ADVERTISEMENT

കവിത കവിയെ വിട്ടുപോകുന്ന നിമിഷം. കവിതയുടെ ഉറവ വറ്റുന്ന നേരം. ഒരു വരി പോലും എഴുതാതെ പരാജയം സമ്മതിച്ച്, പദ്യത്തിനു പകരം ഗദ്യത്തിൽ എഴുതിത്തുടങ്ങുന്നു. 

വൃത്തിയുള്ള കയ്യക്ഷരത്തിൽ പാചകക്കുറിപ്പുകൾ. എന്തൊക്കെ വിഭവങ്ങൾ പാചകം ചെയ്യണമെന്ന്. പിന്നെ, കഴുകാനും ഉണക്കാനും ജോലികൾ. 

എന്നാൽ, അടുപ്പിലെ തീനാളത്തിൽ കൈ പൊള്ളുമ്പോൾ, പച്ചക്കറി നുറുക്കുന്നതിനിടെ കൈ മുറിയുമ്പോൾ ഹാ...വീണ്ടും ജനിക്കുന്നു കവിത. 

വീട്ടമ്മയായിരിക്കെയും, വീട്ടുജോലി ചെയ്തു തളരുന്നതിനിടെയും വിട്ടുപോകാത്ത കവിതയുടെ കൂട്ടിനെക്കുറിച്ച് ഇതിലും നന്നായി പറയുന്ന കവിതകൾ അപൂർവമാണ്. ചോര പൊടിയും പോലെ കവിത. പൊള്ളലേൽക്കുമ്പോഴുള്ള ഞെട്ടൽ പോലെ. ഏതൊക്കെ വേഷങ്ങളിൽ എങ്ങനെയൊക്കെ പകർന്നാടിയാലും വറ്റാതെയുണ്ടാകും ഒരു തുള്ളി ചോരയെങ്കിലും. അതിനു നിറം ചുവപ്പു തന്നെയായിരിക്കും. അതുതന്നെ കവിതയുടെ നിറവും മണവും സ്വാദും ശക്തിയും സൗന്ദര്യവും. 

സത്യസന്ധതയാണ് കവിതയുടെ നിർവചനം. ആത്മാർഥമാണ് ഒഴുക്ക്. സ്വന്തം മനസ്സിനോടെന്നപോലെ നീതി പുലർത്തേണ്ട ജീവിതത്തിന്റെ അനിവാര്യത. പുതിയ സമാഹാരത്തിലും കവിതയെ വിശ്വസിക്കുന്ന, കവിതയിലൂടെ മാത്രം പ്രകടിപ്പിക്കാനാവുന്ന ഭാവങ്ങളാൽ സമൃദ്ധമാണ് മീരയുടെ സൃഷ്ടികൾ. മറ്റാരേക്കാളും സ്വയം പുലർത്തുന്ന വിശ്വസ്തത. തന്നോടും തന്റെ ചുറ്റുപാടുകളോടും. തനിക്കു ചുറ്റുമുള്ളവരോടും. വാക്കുകളുടെ കണ്ണാടിയിൽ തെളിയുന്നത് തിരഞ്ഞെടുത്ത വാക്കുകളിൽ, സാന്ദ്രമായ ഭാഷയിൽ, ഏറ്റവും ചുരുക്കി പറഞ്ഞു പിൻവാങ്ങുന്ന കവി. 

അച്ഛൻ ഇപ്പോൾ കൂടെയില്ലെന്ന യാഥാർഥ്യം അപ്രതീക്ഷിത നേരങ്ങളിലാണ് വെള്ളിടി പോലെ മനസ്സിനെ പിളർക്കുന്നത്. 

ട്രെഡ്മില്ലിൽ നിൽക്കുമ്പോൾ. 

നടന്നില്ലെങ്കിൽ വീഴുമെന്ന ഉറപ്പിൽ

നടപ്പ് തുടരുമ്പോൾ. 

(അർഹിക്കുന്ന എതിരാളിയില്ലെങ്കിൽ 

യുദ്ധം കൊണ്ട് ഒരു കാര്യവുമില്ലല്ലോ)

ഞാൻ പറഞ്ഞില്ലേ, അച്ഛനെ കാണുന്നത് ഏറ്റവും അപ്രതീക്ഷിതമായ നേരത്താണ്. 

ഇന്നു കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ അച്ഛനെ കണ്ടു. 

വേനലിൽ വല്ലപ്പോഴുമെത്തുന്ന മിന്നലിന്റെ അകമ്പടിയോടെ മഴ പെയ്യുമ്പോഴും, കല്ലുകളിലെ പായൽപ്പച്ചയ്ക്കു മുകളിലൂടെ കല്ലാർ ഒഴുകുന്നു. 

അതേ, മലകളിൽ എന്നും മഴക്കാലം തന്നെ. 

എന്നും കവിത പെയ്യുന്ന മനസ്സിൽ നിന്നാണ് മീര കവിതകൾ എഴുതുന്നത്. അനുഭവങ്ങൾ, വികാരങ്ങൾ, വിചാരങ്ങൾ കവിതയുടെ പ്രിസം കടന്നെത്തുമ്പോൾ ഏഴഴക്. 

ഇല്ല, നിനക്ക് അധികമൊന്നും ചെയ്യാനില്ല. 

അവനെ നെഞ്ചോട് ചേർത്തുപിടിക്കുകയല്ലാതെ. 

നിന്റെ ഹൃദയമിടിപ്പുകൾ അവൻ അറിയട്ടെ. 

അവന്റെ വേദനയുടെ ആഴം കുറയ്ക്കാൻ കഴിയാത്ത 

അർഥമില്ലാത്ത വാക്കുകൾ പറയൂ. 

പോകും മുമ്പ് കഴിയുന്നത്ര നേരം 

അവനെ ചേർത്തുപിടിക്കൂ. 

ഓരോരുത്തരുടെയും നഷ്ടം 

അവരുടേതു മാത്രമാണ്. 

സ്ത്രീയായിരിക്കുന്നതിന്റെ അനുഭവങ്ങൾ തീവ്രമായി ആവിഷ്കരിക്കുമ്പോൾ തന്നെ, സ്നേഹവും സ്നേഹ നഷ്ടവും അവരുടെ കുത്തക മാത്രമല്ലെന്നു തിരിച്ചറിയുന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. എന്നാലും, സവിശേഷമായ സ്ത്രീ അവസ്ഥകൾ കടും വർണത്തിൽ, രൂക്ഷമായി അവതരിപ്പിക്കാനും മടിക്കുന്നില്ല. മുൻ കവിതകളിൽ നിന്നു വ്യത്യസ്തമായി, ധാർമിക രോഷത്തോടൈ, ആക്ഷേപഹാസ്യമെന്നതേക്കാൾ, തുറന്നു പരിഹസിക്കാനും മടിക്കുന്നില്ല. ഹി ആൻഡ് ഷി എന്ന കവിതയിലെപ്പോലെ. സ്ത്രീയും പുരുഷനും ഒട്ടേറെ ജോലികൾ ചെയ്താണ് കുടുംബം പുലർത്തുന്നത്. ആരാണ് അധികം ജോലി ചെയ്യുന്നതെന്നതിനെക്കുറിച്ച് തർക്കം പോലും ഉയരാറുണ്ട്. എന്നാൽ അവർ ചെയ്യുന്ന ജോലികൾ കൃത്യമായി മനസ്സിലാക്കുമ്പോൾ മാത്രമാണ് വ്യത്യാസം എത്രമാത്രം പ്രകടമാണെന്നും കപടനാട്യം എത്ര ഭീകരമാണെന്നും മനസ്സിലാകുന്നത്. 

അന്ധവിശ്വാസങ്ങൾ സമൂഹത്തെ ചങ്ങലയ്ക്കിടുന്ന കാലത്തും എല്ലായിടത്തുനിന്നും കാറ്റും വെളിച്ചവും സ്വീകരിച്ച് മീരയുടെ കവിതകൾ വളരുന്നു. കിടപ്പുമുറിയുടെ ജനാലപ്പടിയിൽ വച്ച, വളർച്ച മുരടിച്ച ചെടിയല്ല കവിത. അതിരും അതിർത്തിയും നിർണയിക്കാത്ത ആകാശത്തിനു ചുവട്ടിൽ പ്രപഞ്ചത്തോളം വളരാൻ കൊതിക്കുന്ന മനസ്സിന്റെ മട്ടുപ്പാവിൽ സൂര്യനു നേരെ കിളിർക്കുന്ന ഇലകളുള്ള ചെടിയാണ്. കണ്ണീർ വീണ്ടും വീണ്ടും വീഴുമ്പോൾ പുതിയ പൊടിപ്പുകൾ ഉണ്ടാകുന്നു. ആർക്കും വേണ്ടിയല്ലെങ്കിലും, ആരെങ്കിലും എന്നെങ്കിലും കാണുമോ എന്ന ആശങ്കയില്ലാതെ ചെടി വളരുന്നു. 

എത്രയോ തവണ കടൽ കണ്ടതാണ്. തിരകളുടെ താരാട്ട് അറിഞ്ഞതാണ്. എന്നിട്ടും പ്രണയത്തിൽ, കാലുകളിൽ തിരകൾ ചുംബിക്കുമ്പോൾ...ആദ്യമെന്നതുപോലെ കടൽ കാണുന്ന കണ്ണുകൾ. പ്രണയം സമ്മാനിച്ച അപൂർവ കാഴ്ചശക്തി. 

മീരയുടെ കവിതകൾക്കുമുണ്ട് ആദ്യത്തെയും അവസാനത്തെയും പ്രണയത്തിലെന്നപോലത്തെ മാന്ത്രിക കംബളം. വായിക്കാനും വീണ്ടും വീണ്ടും വായിക്കാനും സൗമ്യമായി ക്ഷണിക്കുന്ന ഈ കവിതകൾ പുറമേ ശാന്തമെന്നു തോന്നുന്ന അരുവിയും അകമേ തിളച്ചുമറിയുന്ന കടലുമാണ്. അതേ, മലകളിൽ എന്നും മഴക്കാലം തന്നെ. തോരാതിരിക്കട്ടെ കവിതയുടെ തുലാവർച്ചപ്പച്ച. 

Content Summary: ' Maybe It Rains Forever In The Mountains ' Book By Meera Nair 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com