ADVERTISEMENT

പൊതുജീവിതം നയിക്കുക എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പൊതുപ്രവർത്തകന്റെ ജീവിതത്തിൽ അയാളെ കാത്തിരിക്കുന്നത് പ്രതിസന്ധികളാണ്. വ്യക്തിപരമായ കാര്യങ്ങൾക്കായി നീക്കി വയ്ക്കുവാൻ സമയമോ സാഹചര്യമോ ഉണ്ടാകില്ല. അത് അറിഞ്ഞുകൊണ്ട് തന്നെ ആ രംഗത്തേക്ക് ഇറങ്ങുകയും തന്റെ കാര്യക്ഷമമായ പ്രവർത്തനശൈലി കൊണ്ട് പതിറ്റാണ്ടുകൾ ജനമനസ്സിൽ സ്ഥാനം പിടിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനാണ് ഉമ്മൻ ചാണ്ടി.

ഇന്ത്യയിൽ എവിടെയാണെങ്കിലും ഞായറാഴ്ച ദിവസം വീട്ടിലേക്ക് ഓടിയെത്തി രാവിലെ പ്രാർത്ഥനയിൽ പങ്കെടുക്കും. ശേഷം കാണുവാൻ കാത്തുനിൽക്കുന്ന ആളുകളെ കണ്ട് വേണ്ടത് ചെയ്യുന്ന ഉമ്മൻ ചാണ്ടി, ഏറ്റവും കൂടുതൽ തവണ ഒരേ മണ്ഡലത്തിൽ നിന്നു മത്സരിച്ചു ജയിച്ച നേതാവാണ്. ഒരു നാടിന്റെ എല്ലാമെല്ലാമായി ജീവിക്കുകയും അവിടുത്തെ സാധാരണക്കാരുടെ വീട്ടിലെ വിശേഷങ്ങൾക്ക് പോലും പങ്കാളിയാവുകയും ചെയ്തു .  

എസ് ബി കോളേജിൽ നിന്നും ബി ഇക്കണോമിക്സും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടി രാഷ്ട്രീയജീവിതം ആരംഭിച്ച ഉമ്മൻചാണ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന പി.ടി ചാക്കോ, ഡോ. സി.സി. തോമസ് എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന പുസ്തകമാണ് എ ഗ്രേഷ്യസ് വോയിസ്. മൂന്നു ഭാഗങ്ങളായി തിരിച്ച പുസ്തകത്തിന് ഏഴ് അധ്യായങ്ങളാണ് ഉള്ളത്. ആദ്യഭാഗം ഉമ്മൻചാണ്ടി എന്ന നേതാവിന്റെ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്ന നിലയിലെ  ഔദ്യോഗിക ജീവിതവും രാഷ്ട്രീയ ഇടപെടലുകളും തുറന്നുകാട്ടുന്നു.

തന്നോട് പറയുവാനായി പരാതികളുമായി നിൽക്കുന്ന മനുഷ്യരെ ആരെയും നിരാശയോടെ മടക്കി അയക്കാത്ത നേതാവ്. അതിനിടയിൽ കർത്തവ്യങ്ങൾക്ക് മുടങ്ങാതെ ശ്രദ്ധ കൊടുക്കുന്നയാൾ. പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം പോലും ഇല്ല. മുഖ്യമന്ത്രിയായിരുന്ന സമയം വെളുപ്പിന് 2 മണി വരെ ഔദ്യോഗിക കാര്യങ്ങൾക്കായി മാറ്റിവെച്ചു. ഓഫിസിൽ നിന്നു എത്ര താമസിച്ച് ഇറങ്ങിയാലും രാവിലെ ആറുമണിക്കു തന്നെ ഉണരും. എട്ടു മണിയാവുമ്പോൾ ഓഫീസിൽ എത്തും. വിശ്രമമില്ലാത്ത ദിവസങ്ങളും ഉറക്കമില്ലാത്ത രാത്രികളും കേരളത്തിനായി സമർപ്പിച്ച ചാണ്ടിയുടെ നിരീക്ഷണപാടവവും പ്രവർത്തന സന്നദ്ധതയും നമുക്കിവിടെ മനസ്സിലാക്കാം. കേരളത്തിലെ ഐടി മേഖലയുടെ വളർച്ചയ്ക്ക് ഉമ്മൻചാണ്ടി എടുത്ത് നിലപാടുകൾ വളരെ ശ്രദ്ധേയമാണ്. സ്മാർട്ട് സിറ്റി പദ്ധതി നിരവധി എതിർപ്പുകൾക്കിടയിലും നടപ്പിലാക്കിയ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും പ്രശംസനീയം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിന്നുകൊണ്ട് ഇടപെട്ട ലാവ്‌ലിൻ കേസ്, വിഴിഞ്ഞം കേസ്, ലോട്ടറി മാഫിയ കേസ്, മൂന്നാർ ഭൂമാഫിയ കേസ്, ശബരിമല കേസ് എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

രണ്ടാം ഭാഗം ഭൂതകാലത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഒരു യുവനേതാവ് എന്നതിൽ നിന്ന് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാൾ എന്ന നിലയിലേക്കുള്ള വളർച്ചയെ സൂചിപ്പിക്കുന്നു ഈ ഭാഗം. കെഎസ്‌യു നേതാവ്, ട്രേഡ് യൂണിയൻ നേതാവ്, എംഎൽഎ, യുഡിഎഫ് കൺവീനർ, മന്ത്രി പദം എന്നിങ്ങനെ അദ്ദേഹം വഹിച്ച വിവിധ പദവികളെ കുറിച്ച് ഈ ഭാഗം പ്രതിപാദിക്കുന്നു. മൂന്നാം ഭാഗം പുതുപ്പള്ളി എന്ന തന്റെ സ്വന്തം നാടിന്റെയും നാട്ടുകാരുടെയും ഇടയിലുള്ള അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ്. ഉമ്മൻചാണ്ടിയുടെ കുടുംബത്തെക്കുറിച്ചും അടുത്ത ബന്ധങ്ങളെക്കുറിച്ചും ഇവിടെ നമുക്ക് കാണാം.

കുറഞ്ഞ പേജുകളിൽ ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയാണ് നമുക്ക് ഈ പുസ്തകം നൽകുന്നത്.

Content Summary: Book A Gracious Voice Written by P. T. Chacko and Dr C. C Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com