ADVERTISEMENT

എന്നെന്നും ഓർത്തിരിക്കുന്ന മധുര ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിലിടം നേടിയ സംഗീത സംവിധായകൻ ജോൺസണ്‍ അവസാന കാലത്ത് അവഗണനയുടെ ഇരുണ്ട കാലത്തിലൂടെ കടന്നുപോകേണ്ടിവന്നു. ശ്രുതിമധുരമായ ആ ഗാനം അകാലത്തിൽ നിലച്ചതിനു പിന്നിൽ മോശം അനുഭവങ്ങൾ കൂടിയുണ്ട്. മലയാളികൾക്ക് ആമുഖവും പരിചയപ്പെടുത്തലും വേണ്ടാത്ത സംഗീത പ്രതിഭയ്ക്കു തന്നെയാണു നന്ദികേട് സഹിക്കേണ്ടിവന്നത്. അദ്ദേഹം സംഗീതം കൊടുത്ത ഒരു പാട്ടെങ്കിലും മൂളാത്ത, ആസ്വദിക്കാത്തവർ ഇല്ലാത്ത നാട്ടിൽനിന്നു തന്നെ. 

എന്നെന്നും നിലനിൽക്കുന്ന ഗാനങ്ങൾ അനശ്വരമായി തുടരുമ്പോൾ ഒരു കലാകാരൻ നേരിട്ട ഒറ്റപ്പെടൽ വൈകിയെങ്കിലും ആരും അറിയാതെ പോകരുത്. ഏറ്റവും സുന്ദരമായ പാട്ടിന്റെ വിരൂപമായ മുഖമാണത്. പ്രശസ്തിക്കു പിന്നാലെ വരുന്ന വിസ്മൃതിയുടെ കറുത്ത കാലം. ഡേറ്റിനു വേണ്ടി ക്യു നിന്നവർ പോലും കണ്ടഭാവം നടിക്കാതെ കടന്നുപോയപ്പോൾ അനാഥമായ ഗിറ്റാറിൽ നിന്നുയർന്ന അപശ്രൂതിയുടെ താളം കൂടി ചേർന്ന പച്ച ജീവിതം. 

80 കളിലും 90 കളിലും ചലച്ചിത്ര സംഗീത രംഗത്തെ നിറസാന്നിധ്യമായിരുന്ന ജോൺസന് 2001 നു ശേഷമാണ് അവസരങ്ങൾ കുറഞ്ഞത്. അവസാനത്തെ 10 വർഷം അദ്ദേഹം സംഗീതം കൊടുത്തത് വെറും 9 സിനിമകൾക്കു മാത്രം. 2003 ലും 2004 ലും ലഭിച്ചത് ഓരോ ചിത്രങ്ങൾ മാത്രം. 2005, 10 വർഷങ്ങളിൽ ഒറ്റ സിനിമ പോലുമില്ല. 

2002 ൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്റെ ജോലി പൂർത്തിയാക്കിയ ശേഷമാണ് വിഷാദത്തിന്റെ നാളുകളിലേക്ക് അദ്ദേഹം വീണത്. കാത്തിരുന്ന ഇരുട്ടിലേക്കു നോക്കി അസ്വസ്ഥനായത്. മനസ്സാകെ ശൂന്യമായി എന്നു വേവലാതിപ്പെട്ടത്. പ്രശസ്തിയും പദവിയുമുള്ളപ്പോൾ കൂടെക്കൂടുകയും അവ രണ്ടുമില്ലാത്തപ്പോൾ തന്നെ വിട്ടുപോകുകയും ചെയ്യുമെന്ന് പ്രവചിച്ച മദ്യപാനം പൂർണമായി ഉപേക്ഷിച്ചിരുന്നു. എന്നാൽ സിനിമയിലെ അവസരങ്ങൾ ഇല്ലാതാക്കാൻ തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. ജോൺസൺ ദേഷ്യക്കാരനാണ്, കുഴപ്പക്കാരനാണ് എന്നെല്ലാമുള്ള പ്രചാരണങ്ങൾ മുൻപില്ലാത്ത ശക്തിയോടെ വ്യാപകമായി. മടുപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. അതോടെ തന്റെ പ്രശസ്ത ഗാനങ്ങൾ പോലും അദ്ദേഹം കേൾക്കാതായി. ആ പാട്ടുകൾ കേൾക്കുമ്പോൾ നല്ലതിനൊപ്പം ചീത്ത ഓർമകളും അദ്ദേഹത്തെ തേടിവന്നു. അവയ്ക്കു പിന്നിലുള്ള ആരുമറിയാത്ത അധ്വാനത്തിന്റെ തീവ്രതയും. പാട്ടുകളിൽ ആവർത്തനം വരുന്നതായുള്ള ആരോപണങ്ങളും ഉയർന്നു. പ്രത്യേകിച്ചൊരു ഗുണവുമില്ലാത്ത സിനിമകളും ജോലിത്തിരക്കുമൊന്നും ആരും ശ്രദ്ധിച്ചില്ല. അവസരങ്ങൾ കുറഞ്ഞെങ്കിലും കൂടുതൽ സമയം വീട്ടിൽ തന്നെ ചെലവഴിച്ചെങ്കിലും ആരുടെയും കാലു പിടിക്കാൻ തയാറായില്ല. എല്ലാവർക്കും അറിയാവുന്ന വീട് ഉപേക്ഷിച്ച് അപരിചിതമായ വീട്ടിലേക്കു മാറി. ശിഷ്യർക്കു പോലും അദ്ദേഹം എവിടെയുണ്ടെന്ന് അറിയുമായിരുന്നില്ല. 

കോഴിക്കോട് എയർപോർട്ടിൽ വച്ച് ഒരിക്കൽ കണ്ടപ്പോൾ ജോൺസൺ പറഞ്ഞ വാക്കുകൾ സംഗീത സംവിധായകൻ ശരത് ഒരിക്കലും മറക്കില്ല. 

മോനേ, നീ മൈക്കിൾ ജാക്‌സന് പാടാൻ പറ്റിയ പോലുള്ള പാട്ടുകൾ ചെയ്യുമ്പോൾ എനിക്ക് ഒരു പാട്ടു തരണം. 

ജോൺസന്റെ പാട്ടുകളുടെ കൂടി ബലത്തിൽ താരസിംഹാസനം നേടിയവർ പോലും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല. എന്നാൽ ഒന്നാം ചരമവാർഷികം അവർ ഗംഭീരമായി ആഘോഷിച്ചു. നിങ്ങൾ ഒരു സിനിമ കൊടുത്തിരുന്നെങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുമായിരുന്നു എന്ന് ശരത് അന്ന് തുറന്നുപറയുകയുണ്ടായി. 

ജോൺസന്റെ പാട്ടുകളിൽ യേശുദാസിന് ഏറ്റവും ഇഷ്ടപ്പെട്ടത് പദ്മരാജന്റെ അവസാന ചിത്രമായ ഞാൻ ഗന്ധർവ്വനിലെ ദേവാങ്കണങ്ങൾ എന്നു തുടങ്ങുന്ന പാട്ടായിരുന്നു. തികവാർന്ന ഗാനമെന്ന് ഔസേപ്പച്ചനും ഈ പാട്ടിനെ വിശേഷിപ്പിക്കുന്നു. എന്നാൽ പിന്നീട് പ്രശംസിക്കപ്പെട്ട ഈ പാട്ട് ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടന്നിരുന്നു എന്ന് ഇന്ന് അധികമാർക്കുമറിയില്ല. ചില സുഹൃത്തുക്കളാണ് ആ പാട്ടിന് ഗുണനിലവാരമില്ലെന്ന് നിർമാതാവിനെ ബോധ്യപ്പെടുത്താൻ കിണഞ്ഞു ശ്രമിച്ചത്. ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ റെക്കോർഡ് ചെയ്ത ഗാനമായിരുന്നു ഇത്. എന്നാൽ അവസാന നിമിഷം പാട്ടുകൾ ഒഴിവാക്കി പുതിയതു കണ്ടുപിടിക്കാൻ ശ്രമം നടന്നു. പലരുടെയും നിർബന്ധത്താൽ പദ്മരാജൻ കൈതപ്രത്തെയും ജോൺസണെയും വിളിച്ചുവരുത്തി പുതിയ പാട്ടും ട്യൂണും സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ദേവാങ്കണങ്ങൾക്കു നൽകിയതുപോലൊരു ട്യൂൺ ഇനിയും തന്റെ ഹാർമോണിയത്തിൽ നിന്നു വരില്ലെന്നു ജോൺസൺ തീർത്തുപറഞ്ഞു. ഒടുവിൽ പാട്ട് ഉൾപ്പെടുത്തി. എന്നാൽ ദുർവിധി തുടർന്നു. സിനിമ ഇറങ്ങി രണ്ടു ദിവസത്തെ പ്രകടനം നോക്കിയപ്പോൾ വീണ്ടും ദേവാങ്കണങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. 

പദ്മരാജൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പിന്തിരിയാതെ പാട്ട് ഒഴിവാക്കാൻ തന്നെ നിർമാതാവ് തീരുമാനിച്ചു. സ്വന്തം ശരീരത്തിന്റെ ഭാഗങ്ങൾ വെട്ടിമാറ്റുന്നതുപോലെയാണ് പല ഭാഗങ്ങളും ഗാനങ്ങളും പദ്മരാജൻ ഒഴിവാക്കിയതെന്ന് ഭാര്യ രാധാ ലക്ഷ്മിയും പറയുന്നു. 

ജനുവരി 11 നാണ് ചിത്രം റീലീസായത്. 24 ന് 46-ാം വയസ്സിൽ പദ്മരാജൻ ഗന്ധർവ്വനെപ്പോലെ അകന്നുമറഞ്ഞു. മൂന്നാം നാൾ നിർമാതാവ് തീരുമാനം മാറ്റി. ദേവാങ്കണങ്ങൾ ഉൾപ്പെടുത്തിയായിരുന്നു സിനിമയുടെ പിന്നീടുള്ള പ്രദർശനങ്ങളെല്ലാം. കാലം പദ്മരാജനും ജോൺസണും കാത്തുവച്ച ഉപഹാരം കൂടിയായിരുന്നു ഗാനത്തിനും ചിത്രത്തിനും പിന്നീട് ലഭിച്ച ജനപ്രീതി. 

പശ്ചാത്തല സംഗീതത്തിനും ദേശീയ പുരസ്കാരം നേടിയ ജോൺസന്റെ ആ രംഗത്തെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്. ഭരതൻ, പദ്മരാജൻ ചിത്രങ്ങളിലാണ് അദ്ദേഹത്തിന്റെ കഴിവ് പൂർണതയിലെത്തിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിൽ സോളമന്റെയും സോഫിയയുടെയും പ്രണയം പൂത്തുവിടരുന്നത് മികച്ച പശ്ചാത്തല സംഗീതത്തിന്റെ കൂടി അകമ്പടിയിലാണ്. അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും എന്ന വരി സോഫിയ ആകാംക്ഷയോടെ വീട്ടിൽപ്പോയി ബൈബിളിൽ നിന്ന് കണ്ടെത്തുമ്പോഴുള്ള സംഗീതത്തിന് ഏഴഴകാണ്. കൂടെവിടെയിലെ തീം മ്യൂസിക്കും ഏറെ ജനപ്രീതി നേടി. തൂവാനത്തുമ്പികളിൽ ജയകൃഷ്ണന്റെ ക്ലാരയോടും രാധയോടുമുള്ള പ്രണയം വ്യത്യസ്തമാണെന്നതുകൊണ്ടുതന്നെ കോംബിനേഷൻ സീനുകളിലെ പശ്ചാത്തല സംഗീതവും വ്യത്യസ്തമാണ്. ചിത്രത്തിന്റെ അവസാന രംഗത്തിൽ ഈ രണ്ടു സംഗീതത്തിന്റെയും അസാധാരണമായ ഒന്നിച്ചുചേരലുണ്ട്. ജയകൃഷ്ണൻ ക്ലാരയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രയാക്കി തിരിഞ്ഞുനോക്കുമ്പോൾ അവിടെ ഇതിനെല്ലാം സാക്ഷിയായി കാത്തുനിൽക്കുന്ന രാധ. രണ്ടു വിഭിന്നങ്ങളായ സംഗീതത്തിനിടയിൽ ട്രെയിനിന്റെ ശബ്ദം മാത്രമാണുള്ളത്. ക്ലാരയ്ക്ക് കത്തെഴുതുമ്പോഴും അവരെക്കുറിച്ചു പരാമർശിക്കുമ്പോഴും ഉയരുന്ന സംഗീതം ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലുണ്ടായ ഏറ്റവും മികച്ച തീം മ്യൂസിക്കുകളിൽ ഒന്നാണെന്നു സാക്ഷ്യപ്പെടുത്തുന്നത് എം. ജയചന്ദ്രനാണ്. 

സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പൊതുവെ ഉപരിപ്ലവമാണെങ്കിൽ ജോൺസൺ മാഷിന്റെ ഈണങ്ങൾ പൂത്ത കാലത്തെക്കുറിച്ചുള്ള കൃതി അദ്ദേഹത്തിന്റെ ജീവിതത്തെ സമഗ്രമായി സ്പർശിക്കുന്നതാണ്. കൃത്യമായ ഗവേഷണവും ആധികാരികമായ വിവരങ്ങളും പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു. ലഭ്യമായ എല്ലാവരിൽ നിന്നും എല്ലാ സ്രോതസ്സുകളിൽനിന്നുമുള്ള വിവരങ്ങൾ ശേഖരിച്ചും സ്നേഹ ബഹുമാനത്തോടെ അവതരിപ്പിച്ചും റഫീഖ് സക്കറിയ ജോൺസൺ എന്ന അതുല്യ സംഗീത പ്രതിഭയോട് നീതി പുലർത്തുന്നു.  

Content Summary: Malayalam Book ' Johnson: Eanangal Pootha Kalam ' written by P A Rafiq Zakariah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com