ADVERTISEMENT

വിധവാ വിവാഹം, മിശ്രവിവാഹം, പുനർവിവാഹം എന്നിവ പ്രോത്സാഹിപ്പിക്കണമെന്ന പ്രമേയം പാസ്സാക്കിയതല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത കാലത്താണ് പ്രവർത്തകരെ ഏകോപിപ്പിക്കാൻ പാർവതി നെൻമിനിമംഗലം നമ്പൂതിരിമാർക്കുനേരെ ഒരു സമ്മേളനത്തിൽ ചോദ്യം തൊടുത്തുവിട്ടത്. ഈ യുവാക്കളിലാരെങ്കിലും വിധവാ വിവാഹത്തിന് ഒരുക്കമുണ്ടോ? 

നമ്പൂതിരി വിധവകളുടെ ദുഃഖപൂർണമായ ജീവിതത്തെക്കുറിച്ച് ബോധവാൻമാരായിരുന്നെങ്കിലും അപ്രതീക്ഷിതമായ ചോദ്യം കേട്ട് പലരും പരസ്പരം നോക്കിയതല്ലാതെ കുറച്ചുനേരത്തേക്ക് മറുപടിയൊന്നുമുണ്ടായില്ല. സാവധാനത്തിൽ പിൻനിരയിൽ നിന്ന് രണ്ട് ചെറുപ്പക്കാർ എഴുന്നേറ്റ് തങ്ങൾ തയാറാണെന്ന് പറഞ്ഞു. സമ്മതം എഴുതിക്കൊടുക്കുകയും ചെയ്തു. എംആർബിയും സഹോദരൻ പ്രേംജിയുമായിരുന്നു അത്. രണ്ടുപേരും അവരുടെ പ്രതിജ്ഞ പിന്നീട് നിറവേറ്റുകയും ചെയ്തു. 

1934 ലാണ് നമ്പൂതിരി സമുദായത്തെ മാത്രമല്ല, കേരളത്തെയാകമാനം പിടിച്ചുകുലുക്കി വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ വിധവാ വിവാഹം നടക്കുന്നത്. വരൻ മുല്ലമംഗലത്തെ രാമൻ ഭട്ടതിരിപ്പാട് എന്ന എംആർബി. വധു എടമന വെളുത്തേടത്ത് നാരായൺ നമ്പൂതിരിയുടെ യുവ വിധവ ഉമ. നമ്പൂതിരി സമുദായ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിനു തുടക്കം. 

പത്രത്തിലൂടെയാണ് വിവാഹത്തിന്റെ അറിയിപ്പ് ഉണ്ടായത്. ക്ഷണക്കത്തിനൊപ്പം പാർവ്വതി നെൻമിനിമംഗലം ലേഖനവും എഴുതി: പുറപ്പെടുക, എംആർബിയുടെ വേളിക്ക്, അന്തർജ്ജനസഹോദരികളേ. ചാർച്ചക്കാർക്കു മാത്രമല്ല, കേരളത്തിലെ ഓരോ അന്തർജ്ജനത്തിനും എണ്ണിയെണ്ണി ക്ഷണമുണ്ട്. പലരുടെയും മേൽവിലാസമില്ലായ്കയാൽ പ്രത്യേകം എഴുതി അയയ്ക്കുവാൻ സാധിച്ചില്ലെന്നുവന്നേക്കാം. എന്നാലും പരക്കെ ക്ഷണമുണ്ട്. അതിനു തലേദിവസം തന്നെ അന്തർജ്ജന സഹോദരികളേവരും എത്തിച്ചേരണമെന്ന് എംആർബിയും ഉമാ അന്തർജ്ജനവും വിടിയും(വി.ടി. ഭട്ടതിരിപ്പാട്) വിടിയുടെ അന്തർജ്ജനവും നിങ്ങളിൽ ഓരോരുത്തയെും പ്രത്യേകം പ്രത്യേകം ക്ഷണിക്കുന്നു. 

എത്രപേർ പങ്കെടുത്തു എന്നതല്ല, കേരളം മുഴുവൻ മനസ്സുകൊണ്ട് ആ വിവാഹത്തിൽ പങ്കെടുത്തു എന്നതാണ് ചരിത്രം. സ്ത്രീകളുടെ നേർക്ക് എന്നും സ്മാർത്തവിചാരത്തിന്റെയും ഭ്രഷ്ടിന്റെയും വിലക്കുകൾ നീളുംവിധം അനാചാരങ്ങളും അന്ധതയും നിറഞ്ഞുവാണിരുന്ന കാലത്താണ് വിധവയായിരിക്കെത്തന്നെ ഉമ അന്തർജ്ജനം മറ്റൊരു വിവാഹത്തിനൊരുങ്ങുന്നത്. വിധവയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന അവർക്ക് ജീവിതം വീണ്ടും പൂത്തുതളിർക്കുമെന്ന മോഹം ഉണ്ടായിരുന്നില്ല. അങ്ങനെ ആഗ്രഹിക്കുന്നതുപോലും പാപമാണെന്നാണ് കരുതിയതും. വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഒരാൾ തയാറുണ്ടെന്നറിഞ്ഞപ്പോൾ എന്തുകൊണ്ട് മറ്റൊരു വിവാഹത്തിന് ഒരുങ്ങിക്കൂടാ എന്ന ചിന്ത അവരുടെ മനസ്സിൽ ഉദിച്ചു. വെറും 15 ദിവസത്തെ ദാമ്പത്യം മറന്ന് പുതിയ വിവാഹത്തിന് സമ്മതം മൂളാൻ മൂന്നു കൊല്ലം വേണ്ടിവന്നു. ഒടുവിൽ രണ്ടാം വിവാഹത്തിന് സമ്മതം മൂളി. ഭവിഷ്യത്തുകളെല്ലാം മുന്നിൽക്കണ്ട്. കുടുംബം പടിയടച്ചു പിണ്ഡം വയ്ക്കുകയും കഴിയുന്നത്ര ദ്രോഹിച്ചിട്ടും എംആർബിയും ഉമയും ഒരുമിച്ചു ജീവിച്ചത് 62 വർഷമാണെന്നു സാക്ഷ്യപ്പെടുത്തുന്നു മകൾ സരള. ജാതകം നോക്കി മുഹൂർത്തം കുറിച്ച് ആചാരപ്രകാരം നടത്തിയ വിവാഹം 15 ദിവസവും പൊരുത്തം നോക്കാതെ നടന്ന വിവാഹം നീണ്ടുനിന്നത് ആറ് പതിറ്റാണ്ടിലധികവും. 

തന്നേക്കാൾ മുമ്പേ ഉമ അന്തരിച്ചപ്പോൾ, ധീരനെന്നും സാഹസികനെന്നും കേൾവിപ്പെട്ട എംആർബി തളർന്നു. വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് കട്ടിലിൽ ഒരേ ഇരിപ്പായിരുന്നു അച്ഛനെന്ന് ഓർമിക്കുന്നു മകൾ സരള. ഒടുവിൽ ഇങ്ങനെ പറഞ്ഞു: എന്റെ ഭാര്യ മരിച്ചുപോയി. ഉത്സവം പോയി. എല്ലാം പോയി. എന്നേക്കാൾ ധീരയായിരുന്നു. ആത്മനിഷ്ഠയുള്ളവരായിരുന്നു അവർ. 

എംആർബി മൂന്നു മക്കളെ വളർത്തിയെന്ന് മകൾ സരള പറയുന്നത് സ്നേഹത്തോടെയും അഭിമാനത്തോടെയുമാണ്. 

അമ്മയുടെ ആദ്യ വിവാഹത്തിലെ ലീല മൂത്തമകളും ഞാൻ സരള എംആർബി – ഉമ ദമ്പതികളുടെ രണ്ടാമത്തെ മകളും അമ്മയുടെ അനുജത്തിയുടെ മകൾ തങ്കമണി ഇളയ മകളുമായി. പിറന്ന മകളേത്, പിറക്കാത്ത മക്കളേത് എന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാനാവാത്ത വിധം മൂന്നു മക്കളെയും അദ്ദേഹം വളർത്തി. 

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ വി.ടി. ഭട്ടിതിരിപ്പാടിനൊപ്പം പ്രവർത്തിച്ച വിപ്ലവകാരി, സാഹിത്യകാരൻ, നാടക കൃത്ത്, ഉപന്യാസകർത്താവ്, ഗദ്യകവിതാ രചയിതാവ് എന്നെല്ലാം പല വിധത്തിൽ എംആർബിയെ വിലയിരുത്തുന്നു. എന്നാൽ, സ്നേഹനിധിയായ അച്ഛനായി എംആർബിയെ മകൾ സരള ഓർമിക്കുകയാണ് ഈ പുസ്തകത്തിലൂടെ. സമൂഹം ജീർണതയിലേക്കു പോകുമ്പോൾ ഓർമക്കുറിപ്പായും താക്കീതായും മാറുന്ന ഓർമകൾ പങ്കുവയ്ക്കുന്നു. ഒപ്പം വിലയിടിയാത്ത സ്നേഹത്തിന്റെയും സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹത്തായ മാതൃകകളെ അടുത്തുനിന്നു പരിചയപ്പെടുത്തുന്നു. ഇങ്ങനെയും മനുഷ്യരോ...എന്ന ആദരം കലർന്ന അദ്ഭുതം അവശേഷിപ്പിച്ചുകൊണ്ട്. 

Content Summary: Malayalam Book ' M R B: Charithram, Anubhavam, Orma ' written by Sarala Madhusoodanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com