ADVERTISEMENT

മറക്കാനാവാത്ത നിമിഷങ്ങളെ ചേർത്തുവെച്ച് നടക്കുമ്പോഴാണ് മുന്നോട്ടുള്ള പാത മനോഹരമാകുന്നത്. ഓരോ ഓർമ്മയും അനേകം പുതിയ നിമിഷങ്ങൾക്ക് കാരണമാകുന്നു. ഒന്നിന്റെ തുടർച്ചയായി മറ്റൊന്ന് എന്ന തരത്തിൽ ആ ഓർമ്മ പുനർജനിച്ചുകൊണ്ടിരിക്കുന്നു.

രസകരമായ ഇരുപത്തിയേഴു സംഭവങ്ങളെ, കഥ പോലെ അവതരിപ്പിക്കുമ്പോൾ സുകേഷ് ആർ പിള്ള ചെറിയ ചെറിയ നിമിഷങ്ങളിലെ സന്തോഷങ്ങളാണ് പകര്‍ന്നു നൽകുന്നത്. വായിക്കുമ്പോൾ മനസ്സിന് സുഖം കിട്ടുന്ന നിരവധി സന്ദർഭങ്ങൾ നർമം ചേർത്തു എഴുതിരിക്കുന്നു. ഇന്ത്യൻ കോഫി ഹൗസിന്റെ അകത്തളവും സൗഹൃദ സംഭാഷണങ്ങളും ഔദ്യോഗിക ജീവിതത്തിലെ നുറുങ്ങു ഓർമകളും യാത്രമദ്ധ്യേ കണ്ടുമുട്ടിയ ആളുകളും വായനക്കാരന് പലപ്പോഴും സ്വന്തം ജീവിതത്തിന്റെ ഒരേടായി തന്നെ തോന്നും. ഏതൊരു മനുഷ്യനും കടന്നു പോകുന്ന ഇത്തരം നിമിഷങ്ങളിലൂടെ വീട്ടിലെയും കോളജിലെയും ഓഫിസിലെയും ചെറിയ ഞൊടികൾ പോലും കൂടുതൽ പ്രിയപ്പെട്ടതാകുന്നു. വായിക്കുന്ന ഓരോ കഥയും തന്റെ തന്നെ കഥയാണോ എന്ന് സംശയം തോന്നുന്നവിധം സാമ്യമുണ്ട് ഇവയ്ക്ക് ജീവിതത്തോട്.

വെറുതെ ജീവിച്ചു തീർക്കാതെ, ജീവിതത്തെ ആനന്ദത്തോടെ ജീവിക്കുവാൻ ഓർമ്മിപ്പിക്കുന്ന പുസ്തകമാണ് പിള്ളയുടെ തള്ളുകൾ. മുഖപുസ്തകമായി മാറുന്ന ഫേസ്ബുക്കും തീപ്പന്തമായി മാറുന്ന ദി ഫാന്റവും വായിച്ചു ചിരിക്കുമ്പോൾ മനസ്സിലെ കുട്ടിത്തം ബാക്കിയുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു അത്. ഇല്ലായ്മകളുടെ കാലവും സുഹൃദ്ബന്ധങ്ങളും പിണഞ്ഞ അമളികളും ഒരു മടിയും കൂടാതെ പറയുമ്പോൾ സരസമായ അവതരണം അവയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. കാത്തിരിപ്പിന്റെയും പങ്കുവെയ്ക്കലിന്റെയും സുഖവും സങ്കീർണമായ സന്ദര്‍ഭങ്ങളിലുണ്ടാകുന്ന അവിചാരിത കാര്യങ്ങളും ജീവിതത്തിന്റെ വശ്യമായ സൗന്ദര്യത്തെ തുറന്നുകാട്ടുന്നു.

കുഞ്ഞുണ്ണി മാഷിന്റെ കവിത പോലെ ലളിതമായിരുന്ന പരീക്ഷയും ഭ്രമിപ്പിക്കുന്ന കൽക്കട്ട നഗരക്കാഴ്ചകളും നൽകുന്ന ആനന്ദം അപ്രതീക്ഷിത ചില പരിചയപ്പെടലുകൾ, കൂടെനിൽപ്പുകൾ, പ്രണയങ്ങൾ, നേട്ടങ്ങൾ എന്നിവ ഇരട്ടിയാക്കുന്നു. ഫലിതപ്രിയനായ അച്ഛനും ഗതകാല സ്മരണകൾ നിറഞ്ഞ തറവാടുവീടും ദൈന്യംദിന ജീവിതത്തിലെ നിമിഷങ്ങള്‍ അത്ര മോശമല്ലാത്ത ഒന്നാണല്ലോ പറയാതെ പറയുമ്പോൾ സുകേഷിന്റെ ജീവിതത്തിലെ ഓരോ മനുഷ്യരും നമുക്കും പ്രിയപ്പെട്ടവരാകും. 

ആശങ്കയില്ലാതെ, സംഘർഷല്ലാതെ വായിച്ചവസാനിപ്പിക്കുമ്പോൾ സുകേഷ് പറയുന്ന വാചകമാണ് സത്യം. "ജീവിതം ഇങ്ങനെ ഒഴുകിത്തീരും. നമ്മളും....  അതുകൊണ്ട് കുറേ നല്ല ഓർമ്മകൾക്കായി ശ്രമിക്കാം."

Content Summary: Malayalam Book 'Pillayude Thallukal' by Sukesh R Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com