനമായി മാറിയില്ലെങ്കിൽപ്പോലും കുറച്ചു വെളിച്ചം പരത്തി, ഇരുട്ടിന്റെ ശക്തി കുറച്ച്, വീണ്ടും പ്രതീക്ഷയും പ്രത്യാശയും നൽകി പ്രസ്ഥാനം വഴിവിളക്കാകുന്നു. എന്നാൽ പരാജയപ്പെടാൻ തന്നെയായിരിക്കും വിധി. വെളിച്ചം വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ നിലനിൽക്കുമെങ്കിലും.

ഏറ്റവും പുതിയ കാലത്തെ കീഴടക്കുന്ന ദുർവാസനകളുടെ വേരിൽ കത്തിവച്ച് നീതിയുടെ പുന:സംസ്ഥാപനമാണ് ഓൺലി ജസ്റ്റിസ്. നീതിക്കു വേണ്ടി മാത്രം രൂപം കൊണ്ട് ലോകമെമ്പാടും പ്രവർത്തിക്കുന്ന എന്നാൽ തികച്ചും അദൃശ്യരുടെ ഒരു സംഘടന. ഏറ്റവും മിടുക്കരായ, ജീവിതത്തിന്റെ ലക്ഷ്യം തന്നെ നീതിയാണെന്നു വിശ്വസിക്കുന്ന ചെറുപ്പക്കാരെ കണ്ടെത്തി റിക്രൂട്ട് ചെയ്ത്, മൊസാദ് പോലുള്ള ഇന്റർനാഷണൽ ഏജൻസികളിൽ പരിശീലനം കൊടുത്ത്, ദി അൾട്ടിമേറ്റ് ജസ്റ്റിസ് നടപ്പാക്കുന്നു. നീതിരഹിതമായ കാര്യങ്ങൾ ചെയ്യുന്നവർക്കുള്ള ശിക്ഷ മരണമാണെന്നു വിധിയെഴുതുകയും നടപ്പാക്കുകയും ചെയ്യുന്നു. അൾട്ടിമേറ്റ് ജസ്റ്റിസ്, അഥവാ ആത്യന്തിക നീതി എന്ന പ്രയോഗത്തെ ചുറ്റിപ്പറ്റിയാണ് അവരുടെ സകല പ്രവർത്തനങ്ങളും. നീതിബോധം നഷ്ടപ്പെട്ടവർക്ക് നിഷ്‌കരുണമായ മരണമായിരിക്കും ഓൺലി ജസ്റ്റിസ് സമ്മാനിക്കുക.

അജിത് ഗംഗാധരന്റെ നോവൽ ഒട്ടേറെതലങ്ങളിൽ വ്യത്യസ്തവും സവിശേഷവുമാണ്. ആശയതലത്തിൽ, വായനാനുഭവത്തിൽ, ഭാവുകത്വ പ്രതീതിയിൽ എന്നിങ്ങനെ പുതുമകളുടെ സമ്മേളനം. 

നോവൽ തുടങ്ങുന്നത് യുഎസിലെ ഒരു സ്‌കൂളിലാണ്. തുടക്കം തന്നെ ഗംഭീരമാണ്. അതിഗംഭീരമായ ഒരു ഹോളിവുഡ് സിനിമയുടെ എല്ലാ ചിട്ടവട്ടങ്ങളോടും കൂടി. തുടക്കത്തിന്റെ ആവേശവും ആഹ്ലാദവും അവസാനം വരെ നിലനിർത്തുന്നു. ഓരോ അധ്യായവും പകരുന്നത് വ്യത്യസ്തമായ അനുഭവങ്ങളും സാഹചര്യങ്ങളും സവിശേഷമായ കഥാസന്ദർഭങ്ങളുമാണ്. ഇതിനിടെ, ഒട്ടേറെ രാജ്യങ്ങളിലൂടെ കടന്നുപോകുന്നുമുണ്ട്. ശ്രീലങ്ക, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ പ്രത്യേകിച്ച് ദുബായ്.

എണ്ണമറ്റ കഥാപാത്രങ്ങളുണ്ടെങ്കിലും ഓരോ കഥാപാത്രത്തിനും മിഴിവുണ്ട്. സവിശേഷമായ കഥയും ജീവിതവുമുണ്ട്. അതുകൊണ്ടുതന്നെ ഒരു ആൾക്കൂട്ട പ്രതീതി ജനിപ്പിക്കുന്നില്ല. നീതി എന്ന ആശയം അടിസ്ഥാന പ്രമേയമാണെങ്കിലും ഒരിക്കൽപ്പോലും അത് ആശയ പ്രചാരണത്തിന്റെ സ്വഭാവത്തിലേക്കു മാറാതെ വൈകാരികമായി ജീവൻ തുടിച്ചുനിൽക്കുന്ന കഥയായി തന്നെ ഭ്രമിപ്പിക്കുന്നു. കഥ തീരുമ്പോൾ ആശയം തുടങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. അഥവാ കഥ തീർന്നാലും നോവൽ മനസ്സിൽ അവശേഷിക്കും.

ആത്യന്തിക നീതി തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. മാർഗത്തിന്റെ കാര്യത്തിലാണ് എന്നും വിഭിന്നവും വ്യത്യസ്തവുമായ അഭിപ്രായങ്ങൾ ഉണ്ടായിട്ടുള്ളത്. ഇവിടെയും നിഷ്‌കരുണമായ മരണം എന്ന ആശയത്തിൽ എല്ലാവർക്കും യോജിക്കാനായി എന്നു വരില്ല. എന്നാൽ മറ്റൊരു സുതാര്യമായ മാർഗം അവതരിപ്പിക്കാൻ ആരുടെയും പക്കൽ ഒന്നുമുണ്ടായിരിക്കണം എന്നുമില്ല.

ഒന്നുറപ്പ്, ഞാനും നിങ്ങളും നമ്മൾ എല്ലാവരും നീതി പുലരണം എന്നാഗ്രഹിക്കുന്നു. അത് ഏതാനും പേർക്കോ ലോകത്ത് ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തിനോ മാത്രമായല്ല. എല്ലാവർക്കും വേണ്ടിയാണ്. എല്ലാ ലോകത്തിനും വേണ്ടിയാണ്. എന്നാൽ ആ ആഗ്രഹം കൊണ്ടുമാത്രം എന്തെങ്കിലും സംഭവിക്കും എന്നു വിശ്വസിക്കാൻ മാത്രം വിഡ്ഡികളല്ല നമ്മൾ. ആര് മുന്നിട്ടിറങ്ങും എന്നതാണു ചോദ്യം. നമ്മൾ ആദ്യം തന്നെ ഇറങ്ങേണ്ടതല്ലേ എന്ന ചോദ്യവുമുണ്ട്. ഉത്തരം മറ്റാരും പറയില്ല. നമ്മൾ തന്നെയാണു പറയേണ്ടത്. ആ ചിന്തയിലേക്കു നയിക്കുന്നു എന്നതാണ് ഒൺലി ജസ്റ്റിസിന്റെ പ്രത്യേകത.

മുൻപേ പറക്കുന്ന പക്ഷികൾ എന്ന സി. രാധാകൃഷ്ണന്റെ നോവൽ ലക്ഷ്യത്തിൽ ഈ നോവലിനു മുന്നേ പറന്ന പക്ഷിയാണ്. നക്‌സലിസം എന്ന ആശയത്തിന്റെ പുതിയ പതിപ്പ് മുൻനിർത്തി വ്യത്യസ്തമായ ആശയങ്ങളും ഭാരതതീയ സാഹചര്യങ്ങളും പരിഗണിച്ച് മാറ്റം വരുത്തിയ ആശയമാണ് ആ നോവൽ മുമ്പോട്ടു വച്ചത്. എന്നാൽ അജിത് ഗംഗാധരൻ ഈ നോവലിൽ പകരുന്നത് നാം ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്‌റെ പ്രശ്‌നങ്ങളാണ്. പരിഹാരങ്ങളും. അവ നമ്മുടെ തന്നെ ചിന്തകളാണ്. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ആശയങ്ങളും ആദർശങ്ങളും.

നമുക്ക് പ്രവൃത്തിയിലേക്കു കടക്കേണ്ടതുണ്ട്. ആശയങ്ങളെ പ്രവൃത്തി പഥത്തിൽ എത്തിക്കേണ്ടതുണ്ട്. ഇപ്പോൾ തന്നെ സമയം വൈകിയിരിക്കുന്നു. ദ് ഒൺലി ജസ്റ്റിസ്. അൾട്ടിമേറ്റ് ജസ്റ്റിസ്. അതാകട്ടെ  ലക്ഷ്യം.

Content Summary: Malayalam Book ' Only Justice ' written by Ajith Gangadharan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS