ഹൃദയഭുക്കും സദാചാരപ്പൊലീസും

book-review-hrudayabhukk-portrait
SHARE
വി.കെ. ദീപ

മാതൃഭൂമി ബുക്‌സ്

വില 180 രൂപ

ഭാവുകത്വ മാറ്റത്തിലെ ഏറ്റവും പുതിയ ചലനങ്ങൾ പോലും സ്വീകരിക്കുന്നതിൽ മുന്നിലാണു മലയാള കഥയും കവിതയും. മാറ്റങ്ങളെ ഉൾക്കൊണ്ടും മാറ്റങ്ങൾക്കൊത്ത് ചലിച്ചും എന്നാൽ സ്വന്തം വഴി കണ്ടെത്തിയുമാണ് ആ യാത്ര. അതുകൊണ്ടുതന്നെയാണ് കഥയും കവിതയും സജീവമായി നിലനിൽക്കുന്നതും. ഒരിക്കൽ ഏറ്റവുമധികം പേർ കൈവയ്ക്കുന്നത് കഥയിലായിരുന്നെങ്കിൽ, വൃത്ത മുക്തമായതോടെ കവിതയിൽ ആൾക്കൂട്ടം തന്നെയുണ്ട്. വേറിട്ടു നിൽക്കുന്ന, വ്യതിരിക്തമായ കവിതകൾ കുറവാണെങ്കിലും എണ്ണത്തിൽ കവിത തന്നെയാണു മുന്നിൽ. തൊട്ടുപിന്നിലുണ്ട് കഥ. നോവലുകൾക്കൊപ്പമോ കൂടുതലായോ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്. ശ്രദ്ധിക്കപ്പെടുന്നവ കുറവാണെങ്കിലും. 

വി. കെ. ദീപ അടുത്ത കാലത്തെഴുതിയ കഥകളുടെ സമാഹാരമാണ് ഹൃദയഭുക്ക്. മലയാളത്തിലെ ശ്രദ്ധേയ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു ശ്രദ്ധിക്കപ്പെട്ട കഥകളുടെ സമാഹാരം. പ്രതീക്ഷ കൂട്ടുന്ന ഘടകങ്ങളാണ് ഇവ. പ്രമേയപരമായ ധീരത പല കഥകളിലുമുണ്ട്. ആവിഷ്കാരത്തിൽ മാറി നടക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ, ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ, പ്രതീക്ഷയേക്കാൾ നിരാശയാണു മുന്നിട്ടുനിൽക്കുന്നത്. നവ്യമായ അനുഭൂതികളോ പുതിയ ഉൾക്കാഴ്ചകളോ  കഥകൾ പ്രദാനം ചെയ്യുന്നില്ല. എന്നാലും ഭാഷയിലെ പുതിയ തലമുറയുടെ പ്രതിനിധിയെന്ന നിലയിൽ കഥകളെ അവഗണിക്കാനും കഴിയില്ല. 

ആണുങ്ങൾ അടിച്ചേൽപിക്കുന്ന നീതിക്കെതിരെയുള്ള കലാപമാണ് സദാചാരം എന്ന കഥ. ഒരു യുവാവിന്റെ കണ്ണിലൂടെയാണ് കഥ അവതരിപ്പിക്കുന്നതെങ്കിലും രണ്ടു സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ. വ്യാപകമായ സദാചാര സായുധ ആക്രമണമാണു കഥയുടെ പ്രമേയം. 

വിധവയായ ചെറുപ്പക്കാരി സഹായിക്കൊപ്പം താമസിക്കുന്ന വീട്ടിൽ പതിവായി എത്തുന്ന ചെറുപ്പക്കാരനെ നാട്ടുകാർ കൈകാര്യം ചെയ്തു തൂണിൽ കെട്ടിയിടുന്നു. ഇതുകണ്ട് വീട്ടിൽ നിന്ന് ഇറങ്ങിവരുന്ന യുവതിയുടെയും സഹായിയുടെയും ക്ഷോഭത്തിലൂടെ സദാചാരത്തിന് പുതിയ നിർവചനം കൊടുക്കാനാണ് ദീപ ശ്രമിക്കുന്നത്. കഥയിലോ കഥാ പരിസരത്തിലോ പുതുമ അവകാശപ്പെടാനില്ല. നാട്ടുകാർ സദാചാരം ആരോപിച്ചതോടെ, അതുവരെ നിഷ്‌കളങ്കനായ യുവാവും വിധവയും പ്രതികാര സന്നദ്ധരായി സദാചാര നിയമം ലംഘിക്കുകയാണ്. എന്നാൽ, അതിനപ്പുറം യുവാവ് പ്രതീക്ഷിക്കുമ്പോൾ അതിനൊട്ട്  യുവതി തയാറാകുന്നുമില്ല. 

ഞാൻ പിടിക്കപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണ് കഥയുടെ തുടക്കം തന്നെ. 

എന്നെങ്കിലും പിടിക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്‌തേക്കാനിടയുണ്ടെന്ന് ആറാമിന്ദ്രിയം മുന്നറിയിപ്പ് തന്നിരുന്നതിനാൽ എനിക്കിതു തീരെ അപ്രതീക്ഷിതമായിരുന്നുവെന്ന് പറയാനൊക്കില്ല എന്നു രണ്ടാമത്തെ വരിയിൽ തന്നെ പറയുന്നുമുണ്ട്. എന്നാൽ, തുടർന്നുള്ള വരികളിൽ യുവാവിന്റെ നിഷ്‌കളങ്കത അനാവരണം ചെയ്യുന്നതിനാണ് എഴുത്തുകാരി ശ്രമിക്കുന്നത്. തെറ്റ് എന്നൊരു സംഗതിയുണ്ടെന്നോ സദാചാരം എന്നൊരു അടിച്ചേൽപിക്കപ്പെട്ട നിയമം ഉണ്ടെന്നോ തങ്ങൾ അക്കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാക്കുന്നുണ്ടോ എന്നൊന്നും പിന്നീട് ഒരു സൂചനയും തരാതെയാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ, നാട്ടുകാർ ആരോപിച്ച കുറ്റം സ്വയം ഏറ്റെടുത്തുകൊണ്ട് യുദ്ധസന്നരാകുന്നവർ അവരുടെ സ്വന്തം വികാരങ്ങളെയോ സദാചാരം ലംഘിക്കുന്നതിന്റെ ധീരതയോ വായനക്കാരിലേക്ക് പകരുന്നില്ല. ആവർത്തിക്കപ്പെട്ടതിനൊപ്പം, പതിവു വഴികളിലേക്ക് സഞ്ചരിച്ച് കഥ പരാജയപ്പെടുന്നു. 

കഥയുടെ പേര് ഉൾക്കൊള്ളുന്ന ഹൃദയഭൂക്കും ഭാഷാപരമായ പരീക്ഷണത്തിനപ്പുറം കഥയെന്ന നിലയിൽ വിജയിക്കുന്നതേയില്ല. ഭാഷയിൽ നടത്തുന്ന പരീക്ഷണങ്ങളാകട്ടെ പലപ്പോഴും വായനയെ ബുദ്ധിമുട്ടുള്ളതാക്കുന്നു. ഒറ്റവായനയിൽ പല വാചകങ്ങളും മനസ്സിലാകുന്നില്ല. ബുദ്ധിമുട്ടി മനസ്സിലാക്കിയെടുക്കുമ്പോൾപ്പോലും മികച്ചൊരു കഥയിൽ നിന്നു ലഭിക്കേണ്ട സർഗാത്മകമായ ആനന്ദം ഉണ്ടാകുന്നുമില്ല. 

സാധാരണ വായനക്കാരെ ഒരുപക്ഷേ ഈ സമാഹാരത്തിലെ കഥകൾ തൃപ്തിപ്പെടുത്തിയേക്കാം. എന്നാൽ കഥകൾ വായിക്കുകയും സാഹിത്യ സംസ്കാരം ആർജിക്കുകയും ചെയ്തവരെ നിരാശപ്പെടുത്താനാണ് എല്ലാ സാധ്യതയും. പുതിയ തലമുറയിലെ കഥാകാരിയുടെ എഴുത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും കാഴ്ചവയ്ക്കാതെ വിരസമായും ശുഷ്കമായും അവസാനിക്കുകയാണ് ഹൃദയഭുക്ക്. 

ഭാഷ നല്ലൊരു രചയിതാവിന് ഒരു ഉപകരണം പോലുമല്ല. ഭാഷ കഥയുടെ ജീവൻ തന്നെയാണ്. ജീവനില്ലാത്ത ഭാഷ കഥയെ ജീവസ്സുറ്റതാക്കില്ല. വ്യക്തമായ, തെളിഞ്ഞ ഭാഷയിലൂടെയും കഥകൾ പറയാം. ചില കഥകൾക്ക് വ്യത്യസ്തമായ ഭാഷ സ്വീകരിക്കാം. എന്നാൽ, പരീക്ഷണത്തിനു വേണ്ടി എഴുതിയതെന്നു തോന്നിപ്പിക്കുന്ന ദീപയുടെ കഥകളിൽ ഭാഷ ജഡവസ്തു മാത്രമായിരിക്കുന്നു. അത്തരമൊരു ഭാഷ കൊണ്ട് ഏതു വിപ്ലവാത്മകമായ പ്രമേയത്തെയും ഗംഭീരമായി അവതരിപ്പിക്കാനാകില്ല. ഹൃദയഭുക്കിനു വേണ്ടത് ഹൃദയത്തിന്റെ ഭാഷയാണ്. ആ ഭാഷയാണ് ഈ കഥകളിൽ ഇല്ലാത്തതും. 

Content Summary: Malayalam Book ' HrudayaBhukku' written by V. K. Deepa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS