ADVERTISEMENT

നവമാധ്യമങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കാലമാണിത്. പുതുതലമുറ മാത്രമല്ല മുതിര്‍ന്നവരും അതിന്‍റെ പ്രയോക്താക്കളും ഉപയോക്താക്കളുമായി മാറിയിരിക്കുന്നു. അതുല്യവും വ്യക്തിഗതവുമായ വിവരങ്ങള്‍ നിരന്തരം പ്രദര്‍ശിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന നവമാധ്യമങ്ങള്‍ പ്രസാധകനും ഉപയോക്താവിനും തുല്യപദവി നല്‍കുന്നു എന്നതാണ് സവിശേഷത. അതുതന്നെയാണ് അതിന്‍റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയ്ക്കും സ്വീകാര്യതയ്ക്കും കാരണം. ഈ സാഹചര്യത്തില്‍ മലയാളഭാഷ തികച്ചും നൂതനമായ ഒരു സാംസ്കാരിക സന്ദർഭത്തെയാണ് നവമാധ്യമങ്ങളിലൂടെ അഭിമുഖീകരിക്കുന്നത്. വെബ്സൈറ്റുകൾ, ബ്ലോഗുകൾ, സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ, വിഡിയോ കൈമാറ്റ സൈറ്റുകൾ, സെല്ലുലാർ കമ്യൂണിക്കേഷൻ, ചാറ്റ് റൂമുകൾ, ഇ മെയിൽ, ഓൺലൈൻ സമൂഹങ്ങൾ, വെബ് പരസ്യങ്ങൾ, സിഡി റോം, ഡിവിഡി, ഡിജിറ്റൽ ക്യാമറ, വിഡിയോ ഗെയിമുകൾ, ഓൺലൈൻ വിജ്ഞാനകോശങ്ങൾ, ചാറ്റ്ജിപിടി എന്നിങ്ങനെ വിപുലവും വൈവിധ്യവുമാർന്ന വ്യവഹാരശൃംഖലയാണ് സൈബര്‍ലോാകം സൃഷ്ടിക്കുന്നത്. സൈബറിടവും സൈബര്‍സാഹിത്യവും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ അപൂര്‍വമായേ പുറത്തിറങ്ങുന്നുള്ളു. അതിനാല്‍ സാബു കോട്ടുക്കല്‍ രചിച്ച ‘സൈബറില്‍ വിളയുന്ന മലയാളം’ എന്ന പുസ്തകം കാലോചിതമായ ശ്രദ്ധയും ചര്‍ച്ചയും അര്‍ഹിക്കുന്നു. 

 

നവവിനിമയ വിസ്ഫോടനത്തില്‍പെട്ട് ജീവിതം തന്നെ ഓണ്‍ലൈനെന്നും ഓഫ് ലൈനെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതുമൂലം ആധുനികാനന്തര കാലത്ത് ടെക്നോളജിയും സമൂഹവും സംസ്കാരവും ചേര്‍ന്ന് പുതിയ സമരസപ്പെടലുകള്‍ ഉണ്ടായിരിക്കുന്നു. സമൂഹത്തിലെ വ്യവസ്ഥാപിതമായ ഈടുവയ്പ്പുകളെ (രാഷ്ട്രീയം, മതം, പ്രത്യയശാസ്ത്രം, അധികാരം മുതലായവ) ധിക്കരിക്കുകയും മനസ്സിന്‍റെ സ്വതന്ത്രലോകം തുറന്നിടുകയും ചെയ്യുന്നവയാണ് നവമാധ്യമങ്ങള്‍. പുതിയ ജീവിതസാഹചര്യമാണ് അവ സൃഷ്ടിച്ചിരിക്കുന്നത്. ഈ പരിതോവസ്ഥയുടെ സാങ്കേതികവും ചരിത്രപരവുമായ രൂപപ്പെടല്‍, അതിന്‍റെ ഘടന, സ്വഭാവരൂപങ്ങള്‍ എന്നിവയിലേക്ക് കൗതുകകരമായി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന എട്ടു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

 

ബ്ലോഗുകളുടെ ചരിത്രം, മലയാളത്തിലെ ബ്ലോഗുകള്‍, സാമൂഹിക സമ്പര്‍ക്ക സൈറ്റുകള്‍, മലയാളം വെബ്സൈറ്റുകള്‍, പോർട്ടലുകൾ, പത്രങ്ങളുടെയും ചാനലുകളുടെയും ഓൺലൈൻ എഡിഷനുകൾ, വിഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബിലെ കുറിപ്പുകൾ, മലയാളം വിക്കിപീഡിയ, ഇ ബുക്കുകൾ, ഇ ജേർണലുകൾ, പ്രാദേശിക നെറ്റ്‌വർക്കിങ് സൈറ്റുകൾ, സ്മാർട് ഫോൺ വിനിമയ സംവിധാനങ്ങൾ തുടങ്ങി സൈബറിലെ മലയാളത്തിന്‍റെ വിപുലമായ സാന്നിധ്യത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന ലേഖനമാണ് ‘സൈബറില്‍ വിളയുന്ന മലയാളം’.

 

ആധുനികാനന്തര കാലത്ത് മനുഷ്യൻ ഒരു സൈബർ ജീവിയായി മാറിക്കൊണ്ടിരിക്കുന്നു. ആഗോള ഗ്രാമത്തിൽ ജീവിക്കുന്നവരുടെ സാഹിത്യരചനകളും ആസ്വാദന ശേഷിയും ഏതു തരത്തിലായിരിക്കും എന്നത് കൗതുകകരമായ അന്വേഷണമാണ്. സൈബർ സ്പെയ്സും അതുളവാക്കുന്ന സാംസ്കാരിക സമീപനവും വിശകലനം ചെയ്യുന്നത് ‘നവമാധ്യമ സാഹിത്യം: സംസ്കാര രൂപീകരണത്തിന്‍റെ സൂചകങ്ങൾ’ എന്ന ലേഖനത്തിലാണ്. ജാതി - മത - വർഗ - ലിംഗഭേദങ്ങളെ അപ്രസക്തമാക്കുന്ന ഒരു സംസ്കാരനിർമിതിക്ക് സൈബർ സാഹിത്യം നിമിത്തമാകുന്നുവെന്ന് ലേഖകൻ വാദിക്കുന്നു. സ്വകാര്യതയിൽ വേരുകളാഴ്ത്തുന്ന രചനകളാണ് സൈബറിടങ്ങളിൽ പൊതുവെ ദൃശ്യമാകുന്നത്. എന്നാൽ യഥാർഥ ലോകത്തിന്‍റെ കാഴ്ചകൾ മറച്ചുകൊണ്ടുള്ളതാകാം പലപ്പോഴും ആധുനികനന്തര സമൂഹത്തിന്‍റെ പ്രതികരണങ്ങൾ. സൈബർ സാഹിത്യത്തിലെ ആഴമില്ലായ്മയും വ്യാജാനുകരണ സാധ്യതകളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നിരിക്കിലും സൈബറിടങ്ങളില്‍ രചനകൾ ആഘോഷിക്കപ്പെടുന്ന പ്രവണതയാണുള്ളത്. ഓരോരുത്തരും സുഹൃദ് മണ്ഡലങ്ങളിലൂടെ അവനവന്‍റെ ലോകം സൃഷ്ടിക്കുന്നു.

'സൈബർ സാഹിത്യവും ഭാവുകത്വപരിണാമവും' എന്ന ലേഖനത്തിൽ മലയാളത്തിലെ മുതിർന്ന എഴുത്തുകാരുടെയും നവമാധ്യമ സാഹിത്യകാരന്മാരുടെയും മാറുന്ന ഭാവുകത്വം പരിശോധിക്കുന്നു. ഉത്തരാധുനിക ജ്ഞാനമണ്ഡലങ്ങളിൽ അവരുടെ ഇടപെടൽ ഏതു രീതിയിലുള്ളതാണെന്നു മനസ്സിലാക്കാന്‍ ഈ ലേഖനം ഉപകരിക്കും. 

 

നവ മാധ്യമങ്ങളിലെ മലയാള സാഹിത്യത്തെ പ്രത്യേകമായി മറ്റൊരു ലേഖനത്തിൽ ചർച്ച ചെയ്യുന്നുണ്ട്. വിഷ്ണു പ്രസാദ്, കുഴൂർ വിത്സൺ, ലതീഷ് മോഹൻ, രാജേഷ് വർമ, സിമി നസ്രത്ത് തുടങ്ങിയ നവമാധ്യമ എഴുത്തുകാരുടെ രചനാസ്വഭാവങ്ങൾ വിലയിരുത്തപ്പെടുന്നു. ഐറണിയും നർമവും ഇവരുടെ രചനകളിലെ അന്തർധാരയാണ്. എങ്കിലും രചനകളുടെ സാമൂഹിക സാംഗത്യവും അംഗീകരിക്കപ്പെടുന്നുണ്ട്. അരികുജീവിതങ്ങളും ഈ രചനകളിൽ പ്രതിഫലിച്ചു കാണുന്നു. വിസ്താര ദോഷമില്ലാത്ത രചനകളാണ് ഭൂരിഭാഗവും. അറിവിന്‍റെ ജനാധിപത്യവത്കരണമാണ് നവമാധ്യമങ്ങളിൽ നടക്കുന്നതെന്നും സമകാലത്തെ ഒരു ജ്ഞാനസമൂഹമായി പരിവർത്തിപ്പിക്കുന്നതിൽ നവമാധ്യമങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലേഖകൻ വാദിക്കുന്നു.

 

'ഭാവനയുടെ വന്യസ്ഥലങ്ങൾ' എന്ന ലേഖനത്തിൽ നവമാധ്യമ കവിതയുടെ രീതിശാസ്‌ത്രം വിശകലനം ചെയ്യപ്പെടുന്നു. സ്വകാര്യതയുടേയും തുറന്നെഴുത്തിന്‍റെയും ഇടമായി മാറുന്ന ഒരു കാവ്യ സംസ്കാരമാണ് നവമാധ്യമ രചനകളിൽ പൊതുവെ കാണപ്പെടുന്നത്. അവ അച്ചടിമാധ്യമങ്ങളുടെ സദാചാരസങ്കൽപങ്ങളെ പൊളിച്ചടുക്കുന്നു. മലയാളത്തിൽ സജീവമായി നിൽക്കുന്ന ആയിരത്തിൽ പരം ബ്ലോഗുകളും കവിതയ്ക്കു പ്രാധാന്യം നൽകുന്നവയാണെന്ന് ലേഖകൻ കണ്ടെത്തുന്നു. നവമാധ്യമങ്ങളിലെ കഥേതര സാഹിത്യത്തെ മറ്റൊരു ലേഖനത്തിൽ വിലയിരുത്തുന്നു. ജനാധിപത്യത്തിന്‍റെ അഞ്ചാംതൂണ് എന്ന് വിശേഷിപ്പിക്കുന്ന തരത്തിൽ നവമാധ്യമങ്ങൾ ആഗോളതലത്തിൽ വളർച്ച നേടുന്ന കാലഘട്ടമാണിത്. അച്ചടി മാധ്യമങ്ങളുടെ പരിധിയിൽ ഒതുങ്ങാത്ത അതിവിപുലമായ രചനാ വൈവിധ്യമാണ് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരം രചനാവിശേഷങ്ങളുടെ നാനാത്വത്തെ സൂക്ഷ്മമായി അനുധാവനം ചെയ്യാൻ ലേഖകന് സാധിച്ചിട്ടുണ്ട്.

 

'ഇ.സാക്ഷരത' എന്ന ലേഖനത്തില്‍ പുതുകാലത്തെ ഇലക്ട്രോണിക് മാന്ത്രികതയോടൊപ്പം സഞ്ചരിക്കുന്ന മലയാളികളുടെയും മലയാളസാഹിത്യത്തിന്‍റെയും ദിശാമാറ്റത്തെകുറിച്ച് ചര്‍ച്ചചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മാറിയ കേരളത്തിന്‍റെ സൈബറിടം സൃഷ്ടിക്കുന്ന നവസംസ്കാരത്തിലേക്ക് ജീവിതവും മാറുകയാണ്. അതിന്‍റെ വിശദാംശങ്ങളിലേക്ക് ലേഖകന്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

 

നവമാധ്യമം: സ്വരൂപവും സവിശേഷതകളും എന്ന ലേഖനം പ്രൗഢവും ആധികാരികവുമാണ്. സൈബര്‍ലോകത്ത് നാം അറിഞ്ഞിരിക്കേണ്ട സംജ്ഞകളെ ലേഖകന്‍ പരിചയപ്പെടുത്തുന്നു. നവമാധ്യമരംഗം വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും അത്രമേല്‍ പിടിമുറുക്കുന്ന കാലഘട്ടമാണിത്. ആയതിനാല്‍ സാങ്കേതികതയുടെ ചരിത്രപിന്‍ബലവും അക്കാദമിക് നിലവാരവുമുള്ള ലേഖകന്‍റെ വിലയിരുത്തലും വിശദീകരണവും ഉപകാരപ്രദമാണ്. ബഹുപാഠപരത, ബഹുമാധ്യമപരത, സൈബര്‍ സ്പെയ്സ്, പ്രതീതി യാഥാർഥ്യം, ശൃംഖലാസമൂഹം, ഡിജിറ്റല്‍വത്കരണം, മാധ്യമസല്ലയനം, നവസാക്ഷരത തുടങ്ങിയ സൈബര്‍സംജ്ഞകള്‍ ലളിതമായി വിശദീകരിക്കപ്പെടുന്നു. വ്യവസ്ഥാപിത സമൂഹത്തിന്‍റെ പരിമിതികള്‍ മറികടന്ന് സൈബര്‍യുഗം ജീവിതത്തിൽ അധിനിവേശം ചെയ്യുകയാണ്. സൈബര്‍മാനവികത എന്നു വിശേഷിപ്പിക്കാവുന്ന പുതിയ സാഹചര്യത്തിലേക്ക് സമൂഹം അതിവേഗം കൂടുമാറുകയാണ്. ഈ വാസ്തവികതയെ അവതരിപ്പിക്കാന്‍ സാബു കോട്ടുക്കലിന്‍റെ ലേഖനസമാഹാരത്തിന് കരുത്തുണ്ട്. മലയാളത്തിന്‍റെ സൈബര്‍ലോകത്തെക്കുറിച്ചു മാത്രമല്ല ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. സൈബര്‍ലോകവും നവമാധ്യമമേഖലയും പൊതുവെ അഭിമുഖീകരിക്കുന്ന അനേകം സംഗതികള്‍ ആധികാരികമായി വിശകലനം ചെയ്യുന്ന പുസ്തകമാണിത്.

Content Summary: Malayalam Book 'Cyberil Vilayunna Keralam By Sabu Kottukkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com