അഞ്ചാമത്തെ കോപ്പ നിറയ്ക്കുക; മണ്ണിൽ ജീവിക്കുന്നവരുടെ വിപ്ലവത്തിനു സമയമായ്...

Mail This Article
ചിറക് മുളച്ച കുതിരകൾ. ഭാവനയുടെ ആരോഹണം. പറക്കുകയല്ല കുതിക്കുകയാണ്. ചിലപ്പോൾ പറക്കുക തന്നെയാണ്. പറക്കുന്ന വാക്കുകളും കുതിക്കുന്ന ചിന്തകളുമാണ് മത്തിയാസ്. ലോകത്തെ മാറ്റിമറിച്ച വിപ്ലവ ചിന്തകളുടെ അടിവേരിറങ്ങിയ മണ്ണിൽ ഭാവനയുടെ കീറ്റുകത്തി ഇറക്കി കണ്ടെത്തിയ ആദിമ വീര്യത്തിന്റെയും സത്യത്തിന്റെയും തിളക്കം. വായനയിൽ വെല്ലുവിളി ഉയർത്തുന്ന അപൂർവ നോവൽ. അടിക്കുറിപ്പുകളോ വിശദീകരണങ്ങളോ പോലുമില്ലാതെ, പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലേക്ക് എടുത്തെറിയുകയാണ് എം.ആർ. വിഷ്ണുപ്രസാദ്. അപരിചിതവും വിദൂരവുമായ ദേശത്തെ വാക്കുകളുടെ മാന്ത്രികതയാൽ സമീപസ്ഥമാക്കി ആവേശത്തിന്റെ വിപ്ലവത്തിന് അനായാസം മണ്ണൊരുക്കുന്നു. ഹരം പിടിപ്പിച്ചുകൊണ്ട്. ഭാവനയുടെ ഈ മാന്ത്രിക കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെടരുതേ എന്ന് വായനക്കാർ തീവ്രമായി ആഗ്രഹിച്ചുപോകുന്ന കലയുടെ കയ്യടക്കം.
യൂറോപ്പിനെ പിടികൂടിയ ഭൂതം, മനുഷ്യനെ മയക്കുന്ന കറുപ്പിൽ നിന്നുണർന്ന് ലോകം കീഴടക്കിയതിന്റെ ചരിത്രം വിദൂരത്തൊന്നുമല്ല. നമ്മുടെ കാലത്തിന്റെ ചരിത്രം തന്നെയാണ്. അതേ ഭൂതം, ലോകത്തിനു മേൽ കരിമേഘമായി പടർന്നപ്പോൾ നിഷ്കാസനം ചെയ്യപ്പെട്ടതും തൊട്ടടുത്ത നൂറ്റാണ്ടിന്റെ രണ്ടാം പകുതി കാണിച്ചുതന്നു. എന്നാൽ, ആശയ തലത്തിൽ ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല മാർക്സും ഏംഗൽസും നയിച്ച ഭൂതത്തിന്. അടിമക്കളി തുടരുന്നതുവരെയും അധികാരത്തിന്റെ രാജാക്കൻമാർ കണ്ണുണ്ടായിട്ടും മനുഷ്യരെ കാണാതിരിക്കുന്ന കാലത്തോളം. വിശപ്പ് ആത്യന്തിക സത്യമായും ദാരിദ്ര്യം ഏറ്റവും വലിയ ഭീഷണിയായി നിലനിൽക്കുകയും ചെയ്യുന്നിടത്തോളം. സ്വതന്ത്രനായി ജനിച്ചിട്ടും ചങ്ങലകളാൽ വരിഞ്ഞുമുറുക്കപ്പെട്ട മുഷ്ടി ഉയരാൻ വെമ്പിക്കൊണ്ടിരിക്കും. ആ മുഷ്ടിയിൽ നിന്നുതിരുന്ന തീക്കാറ്റ് സ്വാതന്ത്ര്യത്തിന്റെ ഗീതം പാടും. ആ സ്വപ്നത്തിലാണ് ഇന്നും എന്നും മനുഷ്യരാശി നാളെയെ കിനാവ് കാണുന്നത്. ചക്രവാളത്തിലേക്കു വിരൽ ചൂണ്ടി വസന്തത്തിന്റെ ഇടിമുഴക്കത്തിനു ചെവിയോർക്കുന്നതും. അതുവരെയും സഖാക്കളുടെ ചുണ്ടുകൾ ലാൽസലാം ഉരുവിട്ടുകൊണ്ടിരിക്കും. ജീവന്റെ നിലവിളിയായി. നാളെയുടെ മുദ്രാവാക്യമായി. ഒരേയൊരു പ്രതീക്ഷയായി.
ട്രിയറിലെ കുന്നിൻചെരുവിലെ മുന്തിരിത്തോട്ടം. ജൂതന്റെ മണ്ണിൽ വേല ചെയ്യുന്ന സത്യക്രിസ്ത്യാനി മത്തിയാസ്. ജൻമനാ ജൂതനായ ഹെന്റൈഹ്. അയാളുടെ മകൻ കാൾ.
38 വയസ്സേയുള്ളൂ മത്തിയാസിന്. അഞ്ചു വയസ്സ് അധികം തോന്നുമെങ്കിലും. കൃഷിപ്പണിക്കാരനിൽ നിന്ന് കീറ്റുവൈദ്യത്തിൽ വൈദഗ്ധ്യം നേടിയ മുറിവുകളുടെ വൈദ്യനായി മാറുന്ന മത്തിയാസിനെ പിൻതുടരുന്ന നോവൽ കാളിനെ (മാർക്സ്)വഴിയിൽ ഉപേക്ഷിക്കുന്നില്ല. അവരുടെ വഴികൾ വീണ്ടും വീണ്ടും കൂട്ടിമുട്ടുന്നു. വീണുപോയ മനുഷ്യനെ കീറിത്തുന്നി പഠിച്ച് ജീവിച്ചിരിക്കുന്നവർക്ക് സൗഖ്യവും കാഴ്ചയും പകരുന്ന മത്തിയാസ്. അടിമകളുടെ നിലയ്ക്കാത്ത നിലവിളി കാതിൽ അലച്ച് ഉറക്കം നഷ്ടപ്പെട്ട കാൾ. അവരുടെ വഴികളിലൂടെ ചിറകുകൾ മുളച്ച വാക്കുകളുടെ കുതിരകളുമായി വിഷ്ണുപ്രസാദ് പായുന്നു.
അദ്ഭുതങ്ങളുടെ ലോകമാണു തുറക്കുന്നത്. കല്ലറകളും. മൃതദേഹങ്ങൾ വൈദ്യൻമാരാകുന്നു. അസ്ഥികൾ ആശയങ്ങളുടെ മൂർച്ച പരിശോധിക്കുന്നു. അനീതിക്ക് ഇരയായ ആണും പെണ്ണും പരസ്പരം കണ്ടെത്തുന്നു. വളരെക്കുറച്ചു വാക്കുകളേ നോവലിസ്റ്റ് ഉപയോഗിക്കുന്നുള്ളൂ. എന്നാൽ രാകി മുന കൂർപ്പിച്ച വാക്കുകളാണത്. കൃത്യമായി തിരഞ്ഞെടുത്ത, പാകമുള്ള വാക്കുകൾ. അവ, ഒട്ടും ആയാസമില്ലാതെ മാർക്സിന്റെ ചെറുപ്പത്തിലേക്കും വിദ്യാർഥി ജീവിതത്തിലേക്കും സഞ്ചരിക്കുന്നു. ഉഴുതുമറിയാൻ കാത്തിരിക്കുന്ന ജർമനിയുടെ മണ്ണിലേക്കു താഴുന്നു. ക്ഷുരക വിദ്യയിലേക്കും ശവ പരീക്ഷണത്തിലേക്കും സർവകലാശാലയിലെ അടിമക്കളിയിലേക്കും കടക്കുന്നു. ഇരുനൂറ്റി മുപ്പതോളം പുറങ്ങൾ മാത്രം. ആവേശകരമായ ഒരു കാലം കുളമ്പടിച്ചെത്തുന്നു.
ട്രിയറിൽ നിന്ന് ബോണിലേക്ക്. ബെർലിനിലേക്ക്. അപ്പന്റെ അസ്ഥികൂടത്തിനു മുന്നിൽ മാത്രം ആയുധം വച്ചു കീഴടങ്ങുന്ന മത്തിയാസിനു സമാന്തരമായി കാളുമുണ്ട്. വായിച്ചും പുകവലിച്ചും ക്ഷയിച്ച ശരീരവുമായി. തീർക്കാൻ പ്രതികാരം ഉണ്ടെങ്കിലും പ്രഭുകുമാരനു മുന്നിൽ മനഃപൂർവം തോറ്റുകൊടുത്ത്, തലയിൽ മുറിവുമായി അവസാനത്തെ യുദ്ധത്തിനു ആയുധം കരുതിവച്ച കാൾ എന്ന മൂർ. യൗവ്വനാരംഭത്തിലെ ജെന്നിയുമായുള്ള ശരീര സംഗമങ്ങൾ. നിഗൂഢ ലക്ഷ്യങ്ങളുമായി മത്തിയാസ് കൊട്ടാരത്തിൽ എത്തിയപ്പോഴേക്കും കാളിന്റെ കൂട്ടാളികൾ തെരുവ് കീഴടക്കിയിരുന്നു. അവരിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ടായിരുന്നു. സർവരാജ്യ തൊഴിലാളികൾ.
തിമിരക്രിയയിൽ കഥയുടെ ക്ലൈമാക്സ് എഴുതിയ വിഷ്ണുപ്രസാദ് കാളിനു വേണ്ടി നീക്കിവച്ച രാത്രിയുടെ ചരിത്രം എന്ന അവസാന അധ്യായം മാത്രം അധികപ്പറ്റ് പോലെ തോന്നി. അവസാന വരികളിൽ കവിതയുടെ കാന്തിക ശക്തിയും താളവും തിരിച്ചു പിടിക്കുന്നുണ്ടെങ്കിലും ‘അപൂർണ്ണമായ അവരുടെ ജീവചരിത്രമെഴുതാൻ എല്ലാ കണ്ണുകളും തയാറെടുത്തു എന്ന വരി വൈഢൂര്യം പോലെ തിളങ്ങുന്നുണ്ട്.
എഴുത്തുകാരന്റെ ആദ്യ നോവൽ എന്ന നിലയിലല്ല മത്തിയാസിനെ കാണേണ്ടത്. ഇരുത്തം വന്ന എഴുത്തുകാരനെ മഥിച്ച ചിന്തകളുടെ ആശയ സ്ഫോടനം എന്ന നിലയിലാണ്. മത്തിയാസ് ഉയർത്തിവിട്ട കുളമ്പടി ശബ്ദങ്ങൾ മലയാള ഭാവനയെ വെല്ലുവിളിക്കുന്നുണ്ട്. അതേറ്റെടുക്കാൻ കരുത്തുറ്റ കൃതികൾക്കു മാത്രമേ കഴിയൂ. മത്തിയാസും കാളും അതാഗ്രഹിക്കുന്നുണ്ട്. ചരിത്രവും ഭാവനയും അതിനു കോപ്പ് കൂട്ടുന്നുണ്ട്. കാതോർത്താൽ വസന്തത്തിന്റെ ഇടിമുഴക്കം തന്നെയല്ലേ കേൾക്കുന്നത്; അകലെ നിന്നാണെങ്കിലും...
മത്തിയാസ്
എം.ആർ.വിഷ്ണുപ്രസാദ്
ഡിസി ബുക്സ്
വില: 299 രൂപ