ഡിസി ബുക്സ്
വില 170 രൂപ
തെയ്യങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ കഥകളെഴുതിയ എഴുത്തുകാരന്റെ ഏറ്റവും പുതിയ സമാഹാരത്തിലും നിറഞ്ഞുനിൽക്കുന്നതു തെയ്യങ്ങൾ തന്നെയാണ്. കാലത്തിന്റെ അടരുകളിൽ ഉറഞ്ഞുപോയ തെയ്യങ്ങൾ. സ്മൃതികളിൽ ചോര കിനിയുന്ന അനുഭവ പരിസരങ്ങൾ. തെയ്യം കെട്ടിയാടി അനുഭവവും ജീവിതവും തമ്മിലുള്ള അതിർവരമ്പ് അപ്രസക്തമായ ദൈവമനുഷ്യർ. അവരുടെ ജീവിത പശ്ചാത്തലം. കാരക്കുളിയനും ഉമ്മട്ടക്കുളിയനുമെല്ലാം പുനർജനിക്കുമ്പോൾ വീണ്ടും സജീവമാകുകയാണ് മനസ്സിനൊപ്പം മണ്ണിലും വീണ്ടുമൊരു തെയ്യക്കാലം. തുലാപ്പത്ത് പിറന്നിരിക്കുന്നു. എങ്ങുനിന്നോ തെയ്യത്തിന്റെ ചെണ്ടക്കൂറ്റ് വായുവിലൂടെ ഒഴുകിവരുന്നുണ്ട്. മനസ്സിൽ സന്തോഷം നിറയുന്നുണ്ട്. ഗുണം വരണം..ഗുണം വരണം !
പരിസ്ഥിതി പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമായും നോവുന്ന അനുഭവങ്ങളായും വാക്കുകളിലെ സത്യമാക്കിയ എഴുത്തുകാരനാണ് അംബികാസുതൻ മാങ്ങാട്. തെയ്യങ്ങൾക്ക് ചുറ്റൂമുള്ള പ്രകൃതിയിയിൽ നിന്നും പരിസ്ഥിതിയിൽ നിന്നും വേറിട്ടൊരു ജീവിതമില്ല. തെയ്യം തന്നെ പ്രകൃതിയും ചുറ്റുപാടുമാണ്.
എടാ, നമ്മ്ടെ കാര്യങ്കാടിപ്പുഴ ചത്തിറ്റ് കൊല്ലം രണ്ടായി.
കുട്ടിക്കാലത്ത് എന്നും തിമിർത്തുകുളിച്ച പുഴയാണ്. കണ്ണാടി പൊലത്തെ വെള്ളം നിറഞ്ഞൊഴുകുന്നുണ്ടാകും. വേനൽക്കാലത്ത് അൽപം മെലിഞ്ഞുപോകുമെന്നേയുള്ളൂ. ഒരിക്കലും വറ്റിക്കണ്ടിട്ടില്ല.
പുഴ..പുഴ..ചത്തുപോകുമോ ?
ചത്ത പൊഴാന്നാ നാട്ടുകാരെല്ലാം കളിയാക്കി പറയുന്നേ. ഉമ്മട്ടക്കയത്തിൽ മാത്രം വെള്ളൂണ്ട്. പക്ഷേ, അതിനെ വെള്ളംന്ന് വിളിച്ചൂടാ. കറുത്ത നിറത്തിൽ ഒരു ചളിക്കുഴമ്പ്.
ഉമ്മട്ടക്കുളിയൻ തെയ്യം പുഴയിൽ ചാടിയ സ്ഥലവും മാറിപ്പോയി.
കൊളം പൊലൊരു വല്യ പാതാളക്കുഴി. എന്തു വീണാലും താണുപോകും. പിന്നെ പൊങ്ങിവരീല. മുമ്പൊക്കെ നല്ലോണം മീന്ള്ള ദിക്കായിരുന്നു. പക്ഷേ, ഇപ്പോ ജീവനുള്ള ഒന്നും അതിലില്ല.
മരിച്ച പുഴയുടെ തീരത്ത് എങ്ങനെ തെയ്യം കെട്ടിയാടും. കാരമുള്ളില്ലാതെ കാരക്കുളിയൻ എങ്ങനെ മുള്ളുകളിലേക്കു വീഴും. പരസ്പര ബന്ധിതമാണ് തെയ്യത്തിന്റെയും മണ്ണിന്റെയും തകർച്ച. ഒപ്പം ഊഷരമാകുന്ന മനസ്സുകൾ കൂടി അംബികാസുതൻ അവതരിപ്പിക്കുമ്പോൾ അവ മണ്ണിന്റെ നിലവിളിയാകുന്ന കഥകളാകുന്നു.
ഊരിലെ വലിയ തെയ്യക്കാരൻ കോവിഡ് ബാധിച്ച് ഓർമ ഒന്നൊന്നായി നഷ്ടപ്പെട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിരാശ്രയനായി കിടക്കുന്ന രംഗം അവതരിപ്പിക്കുന്നുണ്ട് കാരക്കുളിയൻ എന്ന കഥ. മകന് ഓർമ മുളയ്ക്കുമ്പോഴേ അപ്പൻ തെയ്യപ്പറമ്പിലാണ്. അപ്പന്റെ വേഷത്തിൽ കണ്ടതിനേക്കാളും ദൈവവേഷത്തിലാണ് കണ്ടത്. വെറും 12 വയസ്സിൽ കെട്ടിയ കാരക്കുളിയനിൽ നിന്നു തുടങ്ങിയ അപരജീവിതം. പിന്നെ 81 വയസ്സുവരെ കെട്ടിയാടിയ തെയ്യങ്ങൾക്ക് കയ്യും കണക്കുമില്ല. രണ്ടു തെയ്യങ്ങൾ കെട്ടിയാടിയ ദിവസങ്ങൾ പോലുമുണ്ട്. കല്ലുരുട്ടിയും കൊർത്ത്യമ്മയും പഞ്ചുരുളിയും കൊറങ്കനും കാട്ടുമൊടന്തയും പന്നിവീരനും പേത്താളനും തീക്കോലവും കൊടുവാളനും മുത്താരനും ഉൾപ്പെടെ അപ്പൻ മുടിവയ്ക്കാത്ത തെയ്യങ്ങളില്ല. ആളുകൾക്ക് കളിയാക്കാൻ കാരക്കുളിയൻ എന്ന പേരും പതിച്ചുകിട്ടി.
നാർക്കളൻ എന്ന കാരക്കുളിയന്റെ അവസാന നിമിഷങ്ങളിലൂടെ ക്രൂരകാലത്തിന്റെ കാരുണ്യമില്ലായ്മ കഥ വെളിച്ചത്തുകൊണ്ടുവരുന്നു.
ഉമ്മട്ടക്കുളിയനിൽ വേരറ്റുപോയ പുതിയ തലമുറയുടെ വേരുകളിലേക്കുള്ള മടക്കവും അറ്റുപോയതെല്ലാം ചേർത്തുവയ്ക്കുമ്പോഴുള്ള വിഫല വേദനയുമുണ്ട്.
പുത്തരിയുത്സവത്തിന് നെൽക്കതിർ പോലും കിട്ടിനില്ലാത്ത കെട്ട കാലത്തുനിന്നും ഓർമകൾക്കൊപ്പം തെയ്യങ്ങളെയും തോറ്റിയുണർത്തുകയാണ് കഥാകാരൻ. നന്നായി വായിക്കപ്പെടുകയും വ്യാപകമായി പ്രശംസിക്കപ്പെടുകയും ചെയ്ത കഥകൾ. എന്നാൽ, തെയ്യങ്ങളെ പ്രശംസാർഹമായി കഥയിലേക്ക് ആവാഹിക്കുമ്പോഴും ആ ദുരവസ്ഥയുടെ നൊമ്പരം നിറയുമ്പോഴും കലയുടെ സർഗാത്മകത പല കഥകളിൽനിന്നും ചോർന്നുപോയിട്ടുണ്ട്. എന്നാൽ അതിന് എഴുത്തുകാരന് മറുപടിയുമുണ്ട്:
കഥയെഴുത്ത് എനിക്ക് സമര പ്രവർത്തനമാണ്. എഴുത്തുകാരന് സമൂഹത്തോട് വലിയ കടപ്പാടും ഉത്തരവാദിത്തവുമുണ്ട് എന്ന വിശ്വാസത്തിലാണ് ഞാനിപ്പോഴും പുലരുന്നത്. ആ ബോധ്യം ഒട്ടും വീര്യം കുറയാതെ ഈ പുസ്തകത്തിലും കാണാം.
Content Summary: Malayalam Book ' Karakkuliyan ' written by Ambikasuthan Mangad