ADVERTISEMENT

മനഃശാസ്ത്രം എന്ന ശാസ്ത്ര ശാഖ ഉൾക്കൊള്ളുന്ന എല്ലാ കാര്യങ്ങളും ഒരു ഹ്രസ്വ നിർവചനത്തിൽ ഒതുക്കുക എന്നത് പ്രയാസമാണ്. മനസ്സിനെയും പെരുമാറ്റത്തെയും കുറിച്ചുള്ള പഠനമാണ് സൈക്കോളജി. ആളുകൾ എങ്ങനെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് മാത്രമല്ല  ജൈവിക സ്വാധീനങ്ങൾ, സാമൂഹിക സമ്മർദ്ദങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ മനുഷ്യർക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്ന് കൂടി പഠിക്കുന്ന ശാസ്ത്രമാണ് മനഃശാസ്ത്രം. "സൈക്കോളജി" എന്ന വാക്ക് ഉരുത്തിരിഞ്ഞത് ഗ്രീക്ക് പദമായ സൈക്കിയിൽ നിന്നാണ്. 

നിരവധി കൈ വഴികളുള്ള ഒരു വലിയ ശാസ്ത്ര ശാഖയാണ് മനഃശാസ്ത്രം. അബ്നോർമൽ സൈക്കോളജി, ബയോളജിക്കൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, കോഗ്നിറ്റീവ് സൈക്കോളജി, താരതമ്യ സൈക്കോളജി, ഡെവലപ്‌മെന്റൽ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, വ്യാവസായിക-ഓർഗനൈസേഷണൽ സൈക്കോളജി, വ്യക്തിത്വ മനഃശാസ്ത്രം, സാമൂഹിക മനഃശാസ്ത്രം എന്നിങ്ങനെയാണു മനഃശാസ്ത്രത്തിന്റെ കൈവഴികൾ. 

മനഃശാസ്ത്രത്തെക്കുറിച്ചു ധാരാളം ആശയക്കുഴപ്പങ്ങളുണ്ട്. ജനപ്രിയ മാധ്യമങ്ങളിലെ മനഃശാസ്ത്രജ്ഞരുടെ സ്റ്റീരിയോടൈപ്പ് ചിത്രീകരണങ്ങളും, എഴുത്തുകാർ നോവലുകളിലും മറ്റും ഭാഗികമായ അറിവ് വെച്ച് വിളമ്പുന്ന മനഃശാസ്ത്ര അബദ്ധങ്ങളും നിർഭാഗ്യവശാൽ, മനഃശാസ്ത്രത്തെക്കുറിച്ചുള്ള ഇത്തരം തെറ്റിദ്ധാരണകൾ വർധിക്കാൻ കാരണമായിരിക്കുകയാണ്. പ്രത്യേകിച്ചും മലയാളികൾക്കിടയിൽ. എന്നാൽ മലയാളത്തിൽ മനഃശാസ്ത്രം എന്ന വിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന എത്ര പുസ്തകങ്ങൾ ഉണ്ട്? വിരലിൽ എണ്ണാവുന്നവ മാത്രം. 

ആ വലിയ ശൂന്യതയിലേക്കാണു മാടമ്പള്ളിയിലെ മനോരോഗികൾ എന്ന പുസ്തകം കടന്നു വരുന്നത്. മലയാളത്തിൽ മനശാസ്ത്രം അടിസ്ഥാനമാക്കി ബുക്കുകൾ ഒന്നും തന്നെ ഇത് വരെ ഇറങ്ങിയിട്ടില്ലേ എന്ന ചോദ്യത്തിന് ഒരുപാട് ബുക്കുകൾ ഇറങ്ങിയിട്ടുണ്ട് എന്നു തന്നെയാണ് ഉത്തരം. പക്ഷേ അതിൽ ഭൂരിപക്ഷവും പേരിൽ മാത്രം മനശാസ്ത്രം ഉള്ളവയായിരുന്നു. കുറേ തത്വശാസ്ത്രം, കുറേ കപടശാസ്ത്രം, ഇക്കിളി സാഹിത്യം, പിന്നെ കുറെ ഉടായിപ്പ് മോട്ടിവേഷൻ സ്പീച്ച്. ഇതൊക്കെയാണ് മലയാളത്തിൽ ഇതുവരെ ഇറങ്ങിക്കൊണ്ടിരുന്ന പല മനശാസ്ത്ര പുസ്തകങ്ങളും. മനശാസ്ത്രം എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്രീയത അടിസ്ഥാനമാക്കി മലയാളത്തിൽ അധികം പുസ്തകങ്ങൾ ഇറങ്ങിയിട്ടില്ല. എന്നാൽ ഈ ശാസ്ത്ര ശാഖയെ ആധികാരികമായി സമീപിക്കുന്ന ഒരു ബുക്കാണ് മാടമ്പള്ളിയിലെ മനോരോഗികൾ. ഫ്രോയീഡിയൻ ആശങ്ങൾ പോലും അശാസ്ത്രീയമാണ് എന്ന് ആധുനിക മനഃശാസ്ത്രം പറയുമ്പോൾ, മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ വളരെ പിന്നോക്കം പോയിരിക്കുന്ന മലയാളിക്കു മനഃശാസ്ത്രത്തെ കുറിച്ച് ആധികാരികമായ അറിവ് നൽകുന്ന ഒരു പുസ്തകം.  ഒരു മലയാളി എഴുത്തുകാരൻ മനശാസ്ത്രത്തെക്കുറിച്ച് ഇത്രയും ആധികാരികമായി എഴുതിയത് ആദ്യമായിട്ടു തന്നെയാണ്. ഡോക്ടർ റോബിൻ കെ. മാത്യു ആണ് ഈ പുസ്തകത്തിന്റെ രചയിതാവ്. സൈബർ സൈക്കോളജി ഉൾപ്പെടയുള്ള വിഷയങ്ങളെക്കുറിച്ച് അഞ്ചോളം പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 

പുസ്തകത്തിലേക്കു വന്നാൽ നിസ്സാരമെന്നു തോന്നുന്ന മനോ വൈകല്യങ്ങൾ മുതൽ അതി വിചിത്രമായ മനോരോഗങ്ങളെ കുറിച്ച് വരെ വിശദമായി ശാസ്ത്രീയമായി തന്നെ ഈ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. സമൂഹത്തിൽ, പ്രത്യേകിച്ചു കേരളീയ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ കണക്കറ്റു പരിഹസിക്കുന്നതാണ് ഈ പുസ്തകം.

വികസനം, വ്യക്തിത്വം, ചിന്തകൾ, വികാരങ്ങൾ, പ്രചോദനങ്ങൾ, സാമൂഹിക പെരുമാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളെ മനഃശാസ്ത്രപരമായി മനസ്സിലാക്കാനും പ്രവചിക്കാനും വിശദീകരിക്കാനും എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ ശ്രമിച്ചിരിക്കുന്നു.

നല്ല തീരുമാനങ്ങൾ എടുക്കാൻ, മനുഷ്യർ അവരുടെ അറിവും യുക്തിയും ഉപയോഗിക്കുന്നു. പലപ്പോഴും, ഈ അറിവും യുക്തിയും ശരിയായിരുന്നാലും പക്ഷപാതിത്വങ്ങളാലോ മറ്റുള്ളവരുടെ സ്വാധീനത്തിലോ ചിലപ്പോൾ, നാം വശീകരിക്കപ്പെടുന്നു എന്ന് നിരവധി ഉദാഹരങ്ങൾ സഹിതം ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ആങ്കറിംഗ് പക്ഷപാതം, സ്ഥിരീകരണ പക്ഷപാതം . Hindsight bias, availability heuristic, Representative bias തുടങ്ങി പല സംഗതികളും വിശദീകരിച്ചിരിക്കുന്നത് വളരെ രസകരമായാണ്. ഉദാഹരണത്തിനു നമ്മുടെ സെൽഫ് ഇംപ്രൂവ്മെന്റ് പുസ്തക വ്യവസായം എന്ന് പറയുന്ന ഒരു സംഗതി, സഹായ പുസ്തകങ്ങളിൽ ധനികനാകാനുള്ള ഏക വഴി അതുപോലെ ഒരു പുസ്തകം എഴുതുക മാത്രമാണ് എന്ന് അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നു. പിന്നെ ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കിൽ അഭിരമിരമിച്ചു ആത്മ രതി അടയുന്നവരുടെ മനഃശാസ്ത്രമൊക്കെ വിശദീകരിച്ചിരിക്കുന്നത് വളരെ രസകരമായാണ്. 

കബളിപ്പിക്കപ്പെടുന്ന ഓർമ്മശക്തി കെട്ടുകഥകൾ എങ്ങനെയാണ് മെനയുന്നത്, പ്രേതം ഭൂതം തുടങ്ങിയ അന്ധവിശ്വാസങ്ങൾ എങ്ങനെയാണ് മനശാസ്ത്രപരമായി വിശദീകരിക്കാൻ പറ്റുന്നത്? ഇങ്ങനെ കുറെയേറെ വിജ്ഞാന ശകലങ്ങളെ രസകരമായി വിശദീകരിക്കുന്നതാണ് മാടമ്പള്ളിയിലെ മനോരോഗികൾ.  ഒരു സാധാരണ വായനക്കാരനു മനശാസ്ത്രത്തെക്കുറിച്ച് അടിസ്ഥാന അറിവ് നേടുന്നതിനും മനശാസ്ത്ര വിദ്യാർഥികൾക്കു റഫറൻസ് ആയിട്ടും ഉപയോഗിക്കാൻ പറ്റുന്ന പുസ്തകമാണ്.

മാടമ്പിള്ളിയിലെ മനോരോഗികൾ മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്. 

കമ്പ്യൂട്ടർ സയൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മനശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും മനശാസ്ത്രത്തിൽ ഗവേഷണ ബിരുദവും സൈബർ സൈക്കോളജി സൈബർ ഫോറൻസിക് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമകളും ഉള്ള വ്യക്തിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.

Content Summary: Malayalam Book ' Madampalliyile Manorogikal ' written by Dr. Robin. K. Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com