ADVERTISEMENT

നിയതമായ രൂപമോ ഭാവമോ ഉള്ളടക്കമോ ഇല്ല എന്നതാണ് സാഹിത്യത്തെ ഏറ്റവും സർഗാത്മകമായ കലയാക്കുന്നത്. കഥയ്ക്കും കവിതയ്ക്കും നോവലിനുമെല്ലാം നിശ്ചിത രൂപമുണ്ടെങ്കിലും പൊതുസ്വഭാവത്തെ ആസ്പദമാക്കി ചില വസ്തുതകൾ ക്രോഡീകരിച്ചിട്ടുണ്ടെങ്കിലും ആർക്കും ഏതുകാലത്തും ഇവയെ വെല്ലുവിളിച്ചുകൊണ്ട് പുതിയ രൂപത്തിലോ വ്യത്യസ്തമായോ സൃഷ്ടി നടത്താം. ആ സൃഷ്ടി പിന്നീട് മാതൃക പോലുമാകാം. വ്യവസ്ഥാപിതമായ സങ്കൽപങ്ങളെയും രീതികളെയും തകർക്കുന്നതിലും പുതുമകൾ സൃഷ്ടിക്കുന്നതിലും എന്നും സാഹിത്യം മുൻപേ പറക്കുന്ന പക്ഷിയാണ്. അറിവു നേടിയതുകൊണ്ടോ അക്കാദമിക് ബിരുദങ്ങൾ നേടിയതുകൊണ്ടുമാത്രമോ ആർക്കും മികച്ച സാഹിത്യം സൃഷ്ടിക്കാനാകണമെന്നില്ല. വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതുകൊണ്ടുമാത്രം സാഹിത്യ മേഖലയിൽ നിന്നു പുറത്തുപോകണമെന്നുമില്ല. വിശാലവും വ്യത്യസ്തവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണു സാഹിത്യ സൃഷ്ടികൾ‌. സ്വയം പുതുക്കിക്കൊണ്ടാണ് എന്നും അവ പ്രയാണം തുടരുന്നതും. സാങ്കേതിക വിദ്യ ജീവിതത്തെ പൂർണമായും മാറ്റിമറിച്ച കാലത്തുപോലും ജീവിതത്തെയും കാലത്തെയും ദുരൂഹമായ സമസ്യകളെയും നേരിട്ടും വ്യാഖ്യാനിച്ചും സർഗാത്മകമായി ആവിഷ്കരിച്ചും അക്ഷരങ്ങൾ മുന്നോട്ടാണു സഞ്ചരിക്കുന്നതും. അക്ഷരങ്ങളിൽ അടങ്ങിയിരിക്കുന്ന വിപ്ലവത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല ജി.ആർ.ഇന്ദുഗോപന്റെ കഥകളിലൂടെ കടന്നുപോകുമ്പോൾ. ഭാവനയേക്കാൾ അധികം യഥാർഥ സംഭവങ്ങളെ ആശ്രയിച്ചും സാധ്യതകളുടെ ലോകം തുറക്കുന്ന സവിശേഷ സാഹചര്യങ്ങളിലേക്കു മനസ്സിനെ അലയാൻ വിട്ടും സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ പല കഥകളും. വിവരണാത്മകമെന്നതിനേക്കാൾ ദൃശ്യപരമാണ് ഭാഷ. കഥപറച്ചിലിന്റെ പാരമ്പര്യവഴിയിൽ നിന്നു മാറിനടന്ന്, സജീവമായ ദൃശ്യങ്ങളിലൂടെ  കാഴ്ചയുടെ പൂരം ഒരുക്കുകയാണ് പല കഥകളും. എന്നാൽ ദൃശ്യങ്ങൾ അങ്ങനെതന്നെ സ്ഥിരത നേടുന്നതിനപ്പുറം വിചാര വിപ്ലവങ്ങളിലേക്കു നയിക്കുന്നുണ്ട്. പ്രകോപനവും അസ്വസ്ഥതയുമുളവാക്കുന്നുണ്ട്. ഭാവനയുടെ ഏറ്റവും കുറവ് അലങ്കാരപ്പണികളുമായി, സംഭവങ്ങളുടെ യാഥാർഥ്യ പ്രതീതി ജനിപ്പിച്ച് മനസ്സിന്റെ ഉൾത്തലങ്ങളിലേക്കാണു യാത്ര. അതു പരിചിതമായ വഴികളിലൂടെയല്ല. വായിക്കുന്നതേക്കാൾ കാഴ്ചയുടെ ചിട്ടവട്ടങ്ങളുമായാണ് പലപ്പോഴും കഥാപുരോഗതിയും. ഈ കഥകൾ സാഹിത്യത്തിന്റെ ഏതു വിഭാഗത്തിൽ ഉൾപ്പെടുമെന്നു ചർച്ച ചെയ്തു സമയം പാഴാക്കാ‍ൻ എളുപ്പമാണ്. എന്നാൽ അതിലും എത്രയോ നല്ലതാണ് പുതിയൊരു വായനക്കാരന്റെ ആവേശത്തോടും ആഹ്ലാദത്തോടും കൂടി കഥകൾ ആസ്വദിക്കുന്നതും മനസ്സിലാക്കാൻ ശ്രമിക്കുന്നതും. 

ഇന്ദുഗോപന്റെ ഏറ്റവും പുതിയ കഥകളാണ് സമാഹാരത്തിലുള്ളത്. മുൻസൃഷ്ടികളുടെ തുടർച്ചയായിരിക്കുമ്പോൾ തന്നെ വ്യത്യസ്തവും പുതിയൊരു ഭാവുകത്വം സൃഷ്ടിക്കാനുള്ള ശ്രമവും ഈ കഥകളിലുണ്ട്. മൂന്നു കഥകളും ഒരു അനുഭവ കഥയും എഴുത്തുകാരനുമായുള്ള അഭിമുഖവുമാണ് ഉള്ളടക്കം. കഥകളും അനുഭവവും തമ്മിൽ വേർതിരിച്ചും അല്ലാതെയും വായിക്കാമെന്ന പ്രത്യേകതയുമുണ്ട്. കഥകൾ എവിടെ തുടങ്ങുന്നു എന്നോ അനുഭവങ്ങൾ എവിടെ അവസാനിക്കുന്നു എന്നോ വേർതിരിവ് ഇവിടെ അസാധ്യമാണ്; അപ്രസക്തവുമാണ്. 

സ്വന്തമായാലും മറ്റുള്ളവരുടേതായാലും അനുഭവങ്ങളെ കഥകളാക്കുന്നതിൽ ഒട്ടേറെ വെല്ലുവിളികളുണ്ട്. അനുഭവങ്ങൾ എല്ലാവരും ഒരേ തീവ്രതയോടെ ഉൾക്കൊള്ളണമെന്നില്ല. ഒരാൾക്ക് അഗാധമായി തോന്നുന്നവ മറ്റൊരാൾക്കു നിസ്സാരമായി തോന്നാം. നാടകീയത ഇല്ലാതെയും അനുഭവങ്ങൾ ഉണ്ടാകുമെങ്കിലും സൃഷ്ടി വായിക്കപ്പെടുന്നതിൽ നാടകീയതയ്ക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. വിവരണങ്ങൾ അതായിത്തന്നെ അവസാനിച്ചാൽ നല്ല വായനക്കാർ കഥകളിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. ഇങ്ങനെയുള്ള പരിമിതികളെയൊക്കെ അതിജീവിച്ചാണ് ഇന്ദുഗോപൻ കഥകളുടെ ലോകത്ത് സ്വന്തമായ മേൽവിലാസം സൃഷ്ടിച്ചത്. രചനാ തന്ത്രങ്ങളും സൃഷ്ടിരഹസ്യങ്ങളും വെളിപ്പെടുത്താൻ മടി കാണിക്കുന്ന എഴുത്തുകാരനുമല്ല അദ്ദേഹം. കഥകളുടെ സ്വഭാവത്തിലെന്നപോലെ എഴുത്തുകാരനെന്ന മേൽവിലാസമുള്ളപ്പോൾ തന്നെ സാധാരണ വ്യക്തിയെന്ന നിലയിലുള്ള ജീവിതം ബലികഴിക്കാറുമില്ല. ഏതു കഥയിലെ ഏതു സന്ദർഭത്തിലും സംഭാഷണത്തിലും കഥാ പുരോഗതിയിലും ഇവയൊക്കെ വ്യക്തമാണു താനും. 

നാലു മനുഷ്യരും ആൺജാതിയിൽപ്പെട്ട ഒരു കരിമ്പുലിയും കൂടി നടത്തുന്ന യാത്രയിലാണ് കരിമ്പുലി എന്ന കഥ അഥവാ അനുഭവം തുടങ്ങുന്നത്. സെയ്ദ് എന്ന ഫോറസ്റ്റ് റേഞ്ചറുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കുന്നതിനു മുമ്പുള്ള അവസാനത്തെ യാത്ര. കാട്ടിലെ രാജാവായുള്ള അവസാനത്തെ മണിക്കൂറുകൾ. ഏറ്റെടുത്ത ഡ്യൂട്ടി കൂടി അവസാനിക്കുന്ന വൈകുന്നേരം യാത്രയയപ്പ് ചടങ്ങാണ്. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാനില്ല. സംഭവബഹുലമായിരുന്നു റേഞ്ചറുടെ ജീവിതം. എന്നാലോ സഹപ്രവർത്തകർക്ക് അയാളെക്കുറിച്ചു പറയാൻ നല്ലതു മാത്രമേയുള്ളൂ. ആദ്യമായി ആ നല്ല വാക്കുകളും പ്രശംസയും നേരിട്ടുകേൾക്കുമ്പോൾ സെയ്ദിനു പോലും അസ്വസ്ഥത തോന്നുന്നുണ്ട്. യാത്ര പുരോഗമിക്കവെ, സെയ്ദിന്റെ അവസാനത്തെ ഡ്യൂട്ടി അവിസ്മരണീയമാക്കാൻ സഹപ്രവർത്തകർ രഹസ്യമായി ഒരു പദ്ധതി തയാറാക്കുന്നു. അത്, അയാൾ ജീവിതത്തിൽ മുൻപ് നേരിട്ടിട്ടില്ലാത്തതും ഇനിയുള്ള ജീവിതത്തെ മുഴുവൻ വേട്ടയാടാൻ ശേഷിയുള്ളതുമാകുന്നതോടെ കരിമ്പുലി കഥയെന്നതിനേക്കാൾ കാടിനെയും കാടിന്റെ മക്കളായി ജീവിക്കുന്നവരുടെയും പ്രതിരോധത്തിന്റെയും സമാനതകളില്ലാത്ത ആത്മബന്ധത്തിന്റെയും ആഖ്യാനമായി മാറുന്നു. 

മറ്റു കഥകളിലെന്നപോലെ ദൃശ്യങ്ങളിലൂടെയാണ് ഇവിടെയും കഥ പുരോഗമിക്കുന്നത്. എന്നാൽ കാടിനെക്കുറിച്ചുള്ള ഈ കഥയിൽ സംഭാഷണങ്ങൾക്കു മൂർച്ച കൂടുതലാണ്. അതും നീണ്ടുപോകുന്ന വലിയ വാക്യങ്ങളല്ല. ഇത്തരമൊരു സാഹചര്യത്തിൽ ആരും ഉപയോഗിക്കുന്ന വാക്കുകൾ മാത്രം. എന്നാൽ അവ പലപ്പോഴും കൂർത്ത കല്ലുകളെപ്പോലെ മുറിവേൽപിക്കുന്നു. ഏതു നിമിഷവും വന്യമൃഗങ്ങൾ വേട്ടയ്ക്കിറങ്ങാവുന്ന കാട്ടുപാതയിലൂടെ യാത്ര ചെയ്യുമ്പോഴത്തെ ഭീതിയും ആകാംക്ഷയും ഉൽകണ്ഠയും ജനിപ്പിക്കുന്നു. കഥയിൽ ഒരു പ്രാധാന്യവുമില്ലെന്ന് ആദ്യം തോന്നുന്ന ഫോറസ്റ്റ് വാച്ചർ ചെല്ലക്കുട്ടൻ പ്രധാന കഥാപാത്രമായി മാറുന്നു. അവൻ ആകെ ഉച്ചരിക്കുന്ന രണ്ടോ മൂന്നോ വാക്യങ്ങൾ ഇടിമിന്നൽ പോലെ, കൂർത്ത അമ്പു പോലെ കാടിനെ ആക്രമിക്കാൻ വെമ്പുന്നവരുടെ ഹൃദയത്തിൽ തുളച്ചുകയറുന്നു. 

ഈ കഥ എഴുത്തുകാരന് എങ്ങനെ, എവിടെ നിന്നു കിട്ടി, എങ്ങനെ കഥയാക്കി എന്നിവയൊക്കെ സാഹിത്യ പഠിതാക്കളെ ഒരുപക്ഷേ ആകർഷിച്ചേക്കാം. അവർക്കിടയിൽ സജീവമായ ചർച്ചയ്ക്കു തിരികൊളുത്താം. എന്നാൽ, ഒരു വായനക്കാരൻ എന്ന നിലയിൽ അവയൊക്കെ അപ്രസക്തമോ അപ്രധാനമോ ആണ്. ഇത് ഒരു കഥയാണ്. ഏതു മികച്ച കഥയുമെന്നതുപോലെ ജീവിതമാണ്. അനുഭവവും ആത്മഖണ്ഡവുമാണ്. അതങ്ങനെതന്നെ വായനക്കാരനെയും സ്പർശിക്കുന്നു. അതിന്റെ പിന്നിലുള്ള കാരണങ്ങൾ ചികയുന്നതിൽ എന്തുകാര്യം. യഥാർഥത്തിൽ നടന്നതാണോ ഇല്ലയോ, ഭാവനയോ സ്വപ്‌നമോ എന്നൊക്കെയുള്ള ചർച്ചകളും പ്രസക്തമല്ലാതാകുന്നു. കരിമ്പുലിയും പുലിയുടെ കൂട്ടിൽ കിടക്കേണ്ടിവന്ന ചെല്ലക്കുട്ടനും അവനെ തഴുകുന്ന കാടും വള്ളികളും ഇലയും ജീവൻ വച്ച് അക്ഷരങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയാണ്. എല്ലാ നല്ല കഥകളിൽ നിന്നും ആരൊക്കെയോ നമ്മെ ആവേശിക്കുന്നതുപോലെ. യാത്രയയപ്പിന്റെ അന്ന് സമാധാനവും സന്തോഷവും ആഗ്രഹിച്ച ഫോറസ്റ്റ് റേഞ്ചറുടെ ഉള്ളിൽ നിന്നുയരുന്ന വന്യമൃഗങ്ങളുടെ ശബ്ദവും മാറ്റൊലിക്കൊള്ളുന്നു. 

നിനക്കറിയാമെങ്കിലും ഇല്ലേലും ഞാൻ കാത്തിരിക്കാം. ചാകുന്നവരെ. 

ആ വെടിയുണ്ട എവിടെപ്പോയി എന്നറിയണം. അതു നീ വിഴുങ്ങിയോ അതോ കാടു വിഴുങ്ങിയോ. അതു നീ തുപ്പുമോ അതോ കാടു തുപ്പുമോ?

കരിമ്പുലി ഉയർത്തുന്ന ചോദ്യങ്ങൾക്ക് അവസാനമില്ല. അവ ചോദ്യങ്ങൾ മാത്രമായി അവസാനിക്കുന്നുമില്ല. യഥാർഥത്തിൽ അവ ഉത്തരങ്ങൾ കൂടിയാണ്. കാടിനെ ഇല്ലാതാക്കിയ എല്ലാവരും പറയേണ്ട ഉത്തരം. മാപ്പ്. ക്ഷമാപണം,. അവിടെയും നിൽക്കാതെ ജീവിതത്തിൽ ഇനിയെങ്കിലും പാലിക്കേണ്ട ധാർമിക മര്യാദകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലും. 

റോ റോ എക്‌സ്പ്രസും പിങ്ക് പൊലീസും എത്ര വലിയ അനുഭവങ്ങളാണെങ്കിലും അവ അനുഭവങ്ങൾ മാത്രമായി നിലകൊള്ളുമ്പോൾ കരിമ്പുലി കഥയാണ്. മികച്ച കഥ. ആ കഥയെ കഥയായി തന്നെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് മലയാളത്തിനു ചെയ്യാനുള്ളത്. അത്രയെങ്കിലും നീതി കരിമ്പുലി അർഹിക്കുന്നു, ഇന്ദുഗോപനും. 

Content Summary: Malayalam Book ' Karimpuli, ro ro, Pink Police ' written by G R Indugopan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com