വ്യക്തിത്വം മാറ്റിയ വിപ്ലവം; വേരുകൾ തേടി ഐഡന്‍റിറ്റി പ്രോജക്ട്

Mail This Article
ഒരു ദശകത്തിനു മുൻപാണ്. എനിക്ക് ഇഷ്ടമുണ്ടായിരുന്ന പലരും ഭ്രാന്തൻമാരാവുന്നത് ഞാൻ കണ്ടു.
രാഹുൽ ഭാട്ടിയ എന്ന മാധ്യമ പ്രവർത്തകൻ സ്വന്തം രാജ്യത്തെക്കുറിച്ചാണ് എഴുതുന്നത്. ഇന്ത്യയെക്കുറിച്ച്. ആറു വർഷത്തോളം വ്യാപകമായി യാത്ര ചെയ്ത് ഇരകൾ, അക്രമികൾ, പൊലീസുകാർ എന്നിവരെയെല്ലാം നേരിൽകണ്ടു സംസാരിച്ചു തയാറാക്കിയ പുസ്തകത്തിൽ. ചരിത്രമല്ല വർത്തമാനമാണ് രാഹുൽ എഴുതുന്നത്. ഭാവിയല്ല, ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ പേടിക്കുന്ന നിമിഷങ്ങളെക്കുറിച്ചാണ്. നഷ്ടപ്പെട്ട സ്വപ്നത്തെക്കുറിച്ചാണ്. പലരും കാണുന്ന സ്വപ്നത്തിന്റെ ഭീഷണിയെക്കുറിച്ചാണ്. ഒളിവിൽ അപൂർവം പേർ മാത്രം പറയാൻ ധൈര്യപ്പെട്ട ആശയങ്ങൾ ഭൂരിപക്ഷം ഏറ്റെടുത്തതിനെക്കുറിച്ചാണ്.
രാഹുൽ ഭാട്ടിയയ്ക്ക് അടുത്തറിയാവുന്ന ഒരു വ്യക്തി. വെറുതെയിരിക്കുമ്പോൾ പോലും തമാശ പറയുന്ന സഹൃദയൻ. അയാളുടെ സാന്നിധ്യം തന്നെ സന്തോഷകരമായിരുന്നു. വീട്ടിലും സുഹൃത്തുക്കൾക്കൊപ്പവും. എപ്പോഴും എവിടെയും അയാൾ പ്രകാശം പരത്തി. പക്ഷേ, പെട്ടെന്നൊരു ദിവസം മുതൽ അയാളുടെ മുഖത്ത് ചിന്തയുടെ ഭാരം അനുഭവപ്പെട്ടു. ചലനങ്ങളിൽ പേടിപ്പിക്കുന്ന എന്തൊക്കെയോ കടന്നുവന്നു. ചിരി മാഞ്ഞ മുഖത്തു നിന്ന് അതീവ ഗൗരവകരമായ കാര്യങ്ങൾ കേട്ടുതുടങ്ങി.
താൻ അടിച്ചമർത്തപ്പെട്ടു എന്നയാൾ ആവർത്തിച്ചുപറഞ്ഞു. അതിനു കാരണവും കണ്ടെത്തിയിരുന്നു. ഒരു പ്രത്യേക മതത്തിന്റെ സാന്നിധ്യം. ആ മതവിശ്വാസികളെ അയാൾ ശത്രുക്കളായി കാണാൻ തുടങ്ങി. അവരെ ഉൻമൂലനം ചെയ്യേണ്ടതിനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു. വാക്കുകളിൽ, ചലനങ്ങളിൽ, ഭാവങ്ങളിൽ അയാൾ മാറിക്കൊണ്ടിരുന്നു. അപകടകരമായ പുതിയൊരു വ്യക്തിത്വം കൈവരികയായിരുന്നു.
അധികം വൈകിയില്ല, രാജ്യത്തെ എല്ലാ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡ് നൽകാനുള്ള നീക്കം തുടങ്ങി. പ്രത്യേകിച്ച് ഒരു അടയാളവും ഇല്ലാതെ ജീവിച്ച പലരും പൗരത്വം തന്നെ നഷ്ടമാകുമോ എന്ന ഭീതിയിലായി. താമസിയാതെ പൗരത്വ ഭേദഗതി നിയമവും വന്നു.
പത്തോ ഇരുപതോ വർഷം മുൻപുള്ള രാജ്യമല്ല ഇപ്പോഴത്തേത് എന്ന് തെളിവുകൾ നിരത്തി രാഹുൽ ഭാട്ടിയ വാദിക്കുന്നു. അന്നുണ്ടായിരുന്ന പൗരൻമാരുമല്ല ഇപ്പോഴുള്ളത്. ഈ മാറ്റം എങ്ങനെ സംഭവിച്ചു എന്ന അന്വേഷണമാണ് ഐഡന്‍റിറ്റി പ്രോജക്ടിനെ ശ്രദ്ധേയമാക്കുന്നത്. അനുകൂലിക്കുന്നവർക്കും വിമർശകർക്കും ഈ പുസ്തകം പ്രയോജനപ്പെടും. തങ്ങളുടെ വാദങ്ങളുടെ മുന കൂർപ്പിക്കാൻ.
രാഹുൽ ഭാട്ടിയ എന്ന മാധ്യമപ്രവർത്തകന് ഒരു സാക്ഷിയുടെ റോളാണ് ഈ പുസ്തകത്തിലുള്ളത്. വ്യക്തി എന്ന നിലയിലും ജോലിയുടെ ഭാഗമായും തനിക്കുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം എഴുതുന്നത്. ഏതെങ്കിലും ഒരു ആശയത്തിന്റെ പക്ഷം പിടിക്കുന്നതിനു പകരം, സ്വയം ആലോചിച്ച്, നന്നായി ചിന്തിച്ച്, സ്വന്തം നിഗമനങ്ങളിൽ എത്താൻ പുസ്തകം വായനക്കാരെ ആഹ്വാനം ചെയ്യുന്നു.
വ്യക്തിത്വം മാറി എന്നതിൽ ആരും വിയോജിക്കുമെന്നു തോന്നുന്നില്ല. അത് നല്ലതിനോ ചീത്തയ്ക്കോ എന്നതിലാണു തർക്കം. തീർച്ചയായും ചർച്ച കൊഴുപ്പിക്കാനുള്ള ആശയങ്ങളാൽ സമ്പന്നമാണ് ഐഡന്‍റിറ്റി പ്രോജക്ട്.
ദി ഐഡന്‍റിറ്റി പ്രോജക്ട്
രാഹുൽ ഭാട്ടിയ
വെസ്റ്റ് ലാൻഡ് ബുക്സ്
വില: 899 രൂപ