ADVERTISEMENT

Poetry is not a matter of feelings; it is a matter of language.

It is language which creates feelings.

-Umerto Eco

 

ഒരു കവിത എങ്ങനെ അവസാനിപ്പിക്കും. ആദ്യവരിയുടെ സുനിശ്ചിതത്തില്‍നിന്ന് കവിതയ്ക്ക് ഇറങ്ങിനടക്കാനാകുന്ന കാമനാഭൂപടത്തിന്റെ അനന്തവിസ്തൃതിയെ, വിസ്മൃതിയെത്തന്നെയും രേഖപ്പെടുത്തേണ്ട അന്ത്യവരിയില്‍, അതിസങ്കീര്‍ണ്ണവും പലപ്പോഴും അസംതൃപ്തവുമായ പൂര്‍ണ്ണവിരാമത്തില്‍, ഒഴിഞ്ഞ വീഞ്ഞുപാത്രത്തിന്റെ ഉപമയില്‍, കവി സ്വയംവിരമിക്കുന്നതുപോലെ ഒരു കവിതയ്ക്ക് അവസാനിക്കാം. വായനകള്‍ അവിടെ തുടങ്ങും. അന്ത്യവരിയുടെ ആ അനന്യതയില്‍നിന്ന് ഇന്ദ്രിയങ്ങളിലൂടെ ഭാഷ കടന്നുപോകുന്നതായും അന്ത്യത്തില്‍ നിന്ന് ആദ്യത്തിലേയ്ക്കും തിരികെയും നിരന്തരം കയറിയിറങ്ങുന്നതായും അനുഭവപ്പെടും. കവിത വായിക്കുകയെന്നാല്‍ കവിത അനുഭവിക്കുക എന്നാണര്‍ത്ഥം. ഭാഷയാണ് കവിതയെ ഇന്ദ്രിയാനുഭവമാക്കുന്നത്.  

എഴുത്തിന്റെ സൂക്ഷ്മലോകത്തില്‍ വ്യാപരിക്കുന്ന പുതിയബോധ്യങ്ങളോ ഭാവനയോ കല്‍പനയോ വിജ്ഞാനമോ എന്തും സര്‍ഗാത്മക സാഹിത്യമാകാമെന്ന് ഉമ്പര്‍ട്ടോ എക്കോ നിരീക്ഷിക്കുന്നു. “ഒരു മാത്രയില്‍, ആ മാത്രയില്‍ കൂടുതല്‍  ഇരിക്കാന്‍ കഴിയുമ്പോഴാണ് കവിതയുണ്ടാകുക.’’ എന്ന് മടിയരുടെ മാനിഫെസ്റ്റോ എന്ന കാവ്യസമാഹാരത്തിന്റെ ആമുഖത്തില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതുന്നു. എഴുത്തിന്റെ സര്‍ഗാത്മകതയെന്നാല്‍ ഭാഷയില്‍ ഒരാള്‍ നടത്തുന്ന അതിതീവ്രവും സൂക്ഷ്മവുമായ സഞ്ചാരമാണ്. ഭാഷയുടെ അഗ്നിപര്‍വതങ്ങളെ അതിന്റെ തിളനിലയില്‍ കണ്ടുമുട്ടലാണ്. വാക്കിന്റെ ജനിതകഘടനയെ പുതുക്കലാണ്.

ഭാഷയില്‍ കിളിര്‍ത്തും ഭാഷയില്‍ തളിര്‍ത്തും പൂത്തുകൊഴിഞ്ഞും കാലത്തിന്റെ വിത്തും വൃക്ഷവും കാടുമായി മാറുന്ന കവിതയുടെ വൈവിധ്യം വി.അബ്ദുൽ ലത്തീഫിന്റെ “മാതളത്തോട്ടത്തിന്റെ ഉപമയില്‍നിന്ന് അല്ലികള്‍ പൊട്ടിച്ചെടുക്കുന്നവിധം” എന്ന എന്ന കാവ്യസമാഹാരത്തില്‍ അനുഭവപ്പെടും. ആകാശം, മണ്ണ്, പുറ്റ് എന്നിങ്ങനെ ജീവിതാഭിമുഖ്യത്തിന്റെ മൂന്നിടങ്ങളായി, മൂന്ന് അനുഭവലോകങ്ങളായി, വിഹായസും ശരീരവും ഉയിരുമായി വിഭജിച്ച സൂക്ഷ്മങ്ങളുടെ വിസ്തൃതിയാണ് ഈ സമാഹാരത്തിലെ കവിതകള്‍. 

കാമനയുടെ ആകാശം

ആകാശം, അനുഭവങ്ങളുടെ ചരിത്രമെഴുത്താണ്. ‘മൈന്‍ഡ് സ്കേപ്പ്’ എന്ന കവിതയില്‍

“ഇത്തവണ

യാത്രപോയപ്പോള്‍

വീട് മടക്കി ബാഗില്‍ വച്ചിരുന്നില്ല” 

എന്ന് കവി ആത്മഭൂപടത്തില്‍നിന്ന് മുക്തനാകുന്നു. എന്നാല്‍ ഒരിടത്തും നാം ആദ്യമായി എത്തിച്ചേരുന്നില്ല എന്ന അറിവാണ് ‘ഓണ്‍ ദ വേ റ്റു പുഷ്കിന്‍’. റഷ്യ എന്ന ഭൂപ്രദേശം സാഹിത്യമായും ചരിത്രമായും ഋതുക്കളായും കവിയിലുണ്ടായിരുന്നു. ഉള്ളിലുള്ളതിനെ തേടുന്ന യാത്രികനാണ് കവി. ഭാഷയുടെ ആ ഇന്ദ്രീയാനുഭവത്തിന് പകരമായി തന്റെ ഭാഷയുടെ അനുഭൂതിലോകം അയാള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്.  “ബാഗ്ദാദില്‍നിന്നുള്ള കത്ത്” ഒരു ദുരന്തരേഖയാണ്.

“ടൈഗ്രിസ് ഒഴുകിയൊഴുകി

ഏദന്‍തോട്ടത്തിന്റെ നിറം തിരിച്ചുകൊണ്ടുവരുമായിരിക്കും’’

എന്നൊരു പ്രതീക്ഷ കാലം കത്തിയെരിയുമ്പോഴും കവിയില്‍ അവശേഷിക്കുന്നുണ്ട്. മനുഷ്യഭാഗധേയത്തെക്കുറിച്ചുള്ള അതിരറ്റ വിശ്വാസത്തിന്റെ അനുഭവമാണ് “വെന്‍ലോ, അഥവാ കൊതിപ്പിച്ച നഗരത്തിലേയ്ക്ക് തിരിച്ചുപോകുന്നവിധം” എന്ന കവിത. കവി അകപ്പെട്ടുപോയ ആത്മവ്യഥയുടെ ഭാവനാഭൂപടമാണ് ആകാശം എന്ന കാവ്യഭാഗം. ദേശഭാവനകളുടെ ആന്തരിക വൈരുധ്യങ്ങളുടെ ചരിത്രഭാരമാണ് “മുഹമ്മദ് ഷഫീഖ് ആരായിരുന്നു? അയാള്‍ക്ക് എന്തു സംഭവിച്ചു” എന്ന കവിത. കാവ്യപാരായണത്തിന്റെ പരമ്പരാഗത ഭാവുകത്വത്തെ അപായപ്പെടുത്തുക മാത്രമല്ല,  വായനയെന്ന പ്രക്രിയയെത്തന്നെ ഉത്തരവാദിത്തമുള്ളതാക്കുന്നുണ്ട് വി അബ്ദുള്‍ ലത്തീഫിന്റെ കവിതകള്‍. ലോക-ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിന്റെ ഭൂകമ്പ മേഖലകളെ അടയാളപ്പെടുത്തിക്കൊണ്ടാണ് “തവാങ് ഒരു മൊംപാ നഗരമാകുന്നു’’, “വിഡ്ഢികളേ...”, “ദിബ്രു ഘട്ട് -കന്യാകുമാരി വിവേക് എക്സ്പ്രസ്” തുടങ്ങിയ കവിതകള്‍ സഞ്ചരിക്കുന്നത്. ചരിത്രവും തത്വശാസ്ത്രവും സാഹിത്യവും അതതിന്റെ വ്യവഹാരമണ്ഡലം വിട്ട് കവിതയില്‍ സമന്വയിക്കുകയോ കലഹിക്കുകയോ ചെയ്യുന്നതിന്റെ ശകലിതാവസ്ഥ ഈ ഭാഗത്ത് വായിക്കാം. അനുഭവത്തിനും ഭാവനയ്ക്കും അത് നിര്‍മ്മിക്കുന്ന തീഷ്ണമായ ചരിത്ര വിഹ്വലതകള്‍ക്കും പിന്നാലെ ഭാഷ ഓടിവരുന്നതായി തോന്നും.

“ആ ഉപമ നിങ്ങളെ

തണുത്തൊരു നഗരത്തിലെത്തിക്കും

തുടുത്ത പഴങ്ങള്‍ക്കൊപ്പം

സങ്കടങ്ങള്‍ പൂക്കുന്ന ഗ്രാമങ്ങളിലേയ്ക്കും

കൊണ്ടുപോകാതിരിക്കില്ല.”

മാതളത്തോട്ടത്തിന്റെ ഉപമയില്‍നിന്ന് അല്ലികള്‍ പൊട്ടിച്ചെടുക്കുംപോലെ സൂക്ഷ്മമായി മനുഷ്യസംസ്കൃതിയുടെ ആകാശത്ത് വരഞ്ഞിട്ട കാമനയുടെ ഭൂപടമാണ് ഈ കവിതകള്‍. ഓരോ കവിതയിലുമുണ്ട്, ചരിത്രത്തിന്റെ, സംസ്കാരത്തിന്റെ, നീറും വിഷാദവും പ്രതീക്ഷയും.

∙  രാഗനിബദ്ധമായ ഭൂമി

കവിതയെ തൊട്ടുനോക്കാന്‍ ഒറ്റവഴിയേയുള്ളു. അതിന്റെ ശ്രുതിയില്‍ കാതുചേര്‍ക്കുക, അപ്പോള്‍ സ്ഫടിക ജലത്തില്‍ മഷി പടരുംപോലെ നേര്‍ത്ത ഞരമ്പുകളായി ഇന്ദ്രിയങ്ങളിലേയ്ക്ക് കവിത പടരുന്നതായി അനുഭവപ്പെടും. അത് സംഗീതമായിരുന്നില്ലേ? അല്ല, കവിതയായിരുന്നു, അത് ഭാഷയായിരുന്നു. ഭാഷയ്ക്ക് മാത്രം ചെന്നുപറ്റാന്‍ കഴിയുന്ന ഭൂമിയുടെ സ്വകാര്യ ഭൂപടമാണ് കവിത. ജീവിതം വലിച്ചുകെട്ടിയ കമ്പനം മുറ്റിയ ഒറ്റക്കമ്പിയാണത്. ഏത് നാദത്തിലേയ്ക്കും സ്ഥായിയിലേയ്ക്കും പെയ്യാനാഞ്ഞ ഒരുപറ്റം മഴപ്പക്ഷികളുടെ എയ്യാനാഞ്ഞ നിലയാണതിന്. സംഗീതം ഇന്ദ്രിയങ്ങളെ തൊടുന്ന നിമിഷത്തിന്റെ പ്രഭുല്ലനമാണത്.

“പാട്ടുമുറുകുമ്പോള്‍

മണികെട്ടിയകാളവണ്ടിയില്‍

ഒരുഗ്രാമം ചന്തയിലേയ്ക്ക് പുറപ്പെടുന്നു.

കാല്‍നടയാത്രക്കാരനായ

ഒരു പുഴ ദോലക്കില്‍ വന്നു മുട്ടുന്നു

കോടയണിഞ്ഞ ആഹ്ലാദങ്ങളിലേയ്ക്ക്

സൂര്യന്‍ വന്നുദിക്കുന്നു.”  

രാഗം ഭൈരവോ, ആഹിര്‍ ഭൈരവോ, ഭൂപാളമോ, ബിലഹരിയോ അതോ പ്രണയത്തിന്റെയും മഴയുടെയും വിത്തുകള്‍ മുളപൊട്ടുന്നതിന്റെ നേര്‍ത്ത താളമോ? ഒരു ജനത അതിന്റെ സംസ്കാരത്തിന്റെ സൂക്ഷ്മ ലിപികള്‍ ആലേഖനം ചെയ്ത ആത്മവൃക്ഷത്തിന്റെ കാതലാണ് സംഗീതം. അതിന്റെ വാര്‍ഷിക വലയങ്ങള്‍ വിടര്‍ത്തിവായിക്കുന്ന പാട്ടുകാരാണ് കവികള്‍. മനുഷ്യസംസ്കൃതിയുടെ വേരുപടലങ്ങളിലേയ്ക്ക് സഞ്ചരിക്കാന്‍ പാട്ടും കവിതയും തീര്‍ത്ത നേര്‍ത്ത വഴികളുണ്ട്. വ്യവവസ്ഥാപിത ചരിത്രത്തിനും സാമൂഹ്യപാഠങ്ങള്‍ക്കുമപ്പുറം മനുഷ്യര്‍ പേറിനടക്കുന്ന സംസ്കാരത്തിന്റെ അസംസ്കൃത വിത്തുകളുണ്ട്. പ്രതിചരിത്രമുണ്ട്, അനവധി അപരാഖ്യാനങ്ങളുണ്ട്. “സുഹാനി രാത്’’ എന്ന കവിതയിലെ നാട്ടുവെളിച്ചത്തില്‍ കാണാം, കേള്‍ക്കാം ‘സന്ധ്യയ്ക്ക് പാട്ടുകള്‍ വന്ന് കൂടുകൂട്ടുന്ന നാട്ടിന്‍പുറത്തെ തട്ടിന്‍പുറം.’ അവിടെ,

“ഗാന്ധിജിയെപ്പോലെ,

കുപ്പായമിടാതെ നില്‍ക്കുന്ന,

ആ തട്ടിന്‍പുറത്തേയ്ക്ക്,

ആരും കയറിപ്പോകുന്നത് കണ്ടിട്ടില്ല,

പാടിത്തീര്‍ന്ന് ആരും ഇറങ്ങിവരുന്നതും കണ്ടിട്ടില്ല.”  

കാലത്തിന്റെ അനന്തശ്രുതിയില്‍, ഓര്‍മ്മകള്‍ സന്ദര്‍ശനത്തിനെത്തുന്ന ഏകാന്തഭരിതമായ നിമിഷങ്ങളെ ആവിഷ്കരിക്കാന്‍ പാട്ടുകള്‍ക്കല്ലാതെ മറ്റെന്തിനാണ് കഴിയുക? കവിത ഓര്‍മ്മയിലേയ്ക്കുള്ള പുനഃസന്ദര്‍ശനമാകുന്നു.

“തൂയ... സുതര്‍ വാനൊളിയേ...’’ ബോംബേ ജയശ്രീ പാടുന്നു. ഈ കവിത പ്രണയ കാമനയുടെ സംഗീതശില്പമാണ്. ഭാഷയുടെ ഭൂപടങ്ങള്‍ ഭേദിച്ച് ഇന്ദ്രിയങ്ങളിലേയ്ക്ക് ആഞ്ഞിറങ്ങുന്ന സംഗീതമാണ് രതി. അവിടെ “കടലിലേയ്ക്ക് തുറക്കുന്ന മട്ടുപ്പാവില്‍, നാം നഗ്നശില്പങ്ങളായി ഇരുട്ടുകൊള്ളും.” അനന്തസ്ഥായിയില്‍ ഉടലുകള്‍ തങ്ങളില്‍ മീട്ടി അണപൊട്ടുന്ന കാമനയുടെ ജുഗല്‍ബന്ദി. ഉടലുകള്‍ക്കൊണ്ട് എഴുതുന്ന കവിതയാണ്  രതി. അവിടെ ഭാഷ, ലിപികളില്‍നിന്ന് വേര്‍പെട്ട്, ഭാരരഹിതമായി പാറുന്നതായും, സിരാപടലങ്ങളില്‍ ഉഷ്ണവും ശൈത്യവും മാറിമാറി പെയ്യുന്നതായും അനുഭവപ്പെടും. അപ്പോള്‍

“ചെണ്ടയില്‍നിന്ന് മട്ടന്നൂരും

തബലയില്‍നിന്ന്

സക്കീര്‍ ഹുസൈനും

കണ്ടെടുക്കുന്നതിനേക്കാള്‍

നേര്‍ത്ത പട്ടുനൂലുകള്‍

നാമെടുത്തണിയും.” 

പാട്ടുകള്‍ക്ക് മാത്രമായി ഒരു ഭൂപടമുണ്ടെന്നും, അത് ഭാഷയുടെയും ദേശീയതയുടെയും വര്‍ണങ്ങളുടെയും വംശീയതകളുടെയും അക്ഷാംശവും രേഖാംശവും തുടച്ചുമാറ്റിയ മനുഷ്യത്വത്തിന്റെ അപരഭൂപടമാണെന്നും കവിത കണ്ടെത്തുന്നു. അത്തരമൊരു ഭൂമിയെക്കുറിച്ചുള്ള, മണ്ണിനെക്കുറിച്ചുള്ള, അവിടെ മുളച്ചേക്കാവുന്ന സ്നേഹത്തിന്റെ വിത്തുകളെക്കുറിച്ചുള്ള പാഠങ്ങള്‍ വി.അബ്ദുൽ ലത്തീഫിന്റെ സമാഹാരത്തിലെ “മണ്ണ്” എന്ന കാവ്യഭാഗത്തിന്റെ ആന്തരശ്രുതിയാണ്. കൊടുമുണ്ട റയില്‍വേ സ്റ്റേഷന്‍, ചില കാലങ്ങളില്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലാകെ പൂക്കള്‍ വന്നു നിറയും, ഞങ്ങളുടെ വല്ലിമ്മച്ചി എല്ലാവരുടെയും വല്ലിമ്മച്ചിയായിരുന്നു, രണ്ട് സന്നിയോര്‍മ്മകള്‍ തുടങ്ങിയ കവിതകളിലും കേള്‍ക്കാം അപരശബ്ദങ്ങളുടെ സംഗീതം.

പ്രണയത്തെക്കുറിച്ചുള്ള ഉപമകള്‍

രൂപകങ്ങളുടെ അനേക ബിന്ദുക്കള്‍ ഉലകം ചുറ്റാനിറങ്ങുന്നതും ഭാഷയുടെ നഗരചത്വരത്തിലേയ്ക്ക് ഉപമകളുടെ ഒരു ജാഥയില്‍ പുറപ്പെടുന്നതും തൃഷ്ണകളുടെ ഉപ്പും വിയര്‍പ്പും മണക്കുന്ന ഭൂമി ഏദന്‍തോട്ടമാകുന്നതും വിലക്കുകളും വൃത്തങ്ങളും ലംഘിച്ച് അക്ഷര ഭംഗിയിലും ഭംഗത്തിലും വാക്കുകള്‍ ഉടച്ചുശില്പമാക്കുന്നതും വരികള്‍മുറിച്ചും ചതുരപ്പെടുത്തിയും പാരമ്പര്യച്ചുരുള്‍നീട്ടി ഗദ്യത്തിന്റെ അനന്തതയിലേയ്ക്ക് വലിച്ചുകെട്ടിയ കവിതയുടെ കമ്പനം ഭാഷയെ വിറകൊള്ളിക്കുന്നതും വി അബ്ദുൽ ലത്തീഫിന്റെ “മാതള‌ത്തോട്ടത്തിന്റെ ഉപമയില്‍ നിന്ന് അല്ലികള്‍ പൊട്ടിച്ചെടുക്കുന്നവിധം” എന്ന കാവ്യസമാഹാരത്തിന്റെ മൂന്നാം ഉപഭാഗമായ “പുറ്റില്‍” അനുഭവിക്കാം.

ഭാവനയുടെ സ്വയംനിര്‍മ്മിത റപ്പബ്ലിക് എന്ന കാല്പനികബോധ്യത്തില്‍ കവിത നടത്തിയ സര്‍ഗാത്മകമായ തിരുത്തലായിരുന്നു ആധുനികാനന്തരകാലത്തിനുശേഷം മലയാള കവിത. ഭാവനയെ മേയാന്‍ വിടുകയായിരുന്നില്ല, ആട്ടിത്തെളിക്കുകയായിരുന്നു അവര്‍. അതിലൊരു തെരഞ്ഞെടുപ്പുണ്ട്. വൈകാരികതയെ ധൈഷണികമായൊരു സൗന്ദ്യര്യാനുഭവമാക്കി മറ്റുന്ന കലാവിദ്യ. “മോട്ടോര്‍സൈക്കള്‍ എന്ന രാഗത്തില്‍ നഗരത്തെ വായിച്ചിട്ടുണ്ടോ?” എന്ന കവിത വ്യക്തിതൃഷ്ണകളുടെ നീട്ടിയെഴുത്താണ്. നമ്മുടെ വഴിയും സത്യവും ജീവനും നാം തന്നെയാകുന്ന ഒരെതിര്‍ നടത്തത്തിന്റെ ഉന്‍മാദവും തൃഷ്ണയും വേഗവും കവിതയില്‍ വായിക്കാം. “പൂന്തോട്ടത്തിലേയ്ക്ക് തുറക്കുന്ന ജാലകങ്ങളുള്ള മുറിയില്‍ അയാളെ ഞാന്‍ തടവിലിടും” എന്ന കവിതയില്‍

“ശത്രുക്കള്‍ക്കു കൊടുത്ത

പരമാവധി ശിക്ഷ

പൂന്തോട്ടത്തിലേയ്ക്ക് തുറക്കുന്ന

ജാലകങ്ങളുള്ള മുറിയില്‍

നിറയെ പുസ്തകങ്ങളോടൊപ്പമുള്ള

ഏകാന്തവാസമാണ്” 

എന്നെഴുതുമ്പോള്‍, വ്യക്തിചോദന വീട്ടുതടങ്കലായി, അഭയമായി, ഏകാന്ത മുഖരികതമായ ആത്മഭാഷണമായി മാറുന്നു. “ചോളപ്പാട’’ത്തിലെ “എന്നാലും നിറയെ പച്ചപ്പുള്ളൊരു കഥാപുസ്തകം അക്കാലത്ത് തലനീട്ടിയിരുന്നു” എന്ന ഓര്‍മ്മയും “സത്യത്തില്‍ ഈ കഠിനതടവ് എത്ര സുന്ദരിയാണ്” എന്ന ആത്മഗതവും വ്യക്തിതൃഷ്ണകളുടെ പ്രസ്താവനകളാണ്. “ഒറ്റയ്ക്കാകുന്നു” എന്ന കവിതയിലെ ഏകാന്തത മരണത്തോളം ആഴമുള്ള, തണുപ്പുള്ള കൊതിയാണ്. അവരവരുടെ ഇടം എന്ന ഏറ്റവും വലിയ സ്വകാര്യതയുടെ രാഷ്ട്രീയ മുഴക്കം ഈ കവിതകളിലുണ്ട്.

“കൊച്ചിയിലെ വൃക്ഷങ്ങള്‍”, “പലഭാഷകളില്‍ ചുമച്ചുകൊണ്ടിരിക്കുകയാണ്”,“മുഴപ്പിലങ്ങാട് ബീച്ച്”, “അല്ലിഷ്ടാ നീയിതെവിടെപ്പോയി കളഞ്ഞൂ നിന്നെ”, “ആദ്യവര്‍ത്തമാനം”, “ഉമ്മ എന്നുപേരുള്ള ആറുവരിക്കവിത”, “നിന്റെ പുതിയ കാമുകന്‍ എന്നപ്പോലെയാണോ?” തുടങ്ങിയ കവിതകള്‍ക്ക് ദൈനംദിന വര്‍ത്തമാനങ്ങളുടെ ഛായയുണ്ട്. ജീവിതത്തില്‍നിന്ന് ചീന്തിയോ അല്ലാതെയോ എടുത്ത ഏടുകള്‍ വായിക്കുമ്പോള്‍ തോന്നുന്നത് ദൈനദിന ജീവിതത്തിലെ അസാധാരണ മുഹുര്‍ത്തങ്ങളാണ്  ഈ കാലത്തെ കവികളുടെ സര്‍ഗാത്മകതയെ പ്രചോദിപ്പിച്ചതെന്നാണ്.  മനുഷ്യജീവിതത്തിന്റെ സാധാരണത്വത്തെ ആവിഷ്കരിക്കാന്‍ ഭാഷയുടെ സൂഷ്മകോശങ്ങളില്‍ അവര്‍ അഴിച്ചുപണി നടത്തി. ഭാഷയെ പുതുക്കിപ്പണിയുക മാത്രമല്ല മറ്റൊരു ഭാഷാ നിഘണ്ടു നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. സര്‍ഗാത്മക സാഹിത്യം എന്ന പെഡഗോജിക്കുള്ളിലാണ് മലയാള  കാവ്യഭാവന പ്രതിപ്രവര്‍ത്തിച്ചത്. ഈ രാഷ്ട്രീയാത്മക ഭാവന കവിയുടെ, കാലത്തിന്റെ സര്‍ഗാത്മകതയുടെ തെരഞ്ഞെടുപ്പാണ്. എഴുത്ത് വ്യാപരിക്കേണ്ട സൂക്ഷ്മലിപികളെക്കുറിച്ചും ശബ്ദകോശങ്ങളെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പികുന്നതാണത്.

ഭാവനയുടെ രാഷ്ട്രീയം ഒരു തെരഞ്ഞെടുപ്പാണ്. കൃഷിയെക്കുറിച്ചോ, ട്രാക്ടറുകളെക്കുറിച്ചോ, സൈന്യത്തെക്കുറിച്ചോ, യുദ്ധവിജയത്തെക്കുറിച്ചോ, അണക്കെട്ടുകളെക്കുറിച്ചോ എഴുതാം. അത്തരം പ്രചരണാത്മക രചനകള്‍ സര്‍ഗാത്മകമായിരിക്കുമ്പോഴും അതിന്റെ തെരഞ്ഞെടുപ്പില്‍ അധികാര സദാചാരത്തോട് സമരസപ്പെടുന്ന രാഷ്ട്രീയ ധ്വനികളുണ്ട്. മുഖരിതമെങ്കിലും മുദ്രാവാക്യത്തിനപ്പുറത്തേയ്ക്ക് നീറിപ്പിടിക്കാനുള്ള ഇന്ധനക്ഷമത അതിനു് ലഭിച്ചെന്നുവരില്ല. അപ്പോള്‍, സര്‍താത്മകസാഹിത്യത്തെ മുദ്രാവാക്യത്തില്‍നിന്ന് വേര്‍രിക്കുന്നതെന്താണ്? ഭാവനയുടെ വിത്തുകോശങ്ങളില്‍ വാക്കിന്റെ ഭൂകമ്പം നിക്ഷേപിക്കുന്ന അതിസൂക്ഷ്മമായ കൈവേലയാണത്. “ചലനത്തിലും ശ്വാസത്തിലും പ്രണയമുള്ള കൂട്ടുകാരനെ മരമെന്നുവിളിക്കാം” എന്ന കവിത ഒറ്റ വരി ശീര്‍ഷകത്തിന്റെ ഭാരമഴിച്ച് അനേകം ആഖ്യാനങ്ങളായി പടരുന്നതില്‍ വ്യവസ്ഥാപിത കാവ്യശീലങ്ങളോടുള്ള ഈ കലഹമുണ്ട്.

“നീ മിണ്ടാതിരിക്കുമ്പോള്‍,

മഴമാറിനില്‍ക്കുന്ന മുറ്റംപോലെ

ഞാനുണങ്ങിപ്പോകും” 

എന്ന പാരസ്പര്യത്തില്‍ ഭാഷയ്ക്കും ഭൂപടത്തിനുമപ്പുറം പടരുന്ന മനുഷ്യപ്പറ്റിന്റെ വേരുകള്‍ നീരുതൊടുന്നതിന്റെ സാന്നിധ്യമുണ്ട്.

“ഒറ്റക്കട്ടയുള്ള

ഹാര്‍മോണിയം സങ്കല്‍പ്പിച്ചിട്ടുണ്ടോ?

ഞാനെങ്ങനെ നോക്കിയിട്ടും

അതിന് നിന്റെ മുഖം

നിന്റെ ഭാവം

നിന്റെ ശ്രുതി.” 

എന്ന അന്ത്യലരിയില്‍ ചേര്‍ത്തുപിടിക്കുന്നുണ്ട് അപരമുഖത്തോടുള്ള പ്രിയം. “ഞാനുകള്‍” വെട്ടിയും തിരുത്തിയും കൊണ്ടും കൊടുത്തും വളരുന്നുവെന്ന് നിനയ്ക്കുമ്പോഴും ലംബ നീതികളെ ഉടച്ചെടുത്തുന്ന സാഹോദര്യത്തിന്റെ തിരശ്ചീന നിലയെയാണ് കവിത സങ്കല്‍പ്പിക്കുന്നത്. തുല്യത, ഒരു സാമൂഹ്യബോധമാണ്. ജനാധിപത്യത്തെക്കുറിച്ച് അതിലും ലളിതമായി പറയാനാവില്ല.

“രണ്ടു പ്രണയഗീതങ്ങള്‍” എന്ന കവിതയിലാണ് ഉടല്‍ ഒരു ജനാധിപത്യസ്ഥലമായി വിസ്തൃതമാകുന്നത്.

“തൊട്ടുതൊട്ടു നടക്കവേ നമ്മള്‍

പൂത്തുപോയതുകാരണം

കണ്ടുനിന്നവരൊക്കെയും വേല

നിര്‍ത്തി നമ്മളെനോക്കിയോ” എന്ന സന്ദേഹത്തില്‍ പൂത്തുലയുന്ന മനുഷ്യകാമനയുടെ വിതാനങ്ങളുണ്ട്. തുല്യതയുടെ ഉടല്‍ ശില്പങ്ങളുണ്ട്.

“നിന്‍മണം പറ്റിയ വാക്കിന്റെ മൂലയില്‍

നോക്കിനില്‍ക്കാറുണ്ട് നിത്യം

തീര്‍ച്ചയില്ലങ്കിലും നീയാകുമോര്‍മ്മയില്‍

ചാരിനില്‍ക്കാറുണ്ട് നിത്യം..” എന്ന് വൃത്ത -താളബദ്ധമായി കവിത ഭൂമിയോട് സംസാരിക്കുന്നു. കാത്തുനില്‍പ്പിന്റെ, ഒന്നുചേരലിന്റെ ഈ ഭാവനാഭൂപടം പഴയൊരു കാവ്യകാലത്തെ ഓര്‍മ്മിപ്പിക്കാതിരിക്കില്ല.

“ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ

കുന്നിന്‍ ചെരുവിലിരുന്നു പാടും,

ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം,

നിന്നെക്കുറിച്ചുള്ളതായിരിക്കും” 

എന്ന ഭൂതകാല സന്ദേഹത്തെ, അതിനെ ചൂഴുന്ന മത-സാമൂഹിക സദാചാരത്തെ, ലിംഗവിവേചനത്തെയാണ് പുതുകവിത തിരുത്തുന്നത്. ഭാവനയും ഭാഷയും പരസ്പരം കൊരുത്തെടുത്ത കൊള്ളിയാന്‍ രേഖയായി അത് മാറുന്നു. അത് ഞരമ്പുകളില്‍ മിന്നുകയും ഇന്ദ്രിയങ്ങളില്‍ പെയ്യുകയും ചെയ്യും. കാരണം, കവിത ഒരു ഇന്ദ്രിയാനുഭവമാണ്. ഉപമകള്‍ ഭാഷയുടെ വിത്തുകളാണ്. ഒരു കാടാകാന്‍ അതിന് കഴിയും.

Content Summary: Malayalam Book "Mathalathottathinte Upamayil Ninnu Allikal Pottichedukkunna Vidham" by V Abdul Latheef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com