നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലപ്പൂക്കളുടെ സുഗന്ധമുള്ള കഥകള്‍

book-review-neelaniseedhiniyil-pootha-ezhilampalakal-portrait
SHARE
സിസിൽ കുടിലിൽ

ഗ്രീൻ ബുക്‌സ്

വില 250 രൂപ

മലയാള ചെറുകഥാ സാഹിത്യത്തിന്റെ സമീപകാല വളർച്ച വ്യക്തമാക്കുന്നത് കഥകളോടുള്ള മലയാളിയുടെ ആഭിമുഖ്യം ശക്തിപ്പെട്ടിരിക്കുന്നു എന്നാണ്. ചെറുകഥകൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടൊപ്പം കഥകൾക്കു വായനക്കാരും ഏറിയിട്ടുണ്ട്.

ആധുനിക മലയാള ചെറുകഥയിൽ സൃഷ്ടിച്ച സങ്കേതങ്ങളെ ഉപേക്ഷിച്ച് വിഷയസ്വീകരണത്തിലും പ്രതിപാദനരീതിയിലുമെല്ലാം അവർ ബദൽ മാതൃകകൾ പിന്തുടരുന്നു. ചില അംശങ്ങളിൽ ഭൂതകാലത്തിലേക്കുള്ള മടങ്ങിപോക്കാണെങ്കിലും വായനക്കാരെ ആകർഷിക്കുവാൻ കഴിയുന്നതിലാണ് അവരുടെ വിജയം.

വഴിമാറി സഞ്ചരിക്കുന്ന കഥാകൃത്തായ സിസിൽ കുടിലിൽ പുതുതലമുറ എഴുത്തുകാർക്കിടയിൽ ശ്രദ്ധേയനാകുകയാണ്. അസ്തിത്വദുഃഖവും അകാല്പനികതയും മറ്റും ആധുനികതയുടെ അടയാളങ്ങളായിരുന്നെങ്കിൽ അപരന്റെ കഥകൾ കാല്പനികത കലർത്തി പറയാനാണ് സിസിൽ കുടിലിന് താല്പര്യവും.

‘നീലനിശീഥിനിയിൽ പൂത്ത ഏഴിലം പാലകൾ’ പേരു സൂചിപ്പിക്കുന്നതു പോലെ ഗ്രാമപ്രകൃതിയുടെ കാല്പനികതകളും ഫാന്റസിയുടെ വിഭ്രാന്തിയും കലർന്ന കഥകളുടെ സമാഹാരമാണ്. വർത്തമാനകാലത്തിലോടുള്ളതിലേറെ ആഭിമുഖ്യം ഭൂതകാലത്തോടു പുലർത്തുന്നു, കഥാകാരൻ. മലയാളികളിൽ ഭൂരിപക്ഷവും ഗ്രാമപ്രകൃതിയുടെ ഭാഗമായി ജീവിക്കുന്ന കാലഘട്ടം കഥാകൃത്ത് കാട്ടിത്തരുന്നു. ബാല്യകൗമാര കാലങ്ങൾ കഥാകാരന്റെ ഓർമ്മച്ചെപ്പിൽ നിക്ഷേപിച്ച കുന്നിമണികളും മഞ്ചാടിക്കുരുവും ചെമ്പകപ്പൂവും ഇലഞ്ഞിപ്പൂക്കളുമെല്ലാം വായനക്കാരിൽ ഗൃഹാതുരത്വമുണർത്തുന്നു.

ഏഴിലംപാലയും കരിമ്പനകളും തലയുയർത്തി നിൽക്കുന്ന പുരയിടങ്ങളും പാമ്പും കീരിയും തേളും പ്രത്യക്ഷപ്പെടുന്ന ഇടവഴികളും വേനലിൽ തെളിനീരുമായൊഴുകി മഴയിൽ തീരങ്ങളെ പിടിച്ചുലക്കുന്ന കൈത്തോടുകളും സചേതനമാക്കുന്ന ഗ്രാമപ്രകൃതി. അവിടെയുള്ള തകർന്ന തറവാടുകൾ, ഗ്രാമീണർ വർത്തമാനങ്ങൾ കൈമാറുന്ന ചായപ്പീടികകളും അവിടെ കണ്ടു മുണ്ടുന്ന ഒരോ മനുഷ്യനും കഥാകൃത്തിന് ഓരോ കഥാപാത്രങ്ങളാണ്.

ഗതകാല വിശ്വാസങ്ങളും ആചാരങ്ങളും ഇഴചേർന്ന ഗ്രാമജീവിതത്തിന്റെ സ്വപ്നസന്നിഭമായ അനുഭവങ്ങൾ കഥകളായി പരിണമിക്കുമ്പോൾ ഭ്രാമത്മകമായ അന്തരീക്ഷവും സൃഷ്ടിക്കുന്നുണ്ട്. ഫാൻസിയുടെ സാന്നിദ്ധ്യമാണ് പല കഥകളെയും വായനക്കാരനിലേക്ക് അടുപ്പിക്കുന്നത്.    

ഗ്രാമപ്രഭാതങ്ങൾ പല കഥകളിലും പശ്ചാത്തലമാണെങ്കിലും നീലഗിരിയും മൂന്നാറും പട്ടണങ്ങളിലെ കോളേജ് ക്യാപസുകളുമെല്ലാം ചില കഥകളുടെ ഭാഗമാണ്. വ്യത്യസ്തങ്ങളായ പശ്ചാത്തലങ്ങളിൽ ഒരോ കഥയും പറയുന്നത് വ്യത്യസ്തമായ അനുഭവങ്ങളത്രേ. ചിലപ്പോൾ വിദേശങ്ങളിലെ കഥാപാത്രങ്ങളുടെ വിചിത്രാനുഭവങ്ങൾ വരെ പകരുവാൻ കഥാകൃത്തിന് കഴിയുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധം മൂലം വേർപെട്ട് പോയ യുവമിഥുനങ്ങൾക്ക് വർഷങ്ങൾക്ക് ശേഷം സാദ്ധ്യമാകുന്ന പുന:സമാഗമത്തിന്റെ ഹൃദയഹാരിയായ ചിത്രത്തിനു പശ്ചാത്തലം ഹോളിഐലന്റാണ്. അസാധരണത്വമുള്ള പ്രേമബന്ധങ്ങൾ സിസിൽ കുടിലിന്റെ പല കഥകളിലും പ്രമേയമാകുന്നു.

വാങ്മയചിത്രങ്ങളും അലങ്കാര കല്പനകളും കലർന്ന കാവ്യാത്മകമായ ശൈലി സിസിൽ കുടിലിന്റെ കഥകളെ വായനക്കാരിലേക്ക് പിടിച്ചടുപ്പിക്കുന്നു. തനതായ ആവിഷ്ക്കാരരീതി കൊണ്ട് സ്വന്തമായ ഒരിടം സൃഷ്ടിക്കുവാൻ സിസിൽ കുടിലിനു കഴിയുന്നുവെന്നു പറയാം.

Content Summary: Malayalam Book ' Neelaniseedhiniyil Pootha Ezhilampalakal ' written by Cecil Kudilil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS