മനുഷ്യനെ തൊടുന്ന വാക്ക്

book-review-manushyane-thodunna-vaakk-portrait
SHARE
ആലങ്കോട് ലീലാകൃഷ്ണൻ

ബുക്കർ മീഡിയ പബ്ലിക്കേഷൻസ്

വില 200 രൂപ

എങ്ങനെയാണ് വികെഎൻ ഫലിതം സൃഷ്ടിക്കുന്നത്?

‘‘നിനക്കെന്താ മോളേ നിനക്കിത്ര ആധി?’’

ഇതിന്റെ കൂടെ ഒരു ചെറിയ വാചകം കൂടി ചേർത്താൽ ഒന്നാന്തരം വികെഎൻ ഫലിതമായി.

‘‘ നിനക്കെന്താ മോളേ ഇത്ര ആധി? ആദിയിലുണ്ടായിരുന്നിലല്ലോ’’

ഇതുപറഞ്ഞ് ആത്മബോധത്തിന്റെ വിനയപൂർണമായ അഹന്തയിൽ വികെഎൻ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.

മലയാളത്തിലെ സാഹിത്യകാരന്മാരുടെയൊക്കെ സഹവാസമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ വലിയ സമ്പത്ത്. ആ സൗഹൃദശ്രേണിയിൽ വലുപ്പചെറുപ്പമില്ല. എംടിയും വികെഎന്നും എന്നല്ല പുതിയ എഴുത്തുകാരൊക്കെ വരും. അവരുമായുള്ള ബന്ധം, അവരുടെ സൃഷ്ടികളിൽ ആലങ്കോടു കണ്ട പ്രത്യേകത എന്നിവയൊക്കെയാണ് ‘മനുഷ്യനെ തൊടുന്ന വാക്ക് ’ എന്ന കൃതിയുടെ മൂല്യം. ആലങ്കോടിനെയല്ല നാം വായിക്കുന്നത്. ഉറൂബിനെയും ഇടശ്ശേരിയെയും എസ്.കെ.പൊറ്റെക്കാട്ടിനെയും ഒ.വി.വിജയനെയും എൻ.പി.മുഹമ്മദിനെയുമൊക്കെയാണ്.

വികെഎന്നിന്റെ നേരമ്പോക്ക്

‘‘ഓർക്കാപ്പുറത്താണു വന്നത് അല്ലേ?’’ എന്നു ചോദിച്ചാൽ, അല്ല കുതിരപ്പുറത്താണ് എന്നാവും വികെഎന്നിന്റെ കഥാപാത്രം മറുപടി പറയുക. വികെഎന്നുമായി വെടിപറഞ്ഞിരിക്കാൻ വന്ന സന്ദർഭങ്ങളിലൂടെയാണ് എങ്ങനെയാണ് അദ്ദേഹം ഫലിതം സൃഷ്ടിക്കുന്നതെന്ന് ലീലാകൃഷ്ണനു മനസ്സിലായത്. ജ്ഞാനിയായ ആ വിദൂഷകനെ അടുത്തറിഞ്ഞ സന്ദർഭമാണ് ലേഖകൻ പറയുന്നത്. 

വികെഎന്നിന്റെ നേരമ്പോക്ക് നേരം പോക്കാനുള്ള ഒരു കേവല വിനോദകലാപരിപാടിയല്ല. നമ്മുടെ നേരം (കാലം) പോക്കാണ് (കൊള്ളരുതാതത്താണ്) എന്നറിയുന്ന വിമർശനാത്മക ജാഗ്രതയും യഥാർഥകാലം ഒരു പോക്ക് (പ്രവാഹം) ആണെന്നറിയുന്നതുമാണ്. ആത്മനർമം ചോർന്നുപോവാത്ത മനുഷ്യന്റെ അഗാധമായ ചിരിയുടെ  കാരുണ്യം അദ്ദേഹത്തിന്റെ രചനകളിൽ നാം അനുഭവിക്കുന്നു. 

ഒരിക്കൽ വികെഎൻ ലീലാകൃഷ്ണനെഴുതി– ‘‘താങ്കൾ പോയതിനുശേഷം പനിപിടിച്ചു കിടപ്പായിരുന്നു. ഒരാഴ്ച കുളിച്ചില്ല. കുളിതെറ്റിയോ എന്നു ശങ്കിച്ചു’’.

നിളയുടെ പരിസ്ഥിതിനാശത്തെക്കുറിച്ച് വളരെ വികാരാവേശത്തോടെ സംസാരിച്ചപ്പോൾ ഒരിക്കൽ അമർത്തിയ പരിഹാസത്തോടെ വികെഎൻ പറഞ്ഞു– ‘‘ ഇവിടെ താഴത്തൊക്കെ ‘പാടശേഖരന്മാർ (പാടശേഖരം എന്നതിന്റെ വികെഎൻ പ്രയോഗം) ഉണങ്ങിക്കരിഞ്ഞു മലർന്നു കിടപ്പാണ്. വെള്ളമടിക്കാഞ്ഞിട്ടാണ്. വെള്ളമടിച്ചാൽ ഞങ്ങളൊക്കെ ഉഷാറാകും’’.

ആത്മാന്വേഷണത്തിന്റെ അശാന്തയാത്ര

നന്തനാർ ആത്മഹത്യ ചെയ്തതെന്തിന്? എന്ന് അദ്ദേഹത്തിന്റെ കഥകളിലും ജീവിതത്തിലും ചെന്നു തിരഞ്ഞവർക്കു പക്ഷേ, ഉത്തരമൊന്നും കിട്ടുകയില്ല. നന്തനാർ എന്ന കഥാകാരനെ മലയാളിക്ക് അത്ര പെട്ടെന്നു മറന്നു കളയാൻ പറ്റില്ല. കാരണം മറവിക്കും ഓർമയ്ക്കുമിടയിലുള്ള ഏതോ കഥയുടെ ഗൂഢനിശബ്ദതയെ അനശ്വരമാക്കിക്കൊണ്ടാണ് നന്തനാർ നമുക്കിടയിൽ നിന്നു കടന്നുപോയത്. കഥയേത്, ജീവിതമേത് എന്നു വേർതിരിച്ചറിയാത്ത ഒരു സർഗാത്മക യാത്രയ്ക്കിടയിൽ നിനച്ചിരിക്കാത്ത നിമിഷത്തിൽ നന്തനാർ സ്വയമേവ ജീവിതത്തിന് പൂർണവിരമാമിടുകയും കഥയെ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. ഇന്നത്തെപോലെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആത്മഹത്യകൾ വാർത്തകാളാവാത്ത കാലമായിരുന്നില്ല അത്. നന്തനാർക്കു മുൻപ് രാജലക്ഷ്മിയും ഇടപ്പള്ളിയും ആത്മഹത്യയെ സ്ഫോടനാത്മകമായ സാംസ്കാരിക സമസ്യയാക്കി അവശേഷിപ്പിച്ചു കടന്നുപോയിരുന്നു. ജീവിതത്തിന്റെ അവസാനത്തെ വരികളിൽ നിവർന്നുകിടന്ന് അവർ സ്വന്തം രചനകളെ മരണംകൊണ്ടു പൂരിപ്പിക്കുകയായിരുന്നു.

നന്തനാരെ സംബന്ധിച്ച് എന്നും ജീവിതത്തിന്റെ അന്തർധാര വിശപ്പും മരണവുമായിരുന്നു. 

‘ഒരു വിശപ്പ് തീർന്നപ്പോൾ മറ്റൊരു വിശപ്പ് തലപൊക്കുന്നു. പുറത്തു മഴ ഇരമ്പിപ്പെയ്യുന്ന ശബ്ദം. അവൻ കതകടച്ചു. ഒരപസ്വരംപോലും അവളിൽനിന്നുയർന്നില്ല. അവന്റെ ഇച്ഛാശക്തിക്കു പൂർണമായും വിധേയയായിക്കൊണ്ട് അവൾ കിടന്നു. വിശപ്പ് അവൾക്കുമുണ്ടാകും’…

തളർന്ന ശരീരവുമായി നനഞ്ഞു കുതിർന്നു കിടക്കുന്ന ഇടവഴിയിൽക്കൂടി മടങ്ങുമ്പോൾ അവനു വീണ്ടും വിശക്കാൻ തുടങ്ങി. വയറിന്റെ വിശപ്പ്’.

(വിശപ്പ്). വിശപ്പെന്ന അനുഭവത്തിൽ മനുഷ്യൻ പല ജീവിതം ജീവിക്കുകയും പല മരണം വരിക്കുകയും ചെയ്യുന്നു. ഈ തിരിച്ചറിവിൽ നിന്നാണ് നന്തനാർ ആത്യന്തിക മരണത്തിന്റെ സത്യാനുഭവത്തിലേക്കു യാത്ര ചെയ്തത്.

അതിർത്തികളെ അതിജീവിച്ച സഞ്ചാരി

ഭാഷയുടെയും ദേശത്തിന്റെയും കാലത്തിന്റെയും അതിർവരമ്പുകളെ അതിലംഘിച്ചു കടന്നുപോയ നാടോടിയായിരുന്നു എസ്.കെ.പൊറ്റെക്കാട്ട് എന്ന എഴുത്തുകാരൻ. ലണ്ടനിൽ വച്ച് ബ്രിട്ടീഷ് രാജകിരീടങ്ങളും രത്നങ്ങളും പ്രദർശനം വച്ച കാഴ്ചശാലയിലെ ഗോവണിപ്പടികളിൽ മോഹാലസ്യപ്പെട്ടു വീഴാൻ പോയ ഒരു കാപ്പിരിത്തരുണിയെ എസ്.കെ. സ്വന്തം കൈത്താങ്ങിനാൽ രക്ഷിച്ചു. മോഹം വീട്ടുണർന്നപ്പോൾ, തന്നെ സഹായിച്ച ഇന്ത്യക്കാരൻ യുവാവ് ഏതോ കോടീശ്വരനായ സഞ്ചാരിയാണെന്ന് കാപ്പിരിപ്പെൺകൊടിക്കിടാവ് വിചാരിച്ചു.

അവൾ ചോദിച്ചു.

‌‘‘ മഹാരാജയാണോ?’’

‘‘ നോട്ട് എക്സാക്റ്റിലി, ബട്ട് സം വാട്ട് നീയർ’’.

(കോഴിക്കോട്ടെ എസ്.കെയുടെ വീട്ടിനടുത്ത് ഒരു മഹാരാജാവ് പാർത്തിരുന്നു. മിഠായിക്കാരൻ മഹാരാജാവ്. മഹാരാജാവുമായുള്ള എസ്കെയുടെ അടുപ്പം അതുമാത്രമായിരുന്നു).

ആ കാപ്പിരിത്തരുണിയുടെ ജിജ്ഞാസയ്ക്കു തീപിടിച്ചു

‘‘ നാടിന്റെ പേരെന്താണ്?’’

ഓ, ചെറിയൊരു സ്ഥലമാണ്. പുതിയറ’’.

‘‘ സോ. യു ആർ ദ് പ്രിൻസ് ഓഫ് പുതിയറ’’

യാത്രകളിൽ രാജാവും ചക്രവർത്തിയുമൊക്കെയായിത്തീർന്ന കോഴിക്കോട്ട് പുതിയറയിലെ രാജകുമാരൻ പലപ്പോഴും കൈയിൽ കാൽ പൈസയില്ലാതെയാണ് യാത്ര ചെയ്തിരുന്നതെന്ന് സഹയാത്രികർ അറിഞ്ഞിരുന്നില്ല. പലയിടത്തും പല ജോലികളുംചെയ്തു പണം സ്വരൂപിച്ചാണ് എസ്.കെ. വൻകരൾ കടന്നുപോയത്. ഇരുണ്ട ഭൂഖണ്ഡത്തിലും പാതിരാസൂര്യന്റെ നാട്ടിലും ജാവയിലും സുമാട്രയിലും ബൊഹിമിയയിലുമൊക്കെ മാനവചരിത്രത്തിന്റെ അനന്തവിചിത്രമായ സംസ്കാര മാർഗങ്ങളിലെല്ലാം എസ്.കെ.തന്റെ ഏകാന്ത ദേശാടനം തുടർന്നു. 

നദി എന്ന മനുഷ്യഗൃഹം എംടി സാഹിത്യത്തിൽ

എംടിക്ക് നിളയെന്താണ്?

‘അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന നിളാനദിയെയാണെനിക്കിഷ്ടം’. നിളയെക്കുറിച്ചുള്ള എംടിയുടെ ഏറ്റവും പ്രശസ്തമായ വരികളാണിത്. 

‘‘ ഈ നദിയിലെ ഉദയവും നരിവാളൻ കുന്നിലെ അസ്തമയവും പോലെ മനോഹരമായ മറ്റൊരു കാഴ്ചയും ലോകത്തിലില്ല’’ എന്ന് എംടിയു ഒരു കഥാപാത്രം ഒരിടത്തു പറയുന്നുണ്ട്. മറ്റൊരു കഥാപാത്രം ജീവിതവിജയം തേടിപല പല ആരോഹണങ്ങളും പിന്നിട്ടശേഷം എല്ലായിടത്തും ശൂന്യതമാത്രം കണ്ട് സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തുമ്പോൾ ‘‘ എന്റെ ജീവിതം പോലെ പുഴയും വരണ്ടുപോയിരിക്കുന്നു’’ എന്ന് ആത്മഗതം ചെയ്യുന്നു. 

‘‘ വടക്കേപാടത്തെ നെല്ല് പാലുറയ്ക്കാൻ തുടങ്ങുമ്പോൾത്തന്നെ താന്നിക്കുന്നുതൊട്ട് പറക്കുളം മേച്ചിൽപ്പാടം വരെ കണ്ണാന്തളിച്ചെടികൾ തഴച്ചുവളർന്നുകഴിയും. ആ പൂക്കളുടെ നിറവും ഗന്ധവും തന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും’’(കഥ– കണ്ണാന്തളിപ്പൂക്കളുടെ കാലം). 

ജീവന്റെ ആന്തരപ്രത്യക്ഷങ്ങളിലൊഴുകുന്ന അന്തർവാഹിനിയായ സരസ്വതിയെപ്പോലെ എംടി നിളാനദിയെ തന്റെ ആത്മാവിന്റെ ജൈവഗൃഹമാക്കി മാറ്റിയിരിക്കുന്നു.

സാഹിത്യം, സംസ്കാരം, മാനവികത എന്നിവ സംബന്ധിച്ചുള്ള ആത്മനിഷ്ഠമായ വായനാപാഠങ്ങളാണ് ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ രചനകളെ മുൻനിർത്തിയുള്ള സംസ്കാര പഠനങ്ങൾ. പി.കുഞ്ഞിരാമൻനായരും, ഒ.വി.വിജയനും എൻപിയും വയലാറുമെല്ലാം പുസ്തകത്തിൽ ഉണ്ട്. എല്ലാവരും മനുഷ്യനെ തൊടുന്ന നല്ല നല്ല വാക്കുകളിലൂടെ പുനർജനിക്കുന്നു.

Content Summary: Malayalam Book ' Manushyane Thodunna Vaakk ' written by Alankode LeelaKrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS