ADVERTISEMENT

വ്യക്തി എന്ന നിലയിൽ മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകൻ, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലെല്ലാം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ശശി തരൂർ. എന്നാൽ, തെറ്റിദ്ധാരണ ഒരു വിഭാഗം ജനങ്ങൾക്കു മാത്രമാണെന്ന പ്രത്യേകതയുണ്ട്. അവർ അതു പ്രചരിപ്പിക്കാൻ ശക്തമായി ശ്രമിക്കുന്നുണ്ടെങ്കിലും നേരിട്ടോ പുസ്തകങ്ങളിലൂടെയോ അറിയുന്നവർക്കും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്നവർക്കും ശരിയായ ധാരണ തന്നെയാണുള്ളത്. ശബ്ദമില്ലാത്ത ആ ഭൂരിപക്ഷമാണ് തിരുവനന്തപുരത്തു നിന്ന് അദ്ദേഹത്തെ തുടർച്ചയായി വൻ ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക് അയയ്ക്കുന്നതും. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ദേശീയ അധ്യക്ഷനാകാനുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും തരൂർ തെറ്റിധരിക്കപ്പെട്ടു. ഹൈക്കമാൻഡിന്റെ പിന്തുണയോടെ മല്ലികാർജുൻ ഖർഗെ മത്സരിക്കുകകൂടി ചെയ്തപ്പോൾ പ്രത്യേകിച്ചും. എന്നാൽ, ഏറ്റവും പുതിയ പുസ്തകമായ ‘പുഷ്പശരത്തെ പേടിക്കുന്നവർ’ എന്ന ലേഖന സമാഹാരത്തിലും അദ്ദേഹം ഏറ്റവുമധികം വാക്കുകൾ ചെലവാക്കുന്നത് കോൺഗ്രസ് പാർട്ടിക്കുവേണ്ടിയാണ്. എങ്ങനെ, ഏതു രീതിയിൽ പാർട്ടി മുന്നോട്ടുപോകണം എന്നും ഏതു ദിശയിലേക്കാണു പാർട്ടി വളരേണ്ടതും എന്നതുൾപ്പെടെയുള്ള വസ്തുതകൾ അക്കമിട്ടു നിരത്തുന്ന തരൂർ താനൊരു കോൺഗ്രസ് പ്രവർത്തകനാണെന്ന് അടിവരയിട്ടു പറയുന്നു. ആശയ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഏകശിലാ കേന്ദ്രിതവും ഏകാധിപത്യ സ്വഭാവമുള്ളതും ഒരു വ്യക്തിയുടെ മാത്രം അപ്രമാദിത്വത്തെ അംഗീകരിക്കുന്നതുമായ പാർട്ടികൾക്ക് താൻ എതിരാണെന്നും വ്യക്തമാക്കുന്നു. എഴുത്തിൽ സുവ്യക്തമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സംശയത്തിനും ആശയക്കുഴപ്പത്തിനും ഇടനൽകാതെ തിരഞ്ഞെടുത്ത വാക്കുകളിൽ നിലപാട് പറയുന്നു. ലളിതമാണെങ്കിലും അഗാധമാണ് ആശയ ലോകം. ആശയങ്ങളോടും നിലപാടുകളോടുമുള്ള ആത്മാർഥത തൊട്ടെടുക്കാൻ കഴിയുന്ന വാക്കുകൾ. ആഴത്തിൽ ചിന്തിപ്പിക്കുന്ന മാനസിക വിശകലനങ്ങൾ. മൗലികമായ ആശയങ്ങൾ. സന്തോഷവും സംതൃപ്തിയും നൽകുന്നവയാണ് തരൂരിന്റെ എല്ലാ പുസ്തകങ്ങളും; പുഷ്പശരത്തെ പേടിക്കുന്നവർ എന്ന ലേഖന സമാഹാരവും ഇതിൽ നിന്നു ഭിന്നമല്ല. 

 

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന് ചരമക്കുറിപ്പ് എഴുതിയവരുണ്ട്. എന്നാൽ അത് അതിശയോക്തിപരമാണെന്നായിരുന്നു തരൂർ നിലപാട്. ദേശീയതലത്തിൽ 20 ശതമാനം വോട്ട് മാത്രമാണു നേടിയതെങ്കിലും വിഭജിതവും മത്സര സ്വഭാവമുള്ളതുമായ രാഷ്ട്രീയത്തിൽ പാർട്ടി അപ്രസക്തമാകുന്നില്ല എന്നദ്ദേഹം സമർഥിക്കുന്നു. ഈ മാസം പുറത്തുവന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ഈ പുസ്തകം വായിക്കുമ്പോൾ തരൂരിന്റെ വാക്കുകൾക്ക് പ്രവചനസ്വഭാവം കൂടി കൈവരുന്നു. തരൂരിന്റെ വാക്കുകളെ അടിയുറച്ച പാർട്ടി പ്രവർത്തകന്റെ ആശ്വാസം മാത്രമെന്ന് എഴുതിത്തള്ളിയവർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഞെട്ടിയിരിക്കണം. എന്നാൽ 52 പാർലമെന്റ് അംഗങ്ങളിലേക്ക് ചുരുങ്ങിയത് കോൺഗ്രസിനെ ആത്മപരിശോധന നടത്താൻ പ്രേരിപ്പിക്കണം എന്ന് തരൂർ ചൂണ്ടിക്കാണിക്കുന്നു. 

 

സ്വാതന്ത്ര്യ സമരകാലം മുതൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് ആ പാർട്ടിയുടെ ലക്ഷ്യങ്ങൾ. സമഗ്ര വികസനം, സാമൂഹിക നീതി, സാമൂഹിക ഐക്യം, ദാരിദ്ര്യ നിർമാർജനം, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ദലിത് ആദിവാസി സമൂഹം ഉൾപ്പെടെയുള്ള പാർശ്വവൽകരിക്കപ്പെട്ടവരുടെ സംരക്ഷണം എന്നിവ. ഈ ലക്ഷ്യങ്ങൾ വോട്ട് ബാങ്കിനുവേണ്ടിയുള്ളതാണെന്നാണ് എതിർ പ്രചാരണം. ഇന്ത്യയുടെ ബഹുമത വിശാസങ്ങൾക്കു വേണ്ടി നിലകൊള്ളുന്നതും ഭരണഘടന ഉറപ്പുനൽകുന്നതുമായ മതനിരപേക്ഷതയ്ക്കായി നിരന്തരം ശബ്ദമുയർത്തുന്ന പാർട്ടിയാണ് കോൺഗ്രസ്. ഈ മൂല്യങ്ങളിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും എല്ലാ അവസരങ്ങളിലും ഊന്നിപ്പറയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പാർട്ടിയുടെ ചിന്തകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചാൽ അവരെ പാർട്ടിയിലേക്ക് അടുപ്പിക്കാനും ഒപ്പംനിർത്താനും കഴിയും. തുറന്ന ആശയ വിനിമയം ആവശ്യമാണ്. സമീപ കാലത്ത് കോൺഗ്രസ് ആശയ വിനിമയത്തിൽ മുന്നോട്ടുപോയില്ലെന്നു മാത്രമല്ല, ഇതിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു. നല്ല ഭാവിക്കായി ഈ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് തരൂർ ഉറപ്പിച്ചു പറയുന്നു. 

 

‌കോൺഗ്രസ് എന്തു ചെയ്യണം എന്ന ലേഖനത്തിൽ ഇതിനൊപ്പം 8 വസ്തുതകൾ കൂടി അദ്ദേഹം പറയുന്നു. ഓരോന്നും വ്യക്തവും ശക്തവുമാണ്. നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകർക്കു നിഷേധിക്കാനാവാത്തതും. രാഷ്ട്രീയം അന്തർധാരയാണെങ്കിലും സമൂഹിക വിഷയങ്ങളെക്കുറിച്ചാണ് കൂടുതൽ എഴുതുന്നതെങ്കിലും സാഹിത്യവും സംസ്കാരവും ലേഖനങ്ങൾക്കു വിഷയമാവുന്നു. ഏതു കാര്യത്തെക്കുറിച്ചായാലും പുതിയ ദിശാബോധം നൽകാൻ അദ്ദേഹത്തിന്റെ ലേഖനങ്ങൾക്കു കഴിയുന്നു. ഭാഷയും അവതരണ രീതിയും അനുയോജ്യവുമാണ്. പുഷ്പശരത്തെ പേടിക്കുന്നവർ എന്ന ലേഖനത്തിന്റെ അവസാനം അദ്ദേഹം പറയുന്നു:     ‌

 

യഥാർഥ ഇന്ത്യത്വത്തിന്റെ ആണിക്കല്ല് ഭരണഘടനയാണ്. ഭരണഘടനയിൽ കൊത്തിവയ്ക്കപ്പെട്ട സ്വാതന്ത്ര്യങ്ങളെ വിലമതിക്കുന്ന ആരും വിനാശകരമായ ‘ആന്റി റോമിയോ’ സ്ക്വാഡുകളുടെ പ്രവർത്തനത്തെ പ്രതിരോധിക്കണം. (സ്വാതന്ത്ര്യത്തോടെ ഒത്തുകൂടുന്ന യുവതീ യുവാക്കൾക്കെതിരെ ഉത്തർ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം സ്ക്വാഡുകൾ രൂപീകരിക്കപ്പെട്ടിരുന്നു. സദാചാര പൊലീസിന്റെ നിയമപരമാക്കിയ പേര് കൂടി ആന്റി റോമിയോ സ്ക്വാഡ് ) 

 

നീ എന്തിന് റോമിയോ ആയി എന്ന് ഷേക്സ്പിയറുടെ നായിക ചോദിച്ചു. 

നമ്മളെന്തുകൊണ്ട് നമ്മളായി. നാം ജൂലിയറ്റിനു വേണ്ടി നിലകൊണ്ടേ പറ്റൂ.

Content Summary: Malayalam Book 'Pushppasharathe Pedikkunnavar' Written by Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com