ADVERTISEMENT

ആൻഡമാനിലെ പൗരാണിക ഗോത്രമാണ് ജരാവകൾ. ശിലായുഗ മനുഷ്യരെ ഓർമിപ്പിക്കുന്ന നെഗ്രിറ്റോ വംശജർ. വേട്ടയാടിയും മീൻ പിടിച്ചും ജീവിക്കുന്നവർ 20-ാം നൂറ്റാണ്ടിന്റെ അവസാനം മാത്രമാണ് പരിഷ്‌കൃത ലോകത്തെ അറിയുന്നതും ഉൾക്കൊള്ളാൻ തയാറാകുന്നതും മാറ്റങ്ങൾക്കു വിധേയരാകുന്നതും. അതുവരെ ആൻഡമാൻ ദ്വീപുകളിൽ ആരൊക്കെ എത്തിയോ അവരെ അമ്പും വില്ലും ഉപയോഗിച്ച് നിരന്തരം വേട്ടയാടിയും മുറിവേൽപ്പിച്ചും കൊന്നും മോഷണം നടത്തിയും ജരാവകൾ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഇതിഹാസ സമാനമാണ് അവരുടെ പോരാട്ടം. അദ്ഭുതകരമാണ് അവരുടെ ജീവിതകഥയും മാറ്റങ്ങളിലേക്ക് അവർ നടന്നടുത്തതും. ദ്വീപിൽ മെഡിക്കൽ ഓഫിസറായി എത്തിയ രതൻ ചന്ദ്ര കാർ പറയുന്നത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോത്രത്തിന്റെ ജീവിതമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടങ്ങി ജീവിതരീതിയും ആക്രമണങ്ങളും ഇരയാക്കപ്പെട്ടതുമായ ജീവിതം. കൗതുകത്തേക്കാൾ ഉപരി അദ്ഭുതത്തോടു കൂടി മാത്രമേ ഈ ജീവിതകഥ വായിക്കാനാവൂ.

ആൻഡമാനിലെ കദംതലയിൽ 1998 നവംബർ അഞ്ചിനാണ് മെഡിക്കൽ ഓഫിസറായി കാർ ചുമതലയേൽക്കുന്നത്. ജരാവകൾക്ക് ആധുനിക ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. ആ വർഷം നവംബർ ഒന്നിനാണ് പരിഷ്‌കൃത ലോകം അപഹസിക്കുകയും പുതിയ കാലത്തും സ്വന്തം തനിമകളുമായി ഇണങ്ങിച്ചേർന്നു ജീവിക്കുകയും ചെയ്ത ജരാവകളെ അദ്ദേഹം ആദ്യമായി കാണുന്നത്. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏതൊരു ആദിവാസി വിഭാഗത്തേക്കാളും കരുത്തുറ്റ ശരീരത്തിനുടമകൾ. മധ്യ ആൻഡമാനിൽ പശ്ചിമതീരത്ത് ലകിറലുങ്തയിൽ വച്ചാണ് അവരെ അദ്ദേഹം ആദ്യമായി കണ്ടത്. സന്തോഷപൂർവം സ്വീകരിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു കാറിന്. എങ്കിലും അവരെ കാണാൻ മനസ്സ് വെമ്പി. ആയിരക്കണക്കിനു വർഷങ്ങൾ ആരോഗ്യവാൻമാരായി നിലനിർത്തിപ്പോന്ന ചികിത്സാ രീതികൾ അവർക്കുണ്ടായിരിക്കാം. അതിനാൽ ആധുനിക ചികിത്സയെ അംഗീകരിക്കുമോ എന്ന സംശയവും ആശങ്കയും ഉണ്ടായിരുന്നു. ജരവകളുടെ വിശ്വാസമാർജിക്കണം. അവരിൽ ആത്മവിശ്വാസം വളർത്തണം. അതിനുവേണ്ടിയുള്ള ദൗത്യം തുടങ്ങുകയായിരുന്നു. 

കാർ ആൻഡമാനിൽ എത്തുന്നതിനും രണ്ടുവർഷം മുമ്പാണ് ജരാവകൾ പരിഷ്‌കൃത സമൂഹവുമായി അടുക്കാൻ തുടങ്ങുന്നത്. അതിലേക്കു നയിച്ചത് ഒരു സവിശേഷ സംഭവമായിരുന്നു. 

1995 ഏപ്രിൽ 15 ന് രാവിലെ. കദംതലയിലെ ഗ്രാമീണർ സൂര്യപ്രകാശവും ഇളംകാറ്റും ആസ്വദിക്കാൻ പുറത്തിറങ്ങിയ സമയം. തെക്കുഭാഗത്തുനിന്ന് തത്തകൾ ഗ്രാമത്തിനു മുകളിലൂടെ ആഹാരം തേടി പറക്കുന്നു. കിളികൾ കലപില കൂട്ടുന്നു. ചില ഗ്രാമീണർ ചൂടുചായ ആസ്വദിച്ചു കുടിക്കുന്നു. കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് അഭയാർഥിയായി ഇന്ത്യയിലെത്തി കദംതലയിൽ കുടിയിരുത്തപ്പെട്ട ബിജോയ് ബാരോയ് വീടിനു മുന്നിൽ ഇരിക്കുകയായിരുന്നു. നായ വല്ലാതെ കുരയ്ക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. 14 വയസ്സുള്ള ഒരു ജരാവക്കുട്ടി മരത്തിന്റെ വേരിൽകുടുങ്ങിക്കിടക്കുന്നു. കുടിയേറിയവർക്ക് ജരാവകളെ ഭയമായിരുന്നു. എന്നാൽ ബിജോയ്ക്ക് അവരെക്കുറിച്ച് കാര്യമായി ഒന്നുമറിയില്ല. അയാൾക്ക് അവനോട് അലിവു തോന്നി. വലതുകാൽ ഒടിഞ്ഞതിനാൽ കുട്ടിക്കു നടക്കാൻ വയ്യ. ഗ്രാമീണർ നൽകിയ ഭക്ഷണവും വെള്ളവും അവൻ നിഷേധിച്ചു. പക്ഷേ അവനോളം കറുത്ത നിറമുള്ള ഒരു തമിഴ് യുവാവ് നൽകിയ ഭക്ഷണവും വെള്ളവും സ്വീകരിച്ചു. ജരാവ കുട്ടിയുടെ പേര് എൻമെയ് എന്നായിരുന്നു. ചരിത്രം തിരുത്താൻ വിധിക്കപ്പെട്ട കൗമാരക്കാരൻ. 

തലേ രാത്രി തേങ്ങയും നേന്ത്രപ്പഴവും ചക്കയും മോഷ്ടിക്കാൻ എത്തിയ ജരാവകളുടെ കൂട്ടത്തിൽ അവൻ ഉണ്ടായിരുന്നു. എന്നാൽ ഗ്രാമീണർ ഓടിയെത്തിയപ്പോഴേക്കും അവൻ മാത്രം വേരിൽതട്ടി വീണുപോകുകയായിരുന്നു. ഗ്രാമീണർ അവനെ പൊലീസിൽ ഏൽപിച്ചു. കദംതലയിലെ പ്രാഥമിക ശുശ്രൂഷ കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകി. പിന്നീട് വിദഗ്ധ ശുശ്രൂഷയ്ക്കായി പോര്ട് ബ്ലയറിലെ ജി.ബി പന്ത് ആശുപത്രിയിലേക്കു മാറ്റി. പോകുന്ന വഴിയിൽ ജരാവകളുടെ ആക്രമണമുണ്ടായാൽ നേരിടാനുള്ള സന്നാഹത്തോടെയായിരുന്നു യാത്ര.

ആശുപത്രിയിലെ വിഐപി മുറിയും പരിചരണവും തുടക്കത്തിൽ ആസ്വദിക്കാൻ എൻമെയ്ക്കു കഴിഞ്ഞില്ല. കട്ടിലിലെ മിനുസമുള്ള കിടക്ക ഉപേക്ഷിച്ച് നിലത്തിറങ്ങി കിടന്നു. വസ്ത്രം ഊരിമാറ്റും. കാലിലെ പ്ലാസ്റ്റർ മാന്തിപ്പൊളിക്കും. പൊലീസ് കാവലും ശുശ്രൂഷയും പരിചരണവും പരിചയമുള്ള കാര്യങ്ങളല്ലല്ലോ. ആശുപത്രി മുറി ശ്വാസം മുട്ടിച്ചു. തുറന്ന വിശാലമായ കാട്ടിൽ വളർന്ന ആ കുട്ടി പുറത്തുകടക്കാൻ വെമ്പി. ആശുപത്രി അധികൃതർ നൽകിയ പോഷക സമ്പന്നമായ ആഹാരം പോലും വേണ്ടെന്നുവച്ചു. എന്നാൽ ക്രമേണ എൻമെയ് ആശുപത്രി ജീവനക്കാരുമായി സഹകരിച്ചു. ആധുനിക ടോയ്‌ലറ്റ് ഉപയോഗിക്കാൻ പഠിച്ചു. റേഡിയോ സംഗീതവും ടെലിവിഷനും ആസ്വദിച്ചു.  പാന്റ്സും ഷർട്ടും ഉപയോഗിച്ചു. ചുവന്ന നിറമുള്ള വസ്ത്രങ്ങൾ ഏറെയിഷ്ടപ്പെട്ടു. എൻമെയ് പുതിയ ലോകവുമായി ഇണങ്ങുകയായിരുന്നു. ജരാവ ഗോത്ര വർഗ്ഗത്തിൽ നിന്ന് ആദ്യമായി പുറം ലോകത്തിന്റെ അതിഥ്യം സ്വീകരിച്ച കുട്ടി. വ്യത്യസ്തമായ രണ്ടു ലോകങ്ങൾക്കിടയിൽ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാലം പണിഞ്ഞ കൗമാരക്കാരൻ. ആംഗ്യഭാഷ വഴിയായിരുന്നു ആദ്യം ആശയവിനിമയം. ഏതാനും ഹിന്ദി വാക്കുകൾ ഉപയോഗിക്കാൻ പഠിച്ചു. പേന ഉപയോഗിച്ച് കടലാസിൽ ചിത്രം വരച്ചു. ചരിത്രത്തിൽ ആദ്യമായി ഒരു ആൻഡമാനീസ് നെഗ്രിറ്റോ വംശജൻ കടലാസും പേനയും ഉപയോഗിക്കുകയായിരുന്നു. ഇംഗ്ലിഷ് അക്ഷരങ്ങളെഴുതാൻ പഠിച്ചു. വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നും വിളിച്ചു. ജീവിതത്തിൽ ഒരു പുതിയ കാലഘട്ടം ഉദിക്കുകയായിരുന്നു. ജരാവകളുടെ സാമൂഹിക വ്യവസ്ഥിതിയിലും. 

5 മാസത്തെ ചികിത്സയ്ക്കു ശേഷം എൻമെയെ കദംതല വരെ ജീപ്പിലും തുടർന്നു ചെറിയ ബോട്ടിലും കയറ്റി ലകിറലുങ്തയിലെ ജരാവകളുടെ ആവാസമേഖലയിൽ എത്തിച്ചു. മറ്റു ജരാവകൾ അദ്ഭുതപ്പെട്ടു,. എൻമെയെ ഗ്രാമീണർ കൊന്നുകാണുമെന്നാണ് അവർ വിചാരിച്ചത്. കുടിലിലെത്തി ലഭിച്ച പരിചരണത്തെക്കുറിച്ച് അവൻ വാചാലനായി. 

ഒരു വർഷം കഴിഞ്ഞ് ഗ്രാമീണർ ഒരുദിവസം നടക്കാനിറങ്ങിയപ്പോൾ കാറ്റ് ഒട്ടുമില്ലാത്ത സമയത്തും ചെറുമരങ്ങൾ ഇളകുന്നതു കണ്ടു. അടുത്തു ചെന്നുനോക്കിയപ്പോൾ, തങ്ങൾ അവിടെയുണ്ടെന്ന് അറിയിക്കാൻ ജരാവകൾ മരങ്ങൾ കുലുക്കുകയാണെന്നു മനസ്സിലായി. എൻമെയും കൂട്ടരുമായിരുന്നു അത്. അവർ പുഞ്ചിരിച്ചു കൈവീശി. അത് ഒരു പുതിയ അനുഭവമായിരുന്നു. പതിറ്റാണ്ടുകളോളം ശത്രുക്കളായി പരസ്പരം കൊന്നും ആക്രമിച്ചും പക വീട്ടിയും കഴിഞ്ഞിരുന്ന രണ്ടു വർഗ്ഗങ്ങൾ തമ്മിൽ തുടങ്ങിയ സഹകരണത്തിന്റെ തുടക്കം. കാട് മാത്രം വീടായി കരുതിയ ഒരു ഗോത്രവർഗ്ഗം പുറം ലോകത്തെ അറിയുകയും മനസ്സിലാക്കുകയും ചെയ്ത് മാറ്റങ്ങൾക്ക് തയാറായതിന്റെ നാന്ദി. 

ഉയർന്ന ബിരുദങ്ങളും മികച്ച ജോലിയുമുള്ള എത്രയോ പേർ ലോകത്തുണ്ട്. മികച്ച ജോലി ചെയ്ത് അസൂയാവഹമായ ശമ്പളം കൈപ്പറ്റുന്നവരും. എന്നാൽ, ആർജിച്ചെടുത്ത കഴിവും ജോലിയും നിസ്വാർഥമായി വിനിയോഗിക്കാൻ തയാറുള്ള എത്ര പേരുണ്ട്. ജോലി സേവനമായി കരുതി, ജീവൻ പണയം വച്ച്, കൊടും കാട്ടിലേക്ക് ഇറങ്ങിച്ചെന്ന് ഒരു ഗോത്രത്തെ പുറം ലോകത്തേക്ക് ആനയിക്കാൻ ഭാഗ്യം ലഭിച്ചവരും. രതൻ ചന്ദ്ര കാറിന്റെ ജീവിതം ആൻഡമാൻ നിക്കോബാറിന്റെ ചരിത്രത്തിലെ ഏറ്റവും സഫലമായ ഏടാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണ് കാറിനെ. അദ്ദേഹത്തിന്റെ സഫലമായ ജീവിതം ലോകം അറിഞ്ഞത് ഈ പുസ്തകത്തിലൂടെയാണ്. പത്മശ്രീ ആൻഡമാനിലെ ജരാവകൾ എന്ന ഈ പുസ്തകത്തിനും അവകാശപ്പെട്ടതാണ്. അർഹതപ്പെട്ടതാണ്. ഏറ്റവും അനുയോജ്യമായ കരങ്ങളിലെത്തുമ്പോൾ പുരസ്‌കാരത്തിനും കൂടുതൽ തിളക്കം. 

Content Summary: Book ' Andamanile Jaravakal ' written by Ratan Chandra Kar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com