ADVERTISEMENT

സാഹിത്യ കൃതികൾ രണ്ടു തരത്തിൽ ഉണ്ടാവാറുണ്ട്. കാലം സൃഷ്ടിക്കുന്ന കൃതികളും കാലത്തെ സൃഷ്ടിക്കുന്ന കൃതികളും. രവിവർമ തമ്പുരാന്റെ ‘ഇരുമുടി’ എന്ന നോവൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല ക്ഷേത്രത്തിൽ അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലുണ്ടായതാണ്. അപ്പോൾ കാലം സൃഷ്ടിച്ച നോവലാണെന്നു പറയേണ്ടിവരും. കാലം തന്നിലേൽപിച്ച കടമയാണ് എഴുത്തുകാരൻ നിർവഹിച്ചതെന്നു നിസ്സംശയം പറയാം.

സമകാലിക കേരളം മലീമസമാകുന്നത് എന്തുകൊണ്ടാണെന്ന് വളരെ സൂക്ഷ്മതയോടെ നോവലിസ്റ്റ് അനാവരണം ചെയ്യുന്നത്, മാജിക്കൽ റിയലിസം എന്ന രചനാ തന്ത്രത്തിലൂടെയാണ്. ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ കൃതികളിലൂടെയാണല്ലോ ‘മാജിക്കൽ റിയലിസം’ എന്ന സംജ്ഞയ്ക്ക് മലയാളത്തിൽ പ്രചാരമുണ്ടായത്. ഇംഗ്ലിഷുകാർ സൃഷ്ടിച്ചെടുക്കുന്ന നിരൂപണ പദ്ധതികളാണ് എല്ലാക്കാലത്തും മലയാളികൾക്ക് പ്രിയം. ഈ നിർവചനത്തിൽ പെടുന്ന നോവലുകൾ അരനൂറ്റാണ്ടുമുമ്പുതന്നെ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസവും പാണ്ഡവപുരവും ഒക്കെ ആ ഗണത്തിൽ പരിഗണിക്കാവുന്ന കൃതികളാണ്. ഇരുമുടി എന്ന നോവലിനെയും ആ ഗണത്തിൽ പെടുത്താം.

ഭയങ്കരാമുടി എന്ന സാങ്കൽപിക ദേശത്തെ സൃഷ്ടിച്ചുകൊണ്ട് ആ ദേശത്തു നടക്കുന്ന സംഭവികാസങ്ങളെ നോവലിസ്റ്റ് അനാവരണം ചെയ്യുമ്പോൾ, ഇപ്പോൾ കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി വായനക്കാരനിൽ എത്തുന്നുണ്ട്. എന്നാൽ നൂറുകണക്കിന് വർഷങ്ങൾക്കു പിന്നിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോയി അയ്യപ്പന്റെയും വാവരുടെയും കഥകളിലൂടെ നോവലിസ്റ്റ് സൃഷ്ടിക്കുന്നത് മറ്റൊരു ലോകമാണ്. അപ്പോൾ ഇരുമുടിയെ മാജിക്കൽ റിയലിസം എന്ന ഗണത്തിൽപെടുത്താതെ തരമില്ല.

മനുഷ്യനെ ഏകോപിപ്പിക്കാൻ മതവിശ്വാസത്തെ എല്ലാക്കാലത്തും മതത്തിന്റെ വക്താക്കൾ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അവരെ ഭിന്നിപ്പിക്കാനും മതത്തെ ഉപയോഗിക്കാമെന്നു കണ്ടെത്തുന്ന ഭരണാധിപന്റെ ഗൂഢോദ്ദേശ്യത്തെ നോവലിസ്റ്റ് ചോദ്യം ചെയ്യുന്നു. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട കോടതിവിധി ചില താൽപര്യങ്ങളുടെ സംരക്ഷണത്തിനായി തിരക്കിട്ട്, അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു നടപ്പാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ സംഭവികാസങ്ങൾ വിശ്വാസിക്ക് പെട്ടെന്നു മറക്കാൻ കഴിയാത്ത സംഭവമാണ്. 

പല കോടതിവിധികളും നടപ്പാക്കാതെ നീട്ടിനീട്ടി കൊണ്ടുപോകുന്ന സന്ദർഭത്തിൽ, ഒരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ മുറിവേൽപിച്ചുകൊണ്ട് തിരക്കിട്ട് ഈ ഒരു കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ പ്രതിഷേധം ഉണ്ടാവുക സ്വാഭാവികമാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യസ്‌നേഹിയായ ഒരു എഴുത്തുകാരൻ അയ്യപ്പൻ എന്ന ബിംബത്തെ എല്ലാ മനുഷ്യരുടെയും നന്മയ്ക്കുതകുന്ന ഒരു ദർശനത്തിലൂടെ അവതരിപ്പിക്കുന്നത്. അരുന്ധതി, അൻവർ, പ്രത്യൂഷ്, ശ്രുതകീർത്തി, നരേന്ദ്രൻ എന്നിവർ ഒത്തുകൂടി ഭയങ്കരാമുടി എന്ന ദേശത്ത് സുസ്ഥിരവും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാൻ കഴിയുന്നതുമായ ഒരു ആശയസംഹിത രൂപപ്പെടുത്തണം എന്ന് ആലോചിക്കുമ്പോൾ അവരുടെ മുന്നിൽ തെളിഞ്ഞുവരുന്ന ചിത്രം അയ്യപ്പന്റേതാണ്.

ഇന്ത്യാവിരുദ്ധ പോരാട്ടം നടത്തുന്ന ചില തൽപരകക്ഷികൾ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളിൽ നുഴഞ്ഞുകയറി അവരുടെ സുരക്ഷിത താവളമായി ഭയങ്കരാമുടിയെ മാറ്റുമ്പോൾ അതിനെ ചെറുത്തു തോൽപിക്കേണ്ടത് മതത്തിന് അതീതമായി മനുഷ്യനെ കാണുന്നവരുടെ ധർമമാണെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഒരു പുതിയ ദർശനവുമായി ഇവർ രംഗത്തെത്തുന്നത്. അവിടെയാണ് അയ്യപ്പന്റെ പ്രസക്തി എന്ന് അവർ തിരിച്ചറിയുന്നു. ജാതിമതഭേദമില്ലാതെ സൗഹാർദ്ദത്തോടെ ഭയങ്കരാമുടിയിൽ കഴിയാൻ ഉതകുന്ന ദർശനമാണ് ശബരിമലയിലെ അയ്യപ്പ ദർശനമെന്ന് അവർ കണ്ടെത്തുന്നു. അങ്ങനെ ‘ചിപ് മൂവ്‌മെന്റ്’ എന്ന പ്രസ്ഥാനത്തിനുതന്നെ രൂപം കൊടുക്കുന്നു. ചിപ് മൂവ്‌മെന്റ് ഒരു മതസംഘടനയോ വിശ്വാസി സംഘമോ അല്ല. ആരുടെ വിശ്വാസത്തെയും നിഷേധിക്കുന്നില്ല. ആരെയും പരിഹസിക്കാതെ, എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടുപോകുന്ന ഒരു സ്‌നേഹസംഘം എന്നാണ് തങ്ങൾ രൂപപ്പെടുത്തുന്ന പ്രസ്ഥാനത്തെക്കുറിച്ച് അവർ പറയുന്നത്.

ഐതിഹ്യത്തിൽനിന്നും ചരിത്രത്തിൽനിന്നും സൂക്ഷ്മമായി തിരഞ്ഞു കണ്ടെത്തിയ കാര്യങ്ങളെ അയ്യപ്പൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുമ്പോൾ ഒരു പുതിയ ആശയമാണ് നോവലിസ്റ്റ് മുന്നോട്ടുവയ്ക്കുന്നത്. ധർമത്തെ സംരക്ഷിക്കുന്ന അയ്യപ്പൻ എല്ലാ ജനവിഭാഗത്തിന്റെയും പ്രതിനിധിയാണ്. ആദിവാസികളുടെ ഇടയിൽ വളർന്ന് ആനയെയും പുലിയെയും എന്നല്ല സർവ ജീവജാലങ്ങളെയും സുഹൃത്താക്കി മാറ്റാനുള്ള കരുത്താർജ്ജിച്ച ആളാണ് അയ്യപ്പൻ. കടൽക്കൊള്ളക്കാരനായി എത്തിയ ബാബറെ/വാവരെപ്പോലും കായിക ശക്തി കൊണ്ടും വേദേതിഹാസങ്ങളിലൂടെ താൻ ആർജ്ജിച്ച ജ്ഞാനം വഴിയും തന്റെ സുഹൃത്താക്കി മാറ്റുന്നുണ്ട്. അയ്യപ്പനെ സർവമത സാഹോദര്യത്തിന്റെ പ്രതീകമായി മനോഹരമായിട്ടാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്.

പ്രജ്ഞാനം ബ്രഹ്‌മഃ, അഹംബ്രഹ്‌മാസ്മി, തത്വമസി, അയമാത്മാബ്രഹ്‌മഃ തുടങ്ങിയ പദങ്ങളിൽ ഒളിച്ചിരിക്കുന്ന ദർശനത്തെ അവതരിപ്പിച്ചുകൊണ്ട് ഭാരതീയമായ ഈ ദർശനങ്ങൾ എല്ലാ മതവിശ്വാസികൾക്കും അംഗീകരിക്കാൻ കഴിയുന്നതാണെന്നും 'ഓം' എന്ന പ്രണവനാദം കടലിന്റെയും കാറ്റിന്റെയും എന്നല്ല ഈ പ്രപഞ്ചത്തെ ആകെ പ്രതിനിധീകരിക്കുന്നതാണെന്നുമുള്ള കാഴ്ചപ്പാടും നോവലിസ്റ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്. 

നല്ല ഗ്രന്ഥങ്ങളുടെ വായനയിലൂടെ മനസ്സിന്റെ വിമലീകരണവും നവീകരണവുമാണ് നടക്കേണ്ടത്. അത്തരത്തിൽ ആലോചിക്കുമ്പോൾ ഒരേസമയം സാമൂഹിക പ്രശ്‌നങ്ങൾക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് കൊള്ളരുതായ്മകൾക്കെതിരെ പ്രതിഷേധിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ഒപ്പം അയ്യപ്പന്റെ കഥയ്ക്ക് ഇതുവരെ ആരും നൽകിയിട്ടില്ലാത്ത പുതിയ ഭാഷ്യം നൽകിക്കൊണ്ട് സർവമത സഹോദര്യത്തിന്റെ സന്ദേശം നൽകുകയുമാണ് നോവലിസ്റ്റ് ചെയ്യുന്നത്. എന്തിനും ഏതിനും ജാതിയും മതവും അന്വേഷിക്കുന്ന രാജ്യത്ത് മതം തിരിച്ചറിവുണ്ടാക്കാനാണ് മനുഷ്യനെ സഹായിക്കേണ്ടത് എന്ന സന്ദേശംകൂടി ഇരുമുടി എന്ന നോവലിലൂടെ രവിവർമ തമ്പുരാൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. മനോഹരമായ ഭാഷ കൊണ്ടും ആഖ്യാനരീതി കൊണ്ടും വായനക്കാരെ സ്വാധീനിക്കാൻ തീർച്ചയായും ഈ നോവലിനു കഴിയും. 

Content Summary: Malayalam Book ' Irumudi ' written by Ravi Varma Thampuran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com