ADVERTISEMENT

കേരളത്തിൽ ടെലിവിഷിൻ സജീവമായ ആ ദിവസം ആർക്കെങ്കിലും ഓർമയുണ്ടോ? 

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട 1984 ഒക്ടോബർ 31നു ശേഷമുള്ള നാളുകൾ.. പ്രിയനേതാവിന്റെ സംസ്കാര ചടങ്ങുകൾ ഒരുനോക്കു കാണാൻ രാജ്യത്തെ ജനം ഒന്നടങ്കം ടെലിവിഷൻ എന്ന ചെറിയ പെട്ടിക്കു മുന്നിൽ തടിച്ചുകൂടിയ നവംബറിലെ ആദ്യ ദിനങ്ങൾ..നാട്ടിലെ പൗരപ്രമുഖന്റെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിന്റെ ഒരറ്റത്തുള്ള ഒരു ചില്ലിട്ട പെട്ടി. അതിലൂടെ കറുപ്പും വെളുപ്പും നിറത്തിൽ രാജീവ് ഗാന്ധിയെയും സോണിയയെയും ഇന്ത്യയിലെ മറ്റു പ്രധാന നേതാക്കളെയും ജനം ആദ്യമായി ജീവനോടെ കാണുന്നു. ആ ഓർമ ദിനത്തിലേക്ക് പെട്ടെന്നെത്തിയത് സനിത സനൂപിന്റെ ‘ജാലകങ്ങൾ തുറന്നിടുമ്പോൾ കാണുന്ന മഴ’ എന്ന പുസ്തകം വായിച്ചപ്പോഴാണ്. ‘ഓർമയിൽ ഇന്ദിരാഗാന്ധി’ എന്ന അധ്യായത്തിലൂടെ  സനിത ഓർക്കുന്നു.

‘‘ മുടവൂരിലെ ജയ്ഹിന്ദ് ലൈബ്രറിയോടു ചേർന്നുള്ള നഴ്സറിയിൽ കലപില വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് ഇന്നു നേരത്തെ വീട്ടിൽ പോകാമെന്ന് ടീച്ചർ പറഞ്ഞത്. ഇടയ്ക്കു കളി മുടങ്ങിയല്ലോ എന്നോർത്തപ്പോഴും ഞാൻ ആലോചിച്ചതു ചാച്ചന്റെ കടയിൽ വേഗം ചെന്നാൽ പാൽചായയും ഇലയടയും കിട്ടുമെന്നായിരുന്നു. അന്നൊക്കെ വൈകുന്നേരം എന്നും കുഞ്ഞേച്ചിക്കൊപ്പം ആണ് വീട്ടിലേക്കു തിരികെ പോകാറുള്ളത്. അവരെയും നേരത്തേ  വിട്ടുകാണുമോ എന്നോർത്ത് എന്റെ കുഞ്ഞ് തുണിസഞ്ചിയിൽ നിലത്തിരുന്ന് കളർ പെൻസിലും ചോക്കും വാരി വെക്കുമ്പോഴേ കണ്ടു കുഞ്ഞയുംകൂട്ടുകാരും വരാന്തയിൽ ഉണ്ട്.

ആഹാ ഇന്ന് എല്ലാവരെയും നേരത്തേ വിട്ടോ എന്ന സന്തോഷത്തോൽ ഞാൻ റോഡിലേക്ക് ഓടി ഇറങ്ങിയതും കുഞ്ഞ എന്നെ ചാടിപ്പിടിച്ചു നിർത്തി. ചുണ്ടിൽ കൈവച്ച് മിണ്ടല്ലേ എന്നു സൂചന നൽകി. 

എല്ലാവരുടെയും മുഖത്ത് ആകെ ഗൗരവം. ഞങ്ങളുടെ ജയ്ഹിന്ദ് കവലയിൽ പതിവു ബഹളങ്ങൾ ഇല്ല. എങ്ങും ഒരു വിഷാദം. 

ആയ്യംകുളങ്ങര കേറി പുത്തൻകോട്ടക്കാരുടെ കയറ്റം വലിഞ്ഞു കേറി ലക്ഷം കവലയിൽ എത്തുമ്പോഴും വഴിയിൽ എങ്ങും ഒറു ആളനക്കവുമില്ല. ലക്ഷം കവല എത്തിയപ്പോഴേക്കും കണ്ടു അവിടെ ഒരു സ്റ്റൂളിന്റെ മോളിൽ ഇന്ദിരാഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ പൂക്കൾ വച്ചിരിക്കുന്നു. 

കുഞ്ഞയും കൂട്ടുകാരും എന്തൊക്കയോ വഴിയിൽ വച്ച് പറയുന്നുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഫോട്ടോ കണ്ടതും അവർ പറഞ്ഞ ആൾ തന്നെ എന്നു പിടികിട്ടി. 

വെടിയൊച്ച, ..മരണം.. ഈ രണ്ടു വാക്കുകൾ ഇന്നും ചുട്ടുപഴുത്ത ലോഹത്താൽ തൊട്ടെന്ന പോലെ എന്നെയിന്നും ഉള്ളാലെ പൊള്ളിക്കുന്നുണ്ട്. 

ആദ്യമായി ഞാൻ ടിവി കാണുന്നതും ഇന്ദിരാഗാന്ധിയുടെ സംസ്കാര ചടങ്ങുകൾ ആയിരുന്നു. കരിപ്പാക്കുടിക്കാരുടെ വീടിന്റെ മുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ ഡെസ്കിന്റെ മോളിൽ ആയിരുന്നു ടിവി സെറ്റ് വച്ചിരുന്നത്. ആ നാട്ടിലെ പുരുഷാരം മൊത്തെ അവിടെയുണ്ടായിരുന്നു. മറ്റെവിടെയും അന്നു ടിവിയുണ്ടായിരുന്നില്ല. കൂട്ടപ്രാർഥനയിലായിരുന്നു അന്നു കുട്ടികളായ ഞങ്ങളെല്ലാവരും. തിരിച്ചുവരുമ്പോൾ മടക്കാട്ടിലെ വീട്ടിന്റെ മുന്നിലെ കനാലിൽ ഇറങ്ങി മുങ്ങിക്കുളിക്കാൻ പറഞ്ഞു അമ്മച്ചി.  മരണം കൂടിയാൽ കുളിക്കണം അന്നൊക്കെ വീട്ടിൽ. അതേ ഇന്ദിരാഗാന്ധിയുടെ മരണം അന്ന് ഞങ്ങളുടെ എല്ലാവരുടെയും വീട്ടിൽ സംഭവിച്ചുപോയ ദുരന്തം പോലെ ആയിരുന്നു...

നീർമാതളം വാടിയ കാലം

അക്ഷരങ്ങളിലും വായനയിലും പ്രണയം നിറഞ്ഞപ്പോഴാണ് മാധവിക്കുട്ടിയെ ഞാൻ അടുത്തു കാണാൻ ആഗ്രഹിച്ചത്. വളർന്നപ്പോൾ വായനയിലൂടെ പതിയെപ്പതിയെ അവരെ എന്നിലെ കവിതയാക്കി. ഓരോ ഫോട്ടോയിലും അവരിലെ വശ്യസൗന്ദര്യം കൂടിക്കൂടി വന്നു. അക്ഷരങ്ങളിലും കാഴ്ചയിലും അവർക്ക് ഒരു റാണീരൂപമായിരുന്നു.

കേരള ടൈംസ് പത്രത്തിൽ ജോലി ചെയ്യുന്ന സമയം. അപ്പോഴാണ് മാധവിക്കുട്ടി നീർമാതള സുഗന്ധം പരത്തി ഓഫിസിനടുത്തുള്ള ഫ്ലാറ്റിൽ താമസമുണ്ടെന്നറിഞ്ഞത്. ഡയറക്ടറി നോക്കി നമ്പർ തപ്പിയെടുത്തു. രണ്ടുദിവസം വിളിക്കാതെ കാത്തുവച്ചു. ഓഫിസിലെ ന്യൂസ് ഡസ്കിൽ ആരും ഇല്ലാത്ത സമയം നോക്കി ആയിരുന്നു വിളി. എപ്പോഴും ബിസി ടോൺ. മൂന്നുനാലു ദിവസം കടന്നുപോയി. അതിനിടയിൽ, ചോദിക്കാനായി ഞാൻ കാത്തുവച്ച ചോദ്യങ്ങളെല്ലാം വിയർത്തൊലിച്ച് എന്നിൽ നിന്നു ഇറങ്ങിപ്പോയിരുന്നു.

അപ്രതീക്ഷിതമായി ഒരു ദിവസം വിളിച്ചപ്പോൾ മാധവിക്കുട്ടിയുടെ ഫ്ലാറ്റിലേക്ക് അപ്പുറത്തു ലാൻഡ് ഫോണിൽ നിന്നും ഹലോ കേട്ടു. മാധവിക്കുട്ടി അല്ലെ, എന്തുണ്ട് വിശേഷം. പെട്ടെന്ന് ഒരു തമിഴ് മറുപടി–‘അമ്മായെ ഇപ്പോ കൂപ്പിടാം’.

ഒന്നുകൂടി മുരടൊക്കെ അനക്കി ഞാൻ ചോദ്യം ഒന്നുകൂടി മനസ്സിൽ പറഞ്ഞുവച്ചു. ഹലോ വേണോ, നമസ്കാരം മതിയോ? പെട്ടെന്ന് ഫോണിന്റെ അങ്ങേതലയ്ക്കൽ നിന്നും ആരാണു കുട്ട്യേ എന്നൊരു മധുര ശബ്ദം. 

ജീവിതത്തിൽ ആദ്യമായി പ്രിയപ്പെട്ട എഴുത്തുകാരിയുടെ ശബ്ദം ഫോണിലൂടെ എന്റെ കാതോരത്തു കേട്ടതും എന്റെ തൊണ്ടയിൽ നിന്നു വാക്കുകൾ കൂട്ടത്തോടെ പടിയിറങ്ങിപ്പോയി. 

ഹലോ ഹലോ എന്നു പറയാൻ ആഞ്ഞു ശ്രമിച്ചു പരാജയപ്പെട്ടു ഞാൻ വിയർത്തൊലിച്ചു നിന്നു പോയി. പിന്നീടു കുറേവർഷങ്ങൾക്കപ്പുറം നീരമാതളക്കാവും ഇലഞ്ഞിച്ചോടും അവിടുത്തെ മയിലൊച്ചകളും കാണാനായി ഞാൻ പോയിട്ടുണ്ട്. ആ ഇലഞ്ഞിത്തണുപ്പിൽ ഏറെ നേരം ഒറ്റയ്ക്കിരിക്കാറുണ്ട്. ഗുൽമോഹറുകൾ പൊഴിഞ്ഞുവീണ അന്നത്തെ പത്രത്തിന്റെ മുൻപേജും അതിലെ ഫോട്ടോ അടിക്കുറിപ്പും ഇന്നും മറന്നിട്ടില്ല–കമലദളം പൊഴിഞ്ഞു.

ഓർമയിലെ സത്യൻ

ഓർമ വയ്ക്കുമ്പോഴേ അയാൾ അവിടെയുണ്ട്. ചെത്തിമിനുക്കാത്ത വെട്ടുകല്ല് ഭിത്തിയുള്ള വീട്ടിലെ ജനാലകൾ മറച്ചിരുന്നത് പലചരക്കുകടയിൽ നിന്നു വാങ്ങുന്ന പഴയ പ്ലാസ്റ്റിക് ചാക്ക് കൊണ്ടായിരുന്നു. വലിയ ഒരു ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയിലെ കണ്ണടച്ചുള്ള ചിരിയായി ആ മുഷിഞ്ഞ ഭിത്തിയിൽ മാറാല കെട്ടുന്നതും പല്ലികൾ ഓടി നടന്നു മേയുന്നതും നോക്കി ആ വലിയ മനുഷ്യൻ ഇരുന്നത് എത്ര കൊല്ലം ആണെന്നറിയോ?

അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നത് നമ്മുടെ കുടുംബത്തിലെ ആരോ ആയിരുന്നു ആ ചിത്രത്തിൽ ഉള്ളതെന്നായിരുന്നു. അന്നൊക്കെ നമുക്കുള്ള ഏക സിനിമാ പരിചയം സ്കൂളിലേക്കു പോകുമ്പോൾ കാണുന്ന പോസ്റ്ററുകൾ ആണ്. അതിലൊന്നും ഈ മനുഷ്യൻ ഉണ്ടായിരുന്നേയില്ല. സിനിമയി‍ൽ മമ്മൂട്ടി–മോഹൻലാൽ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ. കുറേക്കൂടി മുതിർന്നപ്പോഴേക്കും നാട്ടിലൊക്കെയും ബ്ലാക്ക് ആൻഡ് വൈറ്റ് ടിവികൾ വന്നുകഴിഞ്ഞിരുന്നു. തേക്കിൻകുഴിയിലെയും വെളിയത്ത് വീട്ടിലെയുമൊക്കെ ടിവി ആണ് സത്യൻ എന്ന നടനെയും നസീറിനെയും മധുവിനെയുമൊക്കെ എന്റെ സിനിമാ അനുഭവങ്ങളിലേക്കു കൊണ്ടിട്ടത്. 

നിറഞ്ഞ ചിരിയുള്ള ഭാവാഭിനയങ്ങളിൽ മിന്നിത്തിളങ്ങുന്ന സത്യൻ എന്ന നടനെയാണ് അതുവരെയും കുടുംബക്കാരനായി ഞാൻ വിചിരിച്ചിരുന്നത്. ചാച്ചന്റെ ഏറ്റവും വലിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു സത്യൻ. അദ്ദേഹം അഭിനയിച്ച ഏതു സിനിമയും ഓർമയിൽ നിന്നും ചാച്ചൻ പറഞ്ഞുതന്നിരുന്നു. ഏതോ ഷൂട്ടിങ്ങിനിടയിൽ സെറ്റിൽ ഉള്ള എല്ലാവർക്കും ഒരേതരം ഭക്ഷണം കൊടുക്കാൻ നിർബന്ധം പിടിച്ചതും ഷൂട്ടിങ്ങിനിടയിൽ ചാക്കിന്റെ പുറത്തു കിടന്നുറങ്ങിയ സൂപ്പർ താരത്തെക്കുറിച്ചു പറയുമ്പോൾ ചാച്ചന് ആയിരം നാവായിരുന്നു. മിമിക്രിക്കാർ ഏതെങ്കിലും ഷോയിൽ സത്യനെ വികലമാക്കി അനുകരിച്ചാൽ ചാച്ചൻ ചൂടാകുന്നതും ഇന്നലെ പോലെ ഓർമയിൽ ഉണ്ട്. 

എന്റെ ഡിഗ്രിക്കാലം വരെ ആ ഫോട്ടോ വീട്ടിൽ ഉണ്ടായിരുന്നു. അതിനു ശേഷം പുതിയ വീടുവയ്ക്കുമ്പോൾ, താൽക്കാലിക ഷെഡിലെ താമസക്കാലത്ത് അത് എങ്ങനെയോ മഴനനഞ്ഞുപോയി. ഞങ്ങളുടെ ഒരാളുടെ പോലും ചെറുപ്പകാല ഫോട്ടോയോ എന്തിന് ചാച്ചന്റെയും അമ്മച്ചിയുടെയും വിവാഹ ഫോട്ടോയോ പോലും ഇല്ലാതിരുന്ന ഒരു കാലത്താണ് ഇഷ്ടമുള്ള ആരാധനയുള്ള നടന്റെ ചിത്രം ഏതോ കലണ്ടറിൽ നിന്നു വെട്ടിയെടുത്ത്  വർഷങ്ങളോളം ചാച്ചൻ ചില്ലിട്ടു സൂക്ഷിച്ചുവച്ചത്. 

ചാറ്റൽമഴ പോലെ ഓർമകൾ പെയ്തിറങ്ങുകയാണ് ഈ പുസ്തകത്തിൽ. ലളിത വാക്കുകളിൽ, ആരെയും തൊട്ടുപോകുന്ന വാക്യങ്ങളിലൂടെ സനിത സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ പത്മരാജനും അഷിതയും ഫഹദ് ഫാസിലുമൊക്കെ പല അധ്യായങ്ങളിലൂടെ നമുക്കിടയിലേക്ക് ഇറങ്ങിവരുന്നുണ്ട്. പൂജപ്പുരയിലെ വീട്ടിൽ ജോലിയുടെ ഭാഗമായി പോയപ്പോൾ ആ വീടിന്റെ എല്ലാ ചുമരുകളിലും നിറംമങ്ങാത്ത ചിത്രങ്ങളായി ഇഷ്ട സംവിധായകനെ കാണുകയാണ്. മുറ്റത്തെ പോർച്ചിൽ പൊടിപിടിച്ചുകിടക്കുന്നുണ്ടായിരുന്നു പഴയ പ്രീമിയർ പദ്മിനി കാർ. കരിയിലകൾ വീണ വഴിത്താരകളിൽ വീണ്ടും പത്മരാജനെ കാണിച്ചുതരികയാണ് എഴുത്തുകാരി. കാൽപനികതയുടെ ഗന്ധർവസ്പർശം വീണ്ടും മനസ്സിലേക്കെത്തുന്നു.

Content Summary: Malayalam Book ' Jaalakangal Thurannidumbol Kanunna Mazha ' by Sanitha Anoop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com