ADVERTISEMENT

‘നമ്മുടെ ജീവിതത്തില്‍നിന്ന് പ്രകാശം പൊലിഞ്ഞുപോയിരിക്കുന്നു’ എന്നാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ ജവാഹർ ലാല്‍ നെഹ്റു വിശേഷിപ്പിച്ചത്. പക്ഷേ, മുക്കാല്‍‌ നൂറ്റാണ്ടു പിന്നിട്ടിട്ടും ഗാന്ധിമാര്‍ഗ്ഗത്തിന്‍റെ വെളിച്ചം സമൂഹമനസ്സില്‍ ഇപ്പോഴും അണയാതെ നില്‍ക്കുന്നു. 

മനുഷ്യജീവിതത്തിന്‍റെ ആത്മശോഭ ഉയര്‍ത്തിപ്പിടിച്ച മഹാത്മാവാണ് ഗാന്ധിജി. രാഷ്ട്രപിതാവായും സ്വാതന്ത്ര്യസമരപോരാളിയായും അഹിംസയുടെ യോദ്ധാവായും ഗാന്ധിജിയെ ആരാധിക്കുന്നവരാണ് അധികപങ്കും. എന്നാല്‍ മനുഷ്യജീവിതത്തെ വിമലീകരിക്കുന്നതിന് ഒരു ഋഷിയെപ്പോലെ, ഗുരുവിനെപ്പോലെ അദ്ദേഹം ലോകസമൂഹത്തിനു മുന്നില്‍ മാതൃകയായി നില്‍ക്കുന്നു. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശമെന്ന് പ്രഖ്യാപിക്കാന്‍ ഭൗതികജീവിതം നയിച്ച മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ലോകത്ത് മറ്റൊരു നേതാവിനും നല്‍കാനാവാത്ത ജീവിതദര്‍ശനമാണ് അദ്ദേഹം നല്‍കിയത്. മഹാത്മാ ഗാന്ധിയുടെ മഹനീയമായ ജീവിതമാര്‍ഗ്ഗത്തിലേക്കുള്ള സാർഥകമായ ഒരു അന്വേഷണമാണ് ഡോ. ടി.എസ്.ജോയിയുടെ ‘മഹനീയം മഹാത്മാവിന്‍റെ മാര്‍ഗ്ഗം’ എന്ന പുസ്തകം.

ഗാന്ധിജിയുടെ ജീവചരിത്രത്തിനപ്പുറം അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളിലേക്കും പ്രത്യയശാസ്ത്രത്തിലേക്കും പ്രവേശിക്കുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. സത്യഗ്രഹമാണ് ഗാന്ധിയന്‍ ദര്‍ശനത്തിന്‍റെ കേന്ദ്രബിന്ദു. അഹിംസ അതിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗവും. സത്യം ദൈവസമാനമായ അനുഷ്ഠാനമാണ്. സാധാരണ മനുഷ്യന് അതിലേക്ക് എത്തിച്ചേരുവാന്‍ കഠിനമായ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും. ഗാന്ധിജി എപ്രകാരമാണ് അത്തരം പരീക്ഷണങ്ങള്‍ നേരിട്ടതെന്ന് ഉദാഹരണസഹിതം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കുട്ടിക്കാലം മുതലുള്ള ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഗ്രന്ഥകാരന്‍ വായനക്കാരെ അനുസ്മരിപ്പിക്കുന്നു.

“സത്യവും ജ്ഞാനവും ആനന്ദവും ഒന്നായിരിക്കുന്ന സച്ചിദാനന്ദ രൂപമാണ് ഗാന്ധിജിക്ക് ഈശ്വരൻ. ഒന്ന് മറ്റൊന്നിൽനിന്നു വ്യത്യസ്തമല്ല. സത്യമുള്ളിടത്തു ജ്ഞാനവും ജ്ഞാനമുള്ളിടത്ത് ആനന്ദവും ഉണ്ടാകുന്നുവെന്നതാണിതിന്‍റെ സാരാംശം. ഇവ മൂന്നും ഈശ്വരനിൽ സമ്മേളിക്കുന്നു. ഈ സമ്മോഹന സമ്മേളനത്തിന്‍റെ നിർവൃതി നുകരുകയാണ് മനുഷ്യധർമം എന്നാണ് ഗാന്ധിജി ഉദ്ഘോഷിക്കുന്നത്. ഈശ്വരനെ അന്വേഷിക്കുന്നവർ സത്യത്തെ കണ്ടെത്താൻ ശ്രമിച്ചാൽ മതിയെന്ന് സാരം. സത്യത്തെ തേടുന്നവർക്കുള്ള ഒരേയൊരു മാർഗം അഹിംസയാണ്”. ഗാന്ധിജിയുടെ സത്യദര്‍ശനത്തെ ഇപ്രകാരമാണ് ഗ്രന്ഥകാരന്‍ വ്യാഖ്യാനിക്കുന്നത്.

സത്യവും അഹിംസയും ഉപാധിയാക്കി ഐതിഹാസികമായ ചമ്പാരന്‍ കര്‍ഷകസമരം ഗാന്ധിജി എപ്രകാരം വിജയിപ്പിച്ചുവെന്ന് മൂന്നാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയില്‍ ഗാന്ധിജി നടത്തിയ പ്രഥമ സമരമായിരുന്നു അത്. ഗാന്ധിയുടെ സത്യചര്യയും അഹിംസാമാര്‍ഗ്ഗവും അര്‍പ്പണബോധവും അധികാരവര്‍ഗ്ഗത്തെ മുട്ടുകുത്തിച്ചതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഈ അധ്യായം ഉപകരിക്കും. സമരത്തിന്‍റെ വിശദാംശങ്ങളും ഗാന്ധിമാര്‍ഗ്ഗത്തിന്‍റെ മഹത്വവും ലളിതമായി അവതരിപ്പിക്കുന്നു.

അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ കര്‍മമണ്ഡലമാണ് നാലാമധ്യായത്തില്‍ പരിശോധിക്കുന്നത്. സബര്‍മതി ആശ്രമത്തില്‍നിന്ന് ആരംഭിക്കുന്നതാണ് ജാതീയതയ്ക്കെതിരായ ഗാന്ധിയുടെ യുദ്ധം. എല്ലാ ജനവിഭാഗങ്ങളെയും ഒന്നായി കാണുകയും അവരുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും വേണമെന്ന് ഗാന്ധിജി വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ അവിഭാജ്യഘടകമാണ് സാമൂഹിക പ്രവര്‍ത്തനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്നതിനു മുമ്പുതന്നെ ഗാന്ധിജി സാമൂഹിക പരിവര്‍ത്തനത്തിനായി പരിശ്രമിച്ചു. ചാതുര്‍വര്‍ണ്യത്തിലും പ്രാകൃതമായ അനാചാരങ്ങളിലും ആണ്ടുകിടന്നിരുന്ന സമൂഹത്തെ വിജ്ഞാനത്തിന്‍റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന മഹത്തായ മാര്‍ഗ്ഗത്തില്‍ കേരളത്തില്‍ ശ്രീനാരായണ ഗുരുവും മറ്റു നവോത്ഥാന നായകരും സ്വീകരിച്ച അതേ പാതയാണ് ഗാന്ധിജി തിരഞ്ഞെടുത്തത്. അതിന്‍റെ ഭാഗമായിരുന്നു അയിത്തോച്ചാടനം. 

‘സ്വരാജ്’ എന്നു പറയുന്നത് ഏറ്റവും താണവർക്കുപോലും സ്വാതന്ത്ര്യവും ആത്മാഭിമാനവും നൽകുന്ന വ്യവസ്ഥിതിയായിരിക്കണം എന്ന് ഗാന്ധിജിയുടെ സ്വപ്നത്തെ ഗ്രന്ഥകാരന്‍ തുടക്കത്തില്‍ത്തന്നെ അവതരിപ്പിക്കുന്നു. അയിത്തം, തൊട്ടുകൂടായ്മ, തുടങ്ങിയ അനാചാരങ്ങളെ കുട്ടിക്കാലം മുതൽ തന്നെ മോഹൻദാസ് എതിർത്തിരുന്നു എന്നതിന്‍റെ തെളിവുകള്‍ ആത്മകഥയെ ഉപജീവിച്ചുകൊണ്ട് നിരത്തുന്നുണ്ട്. സബര്‍മതി ആശ്രമത്തില്‍പോലും നേരിടേണ്ടിവന്ന ജാതിവെറിയുടെ തിക്താനുഭവങ്ങള്‍ അക്കൂട്ടത്തിലുണ്ട്. അസ്പൃശ്യരായവരെ ഹരിജനങ്ങള്‍ എന്ന് സംബോധന ചെയ്ത് അവരുടെ പുരോഗതിക്കായി ഗാന്ധിജി അനുഷ്ഠിച്ച സേവനങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു.

കേരളത്തില്‍ നടന്ന അയിത്തോച്ചാടനസമരങ്ങളില്‍ ഗാന്ധിജി നല്‍കിയ സഹായവും പിന്തുണയും ചരിത്രരേഖയാണ്. വൈക്കം ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പൊതുനിരത്തില്‍ താണജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുന്നതിന് കെപിസിസി. തുടങ്ങിയ വൈക്കം സത്യാഗ്രഹത്തിന് പിന്തുണയുമായി 1924 മാർച്ച് 10 ന് ഗാന്ധിജി വൈക്കത്തെത്തി. അന്ന് പൊതുസമ്മേളനത്തെ അഭിസംബോധന ചെയതുകൊണ്ട് ഗാന്ധിജി നടത്തിയ വിഖ്യാതമായ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1927 ഒക്ടോബര്‍ 11ന് കൊല്ലത്തു നടത്തിയ പ്രസംഗവും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

ചര്‍ക്കയും ഖാദിയും എന്ന അഞ്ചാമധ്യായത്തില്‍ സാധാരണക്കാരെയും സമ്പന്നരെയും ബന്ധിപ്പിക്കുന്ന പ്രതീകമായി ചര്‍ക്കയെ അവതരിപ്പിക്കുന്നു. പ്രയത്നത്തിന്‍റെ പ്രതീകം കൂടിയാണ് ചര്‍ക്ക. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് അക്കാലത്ത് ഖാദിയുടെ ഉദ്പാദനവും വിപണനവുമാണ് മുഖ്യ ഉപാധിയായി ഗാന്ധിജി കണ്ടത്. 1927 ഒക്ടോബര്‍ 13ന് എറണാകുളം മഹാരാജാസ് കോളജില്‍ ഖാദിയുടെ പ്രാധാന്യത്തെകുറിച്ച് ഗാന്ധിജി നടത്തിയ പ്രസംഗവും പുസ്തകത്തിലുണ്ട്.

ലോകം കണ്ട ഏറ്റവും വലിയ സാംസ്കാരിക വിപ്ലവത്തിനാണ് ഗാന്ധിജി ചർക്കയിലൂടെയും ഖാദിയിലൂടെയും തുടക്കമിട്ടതെന്ന് ഗ്രന്ഥകാരന്‍ സമർഥിക്കുന്നു. വീട്ടിലിരുന്ന് ചർക്കയിൽ നൂൽ നൂറ്റ സ്ത്രീകളും സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി മാറി. വീടുകളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകളിൽ ചർക്കയും ഖാദിയും സ്വാശ്രയശീലവും സ്വാതന്ത്ര്യബോധവും ജനിപ്പിച്ചു. അവർ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവന്നു. അതൊരു സാംസ്കാരിക വിപ്ലവത്തിന് നിമിത്തമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ വച്ച് സത്യാഗ്രഹത്തിന്‍റെ ചിഹ്നമായി ഗാന്ധിത്തൊപ്പി എപ്രകാരം ഉത്ഭവിച്ചുവെന്നും പ്രതിപാദിക്കുന്നുണ്ട്. 

ഏഴാമധ്യായത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തെകുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ശക്തമാക്കിയതിനോടൊപ്പം ഹിന്ദു-മുസ്‌ലിം മൈത്രിയെ പ്രചോദിപ്പിക്കുവാനും നിസ്സഹകരണ പ്രസ്ഥാനത്തിനു സാധിച്ചുവെന്നാണ് രചയിതാവിന്‍റെ അഭിപ്രായം.

അര്‍ധനഗ്നനായ ഫക്കീറിന്‍റെ ഉദയത്തെകുറിച്ചുള്ള ചരിത്രസംഗതികളാണ് അടുത്ത അധ്യായത്തില്‍. വിഖ്യാതമായ ഉപ്പു സത്യഗ്രഹവും വിശമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രഘുപതി രാഘവ രാജാറാം എന്ന മാന്ത്രിക ഗീതമുയര്‍ത്തിയ ആവേശത്തുടിപ്പുകള്‍ ജനസഞ്ചയത്തെ സ്വാധീനിച്ച സാഹചര്യങ്ങളും വിലയിരുത്തപ്പെടുന്നു. ക്വിറ്റ് ഇന്ത്യാസമരത്തിന്‍റെ ചരിത്രപ്രാധാന്യവും ഗാന്ധിജിയുടെ ഇടപെടലുകളും താത്വികവും ധാര്‍മികവുമായ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടുന്നത്. 

സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുണ്ടായ വര്‍ഗീയ ലഹളകളും തന്‍റെ ആത്മശക്തിയാല്‍ ഗാന്ധിജി അത് എപ്രകാരം നിയന്ത്രിച്ചുവെന്നതും പുസ്തകത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ഹേ റാം എന്ന അധ്യായത്തില്‍ ഗാന്ധിവധത്തെ വൈകാരികമായി അവതരിപ്പിക്കുന്നു.

പൂങ്കാവനത്തിലെ സുരഭില പുഷ്പങ്ങള്‍ എന്ന അധ്യായത്തില്‍ മഹാത്മജിയുടെ വചനങ്ങളും ദര്‍ശനങ്ങളും സംഗ്രഹിച്ച് അക്കമിട്ട് അവതരിപ്പിക്കുന്നു. ഗാന്ധിദര്‍ശനങ്ങളുടെ അന്തസ്സത്ത എളുപ്പത്തില്‍ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്താന്‍ സാധിക്കുന്ന ഈ അധ്യായം ഏതു വിഭാഗത്തില്‍പെട്ടവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. മോഹന്‍ദാസില്‍ നിന്ന് മഹാത്മാവിലേക്ക് എന്ന അവസാന അധ്യായത്തില്‍ ഗാന്ധിജിയുടെ ലഘുജീവചരിത്രവും നല്‍കിയിട്ടുണ്ട്. ഡോ. പി.വി കൃഷ്ണന്‍ നായരുടെ പ്രൗഢമായ അവതാരിക പുസ്തകത്തിന്‍റെ സാരാംശത്തിലേക്കുള്ള പ്രവേശികയാണ്.

ഗാന്ധിജിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ക്രോഡീകരിച്ച് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ പ്രയോജനപ്പെടുമായിരുന്നു.

Content Summary: Malayalam Book ' Mahaneeyam Mahatmavinte Margam ' by Dr. T. S. Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com