കവിതയിലെ രാമൻ ഇഫക്ട്; പിപിയും പിയും ചേരുമ്പോൾ - Book Review

book-review-nalla-maashu-portrait
SHARE
പി.പി.രാമചന്ദ്രൻ

മാതൃഭൂമി ബുക്സ്

വില 300 രൂപ

പട്ടാമ്പി പുഴ മണലിലെ സുഖകരമായ സായാഹ്ന നടത്തം ഓർമ വരും പി.പി. രാമചന്ദ്രന്റെ കവിതകൾ വായിക്കുമ്പോൾ. കുളിർകാറ്റും തെങ്ങോലകളുടെ സമീപ്യവും മടുപ്പിക്കാത്ത മണൽ നടത്തവും. മണ്ണിലെ കാൽപാടുകൾ വേഗം മാഞ്ഞുപോവുമെങ്കിലും നെഞ്ചിലെ മായാത്ത മുദ്രകളാണ് അദ്ദേഹത്തിന്റെ പദ്യവും ഗദ്യവും. അനുഭവങ്ങളും പ്രഭാഷണങ്ങളും നാടക ചർച്ചകളുമായി വ്യാപിച്ചു കിടക്കുന്ന വിശാലമായ എഴുത്തുലോകം പുസ്തക രൂപത്തിൽ എത്തിയിരിക്കുന്നു: നല്ല മാഷല്ല ഞാൻ എന്ന കൃതിയിലൂടെ. 

തെളിഞ്ഞ മലയാളത്തിലാണ് രാമചന്ദ്രൻ എഴുതുന്നത്. നാട്യമില്ലാത്ത എഴുത്ത്. കാലുഷ്യമില്ലാത്ത സമീപനം. മനസ്സു തുറന്നുള്ള വർത്തമാനം. കവിതയുടെ ഗാഡസാന്ദ്രത അനുഭവപ്പെടുത്തുന്ന വാക്കുകളും ശൈലികളും മൗലികമായ നീരീക്ഷണങ്ങളും. 

പൊന്നാനിക്കളരിയുടെ പിൻതലമുറക്കാരായ രാമചന്ദ്രൻ മറ്റൊരു കവിയെ അവതരിപ്പിക്കുന്നുണ്ട് രാമൻ ഇഫക്ട് എന്ന ലേഖനത്തിൽ. വർഷങ്ങൾക്കു മുമ്പ് പട്ടാമ്പി കോളജിൽ കവിസമ്മേളനം. ബസ്സു പിടിച്ച് എത്തിയപ്പോഴേക്കും കവിതാ വായന തുടങ്ങിയിരുന്നു. കവിതയുടെ ഉള്ളറിഞ്ഞുള്ള ഭാവമധുരമായി ആലാപനം കേട്ട് ഗേറ്റിൽ തന്നെ നിന്നുപോയി. കേട്ട മാത്രയിൽ തന്നെ വരികളും ഹൃദിസ്ഥമായി. 

നദിയൊരുത്തുംഗഗോപുരം,  ഞാനതിൻ

സ്ഫടികഭിത്തിയിൽ ചാരിനിൽക്കുന്നു 

മുകളിൽ നിന്നും കിളിവാതിലൂടൊരാൾ 

ചുവടെ നിൽക്കുമീ എന്നെ നോക്കുന്നു

പ്രഭുകുമാരനെപ്പോലൊരു കാറ്റ് തൻ 

കുതിരമേൽ നിന്നു ചാടിയിറങ്ങുന്നു 

സമാന്തരമായി ഒഴുകുന്ന പുഴയെ ലംബമാനമാക്കിയ നിർത്തിയ കൽപനയുടെ അസാധാരണത്വവും. അന്ന് കോളജിൽ പ്രീ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥി രാമൻ. മൂന്നേ മൂന്നു വാക്യങ്ങളിലാണു കവി രാമന്റെ രൂപം അവതരിപ്പിക്കുന്നത്. 

കട്ടിക്കണ്ണടച്ചില്ലിനു പിന്നിൽ ഉരുട്ടിമിഴിച്ച കണ്ണുകൾ. ചപ്രത്തല. മുഷിമുണ്ടും മുറിക്കൈയ്യൻ ഷർട്ടും. 

രാമന്റെ മറ്റു കവിതകൾ തേടി വീട്ടിലേക്ക്. നോട്ടുപുസ്തകം തേടിപ്പിടിക്കുന്നു. വായിച്ചുപോകെ എല്ലാ വരികളും ഹൃദിസ്ഥമാക്കുന്ന അദ്ഭുതം. ഒരു കാർമുകിൽക്കീറ് എന്ന പേരിൽ രാമനെക്കുറിച്ച് രാമചന്ദ്രൻ ഒരു കവിത തന്നെയും എഴുതിയിട്ടുണ്ട്. പുതുതലമുറയിലെ അപൂർവമായ കവി സൗഹൃദം. അടിമുടി കവിതാമയം. 

കീർത്തി കേട്ട എത്രയോ കവികളുടെ അറിയപ്പെടാത്ത കവിതകളെ മലയാളിക്കു പരിചയപ്പെടുത്തിയിട്ടുണ്ട് രാമൻ. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കാവ്യപ്രതിഭകളെ കണ്ടെടുത്ത് അവതരിപ്പിച്ചിട്ടുമുണ്ട്. സ്വന്തം കവിതകളേക്കാൾ ഏറെ മറ്റുള്ളവരുടെ കവിതയ്ക്ക് കാതു കൊടുത്തും അവർക്കു വേദി കൊടുത്തും കവിതയുടെ കാർണിവൽ ഒരുക്കുന്ന നിസ്വാർഥത. 

രാമന് ഇനിഷ്യലായി ഒരു പി മാത്രമാണുള്ളതെങ്കിൽ രാമചന്ദ്രന് ഒരു പി കൂടി കൂടുതലാണെന്നതുപോലും വ്യത്യാസമല്ല, മുൻപേ നടന്ന കവിക്ക് കാലം ചാർത്തിക്കൊടുത്ത തെറ്റാത്ത അടയാളം മാത്രമാണ്. 

തന്റെ വിപുലവും വിശാലവുമായ അറിവ് പ്രദർശിപ്പിക്കുന്ന അലമാരയല്ല രാമചന്ദ്രന് ഗദ്യമെഴുത്ത്. മികച്ച നിരീക്ഷണങ്ങൾ പോലും അവതരിപ്പിക്കുന്നത് അത്യന്തം ലളിതമായും സുഭഗമായുമാണ്. സ്വയം കഥാപാത്രമായിട്ടും വീമ്പു പറച്ചിൽ എന്ന മരുന്നില്ലാത്ത ദോഷത്തിൽ നിന്നു മുക്തമാണ് എല്ലാ ലേഖനങ്ങളും. കുമാരനാശാനെക്കുറിച്ചും രാമനെക്കുറിച്ചും ഇടശ്ശേരിയെക്കുറിച്ചും എഴുതുന്ന അതേ ആത്മാർഥതയിൽ ഒരു പരിചയവുമില്ലാത്ത യുവ കവികളെയും വായനക്കാർക്കു മുമ്പിൽ അവതരിപ്പിക്കുന്ന ഹൃദയ വിശാലത. 

കവികളെക്കുറിച്ച്. കവിതകളെക്കറിച്ച്. തന്നെക്കുറിച്ച്. താൻ‌ കണ്ട ലോകത്തെയും ജീവിതത്തെയും കുറിച്ച്. സമാനതകളില്ലാത്ത മാധുര്യമാണ് നല്ല മാഷല്ല ഞാൻ പുസ്തകം. 

ആത്മവഞ്ചനയെ കലയാക്കി മാറ്റാൻ വിധിക്കപ്പെട്ട അധ്യാപകരുടെ ധർമസങ്കടമുണ്ട് പല ലേഖനങ്ങളിലും. അധ്യാപന അനുഭവങ്ങൾ അന്തർധാരയാണ് പുസ്തകത്തിലൂടനീളം. 

നീണ്ട 33 വർഷം. പക്ഷേ, അപ്പോഴെല്ലാം എന്റെ മനസ്സ് ക്ലാസ് മുറിയുടെ ചതുരക്കെട്ടിനു പുറത്ത് മേയുകയായിരുന്നു എന്നതാണ് സത്യം. എന്റെ വാക്കുകളിലെ ഭ്രാന്ത് കുട്ടികളെ നിരാശപ്പെടുത്തിയിട്ടുണ്ടാകും. അവർ പ്രതീക്ഷിക്കുന്നതു പോലെ ഞാൻ ഉത്തരം പറഞ്ഞുകൊടുത്തിട്ടില്ല. ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. അതുകൊണ്ട് പ്രിയപ്പെട്ട വിദ്യാർഥികളേ മാപ്പ്. നല്ല മാഷല്ല ഞാൻ എന്ന് കുറ്റസമ്മതം നടത്തുന്ന രാമചന്ദ്രൻ എന്ന കവി മാഷിന്റെ സാന്നിധ്യവും അനുഗ്രഹവും ആവോളം കൊതിക്കുന്നുണ്ട് മലയാളം.

Content Summary: Malayalam Book 'Nalla Maashalla Njan' Written By P P Ramachandran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS