ADVERTISEMENT

കൽപറ്റ നാരായണൻ തന്റെ മുണ്ടിന്റെ കോന്തലയിൽ കെട്ടിപ്പൊതിഞ്ഞു കൊണ്ടുവന്നിരിക്കുകയാണ് വയനാടിനെ. ഓർമകളിൽ തണുപ്പും മഴയും ദുരിതങ്ങളും പൊട്ടിച്ചിരികളും മരണങ്ങളും അപ്രതീക്ഷിതമായി കടന്നു വരുമ്പോഴും അവയൊക്കെയും എഴുത്തുകാരൻ വയനാടിനു നൽകി. വയനാടിന്റെ ആത്മകഥയ്ക്കായി തീറെഴുതിക്കൊടുത്തു. ആളുയരത്തിൽ വൈക്കോൽക്കൂനകളുള്ള, അതിലെത്താത്ത വിധത്തിൽ കുറുക്കിക്കെട്ടിയ പൈക്കിടാങ്ങളുള്ള, ചാണകം മെഴുകിയ മുറ്റങ്ങൾ. വീട്ടിലേക്കു കയറാറാകുമ്പോൾ വലുതാകുന്ന നടവരമ്പ്, ചുറ്റും കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ, കുത്തിയൊഴുകുന്ന ചെറുതോടുകൾ. അങ്ങനെ താറാവിൽപറ്റങ്ങളെയും മുക്രിയിട്ടു ക്ഷീണിച്ച വയസ്സൻകാളയെയും വരെ വിവരിക്കുമ്പോഴും അതിലൊരു വീട്ടിലിരുന്ന്, ഞാൻ വരുന്നുണ്ടോയെന്ന് എന്റെ അമ്മ നോക്കുന്നുണ്ടാവുമോ എന്ന് എഴുത്തുകാരൻ ചിന്തിക്കുമ്പോഴും ഏതോ പാടവരമ്പത്തിരുന്ന് കാണാത്ത വയനാടിനെ കാണാൻ വായനക്കാരനു കഴിയും. കുഴിച്ചിട്ടാൽ കുപ്പിച്ചില്ലും മൂന്നാംനാൾ മുളച്ചു പൊന്തുന്ന വയനാടിനെ അടുത്തറിയും. ഒരു നാടിന്റെയോ മനുഷ്യരുടെ മാത്രം ഓർമകളല്ല, നഷ്ടബോധത്തിന്റെ, വേദനകളുടെ, വേർപാടുകളുടെ കൂടി എഴുത്താണ് ഈ പുസ്തകം.

ഗ്രാമീണഭംഗിയും അതിന്റെ നിഷ്കളങ്കതയും വെളിപ്പെടുത്തുന്നതാണ് ഓരോ വരിയും. ഓർമക്കുറിപ്പായതുകൊണ്ടുതന്നെ കുടുംബവും നാട്ടുകാരും തന്നെയാണ് പ്രധാന വിഷയവും. അമ്മയോടുള്ള സ്നേഹവും അച്ഛനോടുള്ള ഭയം കലർന്ന ബഹുമാനവും ഏട്ടനോടുള്ള ആരാധനയും വരികളിൽ തുളുമ്പി നിൽക്കുന്നുണ്ട്. പരിഷ്കാരങ്ങളോ മോടികളോ ഇല്ലാത്ത അമ്മയെ വിവരിക്കുന്നത് ഭംഗിയായാണ്. കിട്ടുന്നത് ആഘോഷമായി ചെലവഴിക്കാനും നൊടിനേരം കൊണ്ട് പട്ടിണിക്കാരിയാകാനുമുള്ള പ്രതിഭ അമ്മയ്ക്കുണ്ടായിരുന്നുവത്രേ. അവരത് മകനു വീതിച്ചുകൊടുത്തു. പശുവിന്റെ കറവ വറ്റിയാലും അമ്മ ചോദിച്ച്, പുകഴ്ത്തി, ചീത്ത പറഞ്ഞ് ഒരു ഗ്ലാസ് പാലൊക്കെ ഒപ്പിക്കും. അമ്മയെന്ന മായാജാലക്കാരി മനുഷ്യരോടു മാത്രമല്ല പയറ്റിത്തെളിഞ്ഞതെന്നു വ്യക്തം. ജീവന്റെ ചുമതല അമ്മയ്ക്കു കൊടുത്തു തലങ്ങും വിലങ്ങും ഞങ്ങളുറങ്ങിയെന്നു പറയുമ്പോഴും അമ്മയെന്ന വ്യക്തിയിൽ അർപ്പിതമായ വിശ്വാസവും സ്നേഹവും ഒട്ടൊന്നുമല്ല വായനക്കാരിലേക്കു പകരുന്നത്. 

ഇരുപത് അധ്യായങ്ങളിലായി ഓർമകൾ വായനക്കാർക്കു സമ്മാനിച്ചു പോകുമ്പോഴും ഓരോ അധ്യായവും ഓരോ കഥയായാണ് തോന്നുക. എല്ലാ അധ്യായത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. വേറിട്ട മുത്തുകൾ കൊണ്ട് കോർത്തുവച്ചൊരു ഓര്‍മമാലയായി ഈ പുസ്തകത്തെ വിശേഷിപ്പിച്ചാൽ തെറ്റില്ല. ഏറെ നേരം കുന്തിച്ചിരിക്കാൻ കഴിയുന്ന, ഭാഷയില്ലാത്ത, എന്തിനും കുലുങ്ങിച്ചിരിക്കുന്ന മാണിയോട് അനുകമ്പ കലർന്ന സ്നേഹം. തനിച്ചാവുമ്പോൾ പങ്കാളിയെ തലയുയര്‍ത്തി നോക്കുകപോലും ചെയ്യാത്തവണ്ണം മടുത്തിരിക്കുന്ന രോഹിണിക്ക് എത്രയോ മനുഷ്യരുടെ ഛായയുണ്ട്. ഒടുവിൽ മരിക്കുമ്പോഴും പിരിയാനാവാതെ, മുണ്ടിന്റെ കോന്തലയിൽ സാരി കൂട്ടിക്കെട്ടി പ്രണയികൾ ആത്മഹത്യ ചെയ്യുമ്പോൾ അത് സ്നേഹത്തിന്റെ പാരമ്യമെന്നല്ല, ആരും പഠിക്കരുതാത്ത പാഠമെന്ന് ഒരുവനു തോന്നിയേക്കാം. മരണത്തെ യാതൊരു അതിശയോക്തിയുമില്ലാതെ പരിചയമുള്ളൊരാളായാണ് കൂട്ടിക്കൊണ്ടുവന്നത്. ബാല്യത്തിൽത്തന്നെ നിരവധി മരണങ്ങൾ കണ്ടതു കൊണ്ടാവാം എഴുത്തുകാരന്  അങ്ങനെ എഴുതാനായത്. തീർത്തും സ്വാഭാവികമായ, തടയാനാവാത്ത ഒന്നായിത്തന്നെ കണ്ട്, അർഹിക്കുന്ന പരിഗണന മാത്രം മരണത്തിനു നൽകിക്കൊണ്ട് കൽപറ്റ നാരായണൻ മരണങ്ങളെ എഴുതിവച്ചു. മരണം ആസന്നമായെന്നിരിക്കെ മനുഷ്യനിലുണ്ടാകുന്ന മാറ്റങ്ങൾക്കും ഒപ്പമുള്ളവരെ വേദനിപ്പിക്കുന്ന പെരുമാറ്റങ്ങൾക്കു പോലും കാരണങ്ങളുണ്ട്. കൂടെ പോവാത്ത ഒരാളുടെ ചങ്ങാത്തം മടുത്തുതുടങ്ങിയതുകൊണ്ടായിരിക്കുമത്രേ. വിശദീകരണങ്ങളുടെ നീണ്ടനിരയുടെ ആവശ്യമില്ലാതെ അത്രയും നിസ്സാരമായൊരു കാരണം.

കഥാപാത്രങ്ങളാരും അമാനുഷികരല്ല, എടുത്തു പറയത്തക്ക പ്രത്യേകതകളില്ലാത്ത, എന്നാൽ ചില പ്രത്യേകതകളുള്ള മനുഷ്യരുമുണ്ട്. മരണവീടുകളിലേക്ക് ഊർജവുമായെത്തുന്ന മാതുവിന്റെ പ്രത്യേകത ഒരുപക്ഷേ കോഓർഡിനേഷൻ ആയിരുന്നിരിക്കാം. ശ്രുതിയും താളവും തെറ്റി അങ്ങിങ്ങായി ശബ്ദം തീരെക്കുറച്ചു കേൾക്കുന്ന കരച്ചിലുകൾക്കു മാതുവിന്റെ രംഗപ്രവേശത്തോടെ പുത്തനുണർവ്വ് ലഭിക്കുന്നു. പിന്നെ അത്യന്തം ഉത്സാഹത്തോടെ മരണവീട് ഉള്ളിലൊതുങ്ങാത്ത നിലവിളികളെ പുറന്തള്ളിക്കൊണ്ടിരുന്നു. ജീവിതത്തിലൊരിക്കലെങ്കിലും നമ്മൾ കണ്ടു പോയ മുഖങ്ങളാണ് ഈ പുസ്തകത്തിലെ ഓരോരുത്തര്‍ക്കും. ബാല്യത്തിന്റെ ആവേശവും നിഷ്കളങ്കതയും കൗതുകവും സത്ത് ഒട്ടും പോവാതെ നുകരുമ്പോഴും പലപ്പോഴായി മുന്നിൽ വന്ന ആകർഷിച്ച, ചിന്തിപ്പിക്കയോ പേടിപ്പിക്കയോ ചെയ്തിട്ടുള്ള മുഖങ്ങളെ അതുപോലെ പകർത്തി വച്ചിട്ടുമുണ്ട്. 

നൂറിൽത്താഴെയുള്ള പേജുകളിലൂടെ ഒരു നാടിനെയും അവിടുത്തെ ജനങ്ങളെയും അവരുടെ ചിന്താധാരയെയും പറ്റി വിവരിക്കാൻ കഥാകാരനു കഴിഞ്ഞു. എങ്കിലും കോന്തലയിലുള്ളത്ര വയനാട് ഇന്ന് വയനാട്ടിലില്ലത്രേ. നാടിന്റെ വിള്ളലേറ്റ ആത്മാവിലേക്കു ദൃഷ്ടി പതിപ്പിക്കാനാവാത്തവർക്ക്, വയനാടിനെ അറിയേണ്ടവർക്കായി കൽപറ്റ നാരായണന്റെ കോന്തലയിൽ എപ്പോഴും വയനാടുണ്ടാവും.

Content Summary: Malayalam Book ' Konthala ' written by Kalpatta Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com