ADVERTISEMENT

കോരസൺ വർഗീസിന്റെ രണ്ടാമത്തെ പുസ്തകമായ 'പ്രവാസിയുടെ നേരും നോവും' എന്ന പുസ്തകത്തിൽ ഇരുപത്തിമൂന്നോളം ലേഖനങ്ങൾ ഉൾകൊള്ളുന്നു. അവയെ ലേഖനം എന്ന നിർവചനത്തിൽ ഉൾപ്പെടുത്താമെങ്കിലും പലതിന്റെയും സ്വഭാവവും ഉള്ളടക്കവും ചെറുകഥ പോലെ വായിച്ചു പോകാവുന്നതും സ്ഥിതിവിവര കണക്കുകളും,  വിശ്വസാഹിത്യത്തിലെ കൃതികളിൽനിന്നുമുള്ള ഉദ്ധരണികളും അടങ്ങിയിരിക്കുന്നതുമാണ്. സ്വയം ഒരു പ്രവാസിയായ ഗ്രന്ഥകർത്താവിന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും  ഹൃദ്യമായ ശൈലിയിൽ ഓരോ ലേഖനങ്ങളിലും വിവരിച്ചുപോകുന്നുണ്ട്. ഇത്തരം രചനകൾക്ക് ഗുണദോഷങ്ങളുടെ നിഷ്കർഷമായ പരിശോധന ആവശ്യമില്ല. കാരണം ഇവ കാല്പനികമായ രചനകളല്ല. ഇവയിൽ ചരിത്രവും സംസ്കാരവും വംശങ്ങളും വ്യത്യസ്തജീവിത രീതികളും ഭാഷാവൈവിധ്യങ്ങളും മനുഷ്യരുമുണ്ട്.

വിഷയങ്ങളുടെ പുതുമായാണ് കോരസന്റെ ലേഖനങ്ങളെ ആസ്വാദകരമാക്കുന്നത്. ഈ പുസ്തകത്തിലെ രചനകൾ എല്ലാം തന്നെ പ്രവാസജീവിതവുമായി ബന്ധപ്പെട്ടതാണോ? ആണെങ്കിൽ കൂടി അവയെ അവതരിപ്പിക്കുമ്പോൾ പ്രവാസലോകം കൂടുതൽ വിപുലമാകുന്നു. പ്രവാസി സഞ്ചാരി കൂടിയാണ്. അതുകൊണ്ടാണ് യാത്രകളും അവയിൽ കണ്ടുമുട്ടുന്ന ആളുകളും ലേഖനങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അമീറയുടെ പോരാട്ടങ്ങൾ എന്ന ആദ്യ ലേഖനത്തിൽ ഡോക്ടർ അമീറയെ കണ്ടുമുട്ടുന്നത് മിലാനിലെ വിമാനത്താവളത്തിൽ വച്ചാണ്. അവിടെ വച്ച് അവളുടെ കഥ അവൾ പറയുന്നു.

ചിലപ്പോഴെല്ലാം കോരസൺ ക്രാന്തദർശിയാകുന്നു. ഓരോ ലേഖനങ്ങളും വളരെ അറിവ് നൽകുന്നുമുണ്ട്. പുസ്തകത്തിൽ ഒരിടത്ത് പറയുന്നുണ്ട് "ലോകത്തിലെ ജനസംഖ്യയിൽ അഞ്ചു ശതമാനമേ അമേരിക്ക കാരുള്ളുവെങ്കിലും ലോകത്തിലെ തോക്കുകളിൽ നാൽപ്പത്തിമൂന്നു ശതമാനവും അമേരിക്കക്കാരുടെ കൈകളിലാണ്." അമേരിക്കയിലെ വർണ്ണവിവേചനവും, ഇവിടത്തെ രാഷ്ട്രീയ നിലപാടുകളും അനുബന്ധമായ ആനുകാലിക സംഭവങ്ങളിലൂടെ വിവരിക്കുന്നുണ്ട്. കറുത്തവർഗക്കാരൻ വെള്ളക്കാരനായ നിയമപാലകന്റെ മുട്ടുകൾക്കുള്ളിൽ കിടന്നു ശ്വാസം മുട്ടി മരിച്ച  സംഭവം ഇതിൽ പറയുന്നുണ്ട്. 

അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരായി  പോരാടിയ മാർട്ടിൻ ലൂതർ കിങ്ങിനെപ്പറ്റിയും പറഞ്ഞുപോകുന്നുണ്ട്. അദ്ദേഹം വർഗീയ വിവേചനത്തിനെതിരെ നടത്തിയ സമരങ്ങളും വെള്ളാക്കാരൻ അതെല്ലാം അടിച്ചമർത്തി അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതും വായനക്കാരുടെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നു. അമേരിക്കയിൽ ആഘോഷിക്കുന്ന “ജൂൺട്ടീന്ത്” എന്ന വിശേഷദിനം അതേപ്പറ്റിയറിയാത്തവർക്ക് കൗതുകമുളവാക്കുന്നതാണ്. അമേരിക്കയുടെ സ്വാതന്ത്രദിനം ജൂലൈ 4 ആണ്. എന്നാൽ കറുത്തവർഗക്കാർ ജൂൺട്ടീന്ത് സ്വാതന്ത്രദിനമായി ആഘോഷിക്കുന്നു. അതേക്കുറിച്ചു കോരസൺ വിവരിക്കുന്നത് ഇങ്ങനെ. "അടിമത്തത്തിൽ കഴിയുന്ന അവസാനത്തെ ആളുകൾ തങ്ങൾ സ്വതന്ത്രരായി എന്ന ഓർമ്മപെടുത്തലത്രേ ഈ ദിവസം. അതേപോലെ ടെൽസ കൂട്ടക്കൊല, അമേരിക്കയിൽ നടന്ന ഏറ്റവും ക്രൂരമായ വംശീയഹത്യയെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. എല്ലാ ശബ്ദവും ഉയർത്തിപ്പാടുക എന്ന ബ്ലാക്ക് ദേശീയഗാനവും ഉദ്ധരിച്ചിട്ടുണ്ട്. 

വർണ്ണവിവേചനങ്ങളിൽ നിന്നും ഇന്ത്യക്കാരും ഒഴിവാകുന്നില്ല. തൊണ്ണൂറുകളുടെ ആദ്യത്തിൽ ലേഖകന് ഒരു ജഡ്ജിയിൽ നിന്നും അനുഭവപ്പെടേണ്ടിവന്ന പ്രയാസങ്ങൾ വിവരിക്കുന്നുണ്ട്. അമിതവേഗത്തിൽ കാറോടിച്ചുവെന്ന കാരണം കാട്ടി ഭാര്യക്ക് പോലീസുകാർ നൽകിയ ടിക്കറ്റുമായി കോടതിയിൽ ചെന്നപ്പോഴാണ് ദുരനുഭവമുണ്ടായത്.  ചിലപ്പോഴെല്ലാം വെള്ളക്കാരിൽനിന്നു  തന്നെയല്ല കറുത്ത വർഗ്ഗക്കാരിൽ നിന്നും വിവേചനപ്രശ്നങ്ങൾ ഉണ്ടായതായും  പറയുന്നുണ്ട്. 

മലയാളികൾ നേരിടുന്ന വർഗ്ഗീയ വിവേചനങ്ങളും ഒറ്റപ്പെടുത്തലുകളും   വെല്ലുവിളിയായി എടുത്തുകൊണ്ട് തങ്ങളുടെ കഠിനപരിശ്രമങ്ങളിലൂടെ പുതിയ തലമുറ മുന്നേറുന്നുണ്ടെന്നു ശ്രീ കോരസൺ കുറിക്കുന്നു. ഇന്ന് അമേരിക്കൻ സമൂഹത്തിലെ എല്ലാ ഉന്നതതലങ്ങളിലും മലയാളി സാന്നിധ്യമുണ്ടെന്നുള്ളത് അഭിമാനകരമാണ്.  

അമേരിക്കയുടെ ചരിത്രവും ഇവിടത്തെ വിവേചനങ്ങളും പല ലേഖനങ്ങളിലായി പ്രതിപാദിക്കുന്നുണ്ട്. ഇതിലൂടെ വായനക്കാർക്ക് അമേരിക്കയെപ്പറ്റിയുള്ള ഒരു വിഹഗവീക്ഷണം ലഭിക്കുന്നു. താൽപ്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അന്വേഷിച്ചുപോകാനുള്ള ജിജ്ഞാസ ഉണ്ടാക്കാൻ തക്കവിധമാണ് കോരസന്റെ രചനകൾ.

മനുഷ്യന്റെ അനിയന്ത്രിതമായ ഭോഗപരത കച്ചവടമാക്കുകയാണ് വലിയ കുത്തക   കമ്പനികൾ. അതിനായി മനുഷ്യരെ കബളിപ്പിക്കുന്ന പല മാർഗ്ഗങ്ങളും  അവർ കണ്ടെത്തുന്നു. (ഫിലോസഫർ കിംഗ് എന്ന ലേഖനം)  അതിലൊന്നാണ്  നമ്മൾ ഇന്റർനെറ്റിൽ വിവരങ്ങൾ അന്വേഷിക്കുന്നത് നമുക്ക് തന്നെ അപകടം വരുത്തിവയ്ക്കുന്നതാണെന്ന അജ്ഞത.. അതായത് നമ്മുടെ സ്വകാര്യത അതിലൂടെ  നഷ്ടമാകുന്നു.അതിനുള്ള ഉദാഹരണങ്ങളും അദ്ദേഹം നൽകുന്നുണ്ട്. അതോടൊപ്പം അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത് പലപ്പോഴും  നമ്മൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ  അവരുടെ സ്വാർത്ഥതാൽപര്യങ്ങളെക്കൊണ്ടായിരിക്കും. അതിനായി അദ്ദേഹം  പ്ലേറ്റോയുടെ ഫിലോസോഫർ കിങ്ങിനെപ്പറ്റി പറയുന്നുണ്ട്. ഒരു മതവിശ്വാസി സിംഹാസനത്തിൽ ഇരുന്നാൽ അത് നല്ല ഫലം നൽകുന്നു. മഹാനായ തത്ത്വചിന്തകനായ പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന പുസ്തകത്തിൽ ‘ഫിലോസഫർ കിംഗ്’ എന്ന ആശയത്തെ പറ്റി പറഞ്ഞിട്ടുണ്ട്. ഒരു തത്ത്വചിന്തകനായ രാജാവ് ഇല്ലെങ്കിൽ നമ്മുടെ നഗര-സംസ്ഥാനത്ത് കഷ്ടപ്പാടുകൾക്ക് അവസാനമുണ്ടാകില്ലെന്ന് പ്ലേറ്റോ പറഞ്ഞിരുന്നു.

പിതൃദിനം, താങ്ക്സ്ഗിവിങ് തുടങ്ങിയ ദേശീയ ആഘോഷങ്ങളിൽ അമേരിക്കകാരുമായും ഇന്ത്യക്കാർ പങ്കുചേരുന്നതിന്റെ കഥകളും നമ്മൾ ഈ പുസ്തകത്തിൽ വായിക്കുന്നു.  അമേരിക്കൻ ജനതയുമായി ഒരു ഊഷ്മളബന്ധം സ്ഥാപിക്കാൻ മലയാളികൾക്ക് കഴിയുന്നുവെന്ന ഗ്രന്ഥകാരന്റെ കണ്ടെത്തുലുകൾ ഈ പുസ്തകത്തിൽ നിന്നും മനസ്സിലാക്കാം.

ലാസ്‌റ് റിസോർട്ട് ഡിക്സ് എന്ന റെസ്റ്റാറ്റാന്റിലെ വിചിത്ര ആചാരങ്ങൾ (exotica) യാഥാസ്ഥിതികരായ ഇന്ത്യക്കാർക്കനുഭവപ്പെടുന്ന വിമ്മിഷ്ടങ്ങൾ വളരെ അകൃത്രിമമായി അവതരിപ്പിച്ചിട്ടുണ്ട്. അവിടെ ഗ്രന്ധകാരൻ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുതൽ അനുഭവിച്ച അസാധാരണ അനുഭവങ്ങൾ വായനക്കാർക്ക്  ഉത്കൺഠ ഉളവാക്കുംവിധമാണ്. അമേരിക്കയുടെ ഉരുക്കുമൂശയിൽ അലിഞ്ഞുചേരാൻ കഴിയാത്ത ഭാരതീയ മനോഭാവത്തിന്റെ ഒരു പ്രതിഫലനമായി ഇതിനെ കാണാവുന്നതാണ്.

ഈ പുസ്തകത്തിലെ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഗ്രന്ഥകാരന്റെ അനുഭവങ്ങളുടെ സമാഹാരമെന്നതിലുപരി അതിലെ പരാമർശങ്ങൾ കൂടുതലായി മനസ്സിലാക്കാൻ നമ്മെ പ്രേരിപ്പിക്കാതിരിക്കയില്ല. കോരസന്റെ ഭാഷാശൈലി താല്പര്യമുണർത്തുന്നതും നമ്മുടെ അഭിരുചിയെ തൃപ്തിപെടുത്തും വിധവുമാണ്. 

English Summary:

Book Review Nerum Nunyum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com