ADVERTISEMENT

വലിയ പുസ്തകങ്ങളുടെ ഉൾത്താളുകളിൽ തീരെ ചെറിയ അക്ഷരങ്ങളിൽ കണ്ടേക്കാവുന്നതും എത്രയോ ലക്ഷങ്ങളിൽ ഒന്നെന്നോ മറ്റോ കണക്കുള്ളതുമായ പല അപൂർവ രോഗങ്ങളും ചിലപ്പോൾ ക്ലിനിക്കൽ പ്രാക്റ്റീസിൽ വന്നുകൂടെന്നില്ല. സാധാരണ രോഗങ്ങളാണ് സാധാരണ കാണുക, പക്ഷേ, മുന്നിൽ ഇരിക്കുന്ന രോഗിക്ക് അപൂർവങ്ങളിൽ അപൂർവമെന്നു കരുതുന്ന രോഗങ്ങൾ ആയിക്കൂടാ എന്ന നിയമമൊന്നുമില്ല. ഒന്നും അസംഭാവ്യമല്ല എന്നതുതന്നെ മെഡിസിന്റെ മനോജ്ഞതയും ദുരൂഹതയും. 

പ്രശസ്ത ന്യൂറോളജസ്റ്റ് ഡോ. കെ. രാജശേഖരന്റെ ചിന്തകളെയും പ്രവൃത്തികളെയും വ്യത്യസ്തമാക്കുന്നതും വാക്കുകളെ സവിശേഷമാക്കുന്നതും ഈ ചിന്തയാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകൾ തീരെ വികസിച്ചിട്ടില്ലാത്ത കാലത്ത് അങ്ങേയറ്റം സ്ങ്കീർണമായ ന്യൂറോളജിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ. ഒട്ടേറെ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും പകർന്ന ആശ്വാസം. തലമുറകളിലേക്കു കൈമാറിയ അറിവ്. ഒപ്പം വൈദ്യശാസ്ത്രത്തിന്റെ മനോജ്ഞതയും ദുരൂഹതയും അംഗീകരിക്കാനും മനസ്സിലാക്കാനുമുള്ള സന്നദ്ധത. പല കാലത്ത് താൻ ചികിത്സിച്ചതും നേരിട്ടറിഞ്ഞതുമായ ചില രോഗികളുടെ അപൂർവ ലക്ഷണങ്ങളും അവരുടെ അസാധാരണമായ പരിണാമങ്ങളും അവയിൽ താൻ വഹിച്ച പങ്കും അദ്ദേഹം രേഖപ്പെടുത്തുന്ന പുസ്തകമാണ്  ന്യൂറോളജിസ്റ്റിന്റെ ഡയറി. ബഹുമാനവും ആദരവും നേടിയ ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മഹാ ഭിഷഗ്വരൻമാരെക്കുറിച്ചുള്ള ഓർമക്കുറിപ്പും അവരുടെ സംഭാവനകളുടെ ചരിത്ര രേഖയും. 

ഡോ. രാജശേഖരൻ നായർ ചികിത്സിച്ച വടകരയിൽ നിന്നുള്ള ഒരു രോഗി വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ വീണ്ടും കാണാനെത്തി. അവർ ഒറ്റയ്ക്കായിരുന്നില്ല. വൈദ്യശാസ്ത്ര വിദ്യാർഥിയായ മകളുമുണ്ടായിരുന്നു. 16-ാം വയസ്സിൽ കാഴ്ച ധൃതഗതിയിൽ മങ്ങിക്കൊണ്ടിരുന്നതായിരുന്നു രോഗം. അതെങ്ങനെ ചികിത്സിച്ചു ഭേദമാക്കി എന്നാണു മകൾക്ക് അറിയേണ്ടിയിരുന്നത്. ഓപ്റ്റിക് ന്യൂറൈറ്റിസ് ആയിരുന്നിരിക്കാം രോഗം എന്നു മകൾ കരുതുന്നു. എന്നാൽ അമ്മ പറയുന്നത് മറ്റൊന്നാണ്. ബ്രെയിൻ ട്യൂമർ ആയിരുന്നെന്നും ഡോക്ടർ അദ്ഭുതകരമായി ചികിത്സിച്ചു മാറ്റിയെന്നുമാണ് അവരുടെ എന്നത്തെയും വിശ്വാസം. ട്യൂമർ അലിഞ്ഞുപോകില്ലെന്നു പറഞ്ഞുകൊടുത്തെങ്കിലും അമ്മ വിശ്വസിക്കുന്നില്ല. ശാസ്ത്രീയ വിശദീകരണമാണ് കുട്ടിക്കു വേണ്ടത്. അവരോട് ഡോക്ടർ പറയാൻ ആഗ്രഹിച്ചത് ഷേക്‌സ്പിയറുടെ വാക്കുകളാണ്: നിങ്ങളുടെ തത്ത്വശാസ്ത്രത്തിൽ സ്വപ്‌നം പോലും കാണാൻ കഴിയാത്ത ഒട്ടേറെക്കാര്യങ്ങളുണ്ട് ഭൂമിയിലും സ്വർഗത്തിലുമെന്ന്. 

പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു രോഗത്തിന്റെ തുടക്കം. അയൽ വീട്ടിലെ മെഡിക്കൽ വിദ്യാർഥിയുമായുള്ള അടുപ്പത്തിനൊപ്പം ഇടയ്ക്കിടെ വരുന്ന തലവേദനയും. കാമുകനായ വിദ്യാർഥി കൊടുത്ത മരുന്ന് കഴിച്ച് അലർജി ആയെങ്കിലും അതു മാറ്റിയെടുത്തു. എന്നാൽ വീട്ടിൽ നിന്നു കിട്ടിയ ശിക്ഷയുടെ ഭാഗമായി അച്ഛൻ പിടിച്ചുതള്ളിയപ്പോൾ തല വാതിൽപ്പടിയിൽ ഇടിച്ചിരുന്നു. അതോടെ തലവേദനയ്‌ക്കൊപ്പം കാഴ്ച മങ്ങുകയും ചെയ്തു. 

രണ്ടു കണ്ണുകളിലും മർദം കൂടി ചെറുരക്തക്കുഴലുകൾ പൊട്ടിക്കിടന്നത് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി. കണ്ണിലെ ഞരമ്പിന്റെ തലപ്പത്തും റെറ്റിനയിലും നീരു വിങ്ങി വീർത്തും. കണ്ണുകളിലുണ്ടാവുന്ന മർദത്തിന്റെ അവസാനഘട്ടം. എന്നാൽ ഇടയ്ക്കിടെ മാത്രമായിരുന്നു കാഴ്ചയ്ക്കു മങ്ങൽ. 

ഡോക്ടറുടെ പരിശോധനയിൽ, മസ്തിഷ്‌കത്തിന്റെ ഏകദേശം മധ്യഭാഗത്തായി മാംസവളർച്ച തുടങ്ങി വലതു മസ്തിഷ്‌കത്തിന്റെ ഉള്ളിലോട്ടു വ്യാപിക്കുന്നതു കണ്ടെത്തി. കാഴ്ചക്കുറവിനൊപ്പം കയ്യും കാലും തളർന്നുതുടങ്ങുകയും ചെയ്തിരുന്നു. മർദം കുറയ്ക്കാനുള്ള മരുന്നുകൾ ഉൾപ്പെടെ തുടങ്ങി. ആദ്യം ബലക്കുറവ് മാറി. ക്രമേണ കണ്ണുകളിലെ അതിമർദത്തിന്റെ പാടുകൾ മങ്ങിത്തുടങ്ങി. അദ്ഭുതകരമായ മാറ്റവും വന്നു. എന്നാൽ ട്യൂമർ എങ്ങനെ മാറി എന്നത് ദുരൂഹതയായി തുടർന്നു. ഒരുതരത്തിലുള്ള മായാർബുദം. 

രോഗം മാറി എന്ന് പരിശോധനയിൽ കണ്ടെത്തി. എന്നാൽ പാത്തോളജി തെളിവുകൾ ഇല്ലായിരുന്നു. വളരെ അപൂർവമായെങ്കിലും ബ്രെയിൻ ട്യൂമറുകൾ മരുന്നുകളിൽ ശമിക്കാറുണ്ടെന്ന നിഗമനത്തിൽ എത്താൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. 

അപൂർവവും വിചിത്രവുമായ പെരുമാറ്റങ്ങൾ പ്രകടമാക്കുന്ന എത്രയോ രോഗികൾ. മാനസിക പ്രശ്‌നം എന്ന നിഗമനത്തിൽ പുരോഗമിക്കുന്ന ചികിത്സകൾ. ചില കേസുകളിൽ മാത്രം അപൂർവമായി വിദഗ്ധനായ ന്യൂറോളജിസ്റ്റിന്റെ അടുത്തെത്തുന്നു. അപ്പോൾ മാത്രം കണ്ടുപിടിക്കപ്പെടുന്ന മസ്തിഷ്‌കവുമായി ബന്ധപ്പെട്ട തകരാറുകൾ. ശരിയായ ചികിത്സയിൽ ഭേദമാവുന്ന രോഗങ്ങൾ. ഡോക്ടർ രാജശേഖരൻനായരുടെ കേസ് ഡയറിയിൽ ഇങ്ങനെയുള്ള ഒട്ടേറെ രോഗങ്ങളും വിചിത്രമായി പെരുമാറുന്ന രോഗികളും അവരെ ചികിത്സിച്ച അനുഭവങ്ങളുമുണ്ട്. 

ന്യൂറോളജിസ്റ്റിന്റെ കേസ് ഡയറി ചികിത്സാനുഭവങ്ങളുടെ രേഖയല്ല. ഡോക്ടറുടെ അറിവിന്റെ ആഴത്തേക്കാൾ ഈ കുറിപ്പുകളെ ശ്രദ്ധേയമാക്കുന്നത് ജീവിതമെന്ന അദ്ഭുതത്തിലേക്കുള്ള കിളിവാതിൽ തുറക്കുന്നു എന്നതാണ്. വിസ്മയാനുഭവങ്ങൾ ഏറ്റവും വലിയ വിസ്മയമായ ജീവിതത്തെക്കുറിച്ചുതന്നെ ചിന്തിപ്പിക്കുന്നു. പ്രയാസമെന്നു തോന്നുന്ന പലതും എളുപ്പമാകുന്നു. എളുപ്പമെന്നു തോന്നുന്ന പലതും മാരകമാവുന്നു. വാക്കുകൾ അപ്രസക്തമാവുമ്പോൾ...ജീവിതം ബാക്കിയാകുന്നു. സങ്കീർണതകളുടെ ഉത്തരം കണ്ടെത്താൻ ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭകളുടെ മഹത്തായ വാക്കുകളും പ്രവൃത്തികളും. 

Content Summary: Malayalam Book ' Oru Neurologistinte Diary ' written by DR. K. Rajasekharan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com